ജോസൂട്ടിക്ക് ഉറക്കം വരുന്നില്ല. അമ്മ അടുത്തുതന്നെയുണ്ട്. നല്ല ഉറക്കത്തിലാണ്. പകൽ രണ്ടുമൂന്ന് വീടുകളിൽ പണിക്കുപോകുന്ന അമ്മ മോനെ കെട്ടിപ്പിടിച്ചുകിടന്നാലുടൻ തന്നെ ഉറങ്ങും. പക്ഷേ, മോനങ്ങനെ കിടന്നാലുടൻ ഉറങ്ങില്ല. മാത്രവുമല്ല ജോസൂട്ടിക്കൊരു സങ്കടമുണ്ട്. ക്രിസ്‌മസ് ഫ്രെണ്ടിനെ തിരഞ്ഞെടുക്കുന്ന ദിവസം സ്‌കൂളിൽ പോകാനായില്ല. അതുകൊണ്ട് ക്രിസ്‌മസ് ഫ്രണ്ടിനെ കിട്ടിയതുമില്ല. ഇന്നലെ സുബിന്റെ വീട്ടിലെ ടിവിയിൽ സാന്തക്ളോസ് അപ്പൂപ്പനെയും അപ്പൂപ്പന്റെ സമ്മാനപ്പൊതി നിറച്ച് ചാക്കുമൊക്കെ കണ്ടതിൽ പിന്നെ എപ്പോഴും മനസിൽ ആ വിചാരം തന്നെയാണ്. ക്രിസ്‌മസിന് ഇനി ദിവസങ്ങളെയുള്ളൂ. ഇതിനിടയിൽ സാന്താക്ളോസ് അപ്പൂപ്പൻ ജോസൂട്ടിയെ കാണാൻ വരുമോ എന്തോ!
തുറന്നിട്ട ജനാലയിലൂടെ തണുപ്പരിച്ചുകയറുന്നുണ്ട്. അമ്മ ജനാല അടച്ചിട്ടാണ് കിടക്കാറുള്ളത്. പക്ഷേ ജോസൂട്ടിക്ക് ക്രിസ്‌മസ് നിലാവ് കാണണം. ദൂരെ നിന്നുള്ള കരോൾഗാനങ്ങൾ കേൾക്കുകയും വേണം. സുമ ടീച്ചർ പഠിപ്പിച്ച മേരീസ് ബോയ് ചൈൽഡ് , ജീസസ് വാസ് ബോൺ ഒാൺ ക്രിസ്‌മസ് ഡേ ജോസൂട്ടിക്ക് കാണാതെ അറിയാം. സുമ ടീച്ചർ പാട്ട് പഠിപ്പിക്കും, കഥ പറഞ്ഞുതരും. കൂടെ കളിക്കാനും വരും. ജോസൂട്ടിക്ക് ടീച്ചറെ ഒത്തിരി ഇഷ്‌ടമാണ്. കണ്ണുകൾ അടഞ്ഞുവരുന്നുണ്ട്. അമ്മയുടെ നേർത്ത സ്വരത്തിലുള്ള കൂർക്കംവലിയുടെ ശബ്‌ദം കേൾക്കുമ്പോൾ ജോസൂട്ടിക്ക് ചിരി വരും. പാവം അമ്മ, ചിരിക്കാറില്ല. ആകെ ചിരിക്കുന്നത് ജോസൂട്ടിയുടെ പ്രോഗ്രസ് കാർഡിലെ സ്റ്റാറുകൾ കാണുമ്പോഴാണ്. അമ്മയ്ക്കൊരു ഉമ്മ കൊടുത്താലോ? അല്ലെങ്കിൽ വേണ്ട, അമ്മ ഉറങ്ങിക്കോട്ടെ! ജോസൂട്ടിയുടെയും കണ്ണുകൾ അടഞ്ഞുതുടങ്ങിയിരിക്കുന്നു.
''ഇൗശോയെ, എനിക്കീ വർണ്ണക്കുപ്പായങ്ങൾ ആരാണ് തന്നത്? ഞാനെവിടെയാ?""
റെയിൻഡിയറുകൾ വലിക്കുന്ന സ്വർണരഥത്തിൽ ജോസൂട്ടി സുന്ദരനായിരിപ്പുണ്ട്. കൂടെ സാന്തക്ളോസും ചാക്കിൽനിറയെ സമ്മാനപ്പൊതികളും! മഞ്ഞുമൂടിയ പാതയിലൂടെ രഥമങ്ങനെയുരുളുന്നു. വഴിയരികിലെ വീടുകളുടെ മുറ്റത്ത് മഞ്ഞുപുതച്ച ക്രിസ്‌മസ് ട്രീകളും നക്ഷത്രദീപങ്ങളും! വാനിലെ നക്ഷത്രങ്ങൾ വേറെയും! ഉണ്ണിയേശുവിനെ തേടിപ്പോകുന്ന ആട്ടിടയന്മാരുടെ കഥയും സുമ ടീച്ചർ പറഞ്ഞുതന്നിട്ടുണ്ട്. അപ്പൂപ്പൻ ചാക്ക് തുറന്നു പൊതികളെടുക്കുന്നു. ജോസൂട്ടിക്ക് തരാനാവും. പെട്ടെന്നാണ് അമ്മയുടെ സ്വരം കേട്ടത്.
''ജോസൂട്ടി, മോനിതുവരെ ഉറങ്ങിയില്ലേ?""
കഷ്ടമായി, ആ സമ്മാനങ്ങൾ ഏറ്റുവാങ്ങാൻ അമ്മ സമ്മതിച്ചില്ല. സാരമില്ല അപ്പൂപ്പൻ പിന്നെയും വരും!
മുറ്റത്തെ മാവിൻചുവട്ടിൽ അണ്ണാൻമാരുടെ കളികൾ കണ്ടുകൊണ്ടിരുന്നപ്പോഴാണ് അപ്പൂപ്പൻ കടന്നുവന്നത്. തലമുടിയും താടിയുമൊക്കെ പഞ്ഞിപോലെ നരച്ചിട്ട്, കീറിയ ഉടുപ്പിട്ടൊരുപ്പൂപ്പൻ ഒരു ചെമന്ന ഉടുപ്പും തൊപ്പിയും ഉണ്ടായിരുന്നെങ്കിൽ, സാന്താക്ളോസ് ആകുമായിരുന്നു. അതോ കാബൂളിവാലയാണോ? ആ കഥയും ടീച്ചർ പറഞ്ഞിട്ടുള്ളതാണ്.
''മോനേ, അമ്മയില്ലേ?""
''അമ്മേ , ദേ ഒരപ്പൂപ്പൻ!""
'' കഴിക്കാനെന്തെങ്കിലും തരാമോ മോളേ?""
അമ്മ, അകത്തേക്ക് പോയപ്പോൾ അപ്പൂപ്പൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
''മോനേ, അപ്പന്റെ പഴയ ഉടുപ്പേലൊരെണ്ണം അപ്പൂപ്പന് തരാവോ?""
''അതിനെനിക്ക് അപ്പനില്ലല്ലോ! ദേ, ആ ചുമരിന്മേലിരിക്കുന്ന അപ്പന്റെ പടം മാത്രമേയുള്ളൂ.""
നിറം മങ്ങിയ പടത്തിൽ നോക്കിയപ്പോൾ അപ്പൂപ്പന്റെ മുഖം വാടി. 'അമ്മേ, അപ്പനെവിടെയാണെന്ന ചോദിക്കുമ്പോൾ അമ്മയുടെ കണ്ണുകൾ പളുങ്കുമണികൾ പോലെ കണ്ണുനീർ കാണാറുള്ളതുകൊണ്ട് , ജോസൂട്ടി ഇപ്പോൾ ഒന്നും അതേപ്പറ്റി ചോദിക്കാറില്ല.
''സാരമില്ല മോനേ, അപ്പൂപ്പന് വേറെയാരെങ്കിലും തരും.""
ജോസൂട്ടിക്ക് അപ്പൂപ്പനെ ഒത്തിരി ഇഷ്‌ടമായി. ക്രിസ്‌മസ് ഫ്രെണ്ടാക്കിയാലോ? 'അപ്പൂപ്പനെന്റെ ക്രിസ്‌മസ് ഫ്രെണ്ടാവാമോ? ' അതിനെന്താ, ആവാമല്ലോ! കാപ്പിയുമായി വന്ന അമ്മയോട് ജോസൂട്ടി പറഞ്ഞു.
''അമ്മേ ഇതെന്റെ ക്രിസ്‌മസ് ഫ്രെണ്ടാണ്. എന്റെ കുടുക്കയിലെ പൈസ അപ്പൂപ്പന് കൊടുത്തോട്ടെ?""
''മോനേ, അത് മോന് ഉടുപ്പ് വാങ്ങാനുള്ളതല്ലേ?""
''അതുസാരമില്ല. എനിക്കുള്ളത് സാന്താക്ളോസ് അപ്പൂപ്പൻ തരും.""
പതിവില്ലാതെ അമ്മ ചിരിച്ചു. കുടുക്കയിലെ പൈസ അപ്പൂപ്പന് കൊടുക്കുകയും ചെയ്തു.
രാത്രിയായപ്പോൾ ജോസൂട്ടി, അമ്മ കഴുകിയിട്ടിരുന്ന സോക്‌സ് എടുത്ത് വയ്ക്കോൽ കൊണ്ടുണ്ടാക്കിയ പുൽക്കൂട്ടിൽ തൂക്കിയിട്ടു. സാന്താക്ളോസ് , സോക്‌സിനകത്താണത്രെ സമ്മാനം നൽകുന്നത്. അതും സുമ ടീച്ചർ പറഞ്ഞുതന്നതാണ്. രണ്ട് ബലൂണും ഇത്തിരി വർണ്ണറിബണും കൂടിയായപ്പോൾ പുൽക്കൂട്ടിന് ഭംഗിയുണ്ടെന്ന് തോന്നി. കൂട്ടിനകത്ത്, വയ്ക്കോലിൽ പൊതിഞ്ഞ ഉണ്ണിയേശുവും , മറിയമും ഒൗസേപ്പും മാലാഖമാരും ആടുകളും ആട്ടിടയൻമാരുമെല്ലാമുണ്ട്. മുമ്പെന്നോ പള്ളിപ്പെരുന്നാളിനുപോയപ്പോൾ അമ്മ വാങ്ങിതന്നതാണ് . പാതിരാകുർബാനയ്‌ക്ക് അമ്മയും ജോസൂട്ടിയും പോയില്ല. രാവിലെയാണ് പോവാറുള്ളത്. ഉറക്കമുണർന്നയുടൻ ജോസൂട്ടി ഒാടിച്ചെന്ന് പുൽക്കൂടിലേക്ക് നോക്കി സമ്മാനപ്പൊതികളൊന്നുമില്ല! ബലൂണിലും സോക്‌സിലും ഉണ്ണിയേശുവിന്റെ രൂപത്തിലും മഞ്ഞിൻകണങ്ങൾ തിളങ്ങിനിൽപ്പുണ്ടായിരുന്നു. പെട്ടെന്നാണ് പുൽക്കൂടിനരികിലുള്ള ഒരു വർണ്ണപ്പൊതി ജോസൂട്ടി കണ്ടത്. തുറന്ന് നോക്കിയപ്പോൾ ജോസൂട്ടിക്കുള്ള ഉടുപ്പും നിക്കറും.
''അമ്മ, സാന്താക്ളോസ് അപ്പൂപ്പൻ എനിക്ക് സമ്മാനം തന്നിട്ടുണ്ട്.""
ശബ്ദം കേട്ടുവന്ന അമ്മയെ നോക്കി അപ്പുറത്തെ വീട്ടിലെ കോളേജിൽ പഠിക്കുന്ന ചേച്ചി ചിരിക്കുന്നതെന്തിനാണെന്ന് ജോസൂട്ടിക്ക് മനസിലായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |