അഞ്ജലിനായരുടെ ഫോൺ നിലയ്ക്കാതെ റിംഗ് ചെയ്യുകയാണ്. ദൃശ്യം 2ലെ സരിതയെ ഇഷ്ടപ്പെട്ടവരുടെ അഭിനന്ദനങ്ങളാണ് ചുറ്റിലും നിറയുന്നത്. 'ബെൻ" എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കിയെങ്കിലും പിന്നീട് അഞ്ജലിയെ കണ്ടതൊക്കെയും ചെറിയ വേഷങ്ങളിലായിരുന്നു. അഞ്ച് വർഷങ്ങൾക്കിപ്പുറം ഇത്രയധികം ഫോൺവിളികളും അഭിനന്ദനങ്ങളും തേടിയെത്തുമ്പോൾ അവാർഡിനേക്കാൾ സന്തോഷം തനിക്കുണ്ടെന്ന് അഞ്ജലി പറയുന്നു. തേടിയെത്തുന്ന വേഷങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് ചിന്തിക്കാതെ, മികച്ച സിനിമകളുടെ ഭാഗമാകാനായിരുന്നു ഇതുവരെയും ശ്രദ്ധിച്ചിരുന്നത്. വർഷങ്ങൾക്കിപ്പുറം പ്രേക്ഷകരെ മുഴുവൻ ഞെട്ടിപ്പിച്ച് 'ദൃശ്യം 2" ചർച്ചയാകുമ്പോൾ കൈയടി വാങ്ങുന്നവരുടെ കൂട്ടത്തിൽ അഞ്ജലിയുമുണ്ട്. കരിയറിലെ ഏറ്റവും വലിയ ബ്രേക്കായിട്ടാണ് സരിത എന്ന കഥാപാത്രത്തെ അഞ്ജലിയും വിശേഷിപ്പിക്കുന്നത്.
'നന്ദി അറിയിക്കാൻ വാക്കുകളില്ല. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അവസരമാണ്. കഴിഞ്ഞവർഷം ജീത്തുചേട്ടന്റെ റാം എന്ന സിനിമ ചെയ്തു. ആ പരിചയമാണ് ദൃശ്യത്തിലേക്കുള്ള അവസരം തുറന്ന് തന്നത്. റാം തുടങ്ങുന്ന സമയത്ത് ഈ സിനിമയിലൊരു കഥാപാത്രമുണ്ട്, അഞ്ജലിക്ക് ഇത് ചെയ്യാമോയെന്ന് ചോദിച്ച് ജിത്തുചേട്ടൻ വിളിച്ചിരുന്നു. പക്ഷേ ഞാൻ സുഹൃത്തുക്കൾ ആരെങ്കിലും കളിപ്പിക്കാൻ വിളിക്കുന്നതാണെന്നാണ് കരുതിയത്. പക്ഷേ, കഥയൊക്കെ കേട്ടപ്പോഴാണ് വിശ്വാസം വന്നത്. ഷൂട്ട് തുടങ്ങി കുറച്ച് കഴിഞ്ഞതോടെ കൊവിഡ് രൂക്ഷമാവുകയും ഷൂട്ട് ബ്രേക്കാവുകയും ചെയ്തു. ആ സമയത്ത് അദ്ദേഹം ദൃശ്യം 2 എഴുതി കൊണ്ടിരിക്കുകയാണ്. ലോക്ക് ഡൗൺ പിൻവലിച്ചതോടെ ദൃശ്യത്തിന്റെ ഷൂട്ടും തുടങ്ങി. അതിലെനിക്ക് വേഷമുണ്ടെന്ന് പറഞ്ഞപ്പോൾ ശരിക്കും ഞെട്ടി. സ്ക്രിപ്ട് വായിക്കാൻ തന്നപ്പോൾ എന്റെ കഥാപാത്രം ഏതാണെന്ന് മാത്രം എനിക്ക് മനസിലായില്ല. സരിത എന്ന പേര് കണ്ടില്ലേ എന്ന് ചോദിച്ചപ്പോൾ പിന്നേം ഞെട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ. ഞാനതിലെ ഏറ്റവും ചെറിയ സ്ത്രീ വേഷമാണ് നോക്കിയത്. സരിതയെന്ന കഥാപാത്രത്തിന് പക്ഷേ സിനിമയിൽ വളരെ പ്രാധാന്യമുണ്ട്. ഇതുവരെ ചെയ്തതൊക്കെ ചെറിയ വേഷങ്ങളായതുകൊണ്ട് തന്നെ അതുപോലൊരു വേഷമാണ് ഞാനിതിലും പ്രതീക്ഷിച്ചത്. സരിതയെ അവതരിപ്പിക്കുന്നത് അഞ്ജലിയാണ്, തയ്യാറായിക്കോളൂവെന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഭയങ്കരമായി ത്രില്ലടിച്ചു. പക്ഷേ, ശരീരം ശ്രദ്ധിക്കണമെന്ന് ജിത്തുചേട്ടൻ പറഞ്ഞതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ വല്ലാതെ വിഷമിച്ചു. വളരെ കുറഞ്ഞ സമയമേയുള്ളൂ. പിന്നെ ഉള്ള സമയം കൊണ്ട് ഡയറ്റൊക്കെ നോക്കി ശരീരം പൊലീസുകാരിയുടെ രൂപത്തിലേക്ക് മാറ്റിയെടുക്കുകയായിരുന്നു.
സസ്പെൻസ് നിറഞ്ഞ കഥാപാത്രം
രണ്ട് ഗെറ്റപ്പിലാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. പൊലീസുകാരിയായും കള്ളുകുടിയന്റെ ഭാര്യയായിട്ടും. ഷൂട്ടുള്ളപ്പോൾ എന്നും രാവിലെ പോകും. നാല് മേക്കപ്പ് ആർട്ടിസ്റ്റുകളാണ് ചുറ്റിലുമിരുന്ന് സരിതയെ അണിയിച്ചൊരുക്കിയത്. കാലും കൈയും മുഖവും ഒക്കെ കറുപ്പിക്കും. ദുഃഖപുത്രിയാണല്ലോ. നൈറ്റിയും സാരിയുമൊക്കെയായിരുന്നു വേഷം. പൊലീസുകാരിയായി വരുമ്പോൾ എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റിയില്ല. ഞാനിത്രയൊക്കെ ചെയ്തോ എന്ന സംശയമായിരുന്നു മനസിൽ. മുന്നിൽ നിൽക്കുന്ന മുരളിചേട്ടന്റെ വൈബാണ് എന്നിലേക്കും പകർന്നത്. അദ്ദേഹത്തിൽ നിന്ന് റിഫ്ലക്ട് ചെയ്തിരിക്കുന്നതാണ് ഞാൻ ചെയ്ത കഥാപാത്രത്തിന്റെ എനർജി. പുള്ളി അത്രയും നന്നായി ചെയ്യുമ്പോൾ അതേ പോലെ മികച്ചതാക്കാൻ കൂടെ നിൽക്കുന്നവരും ശ്രമിക്കുമല്ലോ. പൊലീസ് വേഷമായിരുന്നു ആദ്യമെടുത്തത്. രണ്ടാമതാണ് കുടിയന്റെ ഭാര്യാവേഷം ഷൂട്ട് ചെയ്തത്. അത് കുറച്ചുകൂടി ഈസിയായിരുന്നു. ലാലേട്ടനൊപ്പം ഇതിന് മുമ്പും അഭിനയിച്ചിട്ടുണ്ട്, പിന്നെ മീന ചേച്ചിയാണെങ്കിലും വളരെ കൂളായിരുന്നു. ഭർത്താവ് സാബുവായിട്ടെത്തുന്ന സുമേഷും വളരെ കംഫർട്ടബിളായിരുന്നു. ഇവരെയൊക്കെ അറിയാവുന്നതുകൊണ്ട് തന്നെ നല്ലൊരു ഫാമിലി ഫീൽ കിട്ടി. പിന്നെ, ജിത്തു ചേട്ടനാണെങ്കിലും വളരെ ഫ്രണ്ട്ലിയായിരുന്നു. കൊവിഡ് ആയതുകൊണ്ട് എല്ലാവരെയും ഒറ്റ ഹോട്ടലിലായിരുന്നു താമസിപ്പിച്ചിരുന്നത്. പുറത്ത് പോകാനൊന്നുമുള്ള അനുവാദമുണ്ടായിരുന്നില്ല. മറ്റു പ്രോജക്ടുകളും നടക്കുന്ന സമയമല്ല. എല്ലാ കമ്മിറ്റ്മെന്റും കഴിഞ്ഞ് മാത്രേ ലൊക്കേഷൻ വിടാൻ പറ്റൂ. അതുകൊണ്ട് തന്നെ ഞങ്ങളെല്ലാവരും നല്ലൊരു ഫാമിലി പോലെയായി. അതും സിനിമയുടെ വിജയത്തെ ഏറെ സഹായിച്ചു. ഇത്രയും വലിയൊരു സസ്പെൻസ് എന്റെ കഥാപാത്രത്തിൽ ഒളിപ്പിച്ചുവച്ചത് വലിയൊരു സന്തോഷമായിരുന്നു.
ഞാൻ ഇവിടെയുണ്ടായിരുന്നു
കുറേ നാളുകൾക്ക് ശേഷമാണ് എന്നെ സ്ക്രീനിൽ കാണുന്നതെന്ന് പലരും പറഞ്ഞു. എവിടെയായിരുന്നു ഇതുവരെയെന്ന് ചോദിക്കുന്നവരുണ്ട്. സത്യത്തിൽ ഞാൻ സിനിമയിൽ നിന്നും ഇടവേള എടുത്തിട്ടില്ല. ചിത്രങ്ങൾ റിലീസാകാൻ വൈകിയതാണ് കാരണം. ഇതിനിടയ്ക്ക് ആഫ്രിക്കയിൽ പോയി ഒന്ന് പെട്ടായിരുന്നു. 'ജിബൂട്ടി" എന്ന സിനിമയുടെ ഷൂട്ട് അവിടെ നടക്കുന്ന സമയത്താണ് ലോക്ക് ഡൗൺ വരുന്നത്. രണ്ട് രണ്ടര മാസത്തോളം അവിടെ തന്നെയായിരുന്നു. പിന്നെ ക്വാറന്റൈൻ. അങ്ങനെ കുറച്ച് ദിവസങ്ങൾ പോയി. അതിന് മുമ്പ് മരട് 357, റാം, മോഹൻകുമാർ ഫാൻസ് ഒക്കെ ചെയ്തു. ലോക്ക് ഡൗണിന് ശേഷം ആറാട്ട്, അവിയൽ, വൺ സെക്കൻഡ് ഒക്കെ ചെയ്തു. കൊവിഡിന് മുമ്പും ശേഷവും സജീവം തന്നെയായിരുന്നു. പക്ഷേ, കൊവിഡ് പ്രതിസന്ധിയിൽ സിനിമകൾ റിലീസാകാനുള്ള താമസം കൊണ്ടാണ് എന്നെ സ്ക്രീനിൽ കാണാത്തത്. ഇനി ഒരുപാട് ചിത്രങ്ങൾ റിലീസാകാനുണ്ട്.
ഒരു അഭിനേത്രി എന്ന നിലയിൽ ഏറ്റവും വലിയ ഭാഗ്യമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. എല്ലാവരും ഓർത്തിരിക്കുന്ന കഥാപാത്രം, നല്ല അഭിപ്രായങ്ങൾ നേടിത്തന്ന കഥാപാത്രം, സസ്പെൻസ് നിറഞ്ഞ കഥാപാത്രം... ഇതിൽപ്പരം സന്തോഷം ഇനിയൊന്നുമില്ല. രണ്ടോ മൂന്നോ സീനുകൾ ഉള്ള സിനിമകൾ വരെ ചെയ്തിട്ടുണ്ട്. എന്തുകൊണ്ട് അത്തരം വേഷങ്ങൾ ചെയ്യുന്നുവെന്ന് ചോദിച്ചവരുണ്ട്. പക്ഷേ അതിനൊക്കെ എനിക്ക് കൃത്യം മറുപടികളുണ്ടായിരുന്നു. കാത്തിരിപ്പിനേക്കാൾ നല്ലത് അത്തരം വേഷങ്ങൾ ചെയ്യുന്നതാണെന്ന് തോന്നിയിട്ടുണ്ട്. ജീവിതയാഥാർത്ഥ്യങ്ങളാണ് അത്തരം തീരുമാനങ്ങളെടുപ്പിക്കുന്നത്.
കരിയർ ബ്രേക്കാണ്
ഒ.ടി.ടി റിലീസ് ചെയ്തതുകൊണ്ട് ഗുണവും ദോഷവുമുണ്ട്. ലോകം മുഴുവനുമുള്ള പ്രേക്ഷകർ, വിവിധ ഭാഷക്കാർ ഒക്കെ സിനിമ കണ്ടത് ഒ.ടി.ടിയിൽ റിലീസ് ചെയ്തതുകൊണ്ടാണ്. അതുപോലെ എല്ലാ പ്രായക്കാർക്കും വീട്ടിലിരുന്ന് കാണാൻ പറ്റിയെന്നതും അതിന്റെ ഗുണമാണ്. തീയേറ്ററിൽ വലിയ ആരവമാകേണ്ട ഒരു സിനിമയായിരുന്നു. കൈയടികളും ആവേശവുമൊക്കെ നേരിൽ കാണാൻ പറ്റുമായിരുന്നു. അത് നഷ്ടമായി. എന്തായാലും ഞാൻ നല്ല സന്തോഷത്തിലാണ്. ദൃശ്യം കണ്ട് ത്രില്ലടിച്ചവരാണ് എല്ലാവരും. ഇതുവരെ 127 സിനിമകൾ ചെയ്തു കഴിഞ്ഞു. പക്ഷേ, ഇതിനിടയിൽ എത്ര ചിത്രങ്ങൾ ഹൃദയത്തോട് ചേർത്തു വയ്ക്കുന്നുവെന്ന് ചോദിച്ചാൽ കുറവാണ്. ദൃശ്യം 2 ആണ് കരിയർ ബ്രേക്ക് കിട്ടിയ സിനിമ. സ്റ്റേറ്റ് അവാർഡ് കിട്ടിയ ശേഷം ഇത്രയധികം ഫോൺ വിളികളും അഭിനന്ദനങ്ങളുമൊക്കെ കിട്ടുന്നത് ഇപ്പോഴാണ്. എല്ലാവരോടും നന്ദി മാത്രമേ പറയാനുള്ളൂ. ഇപ്പോഴും ഫോൺ വിളികൾ തുടരുകയാണ്.
സന്തോഷമറിയിക്കാൻ വാക്കുകളില്ല
സിനിമയിൽ നല്ല അവസരം കിട്ടാതെ പോയപ്പോഴൊക്കെ ഞാനും ചിന്തിച്ചിട്ടുണ്ട്, എന്താണ് എനിക്ക് ആ വേഷം കിട്ടാതിരുന്നതെന്നും ആ സിനിമയിലേക്ക് എന്തായിരിക്കും എന്നെ വിളിക്കാതിരുന്നതുമെന്നുമൊക്കെ. സിനിമയുടെ കാസ്റ്റിംഗ് നടത്തുന്ന സമയത്ത് അവർക്ക് നമ്മുടെ പേര് ഓർമ്മ വരികയെന്നത് വലിയ കാര്യമാണ്. കിട്ടാതെ പോയതിലൊന്നും വിഷമിച്ചിട്ട് കാര്യമില്ലല്ലോ. അപ്പോൾ പിന്നെ വരുന്നത് ചെയ്യുക എന്ന് മാത്രമേയുള്ളൂ. ഇത് നമ്മുടെ ജീവിതമാർഗമാണ്. ഈ വരുമാനത്തിൽ നിന്ന് ഒരു കുടുംബം നോക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെയാണ് എന്നിലേക്ക് വരുന്ന ചെറുതും വലുതുമായ വേഷങ്ങൾ ഞാൻ സ്വീകരിക്കുന്നത്. മികച്ച വേഷങ്ങൾ തന്നെ വേണമെന്ന് വാശി പിടിച്ച് നിൽക്കാൻ കഴിയില്ലല്ലോ. നമ്മൾ ആക്ടീവായിരിക്കാനും സ്വയം മെച്ചപ്പെടുത്താനുമൊക്കെ ചെറിയ വേഷങ്ങൾ നമ്മളെ സഹായിക്കും. ദൃശ്യം 2 കാണുന്ന സമയത്ത് എന്റെ കൈയും കാലും നല്ലതുപോലെ വിറയ്ക്കുന്നുണ്ടായിരുന്നു. ഇത്രയും വലിയ സിനിമയിൽ ഞാൻ മോശമാകുമോ എന്ന പേടിയായിരുന്നു. സിനിമ കണ്ടിട്ട് വിളിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വന്നപ്പോഴാണ് ആ പേടി മാറി കിട്ടിയത്. എനിക്കിനി വലിയ ആഗ്രഹങ്ങളൊന്നുമില്ല. ഇത്രയും വർഷം വേണ്ടി വന്നു ഒന്ന് തെളിയിക്കാൻ. ഇനി കിട്ടുന്നത് എന്തായാലും അതെല്ലാം ബോണസ് ആണ്. അത്ര സന്തോഷമാണ് ഈ സിനിമ തന്നത്.
മകൾ ആവണിയാണ് മറ്റൊരു സന്തോഷം, 'റാം" എന്ന ചിത്രത്തിൽ എന്റെ മകളായിട്ട് അവൾ തന്നെയാണ് അഭിനയിക്കുന്നത്. എട്ട് സിനിമകൾ കക്ഷി ചെയ്തു. മോൾക്കും അഭിനയം വലിയ ഇഷ്ടമാണ്. മൂന്നാം ക്ലാസിലാണ്. കാക്കനാട് അമ്മയും അച്ഛനും സഹോദരനും സഹോദരന്റെ ഭാര്യയുമൊക്കെയായി ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു. ഇതിനിടിയിലും ഒരുപാട് പേരോട് നന്ദി പറയേണ്ടതുണ്ട്. ജീത്തു ചേട്ടൻ, ഭാര്യ ലിൻഡ ചേച്ചി, ലാലേട്ടൻ, സിദ്ദിഖിക്ക, മുരളിച്ചേട്ടൻ അങ്ങനെ ഒരുപാട് പേരോട് കടപ്പെട്ടിരിക്കുന്നു. ആരുടെയും പേര് മറന്നിട്ടില്ല. വന്ന വഴികളും. ഇനിയും മുന്നോട്ടുള്ള യാത്രയിൽ ഈ സ്നേഹവും പിന്തുണയുമൊക്കെയാണ് കരുത്ത് പകരേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |