വിതുര: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ഗുരുതരമായി വെട്ടിപ്പരിക്കേല്പിച്ച ഭർത്താവിനെ നെടുമങ്ങാട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മരുതാമല സ്വദേശി ചാരുപാറ ജ്ഞാനിക്കുന്ന് രാജി ഭവനിൽ ഗേളിയെയാണ് (റാണി - 40) ഭർത്താവ് രമേശ് (45) കഴിഞ്ഞ ദിവസം മാരകമായി വെട്ടി പരിക്കേൽപ്പിച്ചത്.
കഴുത്തിലും തലയിലും നെഞ്ചിലും വെട്ടേറ്റ ഗേളി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ വഴക്കിനെ തുടർന്ന് ഇരുവരും മാസങ്ങളായി പിണങ്ങി കഴിയുകയാണ്. നെടുമങ്ങാട് കുടുംബകോടതിയിൽ ഇവർ തമ്മിലുള്ള വിവാഹമോചനകേസ് നടക്കുകയാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്.
ഗേളി ജോലി ചെയ്യുന്ന മരുതാമല മക്കി റബർ പാൽ സംഭരണകേന്ദ്രത്തിൽ കഴിഞ്ഞ ദിവസം രമേശ് എത്തുകയും കേസ് പിൻവലിച്ച് ഒരുമിച്ച്. താമസിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ഇരുവരും വഴക്കുണ്ടാകുകയും രമേശ് ഹെൽമെറ്റ് കൊണ്ട് ഗേളിയുടെ തലക്കടിക്കുകയും ചെയ്തു. അടി കൊണ്ട് ഒാടിയ ഗേളിയെ രമേശ് പിൻതുടർന്ന് വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. ഭാര്യയെ കൊല്ലുമെന്ന് നേരത്തേ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വിതുര സി.ഐ വിപിൻ ഗോപിനാഥും എസ്.ഐ അനീസും സംഘവും സ്ഥലത്തെത്തിയാണ് രമേശിനെ പിടികൂടിയത്. ഇയാൾക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |