സിൽവർ ജൂബിലി വർഷത്തിൽ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ" കൊച്ചിയിൽ സ്വന്തമാക്കിയ
ആസ്ഥാനമന്ദിരത്തിലെ കാഴ്ചകൾ
മലയാളത്തിലെ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ 'അമ്മ" യുടെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റാനുള്ള തീരുമാനമുണ്ടാകുന്നത് രണ്ട് വർഷങ്ങൾക്ക് മുൻപാണ്. അതുവരെ തലസ്ഥാനത്തായിരുന്നു 'അമ്മ"യുടെ ആസ്ഥാനം.
തിരുവനന്തപുരത്ത് കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ മൂന്ന് വാടകക്കെട്ടിടങ്ങളിലായാണ് 'അമ്മ"യുടെ ഓഫീസ് പ്രവർത്തിച്ചിരുന്നത്. സിൽവർ ജൂബിലി വർഷത്തിൽ 'അമ്മ"യ്ക്ക് സ്വന്തമായി ഒരു ആസ്ഥാനം വേണമെന്നത് അംഗങ്ങളുടെയെല്ലാം ഏറെക്കാലമായുള്ള മോഹമായിരുന്നു.
എറണാകുളത്ത് കലൂർ ദേശാഭിമാനി റോഡിലാണ് 'അമ്മ"യുടെ പുതിയ ആസ്ഥാന മന്ദിരം. ജനറൽ സെക്രട്ടറി ഇടവേള ബാബുവാണ് പുതിയ കെട്ടിടം കണ്ടെത്തിയത്.
''ഓഫീസ് സമുച്ചയത്തിനായി പറ്റിയ ഒരിടം എറണാകുളത്ത് പല സ്ഥലത്തും നോക്കി. അങ്ങനെയാണ് ഈ ബിൽഡിംഗ് കണ്ടത്. പണി പൂർത്തിയായിക്കഴിഞ്ഞ അഞ്ച് നില കെട്ടിടം കണ്ടപ്പോൾ എനിക്കിഷ്ടമായി. കെട്ടിടത്തിന് മുന്നിലെ ഫോർ സെയിൽ ബോർഡ് കണ്ട് വിളിച്ചപ്പോൾ അതൊരു ബ്രോക്കറിന്റെ നമ്പരായിരുന്നു. ബ്രോക്കർ വഴി ബന്ധപ്പെട്ടു. പിന്നീട് ഞങ്ങളുടെ ഒരു ടീം ബിൽഡിംഗ് കണ്ടു. കണ്ട എല്ലാവർക്കും ഇഷ്ടമായി. അഞ്ച് നിലകളും വലിയ ഹാളുകളായിരുന്നു. എങ്ങനെ വേണമെങ്കിലും ആ സ്പേസ് ഉപയോഗിക്കാൻ പറ്റും. ഇന്റീരിയർ ഡിസൈനേഴ്സുമായി ആലോചിച്ച് ഒരു ഐഡിയ രൂപപ്പെടുത്തി. നഗരത്തിന്റെ ഹൃദയഭാഗത്ത് തന്നെ അങ്ങനെ ഒരിടം കിട്ടിയത് ഭാഗ്യമായി തോന്നി." ഇടവേള ബാബു പറയുന്നു. സ്ഥലമുൾപ്പെടെ 'അമ്മ" കെട്ടിടം വാങ്ങിയത് നാല് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപയ്ക്കാണ്.
''അഞ്ചരക്കോടി രൂപയാണ് അവർ ചോദിച്ചത്. അഞ്ച് കോടിക്ക് മേൽ ബഡ്ജറ്റില്ലെന്ന് ഞാൻ പറഞ്ഞു. അഞ്ച് കോടി രൂപ ഒറ്റത്തവണയായി നൽകാമെന്ന് പറഞ്ഞപ്പോൾ ഉടമ സമ്മതിച്ചു. ലാലേട്ടനൊപ്പം ഫോട്ടോയെടുക്കണമെന്ന ആവശ്യം പറഞ്ഞു. ഫോട്ടോ എടുക്കുമ്പോ ലാലേട്ടൻ ഇരുപത്തിയഞ്ച് ലക്ഷം രൂപ കുറച്ചുകൂടേയെന്ന് ചോദിച്ചപ്പോൾ അദ്ദേഹം അതും സമ്മതിച്ചു.
എൺപത്തിയഞ്ച് ലക്ഷം രൂപ പേപ്പർ വർക്കുകൾക്ക് ചെലവായി. മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മൂന്നരക്കോടി രൂപയും ജി.എസ്.ടിയും വരും. സെറ്റി, സോഫ, ഫ്രിഡ്ജ്, ടിവി എന്നിവ വാങ്ങിയതുൾപ്പെടെ ഏകദേശം പതിനൊന്ന് കോടി രൂപയോളം ചെലവായി.
കോഴിക്കോട്ടുള്ള മിഡ് ലാന്റ് ബിൽഡേഴ്സിന്റെ ദിനേശ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇന്റീരിയർ ഡിസൈനിംഗും വർക്കുകളും മറ്റും നടന്നത്. താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഉദ്ഘാടനം ചെയ്ത 'അമ്മ"യുടെ ആസ്ഥാന മന്ദിരം അക്ഷരാർത്ഥത്തിൽ 'സ്മാർട്ടാ"ണ്.
ഗ്രൗണ്ട് ഫ്ലോറിലാണ് റിസപ്ഷൻ. അതിഥികൾക്ക് ഇരിക്കുവാനുള്ള രണ്ട് പ്രത്യേക സ്ഥലങ്ങളുമുണ്ട്. ഡോക്യുമെന്റ് റൂമും ഓഫീസ് മാനേജരുടെ മുറിയും ഗ്രൗണ്ട് ഫ്ളോറിൽ തന്നെയാണുള്ളത്.
ആധുനിക വാർത്താമിനിമയ സംവിധാനങ്ങളോടെയുള്ള എക്സിക്യുട്ടീവ് കമ്മിറ്റി ഹാളാണ് ഒന്നാം നിലയിലെ പ്രധാന ആകർഷണം. കമ്മിറ്റി അംഗങ്ങൾക്കായുള്ള ലോഞ്ചും, പ്രസിഡന്റിന്റെയും ജനറൽ സെക്രട്ടറിയുടെയും കാബിനും ലൈബ്രറിയും ഒന്നാം നിലയിലാണ്. 125 സീറ്റുകളുള്ള ആധുനിക ശബ്ദ സംവിധാനമുള്ള തിയേറ്ററും ചടങ്ങുകൾ സംഘടിപ്പിക്കുമ്പോൾ ഉപയോഗിക്കാവുന്ന സ്റ്റേജും രണ്ടാം നിലയ്ക്ക് മോടി കൂട്ടുന്നു.
ചാരിറ്റി പ്രവർത്തനങ്ങൾക്കായും ആർട്ട് ഗാലറിയായും ഉപയോഗിക്കാവുന്ന ഹാൾ മൂന്നാം നിലയിലാണ്.
സിനിമാ ചർച്ചകൾക്കും തിരക്കഥ വായിക്കാനുമായി നാലാം നിലയിൽ അഞ്ച് ഗ്ളാസ് കാബിനുകളുണ്ട്. ഇതിൽ മൂന്നെണ്ണം ശീതീകരിച്ചതും രണ്ടെണ്ണം അല്ലാത്തതുമാണ്. ഈ കാബിനുകൾ അംഗങ്ങൾക്കും സംവിധായകർക്കും നിർമ്മാതാക്കൾക്കും ആവശ്യാനുസരണം നിശ്ചിത സമയം വച്ച് നൽകാനാണ് തീരുമാനം.
അഞ്ചാം നിലയിലാണ്കഫറ്റേരിയ. എട്ട് മേശകളും മുപ്പത്തിരണ്ട് കസേരകളും സജ്ജീകരിച്ചിട്ടുള്ള ഇവിടം റിഹേഴ്സൽ ആവശ്യങ്ങൾക്കും ഉപയോഗിക്കാം. അമ്മയുടെ ആസ്ഥാന മന്ദിരത്തിനോട്ചേർന്ന് എട്ട് കാറുകൾക്ക് പാർക്ക് ചെയ്യാം. കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാനായി സമീപത്ത് തന്നെ പതിനാല് സെന്റ് സ്ഥലം വാടകയ്ക്കുമെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |