കണ്ണൂർ: പച്ചപ്പിൽ പൊതിഞ്ഞ കാടുകൾ കണ്ണൂർ കക്കാട് സ്വദേശിയായ ഡോ. പി.വി. മോഹനന് ഹരമാണ്. വന്യജീവികളെ തന്റെ ഫ്രെയിമിൽ ഒപ്പിയെടുക്കുമ്പോൾ ആ സന്തോഷം ഇരട്ടിക്കും. കാടുകളിൽ വന്യജീവികളിലെ പല അപൂർവതകളും കാമറയിലാക്കിയ ചരിത്രവും മോഹനന് സ്വന്തം. ഇനി ആമസോൺ കാടുകളിലും അന്റാർട്ടിക്കയിലും പോകണമെന്നാണ് ആഗ്രഹം.
ഒരു ലക്ഷത്തിലധികം വൈൽഡ് ലൈഫ് ചിത്രങ്ങളാണ് ഇദ്ദേഹത്തിന്റെ ശേഖരത്തിലുള്ളത്. സിംഹത്തിന്റെ ഇണചേരലും മാനുമായി മരം കയറുന്ന പുലിയും ആക്രമിക്കാൻ അടുക്കുന്ന ഹിപ്പോപൊട്ടാമസുമെല്ലാം ഇതിലുൾപ്പെടും. ബോട്സ്വാനയിൽ 12000 ചതുരശ്ര കിലോമീറ്ററുള്ള ചോബെ ദേശീയോദ്യാനത്തിൽ ആളനക്കമേൽക്കാത്ത കാട്ടിൽ ടെന്റടിച്ച് ഫോട്ടോഗ്രാഫിക്കായി ഒരാഴ്ച താമസിച്ചതായിരുന്നു ഏറ്റവും ദുഷ്‌കരമായ യാത്ര.
ഫോട്ടോഗ്രാഫിയിലൂടെ വെറ്ററിനറി പ്രൊഫഷണിൽ ബോധവത്കരണം നടത്തി ശ്രദ്ധ നേടിയ ഡോ. മോഹനൻ മുന്നൂറോളം ഫോട്ടോപ്രദർശനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കണ്ടാമൃഗങ്ങൾക്ക് പേരുകേട്ട അസാമിലെ കാസിരംഗ, കടുവ സംരംക്ഷണ കേന്ദ്രങ്ങളായ സരിസ്‌ക, രതംബോർ, തഡോബ, കബനി എന്നിവിടങ്ങളിലും യാത്ര ചെയ്‌തു. ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതമായ ഭരത്പൂർ, രംഗംതിട്ട എന്നിവിടങ്ങളിലുമെത്തി.
പയ്യന്നൂർ കോളേജിൽ പഠിക്കുമ്പോൾ പ്രൊഫ. ജോൺസിയുടെ ശിക്ഷണത്തിലാണ് പരിസ്ഥിതി പഠനം തുടങ്ങിയത്. പിന്നീട് കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതിപഠന കേന്ദ്രത്തിൽ സീനിയർ പ്രൊജക് ഓഫീസറായി. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഒഫ് ദ ഇയർ അവാർഡടക്കം (രണ്ട് തവണ) നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
ജീവിതത്തിനും മരണത്തിനുമിടയിലെ ഒറ്റ ക്ളിക്ക്
ലോകത്തിലെ വലിയ ഉൾനാടൻ അഴിമുഖമായ ഒക്ക വാംഗോ ഡെൽറ്റയിലെ ബോട്ട് യാത്രയിൽ ഹിപ്പോയുടെ ഫോട്ടോ എടുക്കാൻ നടത്തിയ പ്രയത്നം മറക്കാനാകില്ലെന്ന് മോഹനൻ പറയുന്നു. വെള്ളത്തിൽ മുങ്ങി നിൽക്കുന്ന ഹിപ്പോ തല ഉയർത്തിയാൽ ബോട്ട് മറിയുന്ന അവസ്ഥ. ആഫ്രിക്കയിലെ മദ്ധ്യ കലഹാരിയിലേക്കുള്ള യാത്രയിൽ വഴി തെറ്റിയതാണ് മറ്റൊരു പേടിപ്പിക്കുന്ന അനുഭവം. വരണ്ട കാട്ടിൽ കൊടും തണുപ്പിൽ വെള്ളമില്ലാതെ കഴിയേണ്ടി വന്നു.
കാടിന്റെ ശീലങ്ങൾ മനസിലാക്കണം. ജീവജാലങ്ങളുടെ പ്രകൃത്യാലുള്ള ചേഷ്ടകൾ, ചലനങ്ങൾ എന്നിവയെ തടസപ്പെടുത്തരുത്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർക്ക് നല്ല ക്ഷമയും വേണം.
- ഡോ. പി.വി. മോഹനൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |