തിരുവനന്തപുരം: കടുത്ത ത്രികോണ മത്സരം ഇക്കുറി ഉറപ്പായ പല നിയമസഭാമണ്ഡലങ്ങളും കപ്പിനും ചുണ്ടിനുമിടയ്ക്ക് ആർക്കും നഷ്ടപ്പെടാം. എൽ.ഡി.എഫ് തുടർഭരണത്തിനും യു.ഡി.എഫ് തിരിച്ചുവരവിനുമുള്ള പ്രതീക്ഷ വച്ചുപുലർത്തുമ്പോൾ, പോരാട്ടം പ്രവചനാതീതമാക്കുന്നത് എൻ.ഡി.എ സാന്നിദ്ധ്യമാണ്.
2009ലെ പുനർവിഭജനത്തിന് ശേഷം മാറി മറിഞ്ഞ അതിർത്തികൾ വച്ചുനോക്കുമ്പോൾ, ഇരുമുന്നണികൾക്കും വ്യക്തമായ മേൽക്കോയ്മ അവകാശപ്പെടാവുന്ന മണ്ഡലങ്ങൾ 30 മുതൽ 35 വരെയാണ്. 2011 മുതലുള്ള വിജയചരിത്രം പരിശോധിച്ചാൽ, 35ഓളം മണ്ഡലങ്ങൾ ഇടതുമുന്നണിക്ക് മുൻതൂക്കം നൽകുന്നു. 30ഓളം മണ്ഡലങ്ങൾ യു.ഡി.എഫിനും. 75ഓളം മണ്ഡലങ്ങളും ആഞ്ഞുപിടിച്ചാൽ ആർക്കൊപ്പവും പോരാം. സ്ഥാനാർത്ഥി നിർണയവും പ്രചാരണപ്പോരിലെ വീര്യവുമെല്ലാം അതിനാൽ ഈ മണ്ഡലങ്ങളിൽ നിർണായകം.
21 സിറ്റിംഗ് സീറ്റുകളിൽ നിന്ന് അംഗസംഖ്യ അമ്പതിലെത്തിക്കുകയാണ് കോൺഗ്രസിന്റെ വലിയ വെല്ലുവിളി. മലബാർ ജില്ലകളിൽ യു.ഡി.എഫ് മേൽക്കോയ്മാ മണ്ഡലങ്ങളിലേറെയും മുസ്ലിം ലീഗിന്റെ കൈവശമാണെന്നത് കോൺഗ്രസിന്റെ സാദ്ധ്യതകൾ കുറയ്ക്കുന്നു. കോഴിക്കോട് ജില്ലയിൽ കോൺഗ്രസിന് 2006 മുതലിങ്ങോട്ട് എം.എൽ.എമാരില്ല 2011 മുതൽ, ജില്ല കോൺഗ്രസിന് ബാലികേറാമലയാണ്. അതിനാൽ, തെക്കൻ ജില്ലകളെ വലിയ തോതിൽ ആശ്രയിക്കേണ്ടി വരുന്നു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നേടുന്ന സീറ്റുകളെ ആശ്രയിച്ചിരിക്കുന്നു കോൺഗ്രസ് മുന്നേറ്റത്തിന്റെ ഭാവി. തിരുവനന്തപുരം ജില്ലയിൽ ചാഞ്ചാട്ട മണ്ഡലങ്ങളാണേറെയും. കൊല്ലം 2011 മുതൽ കോൺഗ്രസിനെ കാര്യമായി തുണച്ചിട്ടില്ല. ആലപ്പുഴയിലും ഏറക്കുറെ സമാനമാണ്. മദ്ധ്യകേരളത്തിൽ പ്രതീക്ഷയർപ്പിക്കേണ്ട തൃശൂർ ജില്ലയാകട്ടെ, 2016ൽ കോൺഗ്രസിനെ തീർത്തും കൈവിട്ടു. സ്ഥാനാർത്ഥി നിർണയത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് ആവർത്തിക്കുന്നത് വെറുതെയല്ല.
മുൻതൂക്ക
മണ്ഡലങ്ങൾ:
യു.ഡി.എഫ് : 30- 32
എൽ.ഡി.എഫ് : 35- 38
എൻ.ഡി.എ : 1- 5
തിരുവനന്തപുരം
ജില്ല -മുൻതൂക്കം:
യു.ഡി.എഫ് - അരുവിക്കര, തിരുവനന്തപുരം
എൽ.ഡി.എഫ് - ആറ്റിങ്ങൽ, ചിറയിൻകീഴ്, വാമനപുരം
എൻ.ഡി.എ - നേമം.
ശക്തമായ ത്രികോണ
മത്സര സാദ്ധ്യത - നേമം, കാട്ടാക്കട, പാറശാല, വട്ടിയൂർക്കാവ്
ചാഞ്ചാട്ട സ്വഭാവം - നെയ്യാറ്റിൻകര, നെടുമങ്ങാട്, കോവളം, കഴക്കൂട്ടം, വർക്കല, വട്ടിയൂർക്കാവ്, പാറശാല, കാട്ടാക്കട, നേമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |