പോകുന്നിടത്തൊക്കെ ഫോണും കൈയിൽപ്പിടിച്ച് നടന്ന് മടുത്തോ. അത്തരക്കാർക്കായി ഇതാ ഒരു തകർപ്പൻ സാങ്കേതികവിദ്യ. ഇ- മെയിൽ, ഓൺലൈൻ ഷോപ്പിംഗ്, ഇന്റർനെറ്റ് ബ്രൗസിംഗ് അങ്ങനെ എന്തുമാകട്ടെ, ഇനി സ്വന്തം ത്വക്കിലൂടെ അതൊക്കെ ചെയ്യാൻ സാധിച്ചാലോ !
ഒരു ടാറ്റൂവിനെ പറ്റിയാണ് പറഞ്ഞു വരുന്നത്. ഒരു ടെംപററി ലൈറ്റ് എമിറ്റിംഗ് ടാറ്റൂ ആണിത്. ഒരാളുടെ ശരീരത്തിൽ നിലനിൽക്കുമ്പോൾ തന്നെ മേൽപ്പറഞ്ഞ പോലുള്ള വിവിധ ജോലികൾ നിർവഹിക്കാൻ ശേഷിയുള്ള സ്മാർട്ട് ടാറ്റൂവിന് ഇത് വഴിയൊരുക്കുമെന്നാണ് കരുതപ്പെടുന്നത്.
യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെയും ഇറ്റാലിയൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെയും ഗവേഷകരാണ് ഈ ടാറ്റൂ വികസിപ്പിച്ചിരിക്കുന്നത്. ടി.വി, സ്മാർട്ട് ഫോൺ സ്ക്രീനുകളിൽ ഉപയോഗിച്ചിരിക്കുന്ന അതേ ലൈറ്റ് എമിറ്റിംഗ് ടെക്നോളജിയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. സാധാരണ കുട്ടികൾക്കിടെയിൽ പ്രചാരമുള്ള പൂമ്പാറ്റയുടെയും സൂപ്പർ ഹീറോകളുടെയുമൊക്കെ ടെംപററി ടാറ്റൂവിനെ പോലെ ലളിതമായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ഈ പുത്തൻ ടാറ്റൂവും ഡിസൈൻ ചെയ്തിരിക്കുന്നത്.
ഓർഗാനിക് ലൈറ്റ് - എമിറ്റിംഗ് ഡയോഡുകൾ (ഒ.എൽ.ഇ.ഡി ) ടാറ്റൂ പേപ്പറിൽ ഘടിപ്പിച്ചിരിക്കുന്നു. സാധാരണ ടെംപററി ടാറ്റൂ ത്വക്കിൽ പതിപ്പിക്കുന്ന പോലെ തന്നെയാണ് ഈ ടാറ്റൂവും പതിപ്പിക്കുന്നത്. വെറും 2.3 മൈക്രോമീറ്റർ മാത്രമാണ് ഈ ടാറ്റൂവിന്റെ ഘനം. അതായത്, ഏകദേശം മനുഷ്യശരീരത്തിലെ അരുണ രക്താണുക്കളുടെ നീളത്തിന്റെ അത്രമാത്രം കനം.
മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുമായി സംയോജിപ്പിക്കുമ്പോൾ ടാറ്റൂ ധരിച്ചിരിക്കുന്നയാൾ സൂര്യതാപം ഒഴിവാക്കാൻ സൂര്യപ്രകാശമില്ലാത്തിടത്തേക്ക് മാറേണ്ടി വരുന്ന സന്ദർഭങ്ങളിൽ ടാറ്റൂവിൽ നിന്ന് പ്രകാശം പുറപ്പെടുന്നത് കാണാം. കൂടാതെ പഴങ്ങളിലോ മറ്റ് പാക്കറ്റുകളിലോ ടാറ്റൂ ഘടിപ്പിക്കുന്നത് വഴി അവ കേടാകുന്ന പരിധിയ്ക്ക് മുമ്പ് സിഗ്നൽ ലഭ്യമാക്കാം.
ആരോഗ്യമേഖലയിലും ഈ ടാറ്റൂ ഉപയോഗിക്കാം. രോഗിയുടെ ആരോഗ്യസ്ഥിതിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ മനസിലാക്കാൻ ഈ ടാറ്റൂ സഹായിക്കും. ക്യാൻസർ കോശങ്ങളെ കണ്ടെത്തുന്നതിന് ഈ ടാറ്റൂവിനെ ലൈറ്റ് സെൻസിറ്റീവ് തെറാപ്പികളുമായി സംയോജിപ്പിച്ചുള്ള ഗവേഷണങ്ങളും നടക്കുന്നുണ്ട്.
തിളങ്ങുന്ന ടാറ്റൂകൾ, ലൈറ്റ് - എമിറ്റിംഗ് ഫിംഗർനെയിൽ തുടങ്ങി ഒ.എൽ.ഇ.ഡി സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഫാഷൻ ആക്സസറികൾ ഇപ്പോൾ ട്രെൻഡിംഗായി വരികയാണ്. ഭാവിയിൽ ഇത്തരം ഉപകരണങ്ങളിലേക്ക് നിർമ്മിതബുദ്ധിയുടെ സാദ്ധ്യതകളും കൈകോർത്തേക്കാമെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |