ഫിനാൻഷ്യൽ കോഡ് മാറ്റി ഉത്തരവായി
തിരുവനന്തപുരം: സർക്കാർ വകുപ്പുകളിലെ ക്രമക്കേടുകൾ ധനകാര്യ പരിശോധനാ വിഭാഗം അന്വേഷിച്ച് കർശന നടപടിക്ക് റിപ്പോർട്ട് നൽകിയാലും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ രക്ഷിക്കുന്ന ആഭ്യന്തര അന്വേഷണം ഇനി നടക്കില്ല. ആഭ്യന്തരാന്വേഷണം നിറുത്തലാക്കാൻ ഫിനാൻഷ്യൽ കോഡിൽ മാറ്രം വരുത്തി സർക്കാർ ഉത്തരവിറക്കി.
പല വകുപ്പുകളും അന്വേഷണം അട്ടിമറിക്കാൻ ആഭ്യന്തര വിജിലൻസിന്റെ അന്വേഷണ പ്രഹസനം നടത്താറുണ്ട്. ആഭ്യന്തര വിജിലൻസിലുള്ളവർ കാലാകാലങ്ങളിൽ അതതുവകുപ്പുകളിൽ നിന്ന് വിജിലൻസിലേക്ക് മാറ്രപ്പെടുന്നരാണ്. കുറച്ചുകാലം വിജിലൻസിൽ ഇരുന്ന ശേഷം മറ്ര് മേഖലകളിലേക്ക് മാറും. ഇവരുടെ അന്വേഷണത്തിൽ കുറ്റക്കാർ രക്ഷപ്പെടുകയോ ചെറിയ ശിക്ഷയുമായി സർവീസിൽ തുടരുകയോ ആണ് പതിവ്.
നിലവിൽ ധനകാര്യ പരിശോധന വിഭാഗം റിപ്പോർട്ട് നൽകിയ കേസുകളിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് അന്വേഷണം നടത്താം. സി.എ.ജിക്കും സംസ്ഥാന ഓഡിറ്ര് വകുപ്പിനും പരിശോധന നടത്താനും തടസമില്ല.
ഒരു മാസത്തിനകം
നടപടി വേണം
തദ്ദേശ ഭരണ- സ്വയംഭരണ -സഹകരണ-പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ ഗ്രാന്റ് കിട്ടുന്ന സ്ഥാപനങ്ങൾ, കേന്ദ്ര - സംസ്ഥാന ഗ്രാന്റ് കിട്ടുന്ന സ്വാശ്രയ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ധനകാര്യ പരിശോധനാ വിഭാഗത്തിന് അന്വേഷണം നടത്താം. റിപ്പോർട്ട് കിട്ടി ഒരു മാസത്തിനകം ഭരണവകുപ്പ് നടപടിയെടുക്കണം. നടപടി റിപ്പോർട്ട് ധനകാര്യ വിഭാഗത്തിന്റെ അംഗീകാരത്തോടെ മാത്രം. സർക്കാരിനുണ്ടായ നഷ്ടം പ്രതികളിൽ നിന്ന് ഈടാക്കിയില്ലെങ്കിൽ ഉത്തരവാദിത്വം ഭരണവകുപ്പ് മേധാവിക്ക്. റിപ്പാർട്ട് നടപ്പാക്കിയില്ലെങ്കിൽ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റ് നിറുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |