തിരുവല്ല: നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി മെട്രോമാൻ ഇ. ശ്രീധരനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി വിജയ യാത്രയ്ക്ക് തിരുവല്ലയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 18 മാസംകൊണ്ട് പൂർത്തിയാക്കാൻ ഏറ്റെടുത്ത പാലാരിവട്ടം പാലം 5 മാസംകൊണ്ട് പൂർത്തിയാക്കിയ ശ്രീധരന്റെ വികസന കാഴ്ചപ്പാടാണ് എൻ.ഡി.എയ്ക്കുള്ളത്. ഇടതുവലത് മുന്നണികൾക്ക് ഇത്തവണ എൻ.ഡി.എ കനത്ത തിരിച്ചടി നൽകും. രാജ്യത്തെ ഭീകരവാദികളിൽ നിന്ന് ക്രൈസ്തവരെയും ഹിന്ദുക്കളെയും രക്ഷിക്കാൻ എൻ.ഡി.എയ്ക്ക് മാത്രമേ സാധിക്കു. ലൗ ജിഹാദിന്റെ പേരിൽ യോജിച്ച പോരാട്ടം ആവശ്യമാണ്. മലപ്പുറം പുതിയ സംസ്ഥാനമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മണ്ഡല പുനർനിർണയത്തിൽ പത്തനംതിട്ടയിലും ആലപ്പുഴയിലുമൊക്കെ മണ്ഡലങ്ങൾ പലതും ഇല്ലാതായി. എന്നാൽ അതെല്ലാം പതിന്മടങ്ങായി വർദ്ധിച്ചത് മലപ്പുറത്താണ്. കൂടുതൽ സീറ്റുകൾ സ്വന്തമാക്കി മുസ്ളീം ലീഗ് മുഖ്യമന്ത്രി സ്ഥാനം നേടിയെടുക്കാനാണ് ശ്രമിക്കുന്നത്. എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും വിശ്വസിച്ച് ക്രൈസ്തവ സമൂഹം മുന്നോട്ടുപോയാൽ സിറിയയും യെമനുമൊക്കെ ഇവിടെയും ആവർത്തിക്കും.
ശ്രീധരനെ തീരുമാനിച്ചില്ല: വി. മുരളീധരൻ
തിരുവനന്തപുരം: മെട്രോമാൻ ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. അങ്ങനെ പാർട്ടി തീരുമാനമെടുത്തിട്ടില്ലെന്നും ഇക്കാര്യം കെ.സുരേന്ദ്രൻ വിശദീകരിച്ചിട്ടുണ്ടെന്നും വി.മുരളീധരൻ വ്യക്തമാക്കി. നേരത്തെ ദേശീയ വാർത്ത ഏജൻസിയോട് ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചെന്ന് മുരളീധരൻ പറഞ്ഞിരുന്നു. അങ്ങനെ കെ.സുരേന്ദ്രൻ പറഞ്ഞതായി ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് താനും അതാവർത്തിച്ചതെന്ന് മുരളീധരൻ വ്യക്തമാക്കി. പിന്നീട് സുരേന്ദ്രനോട് ഫോണിൽ സംസാരിക്കുമ്പോഴാണ് തീരുമാനമെടുത്തിട്ടില്ലെന്നും പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയതെന്ന് മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |