മിഷൻ-സിയ്ക്ക് ശേഷം വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രത്തിൽ ശരത് അപ്പാനി നായകനായി എത്തുന്നു. രാവും പകലും കാളകൾക്കൊപ്പം കഴിയുന്ന കാളയുടെ സ്വഭാവമുള്ള മാട എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ശരത് അപ്പാനി അവതരിപ്പിക്കുന്നത്. തമിഴിലെയും മലയാളത്തിലെയും നിരവധി താരങ്ങളും അഭിനയിക്കുന്നുണ്ട്. ജല്ലിക്കട്ടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം മേയ് 15ന് പഴനിയിൽ ആരംഭിക്കും. ജല്ലിക്കട്ട് നടക്കുന്ന നെയ്ക്കാരപെട്ടിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. അതേസമയം വിനോദ് ഗുരുവായൂർ രചനയും സംവിധാനവും നിർവഹിക്കുന്ന മിഷൻ - സി ഒടിടി റിലീസിന് ഒരുങ്ങുന്നു.
റൊമാന്റിക് റോഡ് ത്രില്ലറാണ് മിഷൻ- സി . ഹൈറേഞ്ച് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ശരത് അപ്പാനി, കൈലാഷ്,മീനാക്ഷി, മേജർ രവി, എന്നിവരാണ് പ്രധാന താരങ്ങൾ. സ് ക്വയർ സിനിമാസിന്റെ ബാനറിൽ മുല്ല ഷാജിയാണ് നിർമിക്കുന്നത്. സുശാന്ത് ശ്രീനി ഛായാഗ്രഹണം നിർവഹിക്കുന്നു.