ശ്രീനാരായണ ഗുരുദേവൻ 1888-ലെ ശിവരാത്രി ദിവസം അരുവിപ്പുറത്ത് നടത്തിയ ശിവപ്രതിഷ്ഠയുടെ 133-ാമത് വാർഷികം നാളെ.
.......................................
ചരിത്രപ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്ഠയെ കേവലമൊരു ക്ഷേത്രപ്രതിഷ്ഠയായി കാണുന്നവർക്ക് ആ പ്രതിഷ്ഠയിലൂടെ ഗുരുദേവൻ നൽകുന്ന ദാർശനിക സന്ദേശത്തിന്റെ ഉള്ളടക്കവും ഉൾക്കാഴ്ചയും കാണാനും തിരിച്ചറിയാനും പ്രയാസമായിരിക്കും. സാമൂഹ്യ നവോത്ഥാനത്തിന്റെ ചാലക ശക്തിയായിട്ടാണ് അരുവിപ്പുറം പ്രതിഷ്ഠയെ അധികം പേരും കാണുന്നതും, വിലയിരുത്തുന്നതും, നിർവചിക്കുന്നതും. എന്നാൽ ഇതിലും പ്രധാനമായത് അരുവിപ്പുറം പ്രതിഷ്ഠ മനുഷ്യന്റെ ആന്തരികതലത്തിൽ വലിയൊരു മാറ്റത്തിന്റെ ദാർശനിക വെളിച്ചം പകർന്നു എന്നതാണ്.
മനുഷ്യന്റെ ചിന്താമണ്ഡലവും, കർമ്മമണ്ഡലവും ജ്ഞാനജിജ്ഞാസയും പരസ്‌പരം ഏകോപിപ്പിച്ച് വികസിതമാകുമ്പോഴാണ് സമൂഹത്തിൽ നവോത്ഥാനങ്ങൾക്കു തുടക്കം കുറിക്കുന്നത്. കേവലഭക്തിയും ആരാധനയും കൊണ്ട് മാത്രം നവോത്ഥാനമുണ്ടാവില്ല. എന്നാൽ മനസിന്റെയും, ശരീരത്തിന്റെയും ശുദ്ധിക്കും ഉണർവിനും ആർജ്ജവത്തിനും ഭക്തിയും ആരാധനയും വിശിഷ്ടമാർഗങ്ങളാണ്. ശുദ്ധിയും തെളിമയുമുള്ള മനസിലേ നല്ല ആശയങ്ങളും സദ്‌ചിന്തകളും വളരൂ. ഈ വിധം ദാർശനികവും സാമൂഹികവും മനഃശാസ്ത്രപരവുമായ ഒരു അപഗ്രഥനവൈഭവം ഗുരുവിനുണ്ടായിരുന്നു. അതുകൊണ്ടാണ് ഏതൊരു മഹത്തായ ആശയവും സിദ്ധാന്തവും സന്ദേശവും ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനതയ്ക്കുകൂടി മനസിലാകും വിധം ഉൾക്കൊള്ളാൻ തക്കവിധം അതു പ്രയോഗത്തിൽ വരുത്തുന്നതിൽ ഗുരുദേവൻ ശ്രദ്ധിച്ചിരുന്നത്. അശാസ്ത്രീയമായ ജാതിവിവേചനത്തിന്റെ ദുരിതക്കയങ്ങളിൽ വീണ് സ്വാതന്ത്ര്യത്തിന്റെ കരകാണാതെ വലഞ്ഞു വിഷമിക്കുന്ന ഒരു ജനസമൂഹത്തെയാണ് ഗുരു തനിക്കു ചുറ്റും കണ്ടത്. അവരാകട്ടെ കഴുതയെ അടിച്ചു കുതിരയാക്കാൻ ശ്രമിക്കുന്ന വിഡ്ഢികളെപ്പോലെ, അറിയാത്ത തത്വത്തിൽ നിന്നും അറിയാത്ത ദൈവങ്ങളെ സൃഷ്ടിക്കുകയും, സൃഷ്ടിച്ച ദൈവങ്ങളെ വാഴ്‌ത്തുന്ന പുരോഹിതന്മാരുടെ ജല്‌പനങ്ങളെ ദൈവകല്‌പനകളായി കരുതുകയും ചെയ്‌തു. ഇങ്ങനെ തികച്ചും അധമവും ഹിംസാത്മകവുമായ ആരാധനാസമ്പ്രദായം ശീലിച്ചും പിന്തുടർന്നും വന്നിരുന്ന അധഃസ്ഥിത ജനസമൂഹത്തെ പ്രബുദ്ധരാക്കാനും പുനരുദ്ധരിക്കാനും ദൈവത്തിന്റെ പേരും മാർഗവുമാണ് എളുപ്പവഴിയെന്ന് ഗുരുവിനു ബോദ്ധ്യപ്പെട്ടിരുന്നു. അതുകൊണ്ടാണ് ആദ്യം ആർക്കും സ്വതന്ത്രമായി ആരാധിക്കാവുന്ന ഒരു സ്വതന്ത്ര ദേവതാ സങ്കല്‌പത്തിന്റെ ആവിഷ്കാരത്തിനു അക്കാലത്ത് ഗുരുദേവൻ മുൻഗണന നൽകിയത്. ആർക്കും ഒരുകാലത്തും ചോദ്യം ചെയ്യാനാവാത്ത ദാർശനികത്തെളിവാർന്ന, ദേവതാസങ്കല്പത്തെയാണ് ഗുരു അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ആവിഷ്കരിച്ചത്. ഈ പ്രതിഷ്ഠയിൽ തിങ്ങിവിങ്ങി പ്രകാശിക്കുന്ന ശിവതത്വം പ്രപഞ്ചത്തോളം വ്യാപിച്ചു നിൽക്കുന്നതും പ്രപഞ്ചസത്യത്തോളം അതിസൂക്ഷ്മമായി നിലനില്ക്കുന്നതുമാണ്.
ഓരോ മതവും വിഭാവനം ചെയ്യുന്ന ദൈവങ്ങളുടെ രൂപവും, ഭാവവും, സങ്കല്പവും നിർവചനവും വിഭിന്നങ്ങളാണ്. ഈ വിഭിന്നതകളിൽ അന്ധമായി വിശ്വസിക്കുന്നവരാണ് ദൈവത്തിന്റെ പേരിൽ ഏറ്റുമുട്ടുന്നതെന്നതിനു ചരിത്രത്തിൽ തന്നെ നിരവധി ദൃഷ്ടാന്തങ്ങളുണ്ട്. മതത്തിന്റെ പേരിലായാലും അല്ലെങ്കിലും ഒരുവനു അല്ലലുണ്ടാക്കുന്നവൻ ആത്മവിരോധിയാണ്. ഇങ്ങനെ അല്ലലുണ്ടാക്കി മനുഷ്യനേയും, സമൂഹത്തേയും, ലോകത്തേയും പാപബന്ധരാക്കുന്നവനെ പാപമുക്തമാക്കുന്നത് ശരിയായ ദൈവബോധമാണ്. വിശ്വാസത്തിന്റെ പരിമിതിയിലേക്കു ജനസഞ്ചയത്തെ അടക്കം ചെയ്യാനുള്ളതായിരുന്നില്ല ശുദ്ധമായ ദൈവബോധത്തിലേക്ക് മനുഷ്യസമൂഹത്തെ ഉയർത്തിയെടുക്കാനുള്ളതായിരുന്നു ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ. വിശ്വാസത്തിനു പരിമിതിയുണ്ടായാൽ അതു മനുഷ്യനെ അസ്വാതന്ത്ര്യത്തിലേക്കും അസമത്വത്തിലേക്കും നയിക്കുമെന്നു ഗുരു ദീർഘദർശനം ചെയ്തിരുന്നു. വിശ്വാസ സ്വാതന്ത്ര്യത്തിലേക്കുള്ള ദൈവികവാതിലാണ് അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ഗുരു തുറന്നിട്ടത്. മാനുഷികമായ എല്ലാ അസ്വാതന്ത്ര്യങ്ങൾക്കും അസമത്വങ്ങൾക്കുമെതിരെ ദൈവിക ധ്വനിയുടെ മുഴക്കമാണ് അരുവിപ്പുറം പ്രതിഷ്ഠയിൽ നിന്നും മാറ്റൊലികൊള്ളുന്നത്. അത് സമസ്ത മനുഷ്യരെയും പരമമായ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാനുതകുന്ന ദൈവികാഹ്വാനമാണ്. ദൈവത്തിന്റെയും മതത്തിന്റെയും പേരിൽ ആഹ്വാനങ്ങളും വിജ്ഞാപനങ്ങളും നടത്തി സമൂഹത്തെ അടക്കിവാണിരുന്ന യാഥാസ്ഥിതികർക്കു പോലും അരുവിപ്പുറം പ്രതിഷ്ഠയുടെ ഉള്ളടക്കത്തെയും സന്ദേശത്തെയും സ്വീകാര്യമാക്കുന്ന തത്ത്വശാസ്ത്രമായിരുന്നു ഗുരുവിന്റേത്. ദൈവികതയിൽ മാനവികതയും മാനവികതയിൽ ദൈവികതയും സമന്വയിക്കുന്ന ഒരു നവീന തത്വശാസ്ത്രത്തിന്റെ ഉപജ്ഞാതാവായിരുന്നു ഗുരു. ആ തത്വശാസ്ത്രത്തിന്റെ ശാശ്വതമായ പീഠത്തിലാണു സർവരും സോദരത്വേന വാഴുന്ന ഒരു മാതൃകാ ലോകത്തിന്റെ വെളിച്ചമായി അരുവിപ്പുറത്ത് ഗുരു പ്രതിഷ്ഠ നടത്തിയത്. ഈ ദാർശനിക സാമൂഹിക തലത്തിൽ നിന്നുവേണം അരുവിപ്പുറം പ്രതിഷ്ഠയെ ദർശിക്കാൻ. എന്നാൽ ഇവ്വിധമൊരു ദർശനം പല ചരിത്രകാരന്മാരുടെയും ദൃഷ്ടിയിൽ സംഭവിച്ചു കാണുന്നില്ല. ഇത്തരം ചരിത്രപരമായ ദൃശ്യവീഴ്ചകൾ കൊണ്ടാണു അരുവിപ്പുറം പ്രതിഷ്ഠയുടെ ദൈവശാസ്ത്ര ബോധം ഹൈന്ദവേതര മതാനുയായികളിലേക്കു വേണ്ടവിധം പതിയാതെ പോയതെന്നാണ് യാഥാർത്ഥ്യം. മനുഷ്യചരിത്രത്തിന്റെ ഓരോ കാലഘട്ടങ്ങളിലും ഉണ്ടായിവന്നിട്ടുള്ള എല്ലാ വ്യവസ്ഥിതികളും മനുഷ്യസൃഷ്ടിയാണ്. എന്നാൽ ഈ വ്യവസ്ഥിതികളിൽ മിക്കതും എല്ലാവർക്കും എല്ലായ്‌പ്പോഴും ഒന്നുപോലെ സുഖപ്രദമായിരുന്നില്ല. ജാതിയുടെയും മതത്തിന്റെയും ദൈവത്തിന്റെയും പേരിൽ മനുഷ്യരെ വിഭജിച്ചും അടിമപ്പെടുത്തിയും ഒരു ന്യൂനപക്ഷത്തിന് ചൂഷണം ചെയ്യാൻ അവസരം നൽകുംവിധം ബലമുള്ളതായിരുന്നു ഈ സാമൂഹ്യവ്യവസ്ഥകൾ. പാരതന്ത്ര്യത്തിന്റെ ഈ കൊടും ചങ്ങലകളെ എത്ര സൗമ്യമായാണു ഗുരുദേവൻ തകർത്തെറിഞ്ഞതെന്നു ചിന്തിച്ചാൽ അരുവിപ്പുറം പ്രതിഷ്ഠയുടെ സാമൂഹിക വിപ്ളവ പശ്ചാത്തലം മനസിലാക്കാം.
പാരതന്ത്ര്യം മൃതിയേക്കാൾ ഭയാനകം എന്ന മഹാകവി കുമാരനാശാന്റെ വിലാപത്തിനു വഴിതെളിച്ച അത്യന്തം നിന്ദ്യവും ദുസഹവുമായ സാമൂഹ്യ അനാചാരങ്ങളെ തുടച്ചുനീക്കി സർവരും സോദരത്വേന വാഴുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതി സംസ്ഥാപനം ചെയ്യാൻ അരുവിപ്പുറം പ്രതിഷ്ഠയുടെ ഈ വാർഷിക ദിനത്തിൽ മാനവസാഹോദര്യവും മാനവസമത്വവും ഏവരുടെയും മനസുകളിൽ നിറഞ്ഞുകവിയട്ടെ. ഒപ്പം അരുവിപ്പുറം പ്രതിഷ്ഠയിലൂടെ മങ്ങിയും മറഞ്ഞും പോയ സാമൂഹ്യ അനാചാരങ്ങളിൽ പലതും പുതിയ രൂപത്തിലും ഭാവത്തിലും ഉയർത്തെഴുന്നേൽക്കാൻ ശക്തി സമാഹരിക്കുന്ന ഇക്കാലത്ത് അരുവിപ്പുറം പ്രതിഷ്ഠാ സന്ദേശത്തിന് പ്രസക്തിയേറുന്നു.
(ലേഖകൻ ഡോ. പല്‌പു ഗ്ളോബൽ മിഷൻ ചെയർമാനാണ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |