കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നിസാരമായ 1109 വോട്ടുകൾക്ക് ജയിച്ച എം.എം. മണിയല്ല, അഞ്ച് വർഷങ്ങൾക്കിപ്പുറമുള്ള മന്ത്രി മണിയെന്ന് ഉടുമ്പഞ്ചോലയിലെത്തുന്ന ആർക്കും മനസിലാകും. നെടുങ്കണ്ടത്ത് തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിനിടയിലും മന്ത്രി എം.എം. മണി തനിനാടൻ ശൈലിയിൽ കേരളകൗമുദിയോട് മനസ് തുറന്നു.
പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തിരിച്ചടിയാകുമോ?
ഒരു തിരിച്ചടിയുമാകില്ല. അദാനിയുടെ ഒരു കമ്പനിയുമായും കെ.എസ്.ഇ.ബിയോ സർക്കാരോ കരാറുണ്ടാക്കിയിട്ടില്ല. ചെന്നിത്തലയ്ക്ക് എന്തെങ്കിലും വിവരമുണ്ടോ. ഉദാഹരണത്തിന് സൗജന്യ റേഷൻ വിതരണം ചെയ്യുന്നതിനെതിരെ സാമൂഹ്യപ്രവർത്തനം നടത്തുന്ന ഒരാൾക്കും നിലപാടെടുക്കാൻ കഴിയില്ല. അത് തടയാൻ ശ്രമിച്ചത് വിഡ്ഢിത്തരമാണ്.
രാഹുലിനെതിരായ ജോയ്സിന്റെ ആക്ഷേപം പ്രതികൂലമായോ?
അതൊന്നും ഒരു വിഷയമേയല്ല. ജോയ്സ് ജോർജ് പാർട്ടിയുടെ വക്താവല്ല. അത്തരം പ്രതികരണം ആര് നടത്തിയാലും അതിനോട് യോജിപ്പില്ലെന്ന് പാർട്ടിയും പറഞ്ഞിട്ടുണ്ട്. ജോയ്സ് അതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
താങ്കൾ അതിനെ ന്യായീകരിച്ചെന്ന് ആരോപണമുണ്ട്?
ഞാൻ ന്യായീകരിച്ചിട്ടൊന്നുമില്ല. പിന്നെ രാഹുലിനെക്കുറിച്ച് എനിക്ക് വലിയ ബഹുമാനമൊന്നുമില്ല. ഏതെങ്കിലും പ്രത്യേക കുടുംബത്തിൽ ജനിച്ചുവെന്നത് യോഗ്യതയാണോ. നെഹ്‌റുവിന് ശേഷം ഇന്ദിര, ഇന്ദിരയ്ക്ക് ശേഷം രാജീവ്, അതിന് ശേഷം സോണിയ, ഇപ്പോൾ രാഹുൽ. ഇങ്ങനെ പരമ്പര പരമ്പരയായി ചില കുടുംബക്കാർ മാത്രം അധികാരം കൈയാളുന്നതിനോട് ഒട്ടും യോജിപ്പില്ല.
1996ൽ തോൽപ്പിച്ച ഇ.എം. ആഗസ്തിയാണ് ഇത്തവണ എതിരാളി?
ഏത് ആഗസ്തി വന്നാലും ഒരു ആശങ്കയുമില്ല. അന്ന് ആഗസ്തിയെ സഹായിച്ച ചില ആളുകളൊക്കെയുണ്ടായിരുന്നു. അവരൊന്നും ഇന്ന് ഞങ്ങളുടെ കൂടെയില്ല. ജനങ്ങൾക്ക് എന്നെ ഇപ്പോൾ നല്ലപ്പോലെ മനസിലായിട്ടുണ്ട്.
മണിക്ക് മണികെട്ടുമെന്നും തോറ്റാൽ മൊട്ടയടിക്കുമെന്നുമൊക്കെയാണ് ആഗസ്തി പറയുന്നത്?
മണിക്ക് മണി കെട്ടുമെന്ന് പറയണമെങ്കിൽ അയാൾ വിഡ്ഢിയല്ലേ. അയാൾ ഏഴ് ജന്മം ജനിച്ചാൽ എനിക്ക് മണിക്കെട്ടാനാകില്ല. എം.എം. മണിയെന്നാ എന്റെ പേര് . കമ്മ്യൂണിസ്റ്റാ ഞാൻ. തോറ്റാൽ തലമൊട്ടയടിക്കുമെന്നൊക്കെ പറയുന്നത് അൽപ്പനായതുകൊണ്ടാണ്. ഞാൻ ജയിച്ച് കഴിഞ്ഞാൽ അയാൾ തല മൊട്ടയടിക്കേണ്ടിവരില്ലേ . മൊട്ടയടിക്കരുതെന്ന് ഞാൻ അദ്ദേഹത്തോട് പറയും.
മന്ത്രിയായി മികച്ച പ്രകടനം കാഴ്ചവയ്ക്കാനായല്ലോ?
ഞാൻ മന്ത്രിയായപ്പോൾ ചിലർ മൂക്കത്ത് വിരൽവച്ചു, അന്നത്തെ അവരുടെ ധാരണ തെറ്റിപ്പോയെന്ന് ഞാൻ തെളിയിച്ചു. 11-ാം വയസിൽ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയതാണ്. ആ പാർട്ടി പ്രവർത്തനത്തിൽ നിന്ന് എനിക്ക് ലഭിച്ച അറിവും അനുഭവ സമ്പത്തും ഞാൻ ഗ്രഹിച്ച കാഴ്ചപ്പാടുമാണ് വൈദ്യുതി വകുപ്പ് മന്ത്രിയെന്ന നിലയിൽ മികച്ച പ്രവർത്തനം നടത്താൻ എന്നെ സഹായിച്ചത്.
തുടർഭരണത്തിനുള്ള അനുകൂലഘടകങ്ങൾ ?
കൊവിഡ് വന്നപ്പോൾ ഇന്ത്യയിൽ ഒരു സർക്കാരുമെടുക്കാത്ത നിലപാട് കേരളം സ്വീകരിച്ചു. 88 ലക്ഷം കാർഡുടമകൾക്ക് സൗജന്യകിറ്റ്, ക്ഷേമപെൻഷൻ തുടങ്ങിയവയെല്ലാം നൽകിയില്ലേ. മനുഷ്യന്റെ കാര്യം മാത്രമല്ല, ജീവജാലങ്ങളുടെ കാര്യം കൂടി ചിന്തിച്ചുവെന്ന് പറഞ്ഞാൽ നിസാര കാര്യമല്ല. കമ്മ്യൂണിസ്റ്റ് നേതാവെന്ന നിലയിൽ പിണറായി ആർജിച്ച കഴിവും അദ്ദേഹത്തിന്റെ പഠനശേഷിയും കൊണ്ടാണ് ഈ നിലയിൽ പ്രവർത്തിക്കാൻ സാധിച്ചത്. ഇടതുപക്ഷത്തിന്റെ പൊതുസമീപനമാണിത്. അത് ഉമ്മൻചാണ്ടിക്കോ ചെന്നിത്തലയ്ക്കോ സാധിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |