കന്യാകുമാരി: നാഗർകോവിൽ പറക്കൈ റോഡ് ജംഗ്ഷനിൽ ചെണ്ടമേളം ഉച്ചത്തിൽ. ഒരു കാറിൽ നിന്ന് ഒരാൾ ഇറങ്ങി. 'അതാ എം.എൽ.എ'- മലയാളിയായ തങ്കയ്യൻ പറഞ്ഞു. നാഗർകോവിൽ എം.എൽ.എ സുരേഷ് രാജനാണ്. പ്രവർത്തകർ അദ്ദേഹത്തെ വളഞ്ഞു. കന്യാകുമാരി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി വിജയ് വസന്തിനെ കാത്തു നിൽക്കുകയാണ്. മുൻ എം.പി വസന്തകുമാർ കൊവിഡ് ബാധിച്ച് അന്തരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ മകനിലൂടെ സീറ്റ് നിലനിറുത്താനാണ് കോൺഗ്രസ് ശ്രമം
''എങ്കൾക്ക് എല്ലാ ഏരിയാവിലും വോട്ട് ബാങ്ക് ഇരുക്ക്. ബി.ജെ.പിക്ക് കെടയാത്. മൈനോറിട്ടിയിൽ യാരുമേ ബി.ജെ.പിക്ക് വോട്ട് പോട് മാട്ടാങ്കെ'' സുരേഷ് രാജൻ പറഞ്ഞു. ന്യൂനപക്ഷ വോട്ടിലാണ് കോൺഗ്രസ് - ഡി.എം.കെ സ്ഥാനാർത്ഥികളുടെ നോട്ടം.
മണ്ഡലത്തിൽ എന്തൊക്കെ വികസനം കൊണ്ടുവന്നു?'കേരളമല്ല തമിഴ്നാട്. ഇവിടെ പ്രതിപക്ഷ എം.എൽ.എക്ക് ഒന്നും ചെയ്യാനാവില്ല. എങ്കിലും എം.എൽ.എ ഫണ്ട് ഉപയോഗിച്ച് വികസനം നടത്തി''
ഭരണം കിട്ടിയാലോ? ക്ലീൻ സിറ്റിയാക്കും. എല്ലാ വീടുകൾക്കും കുടിവെള്ള കണക്‌ഷൻ. റോഡെല്ലാം ശരിയാക്കും...
വസന്തകുമാർ എത്തി. ഒരു കൂറ്റൻ റോസാപ്പൂഹാരം പ്രവർത്തകർ വിജയ് വസന്തിനെയും സുരേഷ് രാജനെയുമായി അണിയിച്ചു. മാലപ്പടക്കം പൊട്ടി. ജയം തനിക്കുതന്നെ എന്നുപറഞ്ഞ് വിജയ് വസന്ത് പ്രചാരണ വാഹനത്തിലേക്ക്...
എൻ.ഡി.എ സ്ഥാനാർത്ഥി പൊൻരാധാകൃഷ്ണൻ രാവിലെ ഇശക്കിഅമ്മൻ ക്ഷേത്രത്തിലെ പൂജയ്‌ക്ക് ശേഷമാണ് പ്രചാരണം ആരംഭിച്ചത്. അഞ്ചു വർഷം കന്യാകുമാരിയിലെ എം.എൽ.എമാർക്കോ രണ്ട് വർഷം എം.പിക്കോ വികസനം നടപ്പാക്കാനായില്ലെന്നും താൻ എം.പിയായപ്പോഴാണ് ഫ്ലൈഓവറുകൾ ഉൾപ്പെടെയുള്ള വികസനം നടപ്പാക്കിയതെന്നും പൊൻ രാധാകൃഷ്ണൻ....
പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗർകോവിലിൽ എത്തിയശേഷം പൊൻരാധാകൃഷ്ണന്റെ ആത്മവിശ്വാസം കൂടി. പൊൻ ജയിച്ചാൽ കേന്ദ്രമന്ത്രിയാണെന്ന് മുമ്പ് വന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ജനങ്ങൾക്ക് വാക്ക് കൊടുത്തിരുന്നു.
ശബരിമലയും ആയുധം
ശബരിമലയിലെ ആചാര സംരക്ഷണത്തിന് മുന്നിലുണ്ടാകുമെന്ന് പൊൻരാധാകൃഷ്ണൻ പറഞ്ഞു. കോൺഗ്രസും സി.പി.എമ്മും കേരളത്തിൽ പരസ്പരം എതിർക്കുമ്പോൾ ഇവിടെ ഒരു മുന്നണിയായി ജനത്തെ പറ്റിക്കുകയാണ്
എട്ട് തിരഞ്ഞെടുപ്പിൽ രണ്ടെണ്ണത്തിലാണ് പൊൻ ജയിച്ചത്. വസന്തകുമാർ 2019ൽ പൊൻ രാധാകൃഷ്ണനെ തോൽപ്പിച്ചത് 2,59,933 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. 2014 ൽ വസന്തകുമാറിനെ പൊൻ രാധാകൃഷ്ണൻ 1,28,662 വോട്ടുകൾക്ക് തോൽപ്പിച്ചു. അന്ന് ബി.ജെ.പി,എ. ഡി.എം.കെ, കോൺഗ്രസ്, ഡി.എം.കെ, സി.പി.എം സ്ഥാനാർത്ഥികൾ വെവ്വേറെ മത്സരിച്ചിരുന്നു. ഇപ്പോൾ ബി.ജെ.പിക്കൊപ്പം എ. ഡി.എം.കെ മാത്രം. ഡി.എം.കെയും സി.പി.എമ്മും കോൺഗ്രസിനൊപ്പമാണ്.
കോടീശ്വരനായ സിനിമാതാരം
തമിഴ്നാട്ടിൽ 2000 കോടിയുടെ വിറ്റുവരവുള്ള വസന്ത് ആൻഡ് കോ എന്ന ഗൃഹോപകരണ ബിസിനസ് സാമ്രാജ്യത്തിന്റെ അനന്തരാവകാശിയായ വസന്തകുമാർ സിനിമാതാരം കൂടിയാണ്. ചെന്നൈ, നാടോടികൾ തുടങ്ങിയ പടങ്ങളിൽ വേഷമിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |