എൽ.ഡി.എഫ് സർക്കാരിനെതിരെ ജനവികാരമില്ലെന്നും വീണ്ടും അധികാരത്തിൽ വരുമെന്നും കോൺഗ്രസ് വിട്ട് എൻ.സി.പിയിൽ ചേർന്ന പി.സി. ചാക്കോ കേരളകൗമുദിയോട് പറഞ്ഞു.14 ജില്ലകളിലെ 65 മണ്ഡലങ്ങളിൽ താൻ എൽ.ഡി.എഫിനുവേണ്ടി പ്രസംഗിച്ചു. കാര്യങ്ങൾ തീർത്തും സർക്കാരിന് അനുകൂലമാണ്. പ്രിയങ്ക പ്രചാരണം നടത്തിയിട്ട് ബി.ജെ.പിക്കെതിരെ ആഞ്ഞടിക്കാത്തത് രാഷ്ട്രീയ പാപ്പരത്തമാണ്. മറ്റ് സംസ്ഥാനങ്ങളിൽ എൽ.ഡി.എഫുമായി ചേർന്ന് ബി.ജെ.പിയെ എതിർത്തിട്ട് ഇവിടെ വന്ന് എൽ.ഡി.എഫിനെ കുറ്റപ്പെടുത്തുന്നു. സോണിയ, രാഹുൽ, പ്രിയങ്ക എന്നിവർക്കല്ലാതെ കോൺഗ്രസിൽ ആർക്കും പ്രസക്തിയില്ലാതായി. യു.പിയിൽ കോൺഗ്രസിന്റെ ചുമതല കൊടുത്തിട്ട് പ്രിയങ്കയ്ക്ക് ഒരു സീറ്റ് പോലും നേടാനായില്ല. കോൺഗ്രസിനെ വിജയിപ്പിക്കാൻ കഴിയുന്ന ഇമേജ് മൂന്ന് പേർക്കുമില്ല.
എന്തുകൊണ്ട് കോൺഗ്രസ് വിട്ടു?
കോൺഗ്രസുകാരനായി മുന്നോട്ട് പോകാനാകാത്ത അവസ്ഥ. രാഹുലെടുക്കുന്ന നയം കോൺഗ്രസിന്റെ പ്രഖ്യാപിത നയത്തിനെതിരാണ്. ബി.ജെ.പിയെ നേരിടാൻ പ്രാദേശിക പാർട്ടികളുമായുള്ള മുന്നണി വേണമെന്ന നയം ഉപേക്ഷിച്ച് രാഹുൽ സൗകര്യം പോലെ നിലപാടിൽ മാറ്റം വരുത്തുന്നു. ബി.ജെ.പിയുമായി സന്ധിചെയ്യുന്നു. ഗുലാംനബി ആസാദിനെപ്പോലുള്ള നേതാക്കളെ അകറ്റി നിറുത്തി, ഒരു പരിചയവുമില്ലാത്തവരെ വച്ച് രാഹുൽ കാേൺഗ്രസ് വണ്ടി ഓടിക്കുയാണ്.
എൻ.സി.പിയിൽ?
കോൺഗ്രസിന്റെ സംസ്കാരമുള്ള പാർട്ടിയാണ് എൻ.സി.പി. ശരത്പവാർ മറ്റ് പാർട്ടികളുമായി നല്ല ബന്ധമുള്ളയാളാണ്. രാഹുലിനെക്കാൾ പ്രതിപക്ഷ പാർട്ടികൾക്ക് സ്വീകാര്യനും. വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികളെ ഒന്നിപ്പിച്ചുകൊണ്ടുപോകാൻ കഴിയുന്നതും പവാറിനാണ്. പ്രാദേശിക പാർട്ടികളെ ഏകോപിപ്പിച്ച് ദേശീയ തലത്തിൽ എെക്യമുണ്ടാക്കാൻ കഴിയുന്നവർക്കേ ബി.ജെ.പിയുടെ ബദലാകാനാകൂ.
സ്ഥാനമാനങ്ങൾ എൽ.ഡി.എഫിൽ?
എനിക്ക് സ്ഥാനമാനങ്ങൾ ആദ്യം കിട്ടിയത് കോൺഗ്രസിലല്ല, എൽ.ഡി.എഫിൽ നിന്നപ്പോഴാണ്. ആദ്യം എം.എൽ.എയായത് 1980 ൽ എൽ.ഡി.എഫിനോടൊപ്പം നിന്നപ്പോൾ. മന്ത്രിയായത് ഇ.കെ. നായനാർ മന്ത്രിസഭയിലായിരുന്നു. എനിക്ക് കിട്ടിയ സ്ഥാനങ്ങൾ കേരളത്തിലെ കോൺഗ്രസുകാരുടെ ശുപാർശകൊണ്ടല്ല. ഗ്രൂപ്പ് രാഷ്ട്രീയത്തെ എതിർത്തിട്ടുള്ളവരാണ് വി.എം. സുധീരനും ഞാനും. അവരുടെ ഇരകളാണ് ഞങ്ങൾ.
രാജ്യസഭാംഗത്വം?
ആ രീതിയിൽ വന്ന വാർത്തകൾ ശരിയല്ല. രാജ്യസഭാംഗമാക്കണമെന്ന് ഞാൻ പവാറിനോട് പറയുകയോ, പവാർ എന്നോട് ചോദിക്കുകയാേ ചെയ്തിട്ടില്ല. ഇക്കാര്യത്തെപ്പറ്റി ശരത്പവാർ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചിട്ടേയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |