SignIn
Kerala Kaumudi Online
Saturday, 16 October 2021 2.32 PM IST

കൊല്ലത്ത് ഇഞ്ചോടിഞ്ച്

kollam-

പിണറായി വിജയൻ സർക്കാരിന് തുടർഭരണം ലഭിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. നിർണായക ഘട്ടങ്ങളിൽ ഇടതുചേർന്നു നിൽക്കുന്ന കൊല്ലം ജില്ല ഇക്കുറിയും കൂടെയുണ്ടാകുമോയെന്ന് ഇന്ന് പോളിംഗ് ബൂത്തിലേക്ക് പോകുന്നവർ വിധിയെഴുതും. 2016 ൽ തൂത്തുവാരിയതുപോലെ 11 സീറ്റുകളും ലഭിക്കുന്ന സാഹചര്യത്തെക്കുറിച്ച് ഇടതു കേന്ദ്രങ്ങൾ പ്രതീക്ഷ പുലർത്തുമ്പോൾ പകുതി സീറ്റെങ്കിലും പിടിച്ചെടുത്ത് സംസ്ഥാനത്ത് യു.ഡി.എഫിന്റെ തിരിച്ചുവരവ് ഉറപ്പാക്കുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ ആത്മവിശ്വാസം പുലർത്തുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റത്തിലാണ് 2016 ലേക്കാൾ കൂടുതൽ വോട്ടുവിഹിതം നേടാമെന്ന് ബി.ജെ.പി പ്രതീക്ഷ പുലർത്തുന്നത്.

സമീപകാല തിരഞ്ഞെടുപ്പുകളിലെല്ലാം എൽ.ഡി.എഫ് ജില്ലയിൽ മുന്നേറ്റം നടത്തിയെങ്കിലും 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രവചനങ്ങളെയെല്ലാം തെറ്റിച്ചുകൊണ്ട് 11 നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫിനായിരുന്നു മുന്നേറ്റം. എന്നാൽ തൊട്ടുപിന്നാലെ വന്ന തദ്ദേശതിരഞ്ഞെടുപ്പിൽ കാറ്റ് വീണ്ടും എൽ.ഡി.എഫിന് അനുകൂലമായി. ആ കാറ്റിന്റെ ഓളത്തിൽ ഇപ്പോഴത്തെ തിരഞ്ഞെടുപ്പിലും പരമാവധി സീറ്റുകൾ നേടാമെന്നാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷകൾ. 2016 ൽ എൽ.ഡി.എഫിന് 50.34 ശതമാനവും യു.ഡി.എഫിന് 33.57 ശതമാനവും എൻ.ഡി.എ ക്ക് 13.10 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്. ഇന്ന് പോളിംഗ് ബൂത്തിലേക്ക് പോകുന്ന 11 മണ്ഡലങ്ങളിൽ പലതിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 11 സീറ്റുകളും എൽ.ഡി.എഫിന് ഉറപ്പിക്കാനാകാത്ത വിധം പ്രവചനാതീതമാണ് പല മണ്ഡലത്തിലെയും പോരാട്ടച്ചൂട്.

കൊല്ലത്ത് രണ്ടാമതും ജനവിധി തേടുന്ന നടൻ എം. മുകേഷിനെ നേരിടുന്നത് കോൺഗ്രസിലെ ബിന്ദുകൃഷ്ണയാണ്. പാർട്ടി സംവിധാനങ്ങളെല്ലാം മുകേഷിനു വേണ്ടി രംഗത്തിറങ്ങുമ്പോൾ തീരദേശത്തെ വോട്ടർമാർ എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചാകും വിജയം. ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിവാദം കൊല്ലം തീരത്തെ മത്സ്യത്തൊഴിലാളികളെ വല്ലാതെ സ്പർശിച്ചിട്ടുണ്ട്. കഴിഞ്ഞ നാലരവർഷമായി മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങളിലെല്ലാം ഒപ്പം നിന്ന ബിന്ദുകൃഷ്ണ ഏറെ പ്രതീക്ഷയർപ്പിക്കുന്നതും തീരദേശവോട്ടുകളിലാണ്. കഴിഞ്ഞ അഞ്ചുവർഷവും എം.എൽ.എ എന്ന നിലയിലുള്ള മുകേഷിന്റെ പ്രവർത്തനം മോശമെന്ന വിലയിരുത്തലാണ് അദ്ദേഹത്തിന് പ്രതികൂല ഘടകമാകുന്നത്. എൻ.ഡി.എ സ്ഥാനാർത്ഥി ബി.ജെ.പിയിലെ എം.സുനിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ വോട്ടുവിഹിതം വർദ്ധിപ്പിക്കുമെന്നുറപ്പാണ്.

ഇരവിപുരത്ത് ഇക്കുറി സിറ്റിംഗ് എം.എൽ.എ സി.പി.എമ്മിലെ എം.നൗഷാദും യു.ഡി.എഫിലെ ബാബുദിവാകരനും (ആർ.എസ്.പി) തമ്മിലാണ് നേരിട്ട് മത്സരം. ആർ.എസ്.പി ജില്ലയിൽ മത്സരിക്കുന്ന മൂന്ന് സീറ്റുകളിലൊന്നാണ് ഇരവിപുരം എന്നതിനാൽ ആർ.എസ്.പിയുടെ നിലനിൽപ്പിന്റെ കൂടി പ്രശ്നമാണ്. ജനകീയ ഇടപെടലുകളിലൂടെ മണ്ഡലത്തിൽ സ്വാധീനമുള്ള എം.നൗഷാദിനെ ബാബുദിവാകരൻ തോൽപ്പിച്ചാൽ അട്ടിമറി ജയമാകും. ജില്ലയിൽ കൊല്ലത്തിനു പുറമെ യു.ഡി.എഫ് പ്രതീക്ഷ പുലർത്തുന്ന മണ്ഡലം കൂടിയാണ് ഇരവിപുരം. രഞ്ജിത്ത് രവീന്ദ്രൻ (ബി.ഡി.ജെ.എസ്) ആണ് എൻ.ഡി.എ സ്ഥാനാർത്ഥി.

ജില്ലയിൽ ത്രികോണമത്സരം നടക്കുന്ന ഏക സീറ്റായ ചാത്തന്നൂരിൽ മൂന്ന് മുന്നണി സ്ഥാനാർത്ഥികളും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. സിറ്റിംഗ് എം.എൽ.എ ജി.എസ് ജയലാൽ (സി.പി.ഐ) മൂന്നാംജയം തേടുന്ന ഇക്കുറി വിജയം അത്ര അനായാസമാകില്ല. കോൺഗ്രസിലെ മുതിർന്ന നേതാവ് എൻ.പീതാംബരക്കുറുപ്പാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ബി.ജെ.പിയിലെ ബി.ബി ഗോപകുമാർ രണ്ടാം തവണയും ഇവിടെ ജനവിധി തേടുമ്പോൾ സംസ്ഥാനം ഉറ്റുനോക്കുന്ന പോരാട്ടമായി മാറുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഗോപകുമാർ ഇവിടെ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അന്ന് ജി.എസ് ജയലാലിന് 67606 വോട്ടും ബി.ബി ഗോപകുമാറിന് 33199 വോട്ടും കോൺഗ്രസിലെ ശൂരനാട് രാജശേഖരന് 30139 വോട്ടും ലഭിച്ചു. ഭൂരിപക്ഷം: 34407. ബി.ജെ.പിക്ക് വ്യക്തമായ വളർച്ചയുള്ള ചാത്തന്നൂരിൽ എൻ.ഡി.എ അത്ഭുതം സൃഷ്ടിക്കുമോ എന്നാണ് അറിയേണ്ടത്.

കുണ്ടറയിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ വീണ്ടും ജനവിധി തേടുമ്പോൾ കോൺഗ്രസിലെ പി.സി വിഷ്ണുനാഥാണ് എതിർ സ്ഥാനാർത്ഥി. ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ പ്രതിരോധത്തിൽ നിൽക്കുന്ന മന്ത്രിയ്ക്കെതിരെ കശുഅണ്ടി മേഖലയിലെ തൊഴിൽ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് കാടിളക്കി പ്രചാരണം നടത്തുന്നത്. വൈകിയാണ് എത്തിയതെങ്കിലും കളം നിറഞ്ഞ് പ്രവർത്തിച്ച വിഷ്ണുനാഥ് ശക്തമായ സാന്നിദ്ധ്യം ഉറപ്പിച്ചിട്ടുണ്ട്. വനജ വിദ്യാധരൻ (ബി.ഡി.ജെ.എസ്) എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.

ശ്രദ്ധേയമായ മത്സരം നടക്കുന്ന മറ്റൊരു മണ്ഡലം പത്തനാപുരമാണ്. കേരള കോൺഗ്രസ് (ബി) മത്സരിക്കുന്ന സംസ്ഥാനത്തെ ഏക സീറ്റിൽ കെ.ബി.ഗണേശ് കുമാർ നാലാം ജയം തേടുകയാണ്. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്‌തമായി ഇക്കുറി ശക്തനായ എതിരാളിയെയാണ് ഗണേശ് കുമാറിന് നേരിടേണ്ടതെന്നതിനാൽ ഇവിടെ വിജയം അത്ര എളുപ്പമാവില്ല. കോൺഗ്രസിലെ ജ്യോതികുമാർ ചാമക്കാല സ്ഥാനാർത്ഥി പ്രഖ്യാപനം വരും മുമ്പേ ഇവിടെ പ്രവർത്തനം തുടങ്ങിയിരുന്നു. ഗണേശന് വേണ്ടി ഇക്കുറി സിനിമാക്കാരാരും കാര്യമായി എത്തിയതുമില്ല. വി.എസ് ജിതിൻദേവാണ് ബി.ജെ.പി സ്ഥാനാർത്ഥി.

കുന്നത്തൂരിൽ സിറ്റിംഗ് എം.എൽ.എ കോവൂർ കുഞ്ഞുമോൻ നാലാം തവണ ജനവിധി തേടുമ്പോൾ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ എതിരാളി ആർ.എസ്.പിയിലെ ഉല്ലാസ് കോവൂർ തന്നെയാണ് ഇക്കുറിയും എതിരാളി. എൽ.ഡി.എഫിന് വ്യക്തമായ മേൽക്കൈയുള്ള ഇവിടെ കുഞ്ഞുമോന്റെ പേരിലുള്ള ആർ.എസ്.പി യിലെ പ്രശ്നങ്ങളും പടലപിണക്കങ്ങളും പ്രതികൂലമായി ബാധിച്ചേക്കുമോ എന്ന് സംശയിക്കുന്നവരുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ കുഞ്ഞുമോനു വേണ്ടി ഇവിടെ പ്രചാരണത്തിനെത്തിയിരുന്നു. രാജി പ്രസാദാണ് ബി.ജെ.പി സ്ഥാനാർത്ഥി.

എൽ.ഡി.എഫിന് വ്യക്തമായ മേൽക്കൈയുള്ള കൊട്ടാരക്കരയിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ ബാലഗോപാലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. 2006 ൽ ആർ.ബാലകൃഷ്ണപിള്ളയെ അട്ടിമറിയിലൂടെ തോൽപ്പിച്ച പി. ഐഷാപോറ്റി തുടർച്ചയായി മൂന്ന് തവണ ജയിച്ച മണ്ഡലമാണിത്. ജില്ലാ പഞ്ചായത്തംഗം കൂടിയായ കോൺഗ്രസിലെ ആർ.രശ്മിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. പഞ്ചായത്ത് തലത്തിൽ മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം വിജയിച്ച രശ്മി ഏറെ പ്രതീക്ഷയിലാണ്. ബി.ജെ.പിയിലെ വയയ്ക്കൽ സോമനാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

എൽ.ഡി.എഫിന് വ്യക്തമായ മേൽക്കോയ്മയുള്ള പുനലൂരിലും കാര്യമായ അട്ടിമറിയുണ്ടായുമെന്ന് ആരും കരുതുന്നില്ല. സി.പി.ഐയിലെ പി.എസ് സുപാലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. യു.ഡി.എഫ് മുസ്ലിം ലീഗിന് നൽകിയ ജില്ലയിലെ ഏക സീറ്റിൽ അബ്ദുൽ റഹ്മാൻ രണ്ടത്താണിയാണ് എതിരാളി. ബി.ജെ.പിയിലെ ആയൂർ മുരളിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

സി.പി.ഐയിലെ സ്ഥാനാർത്ഥി നിർണയത്തിനെതിരെ പരസ്യപ്രതിഷേധം ഉയർന്നതിലൂ‌ടെ ശ്രദ്ധേയമായ ചടയമംഗലവും വ്യക്തമായ ഇടത് ആഭിമുഖ്യമുള്ള മണ്ഡലമാണ്. ഇടത് സ്ഥാനാർത്ഥിയായ ജെ. ചിഞ്ചുറാണിക്ക് (സി.പി.ഐ) കാര്യമായ ഭീഷണികളൊന്നുമില്ല. കോൺഗ്രസിലെ എം.എം നസീറാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ബി.ജെ.പി സ്ഥാനാർത്ഥി വിഷ്ണു പട്ടത്താനം.

2016 ൽ ജില്ലയിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ.രാമചന്ദ്രൻ (സി.പി.ഐ) രണ്ടാമതും ജനവിധി തേടുന്ന കരുനാഗപ്പള്ളിയിൽ ഇക്കുറി മത്സരം ഇഞ്ചോടിഞ്ചാണ്. കോൺഗ്രസിലെ സി.ആർ മഹേഷാണ് ഇക്കുറിയും എതിർ സ്ഥാനാർത്ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 1759 വോട്ടിന്റെ വ്യത്യാസത്തിൽ പരാജയപ്പെട്ട മഹേഷ് ഇക്കുറി വിജയ പ്രതീക്ഷയിലാണ്. ബി.ജെ.പിയിലെ ബിറ്റി സുധീറാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

രണ്ട് പ്രമുഖ നേതാക്കളുടെ മക്കൾ തമ്മിലുള്ള പോരാണ് ചവറയെ ശ്രദ്ധേയമാക്കുന്നത്. ആർ.എസ്.പിയുടെ പ്രസ്റ്റീജ് മത്സരം നടക്കുന്ന ചവറയിൽ അന്തരിച്ച ആർ.എസ്.പി സ്ഥാപക നേതാവ് ബേബിജോണിന്റെ മകൻ ഷിബു ബേബിജോൺ ആണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ഇവിടത്തെ എം.എൽ.എ ആയിരിക്കെ അന്തരിച്ച എൻ.വിജയൻപിള്ളയുടെ മകൻ ഡോ.സുജിത്താണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. ബി.ജെ.പി സ്ഥാനാർത്ഥി സീരിയൽ നടൻ വിവേക് ഗോപനാണ്. മക്കൾ പോരിൽ ജയം ആർക്കെന്ന ആകാംക്ഷയിലാണ് ചവറ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KOLLAM DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.