കൊച്ചി: 'തപാൽ വോട്ടൊന്നും ശരിയാവില്ല. ബൂത്തിൽ പോയി ക്യൂ നിന്ന് ചെയ്താലേ വോട്ട് ചെയ്തതിന്റെ സുഖം കിട്ടൂ. അതും വണ്ടിയിൽ കേറി വന്നാൽ പോരാ, തിരിച്ചറിയൽ കാർഡും കൈയിൽപ്പിടിച്ച് നടന്നുതന്നെ വരണം". പ്രായം 104 ആയെങ്കിലും പതിനെട്ടുകാരന്റെ ആവേശത്തിലാണ് പരമേശ്വരൻ മൂത്തത്.
ജില്ലയിലെ സൂപ്പർ സീനിയർ വോട്ടർ. എറണാകുളം പാലിയംറോഡ് നെന്മനശേരി ഇല്ലത്ത് പരമേശ്വരൻ മൂത്തത് ഒരിക്കൽപ്പോലും വോട്ട് മുടക്കിയിട്ടില്ല. വാർദ്ധക്യത്തിന്റേതായ അസ്കിതയുമില്ല. ചിന്മയ കോളേജിലെ ബൂത്തിൽ രണ്ട് മണിയോടെയാണ് മൂത്തത് വോട്ട് ചെയ്തത്. വീട്ടിൽ നിന്ന് ഒരു വാക്കിംഗ് സ്റ്റിക്കും കുത്തി തനിയെയാണ് വന്നതും പോയതും.
സഹോദരന്റെ മകൻ ഹരിദാസിനൊപ്പമാണ് അവിവാഹിതനായ മൂത്തതിന്റെ വാസം. എറണാകുളം ശിവക്ഷേത്രത്തിലെ കാരായ്മ ജീവനക്കാരനായിരുന്നു. ദൈനംദിന ജീവിതചര്യകൾക്കൊന്നും പരസഹായം വേണ്ട. പുലർച്ചെ കുളിച്ച് തനിയെ നടന്നുപോയി എറണാകുളത്തപ്പനെ തൊഴും. ഇന്നലെ ഉച്ചയൂണും കഴിഞ്ഞ് മയങ്ങിയുണർന്ന് പതിയെ വടിയും കുത്തി ബൂത്തിലെത്തി വോട്ട് ചെയ്തു.
തപാൽ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ വീട്ടിൽ എത്തിയെങ്കിലും മൂത്തത് വഴങ്ങിയില്ല. 'ഞാൻ ബൂത്തിൽ പോയി തന്നെ ചെയ്യും. എനിക്കുവേണ്ടി ആരും മെനക്കെടേണ്ടതില്ല" എന്നായിരുന്നു നിലപാട്.
'ഉച്ചയ്ക്ക് അധികം തിരക്കുണ്ടാവില്ല. സമാധാനമായി സ്ഥാനാർത്ഥിയെ നോക്കി വോട്ട് ചെയ്യാം. ഇപ്പോഴല്ലേ ഇലക്ട്രോണിക് മെഷീനൊക്കെ വന്നത്. പണ്ട് പേപ്പറിൽ കുത്തി ഇടും... അതായിരുന്നു സുഖം. കാലം മാറിയാലും പൗരധർമ്മം മാറ്റിവയ്ക്കാൻ പറ്റില്ലല്ലോ!" ഇതും പറഞ്ഞ് ആഞ്ഞൊരു നടത്തമാണ്. അതിനിടെ ഇതുകൂടി പറഞ്ഞു- 'ഈ നീലമഷി കൈയിൽ പുരണ്ടില്ലെങ്കിൽ വലിയ ബുദ്ധിമുട്ടാണ്. പറ്റുന്ന കാലം വരെ വോട്ട് ചെയ്യാൻ എത്തും....".
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |