കാസർകോട്: മഞ്ചേശ്വരത്തും വിട്ളയിലും പൊലീസിന് നേരെ വെടിയുതിർത്ത കേസിൽ കർണാടക വിട്ള പൊലീസ് കസ്റ്റഡിയിലെടുത്ത മുഖ്യപ്രതി മഞ്ചേശ്വരം മിയാപദവിലെ റഹീമിനെ (30) പൊലീസ് ഭീകര മർദ്ദനത്തിനിരയാക്കുന്നതായി പരാതി. അഞ്ച് ദിവസമായി കസ്റ്റഡിയിലെടുത്തിട്ടും തന്നെ കോടതിയിൽ ഹാജരാക്കുന്നില്ലെന്നും ഭീകരമർദ്ദനത്തിനിരയാക്കുകയാണെന്നും സ്റ്റേഷനിൽ വെച്ച് തന്നെ യുവാവ് സ്വയം ചിത്രീകരിച്ച വീഡിയോയിൽ പറയുന്നു.
സംഘത്തിലെ മൂന്നുപേരെ നേരത്തെ വിട്ള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. ഇതിന് ശേഷമാണ് സ്ഥലത്ത് നിന്നും രക്ഷപ്പെട്ട റഹീമിനെ പൂനെയിൽ വെച്ച് അഞ്ച് ദിവസം മുമ്പ് പിടികൂടിയത്. പൊലീസ് കസ്റ്റഡിയിൽ വീഡിയോ ചിത്രീകരിക്കാനായി യുവാവിന് ഫോൺ എങ്ങനെ ലഭിച്ചു എന്ന് വ്യക്തമല്ല. റഹീമിന്റെ കൈയിലുള്ള ഫോണിൽ നിന്നാണോ അതല്ല ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ ഫോൺ നൽകി സഹായിച്ചതാണോയെന്നും വ്യക്തമല്ല. റഹീം ഒരു സുഹൃത്തിനയച്ച വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നത്.
ഇക്കഴിഞ്ഞ മാർച്ച് 26 ന് വൈകുന്നേരം കാറിലെത്തിയ ഗുണ്ടാസംഘം ഉപ്പള മിയാപദവിലെ ക്ലബ് പ്രവർത്തകർക്ക് നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം പൊലീസ് സംഘത്തെ പിടികൂടാനായി മിയാപദവ് കുളവയലിൽ രാത്രിയോടെ എത്തിയപ്പോഴാണ് പൊലീസിന് നേരെ വെടിയുതിർത്തത്. ഒരു പൊലീസുകാരന് കൈക്ക് വെടിയേൽക്കുകയും പൊലീസ് വാഹനത്തിൽ വെടിയുണ്ട തുളഞ്ഞു കയറുകയും ചെയ്തു. പൊലീസിനെ കണ്ട സംഘം ബിയർ കുപ്പികൾ എറിയുകയും പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെ വെടിയുതിർക്കുകയുമായിരുന്നു. തുടർന്ന് കർണാടകയിലേക്ക് രക്ഷപ്പെട്ടു. കർണാടക പൊലീസിന് വിവരം കൈമാറിയതിനാൽ വിട്ള പൊലീസ് ഇവർ സഞ്ചരിച്ച കാർ തടഞ്ഞ് പരിശോധിക്കുന്നതിനിടെ ആറംഗ സംഘം ഇവിടേയും പൊലീസിന് നേരെ വെടിയുതിർത്തു. ഇതിനിടയിൽ രക്ഷപ്പെടാൻ ശ്രമിച്ച മൂന്നുപേരെ കർണാടക പൊലീസ് ഓടിച്ചുപിടികൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |