SignIn
Kerala Kaumudi Online
Wednesday, 16 September 2026 2.02 AM IST

അരശുംമൂട്ടിൽ അപ്പുക്കുട്ടന്മാരുടെ തിരഞ്ഞെടുപ്പ്

m-m-mani

തിരഞ്ഞെടുപ്പ് കാലം അരശുംമൂട്ടിൽ അപ്പുക്കുട്ടന്മാരുടേത് കൂടിയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ തുടങ്ങും തങ്ങളുടെ പാർട്ടിയെയും നേതാവിനെയും കുറിച്ചുള്ള വീരവാദവും വെല്ലുവിളിയും. വെല്ലുവിളി എതിരാളികൾ ഏറ്റെടുക്കുന്നതോടെ അത് പന്തയത്തിന് വഴിമാറും.

തിരഞ്ഞെടുപ്പിൽ തങ്ങളുടെ പാർട്ടിക്കായി 500 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പന്തയം വയ്ക്കുന്നവരും തങ്ങളുടെ സ്ഥാനാർത്ഥി തോറ്റാൽ തല മൊട്ടയടിക്കുമെന്നും മീശ പാതി വടിക്കുമെന്നും പറഞ്ഞവരും നാട്ടിൽ സജീവമാണ്. നിങ്ങളുടെ സ്ഥാനാർത്ഥി ജയിച്ചാൽ നിങ്ങളുടെ കൊടിയും പിടിച്ച് നിങ്ങളോടൊപ്പം വരാമെന്നും പന്തയം വച്ചവരുണ്ട്. വേറെ ചിലർ എന്റെ പാർട്ടി സ്ഥാനാർത്ഥി തോറ്റാൽ ഒറ്റക്കാലിൽ ഓടാമെന്ന് പറഞ്ഞവരാണ്. മറ്റൊരു കൂട്ടർ ഭക്ഷണ പ്രിയരാണ്. എതിരാളിയുടെ സ്ഥാനാർത്ഥി ജയിച്ചാൽ ഒരാഴ്ചത്തെ ബിരിയാണിയോ സുഭിക്ഷമായ ഭക്ഷണമോ ആണ് ഓഫർ. പന്തയത്തിൽ തോറ്റാൽ പറഞ്ഞത് പോലെ ചെയ്യേണ്ടി വരും, ഇല്ലെങ്കിൽ എതിരാളികൾ ചെയ്യിപ്പിക്കും. പന്തയം ഒരു പരിധി വരെ രസകരമാണെങ്കിലും ചിലയിടങ്ങളിൽ രാഷ്ട്രീയ വാഗ്വാദങ്ങൾ തമ്മിൽത്തല്ലിലേക്കും കത്തിക്കുത്തിലേക്കും വരെ എത്തിയ സംഭവങ്ങളുണ്ട്. 'ചുമ്മാതങ്ങ് ചെന്ന് തോറ്റാ പോരെ അതിനീ വീരവാദം വേണോ'യെന്നാണ് ഈ അപ്പുക്കുട്ടന്മാരോടുള്ള ജനങ്ങളുടെ ചോദ്യം.

അണികളെപ്പോലെ തന്നെ നേതാക്കന്മാരും തുടങ്ങിയാലോ. അത്തരം വാർത്തകളാണ് ഇടുക്കിയിൽ നിന്ന് വരുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏതെങ്കിലും നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് ലീഡ് ചെയ്താൽ സ്വർണമോതിരം സമ്മാനമായി നൽകുമെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ വെല്ലുവിളിച്ചിരുന്നു. അമിത ആത്മവിശ്വാസമാണിതെന്ന് അന്ന് കോൺഗ്രസുകാർ അടക്കം പറഞ്ഞിരുന്നു. എന്നാൽ ഫലം വന്നപ്പോൾ കല്ലാറിന്റെ വാക്കുകൾ അക്ഷരം പ്രതി ശരിയായി. ഏഴിൽ രണ്ടിടത്ത് മുപ്പതിനായിരവും നാലിടത്ത് ഇരുപതിനായിരവും ലീഡാണ് ഡീൻ കുര്യാക്കോസ് നേടിയത്. എന്ത് സംഭവിച്ചാലും ജോയ്‌സ് ജോർജ് ലീഡ് ചെയ്യുമെന്ന് കോൺഗ്രസുകാർ പോലും വിശ്വസിച്ചിരുന്ന ഉടുമ്പഞ്ചോല മണ്ഡലത്തിൽ പോലും പതിനായിരത്തിലേറെ ഭൂരിപക്ഷം കിട്ടി. എന്നാൽ അന്ന് ചലഞ്ച് എൽ.ഡി.എഫുകാർ ആരും ഏറ്റെടുക്കാതിരുന്നതിനാൽ മോതിരം പോയില്ല. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിലും സമാനമായ സ്വർണമോതിര ചലഞ്ചുമായി ഇബ്രാഹിംകുട്ടി കല്ലാർ രംഗത്തെത്തി. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലേതെങ്കിലും എൽ.ഡി.എഫ് വിജയിച്ചാൽ സ്വർണമോതിരം നൽകുമെന്നായിരുന്നു കല്ലാറിന്റെ വാഗ്ദാനം. ഇത്തവണ പക്ഷേ,​ കല്ലാറിന്റെ ചലഞ്ച് മന്ത്രി എം.എം. മണി ഏറ്റെടുത്തതോടെ ഇടുക്കിയിലെ പോരാട്ടം കൂടുതൽ ആവേശത്തിലായി. അഞ്ച് മോതിരവും പോകാതെ നോക്കിക്കൊള്ളാനായിരുന്നു മന്ത്രിയുടെ പ്രതികരണം. ഏതായാലും ഫലം വരുമ്പോഴറിയാം ആരുടെ സ്വർണമോതിരമാണ് നഷ്ടമാകുകയെന്ന്.

മറ്റൊരു രസകരമായ ചലഞ്ച് ഉടുമ്പഞ്ചോല മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.എം. ആഗസ്തിയുടെയായിരുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ തല മൊട്ടയടിക്കുമെന്നായിരുന്നു ആഗസ്തിയുടെ വെല്ലുവിളി. മണ്ഡലത്തിൽ മണി ജയിക്കുമെന്ന തരത്തിലുള്ള സർവേയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ആഗസ്തിയോട് അങ്ങനെയൊന്നും ചെയ്യരുതെന്ന് ഞാൻ പറയുമെന്നായിരുന്നു മണിയുടെ പ്രതികരണം. അതൊക്കെ അല്‌പത്തരമല്ലേ. ഞാൻ ജയിച്ചാൽ അദ്ദേഹം തലമൊട്ടയടിക്കേണ്ടി വരില്ലേ എന്നായിരുന്നു മണിയുടെ വിഷമം.

എന്നാൽ ഇതുകൂടാതെ ഇരുവരും തമ്മിലുള്ള വാക്പോരും ശക്തമാണ്. ഉടുമ്പഞ്ചോലയിൽ എം.എം. മണിക്ക് താൻ മണികെട്ടുമെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തിൽ ആഗസ്തിയുടെ വെല്ലുവിളി. എന്നാൽ ഇതിന് മറുപടിയായി കഴിഞ്ഞദിവസം ചാനലിന് നൽകിയ അഭിമുഖത്തിൽ എം.എം. മണിക്ക് മണികെട്ടാൻ ആഗസ്തി പോയിട്ട് അയാളുടെ പിതാവ് വിചാരിച്ചാലും നടക്കില്ലെന്നാണ് എം.എം. മണി പറഞ്ഞത്. മണിയുടെ ഈ പ്രസ്താവനയ്ക്കെതിരെ ആഗസ്തിയും രംഗത്തെത്തി. 'തനിക്ക് തന്റെ അച്ഛനെക്കുറിച്ച് അറിയാം. ഇടമലക്കുന്നേൽ മത്തായിയുടെ മകനാണ്. അദ്ദേഹത്തെക്കുറിച്ച് അഭിമാനമുണ്ട്. ഇത്രയും പറഞ്ഞ് അവസാനിപ്പിക്കുന്നു. ഇനി മേലിൽ ആവർത്തിക്കരുത്. ചെയ്താൽ അതേ നാണയത്തിൽ തിരിച്ചടിക്കും' ഇതായിരുന്നു ആഗസ്തിയുടെ മറുപടി. ഉടുമ്പൻചോലയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തനിക്കൊരു വിഷമം ഉണ്ടെന്ന് പറഞ്ഞാണ് ആഗസ്തി തുടങ്ങിയത്. രാഹുൽ ഗാന്ധിക്ക് ബുദ്ധിയില്ല എന്നു പറഞ്ഞ മണി വിചാരിക്കുന്നത് ശ്രീ ശങ്കരാചാര്യരും ശ്രീബുദ്ധനും കഴിഞ്ഞാൽ തനിക്കാണ് ഏറ്റവും ബുദ്ധി എന്നാണെന്നും ആഗസ്തി പറഞ്ഞു.

എന്തായാലും തിരഞ്ഞെടുപ്പിന്റെ ഫലം വന്ന് കഴിയുമ്പോൾ വെല്ലുവിളിച്ചവർ പരാജയപ്പെട്ടാൽ അവരുടെ അധോഗതി. പിന്നെ കാവിലെ പാട്ട് മത്സരത്തിന് കാണാമെന്ന് പറഞ്ഞ് രക്ഷപ്പെടുകയേ വഴിയുള്ളൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IDUKKI DIARY, ARASUMOOTTIL APPUKKUTTAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION