ആധുനിക കാലത്തും വീട് നിർമ്മിക്കുമ്പോൾ വാസ്തുവിന് പ്രാധാന്യം നൽകുന്നവരുടെ എണ്ണം കൂടിവരികയാണ്... നഗരത്തിന്റെ ഇട്ടാവട്ടത്തിനുള്ളിൽ ലഭിക്കുന്ന ചെറിയ സ്ഥലത്തും വാസ്തു നോക്കുന്നതിന്റെ അപ്രായോഗികത പലരും ചൂണ്ടിക്കാട്ടാറുണ്ട്.. എന്നാൽ സ്ഥല പരിമിതി മൂലമുള്ള കുറവുകൾ ഗൃഹനിർമ്മാണത്തിനെ ബാധിച്ചാൽ അത് കുടുംബത്തിന് ദോഷം ചെയ്യുമെന്ന ഭീതിയിൽ വാസ്തു നോക്കുന്നവരും ഉണ്ട്..
ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. അടുക്കള എല്ലാ സൗകര്യമുള്ളതായിരിക്കണം എന്നാണ് എല്ലാവരുടേയും ആഗ്രഹം. എന്നാൽ സൗകര്യത്തോടൊപ്പം വാസ്തു ശാസ്ത്രത്തെ അനുകൂലിക്കുന്നുണ്ടോ എന്ന കാര്യത്തിലും ശ്രദ്ധവേണം. ഇത് പ്രകാരം അടുക്കളയ്ക്ക് പ്രത്യേക സ്ഥാനം കൽപിച്ചിട്ടുണ്ട്. വീടിന്റെ തെക്ക് കിഴക്ക് മൂലയാണ് അടുക്കളയ്ക്ക് ഏറ്റവും യോജിച്ചത്. ഇത് അഗ്നിദേവന്റെ ദിക്കായതിനാലാണിത്. വടക്ക് പടിഞ്ഞാറ് മൂലയും അടുക്കളയ്ക്ക് അനുയോജ്യമാണെന്ന് വാസ്തു ശാസ്ത്രകാരൻമാർ അഭിപ്രായപ്പെടുന്നു.
അടുക്കളയിൽ കിഴക്ക് ദിക്കിന് അഭിമുഖമായി നിന്ന് പാചകം ചെയ്യാനുള്ള സൗകര്യം ഒരുക്കുകയും വേണം. തെക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ്, ദിശകളിൽ മാത്രമാണ് വാസ്തു ശാസ്ത്രം അനുശാസിക്കുന്ന രീതിയിൽ അടുക്കള നിർമ്മിക്കേണ്ടത്. വടക്ക് കിഴക്ക് ഭാഗത്ത് അടുക്കള വന്നാൽ കുടുംബത്തിലെ സമാധാന അന്തരീക്ഷം തകരുമെന്നുമാണ് വാസ്തുവിദഗ്ദ്ധരുടെ അഭിപ്രായം. അടുക്കളയുടെ വാതിൽ കിഴക്ക്, വടക്ക് കിഴക്ക് അല്ലെങ്കിൽ വടക്ക് ഭാഗത്തായിരിക്കാൻ ശ്രദ്ധിക്കണം. അത്യാവശ്യ സാമഗ്രികൾ വയ്ക്കാൻ തെക്ക് അല്ലെങ്കിൽ വടക്ക് ദിക്കാണ് നല്ലത്.
പാചകം ചെയ്യുന്ന സ്ഥലം വീടിന്റെ പ്രധാന ഭിത്തികളോട് ചേർന്നു വരരുത്. പാചകം ചെയ്യുന്ന സ്ഥലത്തിന് തൊട്ട് മുകളിലായി ഷെൽഫുകൾ വയ്ക്കുന്നതും വാസ്തുശാസ്ത്ര പ്രകാരം നന്നല്ല. ഗ്യാസ് സ്റ്റൗ വയ്ക്കാൻ ഏറ്റവും അനുയോജ്യം അടുക്കളയുടെ തെക്ക് കിഴക്ക് മൂലയാണ് . സിങ്ക് അടുക്കളയുടെ വടക്ക് ഭാഗത്തായിരിക്കണമെന്നും വാസ്തു വിദഗ്ദ്ധർ ഉപദേശിക്കുന്നു. അടുക്കളയ്ക്ക് വെള്ളയോ കറുപ്പോ നിറം നൽകുന്നത് അനുയോജ്യമല്ല. മഞ്ഞ, ഓറഞ്ച്, റോസ്, ചോക്കളേറ്റ് എന്നീ നിറങ്ങൾ അടുക്കളയ്ക്ക് അനുയോജ്യമാണ്.
വാസ്തുശാസ്ത്രപരമായി വീടിന് പടിഞ്ഞാറ് ഭാഗത്ത് വേണം ഭക്ഷണ മുറി നിർമ്മിക്കേണ്ടത്. ഭക്ഷണ മുറിയും അടുക്കളയും അടുത്തായും ഒരേ തറനിരപ്പിലും ആയിരിക്കാനും ശ്രദ്ധിക്കണം. ഭക്ഷണ മുറിയും ഭക്ഷണ മേശയും സമചതുരം അല്ലെങ്കിൽ ദീർഘ ചതുരാകൃതിയിൽ ആയിരിക്കുന്നതാണ് ഉത്തമം. പ്രധാന കിടപ്പ് മുറി വീടിന്റെ തെക്ക് പടിഞ്ഞാറ് ആയിരിക്കണം. കൂടാതെ വീടിന്റെ തെക്ക് കിഴക്ക് മുറിയിൽ ദമ്പതിമാർ കിടക്കരുതെന്നും ശാസ്ത്രമുണ്ട്. ഇത് കുടുംബത്തിൽ എന്നും കലഹത്തിന് വഴിവെക്കുമെന്നാണ് വിശ്വാസം. കിടപ്പ് മുറിയിൽ വിലപിടിച്ച സാധനങ്ങൾ വയ്ക്കുന്ന അലമാര മുറിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് വടക്കോട്ട് തുറക്കത്തക്ക തരത്തിൽ വേണം വയ്ക്കുവാൻ .
കുട്ടികളുടെ പഠനമുറി പടിഞ്ഞാറോ, കിഴക്കോ, വടക്കോ ആകാം. കോൺ ദിക്കിലെ മുറികൾ ഒഴിവാക്കണം.