മൂന്നു ഘട്ടമായി നടന്ന തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ കേരളത്തിലേത് പോലെ കൂട്ടിയും കിഴിച്ചും കണക്കുകൂട്ടലിലാണ് അസാമിൽ നേതാക്കൾ. മുഖ്യമന്ത്രി സർബാനന്ദ് സോണോവാളിന്റെ ബി.ജെ.പി സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം മുതലെടുക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഇതിനായി എ.ഐ.യു.ഡി.എഫ്, സി.പി.ഐ, സി.പി.എം, സി.പി.ഐ.(എം.എൽ), എ.ജി.എം എന്നിവയ്ക്കൊപ്പം എൻ.ഡി.എ വിട്ട് വന്ന ബി.പി.എഫിനെയും കൂട്ടി മഹാ മുന്നണിയായാണ് മത്സരം. ബി.ജെ.പിക്കൊപ്പം യു.പി.പി.എൽ, എ.ജി.പി കക്ഷികളുണ്ട്. 2016ൽ അധികാരത്തിലേറാൻ കൂട്ടുപിടിച്ച ബി.പി.എഫിനെ ഒഴിവാക്കിയാണ് ബി.ജെ.പി യു.പി.പി.എല്ലിനെ കൂട്ടുപിടിച്ചത്.
ബി.ജെ.പിക്കെതിരെ പൗരത്വ ഭേദഗതി നിയമം, എൻ.ആർ.സി തുടങ്ങിയവയാണ് പ്രതിപക്ഷം തിരഞ്ഞെടുപ്പിൽ മുഖ്യ ആയുധമാക്കിയത്. അതേസമയം ബി.ജെ.പി പഴയ കോൺഗ്രസുകാരനായ ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തെയാണ് ആശ്രയിക്കുന്നത്. എല്ലാ പാർട്ടികളും ദേശീയ നേതാക്കളെ പ്രചാരണത്തിനെത്തിച്ചു. 2016ലെ തിരഞ്ഞെടുപ്പിൽ 126 അംഗ നിയമസഭയിൽ ബി.ജെ.പി 60 സീറ്റു നേടി ഏറ്റവും വലിയ കക്ഷിയായിരുന്നു. 14സീറ്റുള്ള എ.ജി.പിയെയും 12ൽ ജയിച്ച ബി.പി.എഫിനെയും ചേർത്താണ് അവർ സർക്കാരുണ്ടാക്കിയത്. യുണൈറ്റഡ് പ്യൂപ്പിൾസ് പാർട്ടി ലിബറൽ(യു.പി.പി.എൽ) എൻ.ഡി.എയിലെ പുതിയ കക്ഷിയാണ്. ബോഡോലാൻഡ് ടെറിറ്റോറിയൽ കൗൺസിലിലും മറ്റും യു.പി.പി.എല്ലിന്റെ സാന്നിദ്ധ്യം ബി.ജെ.പിക്ക് ഗുണം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |