തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാരണം മാറ്റിവച്ച ഹയർസെക്കൻഡറി പരീക്ഷകൾ ആരംഭിച്ചു. എസ് എസ് എൽ സി പരീക്ഷ ഉച്ചയ്‌ക്ക് 1.40ന് ആരംഭിക്കും. വി എച്ച് എസ് ഇ പരീക്ഷകൾ നാളെയാണ് ആരംഭിക്കുക.
എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് ഇന്നുമുതൽ 12 വരെ ഉച്ചയ്‌ക്ക് 1.40 മുതലാണ് പരീക്ഷ. 15 മുതൽ രാവിലെ 9.40ന് പരീക്ഷ ആരംഭിക്കും. റംസാൻ നോമ്പ് പരിഗണിച്ചാണ് 15 മുതലുളള പരീക്ഷകൾ രാവിലെ നടത്തുന്നത്. 29ന് പരീക്ഷ അവസാനിക്കും. ഹയർ സെക്കൻഡറിക്കാർക്ക് രാവിലെ മുതലാണ് പരീക്ഷ. 26ന് അവസാനിക്കും.
2947 കേന്ദ്രങ്ങളിലായി 4,22,226 വിദ്യാർത്ഥികളാണ് ഇത്തവണ എസ് എസ് എൽ സി പരീക്ഷയെഴുതുന്നത്. ഇതിൽ 2,15,660 പേർ ആൺകുട്ടികളും 2,06,566 പേർ പെൺകുട്ടികളുമാണ്. ഗൾഫിൽ ഒമ്പത് കേന്ദ്രങ്ങളിലായി 573ഉം ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലായി 627 പേരും പരീക്ഷയെഴുതും.
2004 കേന്ദ്രങ്ങളിലായി 4,46,471 പേരാണ് ഹയർസെക്കൻഡറി പരീക്ഷയെഴുതുന്നത്. പരീക്ഷയെഴുതുന്നവരിൽ 2,26,325 പേർ ആൺകുട്ടികളും 2,20,146 പേർ പെൺകുട്ടികളുമാണ്. 28,565 വിദ്യാർത്ഥികളാണ് വി എച്ച് എസ് ഇ പരീക്ഷയെഴുതുന്നത്.
കൊവിഡിന്റെ രണ്ടാം തരംഗം ഭീഷണിയാകുന്ന പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് പരീക്ഷകൾ നടക്കുക. കൊവിഡ് ഭീഷണിക്കിടയിലും 2020 മേയ് മാസത്തിൽ പൊതുപരീക്ഷകൾ വിജയകരമായി നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് വിദ്യാഭ്യാസ വകുപ്പ് സജ്ജീകരണങ്ങളൊരുക്കിയിരിക്കുന്നത്.
ഒരു ക്ലാസ് മുറിയിൽ പരാമാവധി 20 പേർ മാത്രമാകും പരീക്ഷയെഴുതുക. കൊവിഡ് രോഗബാധിതരായ വിദ്യാർത്ഥികളുണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരെ മുൻകൂട്ടി അറിയിക്കണം. ഇവർക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |