ഒരു കുഴപ്പവുമില്ലെന്നു പറഞ്ഞിട്ടും ഡോക്ടർമാർ സമ്മതിക്കുന്നില്ല. കുറച്ചുദിവസത്തെ വിശ്രമവും ചില ടെസ്റ്റുകളും കൂടി വേണമെന്നാണ് നിദ്ദേശം. 'അങ്ങനെയെങ്കിൽ റിസ്ക്കൊന്നും എടുക്കണ്ട എന്ന് ചങ്ങാതിമാർ കൂടി പക്ഷം ചേർന്നു.ഒന്നുരണ്ടുദിവസങ്ങൾ ചുറ്റികറങ്ങി പഴയ ചങ്ങാതിമാരെ കണ്ടു ലോഹ്യം പുതുക്കി പോകാമെന്ന് കരുതി വന്നതാണീ പട്ടണത്തിൽ. എത്ര വന്നാലും ഒട്ടും വിരസത തോന്നാത്തത്, ഓരോ ഇടവും ഓരോ ഓർമ്മകളാണെന്നതിനാലാവാം പൊള്ളുന്ന വെയിലിലും ആ വഴികളിലൂടെയൊക്കെ നടക്കുന്നത് അതു കൊണ്ടുതന്നെ മനസിനു കുളിരാണ്.
കറക്കമൊക്കെ കഴിഞ്ഞു വൈകുന്നേരം ഹോട്ടൽ മുറിയിൽ അല്പം നേരത്തെ ചങ്ങാതിമാർക്കൊപ്പം ഒത്തുചേർന്നു. ഒരു സ്മാൾ അടിക്കാൻ തുടങ്ങിയതാണ്.
സലാഡിൽ നിന്നും രണ്ടു കഷണം വെള്ളരിക്ക തിന്നു. കൂട്ടത്തിൽ ഒരു പച്ചമുളക് ഉപ്പും ചേർത്തു കടിച്ചു രസം കൂട്ടി. മുളകിച്ചിരെ മുറ്റിയതായിരുന്നു. വല്ലാതെ എരിച്ചപ്പോൾ രണ്ടു കവിൾ സോഡാ കുപ്പിയിൽ നിന്നുതന്നെ കുടിച്ചു. രണ്ടാമത്തെ കവിൾ സോഡാ ഇറക്കിയപ്പോൾ ചങ്കിൽ വിലങ്ങി. ഇടത്തെ കയ്യില് ഒരു മരവിപ്പും.
എന്തു പറ്റി എന്ന ചങ്ങാതിമാരുടെ ചോദ്യത്തിന്'പകൽ കാര്യമായിട്ടൊന്നും കഴിച്ചില്ല. ഗ്യാസ് കേറി വിലങ്ങിയതാണ്, ഒരഞ്ചു മിനിട്ട് കിടന്നാൽ ശരിയാകും" എന്ന് പറഞ്ഞൊപ്പിച്ചു.
അതു സമ്മതിക്കാതെ ആശുപത്രിയിലേക്ക് പിടിച്ച പിടിയാലേ അവർ എത്തിച്ചതാണ്. സ്ട്രെച്ചർ തള്ളിക്കൊണ്ട് അത്യാഹിതവിഭാഗം എന്നെഴുതിയ വാതിലിന്റെ നേരെ പോയപ്പോൾ സത്യം പറഞ്ഞാൽ നല്ല ജീവൻ അങ്ങു പോയി. കുറച്ചു നേരത്തേക്ക് എല്ലാം ഒരു മൂടൽ പോലെ ആയിരുന്നു. അങ്ങനെ ഇവിടെ ഇപ്പൊൾ നാലു ദിവസം. രാവിലെ ഡോക്ടർ വന്നപ്പോൾ ചോദിച്ചു
''സാറെ, എനിക്കിപ്പോൾ ഒരു കുഴപ്പവുമില്ല. എന്നെ ഡിസ്ചാർജ് ചെയ്യരുതോ?""
''കുഴപ്പം ഇല്ലെങ്കിൽ ഞങ്ങൾ പറയും. ഒന്നുരണ്ടു ടെസ്റ്റുകൾ കൂടെ ചെയ്യാനുണ്ട്, എന്നിട്ടേ പറയാൻ പറ്റൂ.""
''ഒന്നുമില്ല. ടെസ്റ്റിനു മുടക്കാൻ എന്റെ കയ്യിൽ കാശൊന്നുമില്ല. അവസാനം കാശും ചോദിച്ചോണ്ട് വന്നേക്കരുത്.""
''ആ കാര്യമൊന്നും നിങ്ങള് അറിയേണ്ട.""
ഇനീപ്പോ പേരിൽ മാത്രം കരുണയുടെ സ്പർശമുള്ള നല്ല കഴുത്തറപ്പൻ ആശുപത്രിയാണ്. ഇനി ഇവരിപ്പോൾ ധർമ്മാശുപത്രി ആയോ?
വൈകുന്നേരം ഒരു കൊച്ചുഡോക്ടർ വരും. എന്റെ മകളുടെ പ്രായമേയുള്ളൂ. കണ്ടാലും അവളെപ്പോലെയാണ്.
വലിയ ഗൗരവത്തിൽ മുറിയിൽ വന്നു നിൽക്കും. ചിരി പോലും ഉണ്ടാവില്ല. 'വൈറ്റൽ റെക്കാർഡുകൾ" രേഖപ്പെടുത്തിയത് വായിച്ചു നോക്കി, കൂടെയുള്ള നഴ്സുമാരോട് എന്തെങ്കിലും പറഞ്ഞുകൊണ്ട് അതേ ഗൗരവത്തിൽ തന്നെ തുടരും.
വാതിൽക്കലെത്തി തിരിഞ്ഞു നോക്കി, ഗൗരവം വിടാതെ ചൂണ്ടുവിരൽ കൊണ്ട് മൂക്കിന്റെ തുഞ്ചത്തേക്കൂർന്ന കണ്ണട മുകളിലേക്കു തള്ളി വയ്ക്കും, പിന്നെ തിടുക്കത്തിൽ നടന്നുപോകും.
ഇടയ്ക്ക് മകളുടെ ഫോൺ വരും.
'ഹലോ" എന്നു പറഞ്ഞു തുടങ്ങുമ്പോൾ മുതൽ ആദ്യത്തെ മൂന്നു മിനിറ്റോളം മുട്ടൻ വഴക്കാണ്.
''കണ്ണിൽ കണ്ടതു വലിച്ചു വാരി തിന്നും, കള്ളും കുടിച്ചും നടന്നു ഓരോന്നു വരുത്തി വച്ചുവെന്നാണ്"" അവളുടെ പരാതി.
തനിയെ ഇപ്പോൾ നാട്ടിൽ പോകണ്ടെന്ന് പറഞ്ഞിരുന്നില്ലേ എന്ന ഒരു കൂട്ടി ചേർക്കലുമുണ്ടാവും.
ഉച്ചാരണ പിശകുള്ള മലയാളത്തിലെ അവളുടെ ആ വഴക്കുപറച്ചിൽ ഒരു കുളിരായി മനസിൽ വീഴും. വഴക്കിനവസാനം ഫോണിലൂടെ മുത്തം നൽകി സംസാരം അവസാനിപ്പിക്കും.
ആശുപത്രിമുറിയിലെ ഒരേ കിടപ്പിൽ ടി വി കണ്ടും, വായിച്ചും വെറുതെയിരുന്ന്. വിശപ്പും പോയി.
അല്പം പനിക്കോളുണ്ടായിരുന്നതു കൊണ്ടായിരിക്കാം ഒരു രുചിയില്ലായ്മ. ഡിന്നർ തൊട്ടുനോക്കിയില്ല. ഇടയ്ക്ക് ഒരു ചായ വരുത്തി കഴിച്ചു.
രാത്രിയായി. കൊച്ചുഡോക്ടർ വരുന്ന സമയം. വാതിൽക്കൽ ഒരു ചെറിയ മുട്ട് കേട്ടു. അതേ, ആളതു തന്നെ.
കൂടെയുള്ള നഴ്സ് പ്രഷറളക്കുവാൻ തുടങ്ങി. കഴിക്കാതെ വെച്ച അത്താഴംകൊച്ചു ഡോക്ടർ കണ്ടു. കണ്ണടയുടെ ഫ്രെയിമിന് മുകളിലൂടെ വലിയ കണ്ണുകൾ ഉരുട്ടി എന്റെ നേരെ നോക്കി.
''മിസ്റ്റർ നിങ്ങളിതുവരെയും ഭക്ഷണം കഴിച്ചില്ലേ? പ്രഷറും ഷുഗറുമൊക്കെ ഉള്ളതാ...""
''പ്രഷറും ഷുഗറുമൊക്കെ പണ്ടേയുണ്ട്. അതിച്ചിരി ഇല്ലാത്തോര് മലയാളികളാണോ ഡോക്ടറെ? അല്ല ഇതിന്റെ പേരിലാണോ എന്നെ ഇവിടെ ഇട്ടേക്കണത് ?""
''അതേ, എനിക്കീ ഹോട്ടൽ ഭക്ഷണമൊന്നും പിടിക്കില്ല. നാട്ടിലോട്ട് വരുന്നതു തന്നെ വീട്ടിലുണ്ടാക്കുന്ന നാടൻ ഐറ്റംസ് കഴിക്കാനാണ്. നല്ല നാടൻ ചെമ്മീൻ പച്ചമാങ്ങയിട്ട് തേങ്ങായരച്ചു കറിവച്ചത് ഡോക്ടർ കഴിച്ചിട്ടുണ്ടോ? അതുപോലെ ചക്കക്കുരുവും മാങ്ങയുടെയും കൂടെ ഇളവൻ മുരിങ്ങക്കോലിട്ടു കറിവച്ചത്? കൂട്ടത്തിൽ ഇച്ചിരെ ഉണക്കമുള്ളൻ മുളകു പുരട്ടി വെളിച്ചെണ്ണയിൽ വറുത്തതും കൂടിയുണ്ടെങ്കിൽ എന്താണൊരു രുചി. വയ്യെങ്കിലും എന്റമ്മ ഇതൊക്കെ ഉണ്ടാക്കിത്തരും. പക്ഷേ നിങ്ങള് ഇവിടുന്നൊന്ന് വിടണ്ടേ.""
''അതൊന്നും എന്നോടു പറയേണ്ട. രാവിലെ സീനിയർ ഡോക്ടർ വരുമ്പോൾ പറഞ്ഞാൽ മതി. പിന്നെ, നിങ്ങളുടെ മകൾ വിളിച്ചിരുന്നു പൂർണ്ണമായും സുഖമായതിനു ശേഷം വിട്ടാൽ മതിയെന്നാണ് ഡോക്ടറോട് പറഞ്ഞത്.""
''ഓ, അപ്പോൾ അതാണ് കാശിന്റെ കാര്യമൊന്നും അറിയണ്ടാന്നു രാവിലെ അങ്ങേർ പറഞ്ഞതിന്റെ കാര്യം. എന്റെ മകളല്ലേ അവളങ്ങനയേ ചെയ്യൂ. ഞാനിങ്ങനെ നാട്ടിൽ വന്നു കറങ്ങി നടക്കുന്നതിന്റെ കുശുമ്പാണവൾക്ക്. കൂടെ വരാൻ പറഞ്ഞാൽ വരികയുമില്ല. എന്റമ്മയ്ക്കാണെങ്കിൽ അവളെ കാണാൻ എന്തൊരു കൊതിയാണന്നോ. അവിടെ തിരിച്ചെത്തട്ടെ അവളുടെ കുശുമ്പു ഞാൻ തീർക്കുന്നുണ്ട്.""
''വയസും പ്രായവുമായി വരികയല്ലേ ഇനി മക്കള് പറയുന്നതു കേൾക്കണം.""
''അതിനു എനിക്കതിനുമാത്രം വയസായെന്നാരു പറഞ്ഞു. എന്റെ മകൾക്ക് ഡോക്ടറുടെ കഷ്ടി പ്രായമേയുള്ളൂ.""
''ശരി നാളെ കാണാം. രാത്രിയിൽ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഡ്യൂട്ടിറൂമിൽ വിളിച്ചാൽ മതി. ഗുഡ് നൈറ്റ്.""
''ഗുഡ് നൈറ്റ്. അല്ലാ, മോളുടെ പേരെന്താണ്?സോറി ഡോക്ടറുടെ പേരെന്താണ്?""
''അതു സാരമില്ല അങ്കിളേ, എന്നെ മോളേന്നു വിളിച്ചാലും കുഴപ്പമില്ല. എന്റെ പേര് അലീഷാ.""
കൊച്ചുഡോക്ടർ ചിരിച്ചുകൊണ്ട്, വാതിൽ ചാരി നടന്നകന്നു. പേരു പറയുമ്പോൾ മുഖത്തെ ഗൗരവം ഇതൾ വിടർന്ന പുഞ്ചിരിപ്പൂവിനിടയിലൂടെ കൊഴിഞ്ഞു വീണു. ചിരിയിൽ ഒരു ബാലികയുടെ കുസൃതിവിടർന്നു. ആശുപത്രിയിലെ ഏകാന്തരാവിൽ ചന്ദ്രലേഖയുദിച്ചുയർന്നു.
ആദ്യം മിസ്റ്റർ എന്നു വിളിച്ചയാൾ, പോകാൻ നേരം അങ്കിളെന്നു വിളിച്ചുകേട്ടപ്പോൾ ഉള്ളിൽ വാത്സല്യം വിങ്ങി. അവളുടെ കണ്ണുകളിൽ സ്നേഹം വിളങ്ങി.
ഒരമ്മ, ഒരിക്കൽ തന്നോടു തന്നെ ഒരു ചോദ്യം ചോദിച്ചു. എന്തുകൊണ്ടാണ് സമസ്ത ജീവജാലങ്ങളെയും കാണുമ്പോൾ
'മുന്നമെന്നുമറിയാത്തൊരൻപിനാൽ
ക്കണ്ണുകളെനിക്കെന്തേനനയുവാൻ?"
ഇതൊരു മാതാവിനു മാത്രം അനുഭവവേദ്യമാകുന്ന കാര്യമാണോ?
കുഞ്ഞ്, പിറക്കുന്നതും വളരുന്നതും അച്ഛന്റെ ഹൃദയത്തിലും കൂടിയാണ്. ഓരോ അച്ഛനും മമതയോടെ അനുഷ്ഠിക്കേണ്ട ഒരു ജഗത്പ്പിതാവിന്റെ കർമ്മം കൂടിയുണ്ട്. അന്നാ പദ്യഭാഗം പഠിപ്പിച്ച മാഷ് പറഞ്ഞതിന്റെ പൊരുൾ ഇപ്പോഴാണ് ഉള്ളിലുറച്ചത്. അന്നു രാത്രിമുഴുവനും കൊച്ചുഡോക്ടറെ കുറിച്ചുള്ള ചിന്തകളാൽ ഉറക്കമേ വന്നില്ല. കട്ടിയുള്ള കണ്ണടഫ്രെയിമിനു പിന്നിലെ കുറുമ്പും സ്നേഹവും നിറഞ്ഞ കണ്ണുകൾ മനസിൽ തെളിഞ്ഞു.
ആശുപത്രിയിൽ വന്നതിനു ശേഷമാണ് കാണുന്നതെങ്കിലും എവിടെയോ നല്ല പരിചയമുള്ള മുഖമാണ്. പക്ഷേ എവിടെ?
ഓർമ്മയുടെ ശിലാപാളികളിൽഎവിടെയോ ആ മുഖഛായ കോറിയിട്ടിട്ടുണ്ട്. ചിലപ്പോൾ തോന്നലുമാകാം.
ആ രാത്രിയിൽ ഒരിക്കൽകൂടി അവൾ കടന്നു വന്നിരുന്നുവെങ്കിലെന്നാഗ്രഹിച്ചുപോയി. വൈകി വന്ന ഉറക്കത്തിൽ മകളുടെ ശൈശവം വിരലിൽതൂങ്ങി കൂടെ നടന്നു. അവൾക്കപ്പോൾ കൊച്ചുഡോക്ടറുടെ മുഖമായിരുന്നു.
നേരം വെളുത്തപ്പോൾ മുതൽ അന്തിയാകാനായി മനസു കൊതിച്ചു.
ഉച്ചയ്ക്ക് കൊച്ചു ഡോക്ടർ കൊടുത്തു വിട്ട ഭക്ഷണ പൊതിയുമായി ഒരു നഴ്സ് വന്നു. പൊതി തുറന്നപ്പോൾ തന്നെ വായിൽ കൊതിയൂറി. ലോകത്തിന്റെ പല ഭാഗത്തുനിന്നു ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിലും അതൊന്നും വാട്ടിയ വാഴയിലയിൽ പൊതിഞ്ഞുകെട്ടിയ പൊതിച്ചോറിന്റെ രുചി തന്നിട്ടില്ല. പൊതി വിടർത്തി നോക്കി. വാട്ടിയ തൂശനിലയിൽ കുറുവനെല്ലിന്റെ തൂവെള്ള നിറത്തിലുള്ള ചോറ്, തേങ്ങാ ചുട്ടരച്ച ചമ്മന്തി, ഉണക്കചെമ്മീനിൽ മൂത്ത തേങ്ങാക്കൊത്തിട്ട എരിവുള്ള ചെമ്മീൻ പിരളൻ, പിന്നെ അസൽ കറിക്കായം മണക്കുന്ന കടുമാങ്ങ അച്ചാറും. വെളിച്ചെണ്ണയില് കാച്ചിയ പപ്പടം ചോറിന്റെ ആവിയില് കുതിർന്നുടയാതെ രണ്ടെണ്ണം. ജീവന്റെ പുസ്തകത്തിലെ താളുകൾ പത്തുമുപ്പതു കൊല്ലം പുറകിലേക്ക് മറിഞ്ഞു. ഓർമ്മകൾ ഒരു കോളേജു വളപ്പിലെ വലിയ പുളിമരത്തിന്റെ ചുവട്ടിലെത്തി, മണ്ണിനു മുകളിൽ പെരുമ്പാമ്പ് പോലെ കിടക്കുന്ന അതിന്റെ തടിച്ച വേരുകളിൽ അമർന്നിരുന്നു.
ഉച്ചഭക്ഷണം കൊണ്ടു പോകുന്ന പതിവില്ലായിരുന്നു. ഒരു ചായയും ചിലപ്പോൾ ഒരു എണ്ണ പലഹാരവുമായിരുന്നു അന്നത്തെ രീതി. ചില ദിവസങ്ങളിൽ അവൾ വാഴയിലയിൽ പൊതിഞ്ഞുകെട്ടിയ പൊതിച്ചോർ എനിക്കു കൂടി കൊണ്ടുവരും. അതിനു പറ്റാത്തപ്പോൾ ഒരിത്തിരി വലിയ പൊതി. സ്പെഷ്യൽ ആയി തേങ്ങാചിരവിയിട്ട മുട്ട പൊരിച്ചത്, അല്ലെങ്കിൽ പപ്പടം. പാചകത്തിൽ സ്നേഹമെന്ന ചേരുവ മേമ്പൊടിപോലെ തൂകുമ്പോഴാണ് അതോർമ്മയിൽ മറക്കാതെ നിൽക്കുന്ന രുചിയായി മാറുകയെന്നവൾ പറയും.
ഓർമയുടെ രുചിക്കൂട്ടുകൾ, മണങ്ങൾ, കണ്ണീരു വീണു നനഞ്ഞു. പാചകം ചെയ്തത് കൊച്ചുഡോക്ടറായിരിക്കാൻ വഴിയില്ല. ഓംലെറ്റ് ഉണ്ടാക്കാനും, ബ്രെഡ് ടോസ്റ്റ് ചെയുന്നതിനുമപ്പുറം ഇപ്പോഴത്തെ കുട്ടികൾക്ക് വല്ലതുമറിയുമോ? വീട്ടിലെ മുതിർന്നവർ ആരെങ്കിലും ഉണ്ടാക്കിയതായിരിക്കാം. ഒരു പാട് നാളുകൾക്കു ശേഷം സംതൃപ്തിയോടെ വയറു നിറച്ചു കഴിച്ചു. ചുട്ടരച്ചതേങ്ങാ ചമ്മന്തിയും ചേർത്തുരുട്ടി വായിലേക്കു വച്ചത് ഉള്ളു പൊള്ളിക്കുന്ന ഓർമ്മകളുടെ ഉരുളകൾ കൂടിയായിരുന്നു.
അല്ല, ഇനിയീ കൊച്ചുഡോക്ടർ ആരായിരിക്കും?കണ്ടു മറന്നതെന്നു തോന്നുന്ന മുഖഛായ വെറും തോന്നലാകുമോ, എന്റെ മകളുമായിട്ടുള്ള സാദൃശ്യവും വെറും തോന്നലോ അതോ? ഊണു കഴിഞ്ഞു കിടന്നപ്പോൾ മനസിങ്ങനെ വെറുതെ ഓരോ കല്പനകൾ തീർക്കാൻ തുടങ്ങി. പകലിനു പതിവിലും ദൈർഘ്യമായിരുന്നു. മടിച്ചു മടിച്ചാണ് ആകാശം ഇരുൾ മൂടിയതുപോലും. കൊച്ചുഡോക്ടർ വരേണ്ട സമയമായില്ലെങ്കിലും ഇടയ്ക്കിടെ വാതിൽക്കലേക്കു നോക്കാതിരിക്കാൻ കഴിഞ്ഞില്ല.
അന്നൽപ്പം നേരത്തെ തന്നെ കൊച്ചുഡോക്ടർ വന്നു. തനിയെ ആയിരുന്നു. സാധാരണ റൗണ്ട്സിനു വരുന്ന സമയമായില്ല.
മുറിയിൽ വന്നപാടെ ചുറ്റും നോക്കി, പിന്നെ എന്റെ വൈറ്റൽ റെക്കാർഡുകളുടെചാർട്ടിലൂടെ കണ്ണോടിച്ചു.
''മോളെ വളരെ നന്ദി, എന്തൊരു രുചിയായിരുന്നു മോൾ കൊടുത്തയച്ച ചോറിനു കറികൾക്കും.""
''അങ്കിളിന് നാടൻഭക്ഷണ രീതികൾ ഇഷ്ടമാണോ?""
''ആണോന്നോ! ഞാമ്പറഞ്ഞില്ലേ ഓരോ തവണ വരുമ്പോഴും എന്റമ്മ എനിക്കായി അതെല്ലാം ഉണ്ടാക്കുമെന്ന്. എന്റെ മോളെ ആ രുചിയൊക്കെ വല്ല പാസ്തയ്ക്കും ബർഗറിനുമൊക്കെ കിട്ടുമോ? അമ്മ അവിടെ കാത്തിരിക്കുകയാണ് ഇവിടെനിന്നു നിങ്ങളൊന്നു വിട്ടിട്ടുവേണ്ടേ അതൊക്കെ പോയി കഴിക്കാൻ.""
ഞാൻ പറയുന്നതും കേട്ട് കൊച്ചുഡോക്ടർ ചിരിച്ചുകൊണ്ടു നിന്നു.
''അല്ല മോളെ... ആ കറികളൊക്കെ മോളാണോ ഉണ്ടാക്കിയത്? എന്തായാലും വാട്ടിയ വാഴയിലയിൽ കൊടുത്തയച്ചതു നന്നായിആ രുചിയും മണവും ഒന്നനുഭവിച്ചിട്ടു എത്രകാലമായി?""
''എന്റെ അമ്മയുടെ കൈപ്പുണ്യമാണ് അതെല്ലാം.""
''അമ്മ.. ? മോളുടെ കൂടെയാണോ അമ്മ താമസം?""
''അതേ, എല്ലാവരും പത്തു മാസം അമ്മയുടെ വയറ്റിൽ കിടക്കുമല്ലോ, ഞാന് ഏഴുമാസം കഴിഞ്ഞപ്പഴേ അമ്മയുടെ വയറ്റിൽ നിന്നും ഇങ്ങിറങ്ങിപ്പോന്നു. അതീപ്പിന്നെ ഞാനും അമ്മയും ഇതുവരേയ്ക്കും പിരിഞ്ഞിട്ടില്ല.""
''അല്ല... ഈ രുചിയൊക്കെ എനിക്കു വളരെ പരിചയം തോന്നി...""
''അതൊക്കെ പോട്ടെ. അല്ലാ, ഇവിടെ നിന്നു പോകണ്ടേ?""
''അല്ല തിരക്കില്ല. പരിശോധനയും ടെസ്റ്റ് റിസൾട്ടുമൊക്കെ കിട്ടിയിട്ട് പതിയെ മതി. അങ്ങനെയല്ലേ എന്റെ മോളും വിളിച്ചു ശട്ടം കെട്ടിയത്? ഇനി അവളു പറഞ്ഞത് കേട്ടില്ലാന്നുള്ള പരാതിയും ഒഴിവാക്കാല്ലോ.""
''കൊള്ളാല്ലോ. ഇത്രയും ദിവസം ഇവിടെ നിന്ന് പോകണമെന്നു പറഞ്ഞു കയറു പൊട്ടിക്കുകയായിരുന്നു. അങ്കിളിനു അമ്മയുടെ അടുത്ത് പോയി ചെമ്മീൻ കറിയും ചക്കക്കുരു കൂട്ടാനൊന്നും കൂട്ടണ്ടേ?""
കൊച്ചു ഡോക്ടർ കളിയാക്കി ചിരിച്ചു
''ടെസ്റ്റുകളൊക്കെ ഓക്കെയാണ്. ഒരു കുഴപ്പവുമില്ല, നാളെ രാവിലെ സീനിയർ ഡോക്ടർ വരും അന്നേരം ഡിസ്ചാർജ് എഴുതും.""
ഞാൻ ജനലിലൂടെ വെറുതെ പുറത്തേയ്ക്കു നോക്കി.എന്റെ മൗനം കണ്ടതുകൊണ്ടാകണം കൊച്ചുഡോക്ടർ എന്റെ തോളിൽ കൈവച്ച് ചിരിച്ചു കൊണ്ട് പറഞ്ഞു
''ഇതൊരു ആശുപത്രിയല്ലേ അങ്കിളേ, പിന്നെ പോകാമെന്നും, വീണ്ടും കാണാമെന്ന് എങ്ങനെയാണ് പറയുക.""
തിരിച്ചറിയാൻ പറ്റാത്ത നോവിലിടറിയപ്പോൾ മനസറിയാതെ ചോദ്യം നാവിൻ തുമ്പിൽ നിന്നും എടുത്തുചാടി.
''അമ്മയ്ക്ക് സുഖമല്ലേ?""
കൊച്ചുഡോക്ടറുടെ മുഖത്ത് നോക്കാൻ ധൈര്യം വന്നില്ല. ഇടനാഴിയിലെ വിളക്കിന്റെ പ്രഭയിൽ മോഹിതമായി അതിനുചുറ്റും കാതരമായ ചിറകടികളോടെപാറിക്കളിക്കുന്ന രാത്രി ശലഭത്തിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു
''ഞാൻ കരുതുന്നു മോളുടെ അമ്മ ഞാനറിയുന്ന ഒരാളാണെന്ന്.""
കുറച്ചു നേരം നിശബ്ദയായി നിന്ന്, അവൾ പതിയെ പറഞ്ഞു.
''അതെ. അങ്കിളിനറിയുന്ന ആൾ തന്നെയാണ്.""
''അങ്കിളിനെ തിരിച്ചറിഞ്ഞപ്പൊഴേ തന്നെ ഞാനക്കാര്യം അമ്മയോട് പറഞ്ഞിരുന്നു.""
''എന്നിട്ടവൾ എന്തു പറഞ്ഞു.""
''വേഗം സുഖമാകാൻ പ്രാർത്ഥിക്കാമെന്നു പറഞ്ഞു.""
''അല്ല വേറെ ഒന്നും അമ്മ ചോദിച്ചില്ലേ?""
''ഞാനമ്മയോട് പറഞ്ഞിട്ടുണ്ട് തടിച്ചു കുടവയർ ചാടി ഒരു ഓണത്തപ്പനെപ്പോലെയുണ്ടെന്ന്.""
അതും പറഞ്ഞവൾ ഉറക്കെ ചിരിച്ചു.
എനിക്ക് ചിരി വന്നില്ല എന്റെ ഹൃദയമിടിപ്പ് എനിക്കു തന്നെ നന്നായി കേൾക്കാം.
''എന്നാപ്പിന്നെ അമ്മയെയും ഒന്നിവിടം വരെ കൂട്ടി വരാമായിരുന്നില്ലേ? എത്ര വർഷമായി ഒന്നുകണ്ടിട്ട്. പത്തുമുപ്പതു കൊല്ലങ്ങൾകഴിഞ്ഞില്ലേ. ഇനി ജീവിതത്തിൽ എന്നെങ്കിലും കണ്ടുമുട്ടുമെന്ന് തോന്നുന്നുമില്ല. ഒരിക്കൽ കൂടി കാണമെന്നും അല്പസമയം വർത്താനം പറയണമെന്നും ആഗ്രഹിക്കാൻ തുടങ്ങിയിട്ട് ഒരുപാട് വർഷങ്ങളായി.""
''ഇന്നു പോരാൻ നേരം ഞാൻ ചോദിച്ചു. അപ്പോഴമ്മ പറഞ്ഞു ഇവിടെ വന്നു അങ്കിളിനെ കണ്ടിരുന്നുവെന്ന്.""
''ഇവിടെയോ? അതെപ്പോൾ? ഞാൻ കണ്ടില്ലല്ലോ. ഇന്നു പകലാണെങ്കിൽ ഞാൻ ഒരു പോള കണ്ണടച്ചിട്ടു കൂടിയില്ല.""
''അമ്മ അങ്ങനെയാണ്. ആർക്കും മുഖം തരില്ല എന്നാൽ എല്ലാം കാണുകയും അറിയുകയും ചെയ്യും.""
അതു ശരിയാണ്. അവൾ അങ്ങനെയാണ്. ഞാൻ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. അവൾ ഒരിക്കലും എനിക്ക് പിടിതന്നില്ല. എന്നാൽ എന്നെക്കുറിച്ച് അവളെല്ലാം അറിയുന്നുണ്ടായിരുന്നു. ഇതാ,അവളിപ്പോള് ഇവിടെവന്നു എന്നെ കണ്ടു മടങ്ങി പോലും!.
''എന്റമ്മയെ അങ്കിളിനു അത്രയ്ക്ക് ഇഷ്ടമാണോ?""
കൊച്ചുഡോക്ടറിന്റെ ചോദ്യം എന്നെ ചിന്തയിൽ നിന്നും ഉണർത്തി
''ആണോന്നു ചോദിച്ചാൽ... ഒരിക്കൽ ജീവന്റെ ഭാഗമായി ചേർത്തു പിടിച്ചതാണ്. പിന്നെ മാറ്റി നിർത്താൻ ഇതുവരേയ്ക്കും എനിക്കായിട്ടില്ല.""
''അതെന്താ എന്നിട്ടങ്കിൾ എന്റെമ്മയെ കല്യാണം കഴിക്കാതിരുന്നത്?""
കുസൃതിച്ചിരിയോടവൾ ചോദിച്ചു. അവളുടെ ചിരിയും ചോദ്യവും കേട്ടതോടെ എന്റെ മനസും അയഞ്ഞു.
''കൊള്ളമല്ലോടി കാന്താരി നീ. എന്റെ ഡോക്ടറേ, ഞാൻ നിന്റമ്മയെ കെട്ടിയിരുന്നെങ്കിൽ പിന്നെങ്ങിനെ നിന്റെ അപ്പന്റെ മകളായി, നിന്റമ്മയുടെ വയറ്റിൽ ഈ കാന്താരിക്കുട്ടി ജനിക്കുക?""
''അമ്മയെ പിന്നെ കണ്ടിട്ടില്ലേ ഇതുവരെ?""
''ഞാൻ കണ്ടിട്ടില്ല.""
''അല്ല... മോളിതൊക്കെ എങ്ങനെ അറിഞ്ഞു. ആ വായാടി എല്ലാം നിന്നോട് പറഞ്ഞോ?""
''ഏയ് അങ്ങനല്ല അങ്കിളേ, ഒരുസമയം ഞാൻ ജീവിതത്തിൽ ഏറ്റവും വെറുത്തിരുന്ന ആളായിരുന്നു നിങ്ങൾ. ഈ പേരു ചൊല്ലി വീട്ടിൽ പലപ്രാവശ്യം വഴക്കുണ്ടായി.""
കൊച്ചുഡോക്ടർ എന്റെ അടുത്ത് വന്നിരുന്നു.
''പിന്നെ കുറച്ചു പ്രായമായപ്പോൾ, ലോകത്തെക്കുറിച്ച് കുറച്ചു കൂടി അറിയുകയും ജീവിതത്തെ കണ്ടറിയുകയും ചെയ്തപ്പോൾ എനിക്ക് ബോദ്ധ്യമായി എന്റമ്മ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന്, അതുപോലെ അങ്കിളും.
എന്റെ അമ്മയെ അങ്കിൾ സ്നേഹിച്ചിട്ടല്ലേയുള്ളൂ. എന്റെ അമ്മയോടൊരാൾ ഉള്ളിൽ സ്നേഹം സൂക്ഷിക്കുന്നുണ്ടെങ്കിൽ അതിലെന്താണ് എന്റെ അമ്മയുടെ പിഴ.""
''മോളെ നിന്നെപോലെയുള്ള പുതിയതലമുറക്കാർ ഇങ്ങിനെ ചിന്തിക്കുന്നത് കാണുന്നത് തന്നെ വലിയ സന്തോഷമാണ്. എങ്കിലും ഇന്നത്തെ ചുറ്റുപാടുകൾ എന്നെ വല്ലാതെ ആകുലനാക്കുന്നു. ശാസ്ത്രവും മാനവികതയും പുതിയ തലമുറയിൽ നിന്നു പോലും അകന്നു പോയിരിക്കുന്നു.""
''അങ്കിളേ ഞാൻ പോട്ടെ നേരം വൈകി. റൗണ്ട്സിനു പോകണം. അങ്കിൾ കിടന്നോളൂ.""
അവൾ പുറത്തേക്കു നടക്കാൻ തുടങ്ങി
''മോളെ...""
വിളികേട്ടു വാതിൽക്കൽ തിരിഞ്ഞു നിന്ന കൊച്ചുഡോക്ടർ എന്താണ് കാര്യമെന്നറിയാൻ നോക്കി
''ആ ഒന്നുമില്ല. മോൾ പോയ്ക്കോ ഞാൻ വെറുതെ...""
പുറത്തേക്കിറങ്ങാൻ തുടങ്ങിയ കൊച്ചുഡോക്ടർ തിരിച്ചരികിൽ വന്നു ശബ്ദം താഴ്ത്തി ചോദിച്ചു
''അമ്മയെ കാണണമായിരിക്കും, അല്ലേ അങ്കിളെ?"
ഞാനൊന്നും മിണ്ടിയില്ല. പിറ്റേന്ന് അവളുടെ ഒഫ് ഡേ ആണ്. ഡിസ്ചാർജ് ചെയ്യുന്ന സമയത്തു വരാമെന്നു പറഞ്ഞു കൊച്ചുഡോക്ടർ നടന്നകന്നു.
അന്നുരാത്രി ഞാനുറങ്ങിയില്ല. സ്കൂൾ അവധിക്ക് അമ്മ വീട്ടിൽ വിരുന്നു പോകാൻ നിശ്ചയിച്ച ദിവസത്തിന്റെ തലേരാത്രികൾ ഇതുപോലായിരുന്നു. ജീവിതത്തിലെ ഏറ്റവും ദൈർഘ്യം കൂടിയ രാത്രി, ഉറക്കം വരാത്ത രാത്രി. ഉറങ്ങാതെ ഓരോ ആലോചനയിൽ മുഴുകി നേരം വെളുപ്പിച്ചു.
വർഷങ്ങളുടെ ഇടവേളകൾക്കു ശേഷം ഒരിക്കൽകൂടി, ഒരുപക്ഷേ ആയുസിൽ അവസാനമായി അവളെ കാണുവാൻ പോവുകയാണ്. എന്താണ് ഞാനവൾക്ക് കൊടുക്കുക? എന്റെ കയ്യിലാണെങ്കിൽ ഒന്നുമില്ല. എങ്ങിനെയായിരിക്കും എന്നെ കാണുമ്പോഴവൾ പ്രതികരിക്കുക? നാളെ ചെല്ലുമ്പോൾ ഊണുകഴിച്ചിട്ട് പോകാമെന്നവൾ പറയാതിരിക്കില്ല. പക്ഷേ അതൊന്നും വേണ്ട അധികനേരം ചെലവഴിക്കണ്ട ഒരു അഞ്ചോ പത്തോ മിനുട്ട്, അതിൽ കൂടുതൽ ശരിയാവില്ല. അല്ല, അതിൽ കൂടുതലൊന്നും തമ്മിൽ പറയാനും ഉണ്ടാവില്ല. അവളുടെ കൈകൊണ്ടു ഉണ്ടാക്കിയ ഒരു കപ്പു ചായമാത്രം ആവശ്യപ്പെടണം, അതവളുടെ കയ്യിൽ നിന്നും വാങ്ങിച്ചു കുടിക്കണം. അതുമതി, ബാക്കിയുള്ള ആയുസിൽ ഓർത്തിരിക്കാൻ ആവി പറക്കുന്ന ആ ഒരു കപ്പു ചായയുടെ ഊഷ്മളത തന്നെ ധാരാളം.
***************
കാർ പട്ടണത്തിന്റെ തിരക്കിൽ നിന്നും പുറത്തേക്ക് കടന്നു. തിരക്കു കുറഞ്ഞ റോഡിൽ എത്തിയതോടെ കൊച്ചുഡോക്ടറുടെ മുഖത്തെ പിരിമുറുക്കം കുറഞ്ഞു. എന്റെ നേരെ നോക്കി ഒന്നു പുഞ്ചിരിച്ചു, പിന്നെ ഡ്രൈവർ സീറ്റിൽ ശാന്തമായി ചാഞ്ഞിരുന്നുകൊണ്ട്സൂക്ഷമതയോടെ കാർ മുന്നോട്ടു പായിച്ചു. അധികം നേരം കഴിഞ്ഞില്ല അപ്പോഴേക്കും കാർ ഒരു പള്ളിയുടെ കവാടം കടന്നു പള്ളിമുറ്റത്തൊരരികിലായി പാർക്ക് ചെയ്തു.
''മോളെ നമ്മൾ എന്താണിവിടെ?""
''അങ്കിൾ, അമ്മ ഇവിടെയാണിപ്പോൾ.""
കൊച്ചുഡോക്ടർ പറഞ്ഞതിന്റെ പൊരുൾ ഗ്രഹിക്കാൻ എനിക്കൽപ്പം സമയം വേണ്ടിവന്നു. കാറിലിരുന്നുകൊണ്ട് ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു. മനസിൽ തമ്പേർ മുഴങ്ങുന്നുണ്ട്. ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന സ്നേഹിതയെ കാണാൻ കൊതിച്ചു പുറപ്പെട്ടതാണ്. ഹൃദയം താളം തെറ്റുന്നത് ഞാൻ കേൾക്കുന്നുണ്ട്. പ്രാണൻ പറിഞ്ഞു പോകുമെന്ന് തോന്നുന്നു.
''അങ്കിളേ ഇറങ്ങിവാ...""
എന്റെ ചിന്തയെ വിടർത്തിക്കൊണ്ട് കൊച്ചുഡോക്ടറുടെ വിളി കാതിലെത്തി. പുറത്തിറങ്ങി ചുറ്റും ഒരിക്കൽ കൂടി കണ്ണുകളോടിച്ചു. വലിയ ഒരു ദേവാലയമായിരുന്നത്.അതിന്റെ വലിപ്പവും നിർമ്മാണ രീതികളും കാണാന് വേണ്ടി എന്നും തന്നെ അവിടെ സന്ദർശകർ കടന്നു വരാറുണ്ട്, പതിയെ ആ ദേവാലയം ഒരു തീർത്ഥാടനകേന്ദ്രമായി മാറി. പള്ളി മുറ്റത്ത് ഏതാനും ആളുകളും വാഹനങ്ങളും കാണപ്പെട്ടു. കുറച്ചാളുകൾ പള്ളിക്കകത്തിരിക്കുന്നുണ്ട്. കൊച്ചു ഡോക്ടർ പള്ളിമുറ്റത്തുള്ള ചെറിയ സുവനീർ കടയിൽ നിൽക്കുന്ന കന്യാസ്ത്രീയോടു എന്തോ കുശലപ്രശ്നങ്ങൾ നടത്തുന്നതും ഒരു പനിനീർ പൂവും മെഴുകുതിരിയും വാങ്ങിക്കുന്നതും കണ്ടു. മാതാവിന്റെ നാമത്തിലുള്ള പള്ളിയല്ലേ മാതാവിനർപ്പിക്കാനായിരിക്കണം ആളുകൾ പൂക്കൾ വാങ്ങുന്നത്.
'ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീർ പുഷ്പം" എന്നുള്ള വിശേഷണം കൂടി മാതാവിനുണ്ട്.
കൊച്ചുഡോക്ടർ എന്റെ അടുക്കലെത്തി തോളിൽ തട്ടി പറഞ്ഞു
''അങ്കിളേ ഇതിലെ..""
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവൾ എനിക്കു മുന്നേ പള്ളിയുടെ തെക്ക് ഭാഗത്തേക്ക് നടക്കാൻ തുടങ്ങി. ചരൽ നിറച്ച പള്ളിമുറ്റത്തിനെതിരായി ഇഷ്ടികകൾ ചരിച്ചു കുത്തി നിർത്തി അതിനപ്പുറം പൂന്തോട്ടം നട്ടുപിടിപ്പിച്ചിരുന്നു. ചരലിലെ പദചലനത്തിന്റെചിതറിയ ശബ്ദത്തിനൊപ്പം ചെറിയ വെള്ളാരം കല്ലുകളും ചിതറിത്തെറിക്കുന്നുണ്ട്. ഉൽക്കടമായ വിചാരത്താലിടറിയ മനസും കാലുകളും ആയാസപ്പെട്ട് ചലിപ്പിച്ചു കൊണ്ട് കൊച്ചുഡോക്ടറുടെ ഒപ്പമെത്താൻ വേഗത്തിൽ നടന്നു.
പള്ളിയുടെ പിൻ ഭാഗത്തെത്തിയപ്പോൾ രണ്ടു മാലാഖമാർ കാവൽ നിൽക്കുന്ന ഒരു കവാടം കണ്ടു. അതിൽ ഒരു മാലാഖയുടെ കൈയിൽ കാഹളം മുഴക്കാനുള്ള 'കൊമ്പ്" ഉണ്ടായിരുന്നു. കൊമ്പ് ഉയർത്തിപ്പിടിച്ചുകൊണ്ട് അന്തിമനാളിൽ മൃതരെ അവരുടെ നിദ്രയിൽനിന്നും ഉണർത്തുന്നതിനുള്ള 'കാഹളധ്വനി" മുഴക്കാൻ നിൽക്കുകയാണ് മാലാഖ. ആ നിമിഷം എപ്പോഴാണെന്ന് സർവ്വശക്തനല്ലാതെ മാലാഖമാർക്കു പോലും നിശ്ചയമില്ലാത്തതിനാൽ അവർ സദാ തയ്യാറായി നിൽക്കുകയാണ്. മറ്റേ മാലാഖ കൈയിൽ വലിയൊരു 'ചുരുൾ"പിടിച്ചിട്ടുണ്ട്. ചുരുളിന്റെ ഒരുഭാഗം നിവർത്തിക്കൊണ്ട് ചുരുൾ വായിക്കാനായി അതിലൂടെ കണ്ണോടിക്കുകയായിരുന്നു മാലാഖയപ്പോൾ. 'എല്ലാവരും എത്തുന്നിടം" എന്നൊരു വാചകവും ആ കവാടത്തിൽ വലിയ അക്ഷരങ്ങളിൽ എഴുതി വച്ചിട്ടുണ്ട്.
നടപ്പു നിർത്തി, ഞാൻ നടന്നെത്തുന്നതും നോക്കി നിൽക്കുകയായിരുന്നു കൊച്ചു ഡോക്ടർ. അപ്പോഴും പൂർണമായും വിശ്വാസം വരാതെ അമ്പരപ്പോടെ കൊച്ചുഡോക്ടറോട് ചോദിച്ചു
''മോളെ ഇവിടെ?""
''അതേ അങ്കിളേ, ഇവിടെയാണ്.""
വിഷാദം മുറ്റിനിന്ന മന്ദഹാസത്തോടെ അവൾ എന്നെ നോക്കി പറഞ്ഞു. അവളുടെ കണ്ണുകളിലപ്പോൾ കണ്ടത് സ്വന്തം ദുഃഖത്തെക്കാൾ ഏറെയായി എന്റെ വേദനയെക്കുറിച്ചുള്ള വേവലാതിയാണ്. സെമിത്തേരിയിലേക്കുള്ള പടികൾ കയറാനെനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നു. എങ്കിലും അവളെന്റെ കൈത്തലം കവർന്നു. ആ കൈയിലെ സ്നേഹത്തിന്റെ ഊഷ്മളതയും അനുകമ്പയുടെ നനവും ഞാനനുഭവിച്ചറിഞ്ഞു. അവളെന്റെ തോളോട് ചേർന്നു ഒരു പിതാവിനു നൽകുന്ന കരുതൽ പോലെ എന്റെ കൈയും പിടിച്ചുകൊണ്ടു നടന്നു.
കല്ലറയുടെ മുമ്പിൽ എത്തിയപ്പോൾ കൊച്ചുഡോക്ടർ മെഴുകുതിരി തലക്കൽ കത്തിച്ചുവെച്ചു പിന്നെ എന്റെ കൈയിലേക്ക് ചുവന്ന റോസാപ്പൂ നൽകി. മണ്ണിൽ മുട്ടുകുത്തി നിന്നുകൊണ്ട് എന്നും നിറയുന്ന പ്രണയ ചഷകത്തിന്റെ പ്രതിരൂപമായ ചെമ്പനീർ അവൾക്കായി നൽകി. മാർബിൾ ഫലകത്തിലേക്ക് കമിഴ്ന്നു കിടന്നുകൊണ്ട് അവളുടെ കാലുകളിൽ എന്റെ കൈകൾ വയ്ക്കുകയും ചുംബിക്കുകയും ചെയ്തു. എന്റെ ഹൃദയത്തിൽ നിന്നും ചാലിട്ടൊഴുകിയ രക്തം വെളുത്ത മാർബിൾ ഫലകത്തിൽ പരന്നൊഴുകികൊണ്ടവളുടെ അവ്യക്ത ചിത്രം കോറിയിട്ടൂ. എനിക്കു മുമ്പേ അവൾ കടന്നുപോകരുതെന്ന് ഞാൻ കൊതിച്ചിരുന്നു. എന്റെ മരണത്തിൽ നീറിയവൾ പൊഴിക്കുന്ന ഒരിറ്റുകണ്ണുനീർ എനിക്കായി ഒരുക്കപ്പെടുന്ന നരകാഗ്നിയെ കെടുത്തുമെന്ന എന്റെ ആശയും നഷ്ടമായിരിക്കുന്നു.
''പപ്പാ...നേരം ഒത്തിരിയായി നമുക്ക് പോയാലോ?""
കൊച്ചുഡോക്ടറുടെ ശബദംഎന്നെ വിളിച്ചുണർത്തി.
''മോളെ നീ എന്താ പറഞ്ഞത്?""
''ഏയ് ഒന്നുമില്ല, നാക്കേൽ പപ്പേന്നാണ് പെട്ടന്ന് വന്നത്. അല്ലാ, നമുക്ക് പോയാലോന്ന് ചോദിച്ചതാണ്.""
എന്റെ വിറയ്ക്കുന്ന കൈകൾക്കുമേൽ അവളുടെ മൃദുവായ കൈകൾ ചേർത്തു വച്ചെന്നെ എഴുന്നേൽക്കാൻ സഹായിച്ചു. എന്റെ കൈകളിൽ പിടിച്ചുകൊണ്ടവൾ പുറത്തേക്ക് നടന്നു. കവാടത്തിലൂടെ തിരിച്ചിറങ്ങുമ്പോൾ കാഹളം മുഴക്കാനുള്ള വലിയ കൊമ്പ് കൈയിലുള്ള മാലാഖ എന്റെ മുഖത്തേയ്ക്ക് സൂക്ഷിച്ചുനോക്കുന്നതും ചുരുൾ കൈയിലുള്ള മാലാഖ എന്റെ പേരു തിരഞ്ഞുകൊണ്ട് ചുരുളിലൂടെ കണ്ണോടിക്കുന്നതും കണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |