SignIn
Kerala Kaumudi Online
Wednesday, 09 July 2025 1.42 PM IST

ഇതാ ഒരു മനുഷ്യൻ

Increase Font Size Decrease Font Size Print Page

ee

മമ്മൂട്ടിയെക്കുറിച്ച് ഇതിനു മുമ്പ് പല പുസ്തകങ്ങളും വന്നിട്ടുണ്ട്. 'ചമയങ്ങളില്ലാതെ" എന്ന ആത്മകഥാപരമായ പുസ്തകവും അതിൽപെടും. എന്നാൽ രമേഷ് പുതിയമഠം എഴുതി തയ്യാറാക്കി തലശ്ശേരിയിലെ ബ്ലൂ ഇങ്ക് ബുക്‌സ് പ്രസിദ്ധീകരിച്ച 'മമ്മൂട്ടി: നാട്യങ്ങളില്ലാതെ, നിറക്കൂട്ടില്ലാതെ' എന്ന പുസ്തകം അതിൽനിന്നൊക്കെ വിഭിന്നമാണ്. മമ്മൂട്ടി എന്ന മഹാമനുഷ്യന്റെ ഉള്ളിലെ കാരുണ്യത്തിന്റെ നീരുറവ തിരിച്ചറിഞ്ഞിട്ടില്ലാത്തവർ അദ്ദേഹത്തെ അഹങ്കാരിയും ജാഡക്കാരനുമാക്കിയിട്ടുണ്ടാകാം. അത്തരം മുൻവിധികളെ പൊളിച്ചടുക്കുക കൂടിയാണ് ഈ പുസ്തകം. സിനിമാരംഗത്തെയും അല്ലാത്തവരുടെയുമായ അമ്പതോളം പ്രമുഖരാണ് മഹാനടനൊപ്പമുള്ള ഓർമ്മകൾ പങ്കുവയ്‌ക്കുന്നത്.

മുഖ്യധാരാസമൂഹത്തിൽനിന്നും ഒറ്റപ്പെട്ടുപോയവർ, തിരസ്‌കരിക്കപ്പെട്ടവർ... ചിലപ്പോൾ ദൈവത്തിന് അവരുടെ മുമ്പിൽ നേരിട്ട് പ്രത്യക്ഷപ്പെടാൻ കഴിഞ്ഞെന്നുവരില്ല. അപ്പോൾ തന്റെ പ്രതിനിധിയായി മറ്റൊരു പേരിൽ ചിലരെ ഭൂമിയിലേക്കയക്കുന്നു. അതിലൊരാളാണ് മമ്മൂട്ടിയെന്ന പേരിൽ നാമറിയുന്ന ആൾ എന്ന് ഈ പുസ്തകം തിരിച്ചറിവ് നൽകുന്നു. മമ്മൂട്ടി ഇന്നുവരെ അദ്ദേഹം കൈയയച്ച് സഹായിച്ച കഥകളൊന്നും മെഗാഫോൺ വെച്ച് വിളിച്ചുപറഞ്ഞിട്ടില്ല. ഇടതുകൈകൊണ്ട് കൊടുക്കുന്നത് വലതുകൈ അറിയരുതെന്ന ബൈബിൾവചനം ജീവിതത്തിൽ ഇന്നേവരെ പാലിക്കുന്ന ആളാണ് മമ്മൂട്ടിയെന്നും നാം തിരിച്ചറിയുന്നു. ഇതൊരു ചെറിയ കാര്യമല്ലതന്നെ.
മമ്മൂട്ടിയുടെ സഹായമനസ്ഥിതിയെക്കുറിച്ചുള്ള അനുഭവകഥയാണ് നടൻ അബുസലിം 'സങ്കടങ്ങളെ സ്‌നേഹിച്ച മനുഷ്യൻ" എന്ന കുറിപ്പിലൂടെ നമുക്ക് പറഞ്ഞുതരുന്നത്. ഇതേപോലെയുള്ള ചികിത്സാസഹായങ്ങൾ വേണമെങ്കിൽ പറയാൻ മടിക്കരുതെന്ന് അബുവിനെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു, മമ്മൂട്ടി. വ്യക്തിപരമായി നടൻ കുഞ്ചനും ഇതുപോലൊരു കഥ പറയാനുണ്ട്. വീട് പണിയുമ്പോൾ ചോദിക്കാതെ 75,000 രൂപ സഹായിച്ചതും അതിന് മുമ്പ് പണത്തിന് ബുദ്ധിമുട്ടിയപ്പോൾ കണ്ടറിഞ്ഞ് പതിനായിരം രൂപ നൽകിയതും.
2021 വരെ മമ്മൂട്ടി വേഷപ്പകർച്ച നൽകിയ 380 സിനിമകളുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകളും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ചലച്ചിത്രവിദ്യാർത്ഥികൾക്ക് അമൂല്യമായ നിധിയായിവേണം ഈ ക്ലേശകരമായ തിരഞ്ഞെടുപ്പിനെ കാണാൻ. കൈയിലെടുത്താൽ ഒറ്റയിരിപ്പിന് വായിച്ചുതീർക്കാൻ കഴിയുന്ന പുസ്തകം കൂടിയാണിത്. വായിച്ചുകഴിഞ്ഞാൽ ഇങ്ങനെയും ഒരു മെഗാസ്റ്റാറോ എന്ന് നമ്മൾ അത്ഭുതപ്പെടാം. തീർച്ചയായും, അവരെ നമ്മൾ ഇത്തരത്തിൽ അറിയേണ്ടതുണ്ട്. അവർക്കത് നിർബന്ധമില്ലെങ്കിലും.

(ലേഖകന്റെ ഫോൺ നമ്പർ: 94475 19446)

TAGS: BOOK REVIEW, WEEKEND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LITERATURE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.