കൊച്ചി: 'വീടിന് മുകളിൽ വീഴുമോ എന്ന പേടിയിലാണ് ആ ഹെലികോപ്ടർ നോക്കിനിന്നത്. ആ കാഴ്ച ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല"- എം.എ. യൂസഫലി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ടപ്പോൾ ദൃക്‌സാക്ഷിയായ പനങ്ങാട് കുറ്റിക്കാട്ടുവീട്ടിൽ രാജേഷിന്റെ വാക്കുകളിൽ ഇപ്പോഴും പേടിയുടെ നിഴലുണ്ട്. 'പുലർച്ചെ മുതൽ മഴ തകർത്തുപെയ്തതിനാൽ മുറ്റത്ത് കെട്ടിക്കിടന്ന മഴവെള്ളം ചാലുവെട്ടി ഞാനും ഭാര്യ ബിജിയും ഒഴുക്കിവിടുകയായിരുന്നു. ഇതിനിടെയാണ് ഹെലികോപ്ടർ താഴ്ന്നുപറക്കുന്നത് കണ്ടത്. ഹെലികോപ്ടർ ഈ തെങ്ങിന് കുറച്ചു കൂടി ഉയരത്തിലാണ് പോയത്". മുറ്റത്ത് നിൽക്കുന്ന തെങ്ങിനെച്ചൂണ്ടി രാജേഷ് പറഞ്ഞു.
'ഞൊടിയിടയിൽ ചതുപ്പ് നിലത്തിന് മുകളിലെത്തി. രണ്ടു നിമിഷം നിന്ന ശേഷം വലിയ ശബ്ദത്തിൽ താഴേക്ക് വീണു. പേടിച്ച് വിറച്ചുപോയി. സമനില കിട്ടിയപ്പോൾ ഞാൻ ചതുപ്പിലേക്ക് ഓടി. പങ്ക അതിവേഗം കറങ്ങുന്നതിനാൽ അടുത്തേക്കെത്താനായില്ല. ഏതാനും മിനിറ്റെടുത്താണ് പങ്കയുടെ കറക്കം നിന്നത്. ഉടൻ കുടയുമായി ചതുപ്പിലേക്കിറങ്ങി. അപ്പോഴും മഴയായിരുന്നു. അകത്തു നിന്ന് വാതിൽ തുറക്കാൻ പൈലറ്റ് ശ്രമിക്കുന്നുണ്ടായിരുന്നു. കുറേശ്രമത്തിനുശേഷമാണ് അദ്ദേഹത്തിന് വാതിൽ തുറക്കാനായത്. തുടർന്ന് ഓരോത്തരെയും കുടയിൽ കരയിലെത്തിച്ചു. ഇതിനിടയിലാണ് യൂസഫലി ഇറങ്ങിയത്. അദ്ദേഹം ഇറങ്ങിയപ്പോൾ നടുവേദനയുണ്ടെന്ന് പറഞ്ഞിരുന്നു. ഭാര്യയോട് പറഞ്ഞ് വീട്ടിൽ നിന്ന് കസേര എത്തിച്ച് അദ്ദേഹത്തെ ഇരുത്തി. അപ്പോഴും അത് യൂസഫലിയും ഭാര്യയുമാണെന്ന് എനിക്ക് അറിയില്ലായിരുന്നു. എല്ലാവരും നീല നിറത്തിലുള്ള പി.പി.ഇ കിറ്റ് ധരിച്ചിരുന്നു. ഭാര്യയാണ് പനങ്ങാട് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്. അവർ ഉടനെത്തി ഏഴുപേരെയും വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു".
പനങ്ങാട് ചുമട്ടുതൊഴിലാളിയാണ് രാജേഷ്. പനങ്ങാട് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ ബിജി പ്രസവാവധിയിലാണ്. രാജേഷിന്റെയും പെങ്ങൾ പ്രമീളയുടെയും വീടുകൾ മാത്രമാണ് ഇവിടെയുള്ളത്. നെട്ടൂർ സ്വദേശി പീറ്ററിന്റെ സ്ഥലത്താണ് ഹെലികോപ്ടർ വീണത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |