തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി കെ ടി ജലീലിനെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വലിയ അഴിമതിക്കാരനാണെന്ന് പറഞ്ഞ അദ്ദേഹം ലാവ്‌ലിൻ കേസിലെ ആറാംപ്രതി ഏത് അഴിമതിക്കാരനെയും രക്ഷിക്കുമെന്ന് ആരോപിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ലോകായുക്ത നിമയം കൊണ്ടുവന്ന ഇ കെ നായനാരുടെ ആത്മാവ് പിണറായിയാേട് പൊറുക്കില്ല. ലോകായുക്തയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രി രാജിവച്ച് പുറത്തുപോകണമെന്ന് വിധിച്ചത്. ലോകായുക്തയുടെ വിധിക്കെതിരെ അപ്പീൽ പോകാൻ കഴിയില്ല. സാങ്കേതികമായി ഹൈക്കോടതിയെ സമീപിക്കാമെന്നേ ഉള്ളൂ. മന്ത്രി കെ ടി ജലീലിനെ പുറത്താക്കാത്ത പിണറായിയുടേത് എന്ത് ധാർമികതയാണ്. സ്വജനപക്ഷപാതവും അഴിമതിയും കാട്ടിയ ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിയടക്കം രാജിവച്ച് പുറത്തുപോകണം.കേരളം കണ്ട ഏറ്റവും വലിയ അഴിമതി ലാവ്‌ലിൻ അഴിമതിയാണ്. കേസ് പരിഗണിക്കുന്നത് പലപ്രാവശ്യം മാറ്റിവച്ചു. അത് രാഷ്ട്രീയ സ്വാധീനം കൊണ്ടാണ്. ജലീലിന്റെ കാര്യത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. മാസങ്ങൾ നീണ്ട വിസ്താരം നടത്തി ലോകായുക്ത വിധി പറഞ്ഞിട്ടും കെ ടി ജലീലിനെ സംരക്ഷിക്കാൻ പഴുതുകൾ തേടുന്ന മുഖ്യമന്ത്രിയല്ലേ കാട്ടുകള്ളൻ. മുഖ്യമന്ത്രി നടപടിയെടുക്കുമെന്നാണ് കൊടിയേരിയും കാനവും പറഞ്ഞത്. മുഖ്യമന്ത്രി ഒരു നടപടിയും എടുത്തില്ല. കാരണം അദ്ദേഹവും ഇതിലെ കൂട്ടുപ്രതിയാണ്. അദ്ദേഹമാണ് വിദ്യാഭ്യാസ യോഗ്യതപോലും മാറ്റം വരുത്തിയതിന് കൂട്ടുനിന്നത്. ആ മുഖ്യമന്ത്രി എങ്ങനെയാണ് ജലീലിനെ പുറത്താക്കുന്നത്. - ചെന്നിത്തല ചോദിച്ചു.
സ്പീക്കറെക്കുറിച്ച് പ്രതിപക്ഷം പറഞ്ഞ ഓരോ കാര്യവും ശരിയായി വന്നില്ലേ. അഴിമതിയും കൊള്ളയും നടത്തുന്ന ഒരു സർക്കാരിനെയാണ് ജനങ്ങൾ പുറത്താക്കാൻ കാത്തുനിൽക്കുന്നത്. മെയ് 2ന് വോട്ടെണ്ണിക്കഴിയുമ്പോൾ കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരും.ഇക്കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |