ഇൻഡോർ 75, ഔട്ട്‌ഡോർ 150 പേർ മാത്രം
തിയേറ്റർ, ബാർ രാത്രി 9ന് അടയ്ക്കും
തിരുവനന്തപുരം: കൊവിഡ് കുതിക്കുന്ന സാഹചര്യത്തിൽ അടുത്ത രണ്ടാഴ്ച നിയന്ത്രണങ്ങൾ കർക്കശമാക്കാനും ഇന്നും നാളെയുമായി രണ്ടര ലക്ഷം ടെസ്റ്റുകൾ നടത്തി വ്യാപന രൂക്ഷത മനസിലാക്കി തുടർനടപടിക്കും ഇന്നലെ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനം. നിരോധനാജ്ഞ പുറപ്പെടുവിക്കാൻ ജില്ലാകളക്ടർമാർക്ക് മുൻകൂർ അനുമതിയും നൽകി.
തിയേറ്ററുകളും ബാറുകളും രാത്രി 9 വരെയേ പ്രവർത്തിക്കാവൂ. ഹാളുകളിലെ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 75, പുറംവാതിൽ പരിപാടികളിൽ 150 എന്നിങ്ങനെ പരിമിതപ്പെടുത്തി. അടുത്ത രണ്ടാഴ്ച വ്യാപാര മേളകൾ പാടില്ല. വ്യാപക പരിശോധന, കർശന നിയന്ത്രണം, ഊർജിതമായ വാക്സിനേഷൻ എന്നിവയിലൂടെ രോഗവ്യാപനം തടയാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉയർന്ന വ്യാപനത്തോതുള്ള പ്രദേശങ്ങളിലും മാർക്കറ്റുകളിലും മൊബൈൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തും. രണ്ടാഴ്ച എല്ലാ സർക്കാർ വകുപ്പുകളും സഹകരിച്ച് ഏകോപിത നടപടിയെടുക്കും. കണ്ടെയിൻമെന്റ് സോണുകൾ നിർണയിക്കുന്നത് കൊവിഡ് പരിശോധനയ്ക്ക് തടസമാകരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
പരീക്ഷാകാലമായതിനാൽ വിദ്യാർത്ഥികൾക്ക് വേണ്ടത്ര യാത്രാസൗകര്യം ഏർപ്പെടുത്തും. ആരാധനാലയങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ ജില്ലാ ഭരണാധികാരികൾ അതത് പ്രദേശത്തെ മതനേതാക്കളുമായി സംസാരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂട്ടപ്പരിശോധന ഇവർക്ക്
കൊവിഡ് വളരെവേഗം വ്യാപിക്കുന്നിടത്ത് താമസിക്കുന്നവർ, പൊതു ഗതാഗത മേഖല, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല, കടകൾ, ഹോട്ടലുകൾ, മാർക്കറ്റുകൾ, സേവനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ, ഡെലിവറി എക്സിക്യൂട്ടീവുകൾ തുടങ്ങി ഹൈറിസ്‌ക് വിഭാഗത്തെ കണ്ടെത്തിയാണ് രണ്ടു ദിവസം ടെസ്റ്റ് നടത്തുക. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കാളികളായവരെയും പരിശോധനയ്ക്ക് വിധേയരാക്കും.
ആൾക്കൂട്ടം പാടില്ല
1 വലിയ തിരക്കുള്ള മാളുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ ആളുകൾ കൂടരുത്
2 വിവാഹം, ഗൃഹപ്രവേശം എന്നിവ മുൻകൂറായി ജില്ലാ അധികൃതരെ അറിയിക്കണം
3 ട്യൂഷൻ സെന്ററുകളിൽ കൊവിഡ് കരുതൽ പാലിക്കുന്നുണ്ടോയെന്ന് പരിശോധന
4 ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും ആൾക്കാർ കൂടാൻ പാടില്ല
5 ബസിലുൾപ്പെടെ നിയന്ത്രണം ഉറപ്പാക്കാൻ വ്യാപക പരിശോധന
ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല. നിയന്ത്രണങ്ങൾ ജനപങ്കാളിത്തത്തോടെ നടപ്പാക്കാനാണ് ആലോചന
വി.പി. ജോയി, ചീഫ് സെക്രട്ടറി
ഇന്നലെ രോഗികൾ 8126, ടെസ്റ്റ് പോസിറ്റിവിറ്റി 13.34%
സംസ്ഥാനത്ത് ഇന്നലെ 8126 പേർക്കും വിഷു ദിവസം 7515 പേർക്കുമാണ് രോഗം ബാധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34 ശതമാനം. 20 മരണങ്ങളും സ്ഥിരീകരിച്ചു. എറണാകുളം 1267, കോഴിക്കോട് 1062, തിരുവനന്തപുരം 800, കോട്ടയം 751, മലപ്പുറം 744, തൃശൂർ 704, കണ്ണൂർ 649, പാലക്കാട് 481, കൊല്ലം 399, പത്തനംതിട്ട 395, ആലപ്പുഴ 345, ഇടുക്കി 205, വയനാട് 166, കാസർകോട് 158 എന്നിങ്ങനെയാണ് ഇന്നലത്തെ രോഗനില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |