സോഫ്റ്റ്വെയർ, സെർവർ തകരാർ മൂലം ട്രഷറികൾ, റേഷൻകടകൾ, ജനങ്ങൾ ഏറ്റവും കൂടുതൽ ഇടപെടുന്ന സർക്കാർ ഓഫീസുകൾ എന്നിവയുടെ പ്രവർത്തനം കൂടക്കൂടെ തടസപ്പെടുന്നത് പതിവായിക്കഴിഞ്ഞു. എല്ലാക്കാര്യത്തിലുമെന്നപോലെ സാധാരണക്കാരാണ് ഇതുമൂലമുള്ള ദുരിതം ഏറ്റവുമധികം അനുഭവിക്കേണ്ടിവരുന്നത്. ഐ.ടി രംഗത്ത് രാജ്യത്ത് പ്രമുഖ സ്ഥാനം നേടിക്കഴിഞ്ഞ സംസ്ഥാനത്തിന് ഏറെ അവമതി ഉണ്ടാക്കുന്ന സ്ഥിതിവിശേഷം കൂടിയാണിത്. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം. തകരാറുകൾ തുടർക്കഥയായിട്ടും ശാശ്വത പരിഹാരം ഉണ്ടാകുന്നില്ല. മാത്രമല്ല കൂടുതൽ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്.
ട്രഷറി പ്രവർത്തനം വ്യാഴാഴ്ചയും സോഫ്റ്റ്‌വെയർ തകരാറുകൾ മൂലം തടസപ്പെട്ടിരുന്നു. ഈ മാസം പല ദിവസങ്ങളിലും ഇതായിരുന്നു സ്ഥിതി. പരസ്പര ബന്ധിതമായതിനാൽ ഒരിടത്തു മാത്രമല്ല കമ്പ്യൂട്ടറുകൾ പിണങ്ങുന്നത്. മൊത്തം ട്രഷറികളെയും അതു ബാധിക്കും. തകരാറുകൾ അടിയന്തരമായി പരിഹരിച്ചു വരുമ്പോഴേക്കും കാത്തുനിൽക്കുന്നവരുടെ കാലുകൾ കുഴയും. പലരും ഇടപാടു നടത്താനാകാതെ വീടുകളിലേക്കു മടങ്ങേണ്ടിയും വരും. ഇതൊക്കെ പതിവായിക്കഴിഞ്ഞതിനാൽ ആരും പരിഭവിക്കുക കൂടി ചെയ്യാറില്ല.
ട്രഷറികളിലേതിനെക്കാൾ കഷ്ടമാണ് റേഷൻകടകളുടെ അവസ്ഥ. മനസ്സുരുകി പ്രാർത്ഥിച്ചുകൊണ്ടാണ് കാർഡുടമകൾ കടകളിലെത്താറ്. സെർവർ പ്രവർത്തനം മുടങ്ങരുതേ എന്ന അവരുടെ പ്രാർത്ഥന പക്ഷേ പലപ്പോഴും സഫലമാകാറില്ല. സെർവർ തകരാർ എപ്പോൾ ഉണ്ടാകുമെന്നു പ്രവചിക്കാനാകില്ല. മുടങ്ങിയാൽ പിന്നെ റേഷൻ വിതരണം നടക്കില്ല. കാത്തിരിക്കുകയോ പിന്നീട് വന്ന് റേഷൻ വാങ്ങുകയോ ചെയ്യണം. ധാന്യവിതരണത്തിനൊപ്പം കിറ്റു വിതരണവും പലതവണ മുടങ്ങിയതിന്റെ കഥ പറയാൻ ഏറെപ്പേരുണ്ടാകും.
ഓൺലൈൻ ഇടപാടുകൾ സാർവത്രികമാക്കിയ ചില സർക്കാർ ഓഫീസുകളിലെ സ്ഥിതി ഇതിനെക്കാളൊക്കെ കഷ്ടമാണ്. പ്രത്യേകിച്ചും റവന്യൂ ഓഫീസുകൾ. ഏറ്റവുമധികം ജനങ്ങൾ ആശ്രയിക്കേണ്ടിവരുന്ന വില്ലേജ് - താലൂക്ക് ഓഫീസുകളിൽ പോകേണ്ടിവരുന്നവർക്കൊക്കെ അറിയാം സാങ്കേതിക തടസങ്ങളുടെ ആഴം. വില്ലേജ് ഓഫീസുകളിൽ പതിനഞ്ചിലേറെ സേവനങ്ങൾ ഓൺലൈൻ വഴി ലഭിക്കാൻ സംവിധാനമുണ്ടെന്നാണ് പ്രഖ്യാപനം. വിവിധ സർട്ടിഫിക്കറ്റുകൾ, കരം ഒടുക്കൽ, പോക്കുവരവ് തുടങ്ങിയ സേവനങ്ങൾ കാലതാമസമില്ലാതെ ലഭിക്കാനുള്ള സാഹചര്യം ഒരുക്കിയത് ആശ്വാസത്തോടെയാണു ജനം കണ്ടത്. എന്നാൽ പലപ്പോഴും നിരാശയാണ് അനുഭവം. സാങ്കേതിക തടസങ്ങൾ കാരണം സേവനങ്ങൾ മുടങ്ങുന്ന സ്ഥിതിയാണുള്ളത്. പണ്ടേപ്പോലെ പല ദിവസങ്ങൾ കയറിയിറങ്ങിയാലേ കാര്യങ്ങൾ നടക്കുകയുള്ളൂ.
ഐ.ടി സേവനങ്ങളിലും സോഫ്‌റ്റ്‌വെയർ കയറ്റുമതിയിലും ചെറുതല്ലാത്ത സ്ഥാനം കരസ്ഥമാക്കിയ സംസ്ഥാനം സർക്കാർ സേവനങ്ങൾ ഓൺലൈൻ വഴി അനായാസം ലഭ്യമാക്കുന്ന കാര്യത്തിൽ ഇപ്പോഴും പിച്ചവയ്ക്കുന്നതേയുള്ളൂ എന്നു വരുന്നത് വലിയ കുറവു തന്നെയാണ്. ഐ.ടി മേഖലയിലെ ഏതു സാങ്കേതിക കുരുക്കും അഴിക്കാൻ വൈഗ്ദ്ധ്യം നേടിയ വ്യക്തികളും കമ്പനികളും ഇവിടെ ധാരാളമുണ്ട്. അവരുടെ സേവനം പ്രയോജനപ്പെടുത്തി തടസങ്ങൾ എളുപ്പം പരിഹരിക്കാവുന്നതേയുള്ളൂ. റേഷൻ വിതരണത്തിന് പുതിയ സാങ്കേതിക സംവിധാനങ്ങൾ സ്വീകരിച്ച നാൾ മുതൽ തുടങ്ങിയതാണ് സെർവർ പ്രശ്നങ്ങൾ. രണ്ടുവർഷത്തിലധികമായിട്ടും പൂർണമായും അതു പരിഹരിക്കാനാകാത്തത് കഴിവുകേടോ ഉദാസീനതയോ എന്നു വ്യക്തമല്ല. സർക്കാർ കണക്കനുസരിച്ച് ആകെ 88 ലക്ഷം കാർഡുടമകളാണുള്ളത്. ഇവർക്കു മുടങ്ങാതെ റേഷൻ സേവനം നൽകൽ ഇന്നത്തെ കാലത്ത് അത്ര വലിയ യമണ്ടൻ കാര്യമൊന്നുമല്ല. രാജ്യത്തെ ബാങ്കുകൾ കോടാനുകോടി പേരുടെ ഇടപാടുകൾ അനായാസം കൈകാര്യം ചെയ്യുമ്പോൾ കേവലം 88 ലക്ഷം കാർഡുകാർക്ക് മുടങ്ങാതെ റേഷൻ വിതരണം ചെയ്യാൻ കഴിയുന്ന സാങ്കേതിക വിദ്യ എന്തുകൊണ്ട് സ്വായത്തമാകുന്നില്ല എന്ന് ആലോചിക്കേണ്ടതുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ ഓരോ ദിവസവും അൻപതു കോടിയിൽപ്പരം പേരുടെ ഇടപാടുകളാണ് കൈകാര്യം ചെയ്യുന്നത്. ലഭ്യമായ സാങ്കേതിക വിദ്യ പൂർണമായി ഉപയോഗപ്പെടുത്താൻ കൂടി പഠിക്കേണ്ടിയിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |