തിരുവനന്തപുരം: കേരളം മാസ് വാക്സിനേഷന്റെ പശ്ചാത്തലത്തിൽ ആവശ്യപ്പെട്ട അമ്പത് ലക്ഷം ഡോസ് കൊവിഡ് വാക്സിൻ ഉടൻ ലഭ്യമാക്കണമെന്ന് കേന്ദ്ര ആരോഗ്യവകുപ്പുമന്ത്രി വിളിച്ചുചേർത്ത ഓൺലൈൻ ചർച്ചയിൽ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
ഇതുവരെ 60.54 ലക്ഷം ഡോസ് വാക്സിനാണ് ലഭിച്ചത്. അഞ്ചര ലക്ഷത്തോളം ഡോസ് മാത്രമാണ് ശേഷിക്കുന്നത്. ഓക്സിജനും മരുന്നിനും ക്ഷാമമില്ലെങ്കിലും രോഗികൾ കൂടുന്ന അവസ്ഥയുണ്ടായാൽ അതും കൂടുതൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന് നടപടികൾ ശക്തമാക്കും.
രോഗലക്ഷണമില്ലാത്തവരെ ഹോം ഐസൊലേഷനിൽ കഴിയാൻ അനുവദിക്കുമെന്ന് ചർച്ചയ്ക്കുശേഷം മന്ത്രി പറഞ്ഞു. മുറിയിൽ ടോയ്ലറ്റ് സൗകര്യം ഇല്ലാത്തവരെ പഞ്ചായത്തിന്റെ സഹായത്തോടെ ഡൊമിസെയിൽ കെയർ സെന്ററുകളിൽ പാർപ്പിക്കും. ചെറിയ രോഗലക്ഷണമുള്ളവരെ സി.എഫ്.എൽ.ടി.സികളിലും സി.എസ്.എൽ.ടി.സികളിലും ഗുരുതര രോഗലക്ഷണമുള്ളവരെ കൊവിഡ് ആശുപത്രികളിലും ചികിത്സിക്കും.
കേരളത്തിലും രോഗികളുടെ എണ്ണം കൂടി വരികയാണ്. പരിശോധനയിലും ചികിത്സയിലും കേരളം മുന്നിൽ തന്നെയാണ്.
പല സംസ്ഥാനങ്ങളിലും മരണനിരക്ക് വളരെ കൂടിയെങ്കിലും കേരളത്തിൽ ഇപ്പോഴും 0.4 ശതമാനമാണ്. മരണനിരക്ക് പിടിച്ചു നിർത്താൻ ശക്തമായ നടപടികൾ ആവശ്യമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൃത്യമായ പ്ലാനോടെയാണ് പ്രവർത്തനം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കോർ കമ്മിറ്റി നിരന്തരം വിലയിരുത്തുന്നു. കൃത്യമായി പ്രവർത്തിച്ചാൽ രോഗവ്യാപനം കുറയ്ക്കാൻ സാധിക്കും. തൃശൂർ പൂരത്തിന് കൊവഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
വിമാനത്താവളങ്ങളിൽ കൊവിഡ് നിയന്ത്രണവുമായി സംസ്ഥാനങ്ങൾ
കേരളത്തിൽ നിന്നുള്ളവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ്
നിർബന്ധമാക്കി കർണാടകവും ബീഹാറും ജാർഖണ്ഡും
തിരുവനന്തപുരം: കൊവിഡ് വ്യാപനം ശക്തമായതോടെ വിമാനയാത്രക്കാർക്ക് വിവിധ സംസ്ഥാനങ്ങൾ സ്വന്തംനിലയിൽ നിയന്ത്രണങ്ങളും ഉപാധികളും ഏർപ്പെടുത്തി.ഓരോ സംസ്ഥാനത്തെയും രോഗവ്യാപനം വിലയിരുത്തിയാണ് അവിടെനിന്നുള്ള യാത്രക്കാർക്ക് ചില സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ ബാധകമാക്കിയത്. യാത്രക്കാർ അതത് വിമാനക്കമ്പനികളുടെ വെബ് സൈറ്രിൽ നിന്ന് വിവരങ്ങൾ ശേഖരിക്കേണ്ടിവരും.
ഡൽഹിയിലേക്ക് വരുന്നവരിൽ മഹാരാഷ്ട്രയിൽ നിന്നുള്ളവർക്ക് മാത്രം 72 മണിക്കൂറിനകമുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. അതേ സമയം ഭരണഘടനാ സ്ഥാപനങ്ങളിലും സർക്കാരിലും ജോലി ചെയ്യുന്നവർക്കും അവരുടെ സഹായികൾക്കും ഇതു ബാധകമല്ല.
കേരളം, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിലെ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്ര് ബീഹാറും ജാർഖണ്ഡും നിർബന്ധമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ആന്റിജൻ ടെസ്റ്രിന് വിധേയരായാൽ മതി. കർണാടകവും കേരളത്തിൽ നിന്നുള്ളവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്ര് നിർബന്ധമാക്കി. ആന്ധ്രയിലേക്ക് വരുന്നവർ സ്പന്ദന വെബ് സൈറ്രിൽ രജിസ്റ്റർ ചെയ്യണം. രോഗലക്ഷണമുള്ളവർക്ക് 14 ദിവസത്തെ ഹോം ക്വാറന്റൈൻ.
ഗോവയിൽ രോഗലക്ഷണമില്ലാത്തവർക്ക് ക്വാറന്റൈൻ വേണ്ട. അഹമ്മദാബാദിൽ ടെസ്റ്ര് ചെലവ് യാത്രക്കാർ വഹിക്കണം. ഗുജറാത്തിലെ മറ്ര് എയർപോർട്ടുകളിൽ ടെസ്റ്രിംഗ് സൗകര്യമില്ലത്തതിനാൽ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കണം.
കോഴിക്കോട്ട് ഞായറാഴ്ചകളിൽ നിയന്ത്രണം
കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ കൊവിഡ് 19ന്റെ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്നുമുതൽ ഞായറാഴ്ചകളിൽ നിയന്ത്രണം കർശനമാക്കി ജില്ലാ കളക്ടർ എസ്. സാംബശിവ റാവു ഉത്തരവിട്ടു. പൊതുജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ പാടില്ല. കൂടിചേരലുകൾ അഞ്ച് പേരിൽ മാത്രമായി ചുരുക്കണം. അവശ്യവസ്തുക്കളുടെ കടകൾ വൈകിട്ട് ഏഴ് വരെ പ്രവർത്തിപ്പിക്കാം. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സാധാരണനിലയിൽ പ്രവർത്തിക്കും. ബീച്ച്, പാർക്ക്, ടൂറിസം കേന്ദ്രങ്ങൾ പ്രവർത്തിക്കരുത്. പൊതുഗതാഗതം സാധാരണനിലയിൽ പ്രവർത്തിക്കുന്നതാണ് .
കൂട്ടപ്പരിശോധനയിൽ കൊവിഡ് ഉയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ആദ്യമായി ഇന്നലെ 13,835 ആയി. കൂട്ട പരിശോധനയ്ക്ക് ലഭിച്ച പകുതിയിലേറെ സാമ്പിളുകളുടെ ഫലംകൂടി ചേർത്താണിത്.
എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂർ 1149, കണ്ണൂർ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ലം 472, കാസർകോട് 333 എന്നിങ്ങനെയാണ് ഇന്നലത്തെ രോഗനില.
കൂട്ടപരിശോധനയ്ക്ക് 1,35,159 സാമ്പിളുകളാണ് ശേഖരിച്ചത്. ഇതിൽ 81,211 സാമ്പിളുകളാണ് പരിശോധിച്ചത്. ബാക്കിയുള്ളവയുടെ ഫലം അടുത്ത ദിവസങ്ങളിൽ വരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04 ആണ്. 27 മരണം സ്ഥിരീകരിച്ചു. ആകെ മരണം 4904 ആയി. 12,499 പേർക്ക് സമ്പർക്ക രോഗബാധ. 1019 പേരുടെ ഉറവിടം വ്യക്തമല്ല. 58 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 3654 പേരുടെ ഫലം നെഗറ്റീവായി. 80,019 പേർ ചികിത്സയിലും 2,18,542 പേർ നിരീക്ഷണത്തിലുമുണ്ട്.
റെംഡെസിവറിന്റെ വില കുറച്ചു
ന്യൂഡൽഹി: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ ജീവൻ രക്ഷാമരുന്നായി ഉപയോഗിക്കുന്ന റെംഡെസിവർ മരുന്നിന്റെ വില കേന്ദ്രസർക്കാർ കുറച്ചു. 100 മില്ലിഗ്രാമിന് 2800 മുതൽ 5400 രൂപവരെയായിരുന്നു ഈടാക്കിയിരുന്നത്. ഇത് 899 - 3490 രൂപയായി കുറച്ചു. ഉത്തരവ് എല്ലാ മരുന്ന് കമ്പനികളും ഉടൻ നടപ്പാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. കരിഞ്ചന്തയും ക്ഷാമവും തടയാൻ ലക്ഷ്യമിട്ടാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |