പതിനായിരത്തോളം അടി ഉയരത്തിൽ മണിക്കൂറിൽ ഏകദേശം 1000 കിലോമീറ്റർ വരെ വേഗതയിൽ കുതിക്കുന്ന വിമാനത്തിന്റെ മുൻവശത്തെ ഗ്ലാസുകൾ അപ്രതീക്ഷിതമായി തകർന്നാൽ എന്താകും അവസ്ഥ ?! കാന്തം വസ്തുക്കളെ ആകർഷിക്കുന്നത് പോലെ വിമാനത്തിനുള്ളിലുള്ളവ പുറത്തേക്ക് വലിച്ചെടുക്കപ്പെടും. ഹോളിവുഡ് സിനിമകളിലൊക്കെ കാണുന്നതുപോലെ ഇങ്ങനെയൊരു സീൻ വർഷങ്ങൾക്ക് മുമ്പ് യഥാർത്ഥത്തിൽ സംഭവിച്ചിരുന്നു.
കോക്പിറ്റിന്റെ ജനാലയുടെ ഒരു ഭാഗം തകർന്നതിനെ തുടർന്ന് വിമാനത്തിന്റെ പൈലറ്റ് ആണ് അന്ന് പുറത്തേക്ക് തെറിച്ചു പോയത്. ഭാഗ്യവും വിമാനജീവനക്കാരുടെയും ഇടപെടലുകളാലും പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനത്തിന് പുറത്ത് ജനാലിലൂടെ മരണത്തെ മുഖാമുഖം കണ്ടുകൊണ്ട് വായുവിൽ തൂങ്ങിയാടിയ പൈലറ്റിന്റെ ദൃശ്യം ആ വിമാനത്തിലുണ്ടായിരുന്നു ആർക്കും ജീവിതത്തിൽ മറക്കാനാകില്ല. വൈമാനിക ചരിത്രത്തെ ഞെട്ടിച്ച ആ സംഭവത്തിലൂടെ...
ഉഗ്ര ശബ്‌ദം !
1990 ജൂൺ 10, യു.കെയിലെ ബിർമിംഗ്‌ഹാം എയർപോർട്ടിൽ നിന്ന് ബ്രിട്ടീഷ് എയർവെയ്സിന്റെ ഫ്ലൈറ്റ് 5390 വിജയകരമായി പറന്നുയർന്നു. സ്പെയ്‌നിലെ മലാഗയിലേക്കായിരുന്നു യാത്ര. 81 യാത്രക്കാരും നാല് ജീവനക്കാരുമായിരുന്നു വിമാനത്തിൽ. ആകാശത്തേക്ക് കുതിച്ചുയർന്ന വിമാനം ഏകദേശം 20 മിനിറ്റുകൾക്ക് ശേഷം 23,000 അടി ഉയരത്തിലെത്തി. ഇതിനിടെ കോക്ക്പിറ്റിലേക്ക് കടന്നുവന്ന ജീവനക്കാരൻ നൈജൽ ഓഗ്ഡെൻ ഉച്ചത്തിലുള്ള ഒരു ശബ്ദം കേട്ട് ഞെട്ടി.
ഉഗ്ര ശബ്ദംകേട്ട് യാത്രക്കാരും ഭയന്നു. കോക്ക്പിറ്റിലെ ആറ് വിൻഡ്സ്ക്രീനുകളിൽ രണ്ടെണ്ണം തകർന്ന് വിമാനത്തിൽ നിന്ന് വേർപ്പെട്ടതിന്റെ ശബ്ദമായിരുന്നു അത്. പതിവ് പരിശോധനകളെല്ലാം കഴിഞ്ഞായിരുന്നു വിമാനം ടേക്ക് ഓഫ് ചെയ്തത്. എന്നിട്ടും ഇതെങ്ങനെ സംഭവിച്ചു ? ജനാലകൾ തകർന്ന ഉടൻ തന്നെ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന 42 കാരനായ പൈലറ്റ് ടിം ലാൻകാസ്റ്റർ ജനാലയിലൂടെ പുറത്തേക്ക് തെറിച്ചു. ഫ്ലൈറ്റ് ഡെക്കിന്റെ വാതിൽ വായു മർദ്ദത്തിന്റെ ശക്തിയിൽ തുറന്നതിനാൽ കോക്ക്പിറ്റിൽ നടന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ യാത്രക്കാർക്കും കാണാമായിരുന്നു. ക്യാബിനിലുണ്ടായിരുന്ന പേപ്പറുകളും മറ്റ് വസ്തുക്കളും തകർന്ന ജനാലകളിലൂടെ പുറത്തേക്ക് തെറിച്ചു പോയി.
നൈജലിന് ആകെ കാണാനായത് കാറ്റിനൊപ്പം കോക്ക്‌പിറ്റിന്റെ പുറത്തേക്ക് പോവുകയായിരുന്ന ടിമ്മിന്റെ കാലുകൾ മാത്രമാണ്. ഒട്ടുംവൈകാതെ നൈജൽ ടിമ്മിന്റെ കാലുകളിൽ പിടിമുറുക്കി. ടിമ്മിനൊപ്പം പുറത്തേക്ക് തെറിക്കാനൊരുങ്ങിയ നൈജലിനെ മറ്റൊരു ജീവനക്കാരനെത്തിയാണ് സഹായിച്ചത്. കോ - പൈലറ്റ് അലസ്റ്റയർ ആറ്റ്‌ചിസൺ ഉടൻ തന്നെ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയും സതാംപ്ടൺ എയർപോർട്ടിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയും ചെയ്തു. വിമാനത്തിന്റെ മുകൾ ഭാഗത്തായിരുന്നു ടിമ്മിന്റെ ശരീരം 20 മിനിറ്റിലേറെ തങ്ങിനിന്നത്. ഉടൻ തന്നെ ടിമ്മിനെ സുരക്ഷിതമായി താഴെയെത്തിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
അത്ഭുതം ഈ രക്ഷപ്പെടൽ !
യഥാർത്ഥത്തിൽ ഭാഗ്യം കൊണ്ടാണ് ടിം രക്ഷപ്പെട്ടത്. നൈജലിന്റെ സമയോചിതമായ ഇടപെടലാണ് ടിമ്മിന്റെ ജീവൻ കാത്തുരക്ഷിച്ച പ്രവൃത്തിയിൽ നിർണായകമായത്. ടിമ്മിന്റെ വലതുകൈയിലുൾപ്പെടെ ശരീരത്തിൽ പലയിടത്തും ഒടിവുകളും മുറിവുകളുണ്ടായി. രക്ഷിച്ച നൈജലിന്റെ തോളിനും മുഖത്തിനും പരിക്കേറ്റു.
സംഭവത്തെ പറ്റി അധികൃതർ അന്വേഷണം നടത്തിയപ്പോൾ കണ്ടെത്തിയത് വിമാനം പറന്നുയരുന്നതിന് 27 മണിക്കൂറുകൾ മുമ്പാണ് വിൻഡ്സ്ക്രീൻ സ്ഥാപിച്ചതെന്നാണ്. മാത്രമല്ല, വിൻഡ്സ്ക്രീനിനൊപ്പം സ്ഥാപിച്ച ബോൾട്ടുകൾ സാധാരണ ഉപയോഗിക്കുന്നവയിൽ നിന്ന് വ്യാസം കുറഞ്ഞവയുമായിരുന്നു. കോക്ക്‌പിറ്റിലെയും പുറത്തെ അന്തരീക്ഷത്തിലെയും വായു മർദ്ദ വ്യതിയാനത്തെ തടയാൻ ഈ ബോൾട്ടുകൾക്ക് കഴിയാതെ വന്നതോടെയാണ് വിൻഡ്സ്ക്രീനുകൾ തകർന്നത്.
ആവർത്തനം
2018ലും സമാനരീതിയിൽ ഒരപകടം സംഭവിച്ചിരുന്നു. ടിബറ്റിലെ ലാസയിലേക്ക് പറന്ന ചൈനയുടെ സിചുവൻ എയർലൈൻസ് വിമാനത്തിൽ കോക്ക്‌പിറ്റിന്റെ ജനൽ തകരുകയും കോ - പൈലറ്റ് പുറത്തേക്ക് തെറിക്കുകയും ചെയ്തിരുന്നു. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ പുറത്തേക്ക് പോകാതെ രക്ഷപ്പെടാൻ കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |