ജനിച്ചാൽ മരണം സുനിശ്ചിതമാണ്. സുഖമായ ജീവിതാന്ത്യം പുണ്യജന്മങ്ങൾക്ക് ലഭിക്കുന്ന വരമാണ്. നമ്മുടെ കടമകളെല്ലാം നിറവേറ്റിക്കഴിഞ്ഞാൽ ഈ ലോകത്തോട് സ്വസ്ഥതയോടെ വിടവാങ്ങാൻ ആഗ്രഹിക്കുന്നതിൽ കുറ്റമില്ല. പരസഹായത്തോടെയും, ജീവൻരക്ഷാ ഉപാധികളോടെയും തീരാവേദനയോടെയും ജീവിച്ചിട്ട് എന്തു പ്രയോജനം. എന്നാൽ പ്രായാധിക്യമോ വലിയ ആരോഗ്യപ്രശ്നങ്ങളോ ഇല്ലാത്ത ഉറ്റവനായ ഒരാൾ എന്നന്നേക്കുമായി ഭൂമാതാവിനോട് യാത്ര പറയുമ്പോൾ വേണ്ടപ്പെട്ടവർക്കുണ്ടാകുന്ന വ്യഥ വിവരണാതീതമാണ്.
നമ്മുടെ രവി മറ്റൊരു ലോകത്തേക്ക് പോയ്‌മറഞ്ഞിട്ട് മൂന്ന് വർഷമായി. മൂന്നു വർഷത്തെ ദിവസങ്ങൾ എണ്ണിനോക്കിയാൽ കുറച്ചധികം വരുമെന്ന് തോന്നാം. പക്ഷേ രവിയുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും മൂന്ന് വർഷമെന്നുള്ളത് മൂന്ന് ദിവസമെന്ന് പോലും അനുഭവപ്പെടില്ല. ഇവരുടെയൊക്കെ ജീവിതത്തിൽ അത്രയധികം ലയിച്ചു ചേർന്ന വർണനാതീതമായ ഒരു വിശിഷ്ട വ്യക്തിത്വം ആയിരുന്നു രവിയുടേത്. ആരുമായൊക്കെ സമ്പർക്കം പുലർത്തിയോ അവരിൽ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും തേൻനിലാവ് പരത്തിയ ഒരു സവിശേഷ സിദ്ധിയുടെ ഉടമയായിരുന്നു രവി. ഉന്നതമായ ഭൗതിക സാഹചര്യങ്ങളിൽ വളർന്നുവന്ന രവി അതിന്റെയൊന്നും ഗർവില്ലാതെ സാധാരണക്കാരിൽ സാധാരണക്കാരന്റെ എളിമയോടെയാണ് ജീവിച്ചിരുന്നത്.
മാർ ഇവാനിയോസ് കോളേജ് വിദ്യാഭ്യാസ കാലഘട്ടം മുതൽ രവിയുമായി വളരെ അടുത്ത് ദീർഘകാലം ഇടപഴകാൻ സാധിച്ചതുകൊണ്ട് രവിയുടെ ചില സവിശേഷ ഗുണങ്ങൾ ഓർമ്മയിലെത്തുന്നു. ഏത് സാഹചര്യത്തിലും കോപം രവിക്ക് അന്യമായിരുന്നു. സർവസാധാരണമാണ് കോപമെന്ന വികാരം. അസഹിഷ്‌ണതയുടെയും വിദ്വേഷത്തിന്റെയും മാനസിക സമ്മർദ്ദത്തിന്റെയും വെറുപ്പിന്റെയും അസൂയയുടെയും ഒക്കെ ബഹിർസ്‌ഫുരണമാണ് കോപം. കോപം മിക്കപ്പോഴും വലിയ ആപത്തിൽ കലാശിക്കാറുണ്ട്. മാനസിക സമ്മർദ്ദം കുറഞ്ഞാൽ കോപത്തിന് ശമനമുണ്ടാകും. കോപം ശമിപ്പിക്കാൻ വേണ്ടി ചില വിദ്യകൾ മനഃശാസ്ത്രജ്ഞർ ഉപദേശിക്കാറുണ്ട്. ''വല്ലാതെ കോപം വരുന്ന അവസരത്തിൽ ഒരു മുറിയിൽ കയറി വാതിലടച്ച് ഉറക്കെ ദേഷ്യപ്പെടുകയോ ഒച്ചവയ്ക്കുകയോ ചെയ്യുക; കോപം പതുക്കെ അടങ്ങിത്തുടങ്ങും." എന്നാൽ രവിക്ക് ജന്മനാ ലഭിച്ച അനുഗ്രഹമാണ് കോപമില്ലായ്മ. ആ പ്രത്യേകത ജീവിതത്തിലുടനീളം കെടാവിളക്കുപോലെ കാത്തുസൂക്ഷിക്കാൻ രവിക്ക് കഴിഞ്ഞു.
കോളേജ് വിദ്യാഭ്യാസ കാലത്ത് കൊച്ചുകൊച്ചു കുസൃതികൾ കാണിക്കുക എന്നുള്ളത് മിക്ക വിദ്യാർത്ഥികളെയും പോലെ ഞങ്ങൾക്കും വളരെ രസകരമായിരുന്നു. അത് വേണ്ടുവോളം ആസ്വദിക്കുകയും ചെയ്തു. കോളേജ് അങ്കണത്തിൽ കൊച്ചുവർത്തമാനങ്ങളും തമാശകളും ഞങ്ങൾക്കുണ്ടായിരുന്നു. 'ഇന്നത്തേക്ക് ഇത്രയും മതി ' എന്ന സ്ഥിരം ഉപസംഹാര വാക്കുകൾ പറഞ്ഞ് ക്ളാസുകളിലേക്ക് പോകുമ്പോൾ ഹൃദയത്തിന്റെ ഉൾത്തട്ടിലെവിടെയോ ഏതോ ഒരു നൈമിഷിക സംതൃപ്തിയുടെ പൂത്തിരി വിരിയുന്നുണ്ടായിരുന്നു. ഇതെല്ലാം ഇന്നോർക്കുമ്പോൾ ഊറിയൂറിച്ചിരിക്കാനുള്ള വക നൽകുന്നുവെങ്കിലും രവിയുടെ അഭാവം വല്ലാത്തൊരു ശൂന്യതയും വേദനയും സൃഷ്ടിക്കുന്നു. രവിയെ മറ്റുള്ളവരിൽ നിന്നും വിഭിന്നമാക്കുന്ന വേറൊരു പ്രത്യേകത രവിയുടെ അനുകരണീയവും ലളിതസുന്ദരവുമായ പെരുമാറ്റ രീതിയാണ്. സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും കളങ്കമില്ലാത്ത മനസോടെ ആത്മാർത്ഥവും വശ്യസുന്ദരവുമായ ഇടപെടൽ, സൗഹൃദങ്ങൾക്ക് രവി നൽകിയ പ്രാധാന്യം ഇവയൊന്നും തന്നെ വിസ്‌മൃതിയിൽ ആണ്ടുപോകില്ല. കാണുമ്പോൾ മാത്രം മുഖം വിടർത്തി സന്തോഷം പ്രകടിപ്പിക്കുന്നതല്ല സ്നേഹബന്ധം; അത് ഹൃദയം വിടർത്തുന്നതും സൗരഭ്യം ചൊരിയുന്നതുമായ ആത്മബന്ധമായിരിക്കണം എന്ന് രവി പുലർത്തിപ്പോന്ന വിനീത കാഴ്ചപ്പാട് തലമുറകൾക്കുള്ള ഓർമ്മപ്പെടുത്തലുകളാകട്ടെ എന്ന് നമുക്കാശിക്കാം. ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന മഹത്വമുള്ളതും ഉദാത്തമായതുമായ ജീവിതരീതികളും പെരുമാറ്റ രീതികളും പ്രവൃത്തികളുമാണല്ലോ ആ വ്യക്തിയെ മരണശേഷവും ജനമനസുകളിൽ നിലനിറുത്തുന്നത്.
പ്രശസ്‌ത മനഃശാസ്ത്രജ്ഞനായ സൊളൻ പറഞ്ഞിരിക്കുന്നത് '' അംഗവൈകല്യമില്ലാത്തവനും അരോഗ ദൃഢഗാത്രനും, ദുരിതങ്ങളില്ലാത്തവനും സന്താനസൗഭാഗ്യമുള്ളവനും സുഖമായി മരണം ലഭിക്കുന്നവനുമാണ് സന്തോഷവാനായ മനുഷ്യൻ " എന്നാണ്. ഈ നിർവചന പ്രകാരം രവി സന്തോഷവാനായിരുന്നിരിക്കണം. ചെറിയ അനാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു എങ്കിലും തന്റെ ദൈനംദിനചര്യകൾ പരസഹായമില്ലാതെ നടത്തുന്നതിനും ശയ്യാവലംബിതനാകാതെ അന്ത്യശ്വാസം വരെയും സജീവ ചേതനയോടെ ജീവിക്കുന്നതിനും രവിക്ക് സാധിച്ചത് രവിയുടേയും ഭാര്യ ഷൈലജയുടേയും നിഷ്കളങ്കവും ഈശ്വരവിശ്വാസത്തിൽ അധിഷ്‌ഠിതവുമായ ജീവിതത്തിന്റെ ഫലമായിരിക്കാം. ഇങ്ങനെയൊക്കെയുള്ള നിരവധി ഓർമ്മകളും ചിന്തകളും മനസിൽ അലയടിക്കുമ്പോഴും കുറച്ചുകാലം കൂടി സ്വപ്നങ്ങളും പുഷ്‌പങ്ങളും മാനസസരസുകളും ഉള്ള നമ്മുടെ നിത്യഹരിത ഭൂമിയിൽ ജീവിക്കാൻ സർവേശ്വരൻ രവിയെ അനുവദിച്ചിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |