SignIn
Kerala Kaumudi Online
Monday, 07 July 2025 12.16 PM IST

ശാന്തിയുടെ വെളിച്ചമായി ശുഭാനന്ദ ഗുരു

Increase Font Size Decrease Font Size Print Page

kk

1888 ഫെബ്രുവരി 10 വെള്ളിയാഴ്ച. അന്ന് ശിവരാത്രി നാളായിരുന്നു.. ക്ഷേത്രദർശനവും ദൈവാരാധനയും തടയപ്പെട്ടും സ്വാതന്ത്ര്യമെന്നത് സ്വപ്‌നം കാണാൻ കൂടിയും അനുവാദമില്ലാത്തവർ അന്ന് നെയ്യാറിന്റെ തീരത്ത് അരുവിപ്പുറം എന്ന മലയോര ഗ്രാമത്തിൽ ഒത്തുകൂടി. മരുത്വാമലയിൽ തപസനുഷ്ഠിച്ചതിന് ശേഷം അരുവിപ്പുറത്തെ കുമാരഗിരിയിലെ ഗുഹയിൽ തപസിനിടെ തന്നെത്തേടി വരുന്ന ഹതാശയർക്ക് ആത്മോപദേശം നൽകിപ്പോരുന്ന യുവസന്ന്യാസിയായ ഒരാൾ അവിടെയുണ്ടായിരുന്നു. കേവലം 31 വയസുള്ള സുന്ദര കളേബരനും സുസ്‌മേര വദനനും ശാന്തശീലനുമായ നാണു സ്വാമി. പിൽക്കാലത്ത് വിശ്വമഹാഗുരുവായി ലോകം അംഗീകരിച്ച സാക്ഷാൽ ശ്രീനാരായണ ഗുരു.

നൂറ്റാണ്ടുകളായി തുടരുന്ന സാമ്പ്രദായികമായ മാമൂലുകളെയും വിശ്വാസ പ്രമാണങ്ങളെയും ശാസ്ത്ര വിധികളെയും തകർത്തുകൊണ്ട് പുതിയൊരു യുഗ സൃഷ്ടിക്ക് അദ്ദേഹം അരുവിപ്പുറം പ്രതിഷ്ഠ നടത്തി.

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്

ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സവരും

സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്.

നൂറ്റാണ്ടുകളായി തുടർന്നുവന്ന ബ്രാഹ്മണ പൗരോഹിത്യത്തിന്റെ കോട്ട കൊത്തളങ്ങളുടെ അടിക്കല്ലിളക്കുന്ന ഉഗ്രസ്ഫോടനമായിരുന്നു മഹാഗുരുവിന്റെ പ്രഖ്യാപനം. ആത്മബോധോദയം എന്നത് ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന വേദോപദേശത്തിന്റെ ആന്തരിക സത്തയാണെന്ന് പ്രഖ്യാപിച്ച ശ്രീനാരായണ ഗുരുവിനെ തന്റെ ഇഹലോക ആത്മീയ ഗുരുവായി സ്വീകരിച്ച ശുഭാനന്ദ ഗുരുവിന് അരുവിപ്പുറം പ്രതിഷ്ഠ നടക്കുമ്പോൾ പ്രായം ആറ് വയസും രണ്ടുമാസവും പതിനേഴു ദിവസവും മാത്രം.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ബുധനൂർ പിടിഞ്ഞാറ്റും ചേരിയിൽ കുലായ്‌ക്കൽ എന്ന പറയഭവനത്തിൽ ജ്യാതി - കൊച്ചുനീലി ദമ്പതികളുടെ മകനായി കൊല്ലവർഷം 1057 മേടമാസം 17 വെള്ളിയാഴ്ച പൂരം നക്ഷത്രത്തിൽ ജനനം. മാതാപിതാക്കൾ കുട്ടിക്ക് കൊച്ചുനാരായണൻ എന്ന് പേരിട്ടു. പാപ്പൻകുട്ടി എന്ന് ചെല്ലപ്പേരും. മറ്റ് കുട്ടികളിൽ നിന്നും തികച്ചും അസാധാരണമായ പ്രകൃതമായിരുന്നു പാപ്പൻകുട്ടിക്ക്. ഏഴാം വയസിൽ രാവിലെ മുതൽ കുട്ടിയിൽ ചില പ്രത്യേകതരം ചേഷ്ടകൾ പ്രകടമായി. സൂര്യാസ്തമയം കഴിഞ്ഞ് പാപ്പൻകുട്ടി അർദ്ധമയക്കത്തിലേക്ക് പ്രവേശിച്ചു. മൂന്ന് ദിവസം ജലപാനം പോലുമില്ലാതെ ചലനമറ്റു കിടന്നു. എന്നാൽ തന്റെ അന്തർബോധം നിലനില്ക്കുകയായിരുന്നുവെന്നും ഈ ദിവസങ്ങളിൽ താൻ ദിവ്യജ്ഞാന തേജോമയങ്ങളായ കാഴ്ചകൾ പലതും കണ്ട് ആസ്വദിക്കുകയായിരുന്നുവെന്നും പിന്നീട് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

12 -ാം വയസിൽ മാതാവിന്റെ മരണം പാപ്പൻകുട്ടിയെ വിഷാദവാനും മൂകനുമാക്കി. ഒരു നാൾ പാപ്പൻകുട്ടി അപ്രത്യക്ഷനായി. ദേശസഞ്ചാരത്തിനുള്ളതാണ് തന്റെ ഇനിയുള്ള ജീവിതമെന്നും അവിടെ പലതും ചെയ്യാനുണ്ടെന്നും അവിടെ നിന്നുള്ള അറിവും അനുഭവവും ഭാവിയിൽ ആവശ്യമാണെന്നുമുള്ള ഉൾപ്രേരണയാവാം ആ ദേശസഞ്ചാരമെന്ന് ഊഹിക്കാം.

ഉള്ളിൽ ഊറിക്കൂടിയ ആത്മീയ ചൈതന്യത്തിന്റെ വികാസത്തിനാവശ്യമായ വിജ്ഞാനസമ്പാദനത്തിന്റെ വഴിതേടുകയായിരുന്നു ആ മനസ്. നീണ്ട പതിനെട്ടുവർഷം...

ഒടുവിൽ ഇടുക്കി ജില്ലയിൽ ഏലപ്പാറയ്ക്കടുത്ത് ചീന്തലാർ എസ്റ്റേറ്റ് തൊഴിലാളിയായി. യാത്രയിലെ ഓരോ അനുഭവങ്ങളും പരമകാരുണികനായ പരമാത്മാവിന്റെ തിരുസന്നിധിയിലേക്കുള്ള ചവിട്ടുപടികൾ മാത്രമായാണ് കണ്ടത്. ധർമ്മാശുപത്രി, അനാഥക്കുട്ടികൾക്ക് മലയാളം, ഇംഗ്ളീഷ്, സംസ്കൃതം, ചിത്രമെഴുത്ത് എന്നിവയ്ക്കായി പ്രത്യേക സ്കൂൾ, ബ്രഹ്മചര്യം, ത്യാഗം, സന്യാസം ആദർശ പ്രചാരണം തുടങ്ങി ആത്മീയ പഠനത്തിനായി സ്ഥാപനം എന്നിവ ലക്ഷ്യമിട്ടു. ഭൗതിക സാഹചര്യങ്ങളും സമ്പത്തും കണ്ടെത്തുന്നതിന് തിരഞ്ഞെടുത്ത മാർഗം ഭിക്ഷാടനമായിരുന്നു. ശുഭാനന്ദ മോട്ടോർ സർവീസ് എന്ന പേരിൽ ബസ് സർവീസും നടത്തിവന്നിരുന്നു. കാലാന്തരത്തിൽ അവയൊക്കെ നഷ്ടമായത് ജാതി സർപ്പങ്ങളുടെ കരുനീക്കങ്ങളുടെ ഫലമായാണ്.

ജാതിഭേദ ചിന്തകൾക്കതീതമായ ആത്മീയ മോചന ദിവ്യാനുഭൂതി അനുഭവിക്കുന്ന അനേകലക്ഷം ഭക്തരും നൂറുകണക്കിന് ആശ്രമങ്ങളും ഇന്ത്യയ്ക്കകത്തും പുറത്തുമായി പ്രവർത്തിക്കുന്നു. അടിമ സന്തതികളുടെ ഉയർച്ചയ്ക്ക് വേണ്ടി അവതാര ജന്മം കൊണ്ട ആ ആത്മീയ തേജസ്വി ഒൻപത് നിലകളും ഒൻപത് വാതിലുകളുമുള്ള ആദർശാശ്രമം എന്ന സ്വപ്നം ബാക്കിവച്ച് 1950 ജൂലായ് 29ന് ശനിയാഴ്ച രാത്രി 8.30ന് 68-ാം വയസിൽ തിരുശരീരം വെടിഞ്ഞു.

എങ്കിലും സ്നേഹത്തിന്റെയും ശാന്തിയുടെയും വെള്ളിവെളിച്ചമായി, ശുഭ്ര നക്ഷത്രമായി ശുഭാനന്ദ ഗുരു ജ്വലിച്ചുനില്ക്കുന്നു.

(ലേഖകൻ സാംബവ മഹാസഭ ജനറൽ സെക്രട്ടറിയാണ് ഫോൺ: 9497336510 )

TAGS: SUBHANANDA GURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.