തിരുവനന്തപുരം: ക്ഷാമം കാരണം സംസ്ഥാനത്ത് പലർക്കും കൃത്യസമയത്ത് രണ്ടാം ഡോസ് കൊവിഡ് വാക്സിൻ എടുക്കാനായില്ലെങ്കിലും ആശങ്ക വേണ്ട. ആദ്യ ഡോസിനും രണ്ടാമത്തേതിനും ഇടയിലെ സമയം പരമാവധി കൂടുതൽ ലഭിക്കുന്നതാണ് നല്ലതെന്ന് വാക്സിനോളജിയുടെ അടിസ്ഥാനത്തിൽ ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ അമിതമായി നീണ്ടുപോയാൽ രോഗബാധയ്ക്കും കാരണമാകും. അതൊഴിവാക്കാനാണ് ദിവസങ്ങൾ നിജപ്പെടുത്തിയത്. കൊവിഷീൽഡാണ് സംസ്ഥാനത്ത് വ്യാപകമായി കുത്തിവയ്ക്കുന്നത്. രാജ്യാന്തരതലത്തിൽ വിശദമായ പരിശോധനയ്ക്ക് വിധേയമായ കൊവിഷീൽഡിന്റെ രണ്ടാം ഡോസ് 120 ദിവത്തിനുള്ളിൽ എടുത്താൽ മതിയെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കേരളത്തിൽ ആദ്യ ഡോസെടുത്ത് 42 - 56 ദിവസത്തിനിടയിൽ രണ്ടാമത്തേത് എടുക്കണമെന്ന് തീരുമാനിച്ചത്. 56 ദിവസം കഴിഞ്ഞാലും ദോഷമുണ്ടാകില്ല.
കൊവാക്സിനും കുത്തിവയ്ക്കുന്നുണ്ട്. ആദ്യ ഡോസെടുത്ത് 28 ദിവസത്തിനു ശേഷം രണ്ടാമത്തേത് എടുക്കണമെന്നാണ് നിർദ്ദേശം. രാജ്യന്തരതലത്തിൽ വിശാലമായ പഠനങ്ങൾക്ക് കൊവാക്സിൻ വിധേയമായിട്ടില്ല. അതുകൊണ്ടാണ് 28 ദിവസം കഴിഞ്ഞാലുടൻ വാക്സിനെടുക്കണമെന്ന നിഗമനത്തിലെത്തിയത്. അത് രണ്ട് മാസംവരെ നീണ്ടാലും പ്രശ്നമില്ല. ആദ്യ ഡോസ് കഴിഞ്ഞാലുടൻ ചെറിയതോതിൽ പ്രതിരോധ ശേഷി ലഭിക്കും. രണ്ടാം ഡോസ് എടുത്ത് 14 ദിവസത്തിന് ശേഷം അത് പൂർണമാകുമെന്നുമാണ് പഠനങ്ങൾ തെളിയിക്കുന്നത്.
54,23,013 പേർ ആദ്യ ഡോസ് സ്വീകരിച്ചു
7,91,027 പേർ രണ്ടാം ഡോസ് സ്വീകരിച്ചു
'വാക്സിനേഷൻ സമയബന്ധിതമായി തീർക്കാനാണ് ദിവസക്രമം നിശ്ചയിക്കുന്നത്. ദിവസത്തിൽ വ്യത്യാസം വന്നാലും ആശങ്കപ്പെടാനില്ല. ലഭിക്കുന്ന മുറയ്ക്ക് രണ്ടാം ഡോസും കൃത്യമായി ഉറപ്പാക്കണം.'
- ഡോ. ടി.എസ്. അനീഷ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |