പൊളിക്കുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്നവർക്ക് ആശ്വാസമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുന്നോട്ട് വരാൻ പോകുന്നു. ഇത്തരത്തിലുള്ള ഖരമാലിന്യങ്ങൾ ശേഖരിക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമായി സർക്കാർ ഉത്തരവ് വന്നു കഴിഞ്ഞു. ഇപ്പോൾ ഏതാണ്ട് പാഴാക്കിക്കളയുന്ന കെട്ടിടാവശിഷ്ടങ്ങളിൽ ഒരു ഭാഗം സർക്കാരിന്റെ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തണമെന്ന നിബന്ധനയും ഒപ്പമുണ്ട്. റോഡ് നിർമ്മാണം, അപ്രോച് റോഡുകൾ, റെയിൽവേ നിർമ്മാണ ജോലികൾ തുടങ്ങിയവയ്ക്ക് കെട്ടിടാവശിഷ്ടങ്ങൾ ഉപയോഗിക്കാനാകും. പക്ഷേ കെട്ടിടങ്ങളും നിർമ്മിതികളും പൊളിക്കുമ്പോൾ മാത്രമല്ല പുതിയ നിർമ്മാണങ്ങൾക്കിടെ ഉണ്ടാകുന്ന അവശിഷ്ടങ്ങളും നീക്കം ചെയ്ത് പുനരുപയോഗിക്കാൻ സംവിധാനമുണ്ടെന്ന് വന്നാൽ വലിയ അനുഗ്രഹമായിരിക്കും അത്.
എല്ലാവിധ മാലിന്യങ്ങളുടെയും ശേഖരണവും സംസ്കരണവും സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നമാണിന്ന്. നയവും നിയമവുമൊക്കെ ഉണ്ടെങ്കിലും നാടും നഗരവുമൊക്കെ ഒരു പോലെ മലിനപൂരിതമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലകളിൽപ്പെട്ടതാണ് മാലിന്യ നിർമ്മാർജ്ജനം. എന്നാൽ അതു നേരെ ചൊവ്വേ നടത്തുന്ന സ്ഥാപനങ്ങൾ നന്നേ കുറവാണ്. ജൈവ മാലിന്യങ്ങളടക്കം കുന്നുകൂട്ടിയിട്ട് പ്രദേശവാസികളുടെ ജീവിതം നരകമയമാക്കുകയാണ്. കടകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും നിത്യേന ടൺ കണക്കിന് അജൈവ മാലിന്യങ്ങൾ പുറന്തള്ളാറുണ്ട്. ഇവ സംഭരിച്ച് തരംതിരിച്ചാൽ പലതിനും പുനരുപയോഗം കണ്ടെത്താനാകും. ഇക്കൂട്ടത്തിൽ വരാത്ത ഇനമാണ് നിർമ്മാണാവശിഷ്ടങ്ങൾ. പുതിയ നയമനുസരിച്ച് അതിനും വലിയ പുനരുപയോഗ സാദ്ധ്യതയാണ് കാണുന്നത്. നിർമ്മാണ മേഖല ഏറെ സജീവമായ നിലയിലായതിനാൽ ടൺകണക്കിന് അവശിഷ്ടങ്ങളാണ് പുറന്തള്ളുന്നത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ജോലികൾ തുടങ്ങാനിരിക്കുകയാണ്. ആയിരക്കണക്കിന് കെട്ടിടങ്ങളാണ് പൊളിക്കേണ്ടിവരുന്നത്. ഇവയുടെ ഒരു ഭാഗമെങ്കിലും ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ വലിയ നേട്ടമാകും. ഖരമാലിന്യങ്ങൾ സംഭരിക്കാനും കൊണ്ടുപോകാനും സംഭരിക്കാനും വിപുലസംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടിവരും. പുതിയൊരു തൊഴിൽ മേഖലകൂടി വളർന്ന് വരുമെന്നതാണ് മറ്റൊരു അനുകൂല ഘടകം.
മാലിന്യ സംസ്കരണ വിഷയത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കൂടുതൽ ഗൗരവവും താത്‌പര്യവും പുലർത്തിയാൽ ഇപ്പോൾ നേരിടുന്ന ദുഃസ്ഥിതിക്ക് നല്ല തോതിൽ പരിഹാരമാകും. പലേടത്തും മാലിന്യ സംഭരണ - സംസ്കരണം പേരിനേയുള്ളൂ എന്നതാണ് അവസ്ഥ. ഖരമാലിന്യ സംസ്കരണം നയത്തിൽ ഉൾപ്പെടുത്തിയതായി കാണുന്നു. വീടുകളിൽ നിന്ന് നേരിട്ട് തദ്ദേശസ്ഥാപന ചുമതലപ്പെടുത്തുന്ന ആൾക്കാർ ഖരമാലിന്യം ശേഖരിക്കും. ഇതിന് വീട്ടുകാർ മാസം തോറും നിശ്ചിത നിരക്കിൽ ഫീസ് നൽകേണ്ടിവരും. ഫീസ് ഇൗടാക്കിയിട്ടാണെങ്കിലും മാലിന്യ സംഭരണത്തിന് സ്ഥിരം ഏർപ്പാടുണ്ടായാൽ രണ്ട് കൈയും നീട്ടി ആൾക്കാർ അത് സ്വീകരിക്കുമെന്ന് തീർച്ച. തിരുവനന്തപുരം നഗരത്തിൽ പല സ്വകാര്യ കമ്പനികളും ഇൗ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. ഫീസ് നിരക്കും കൂടുതലാണ്. തദ്ദേശസ്ഥാപനം പുതിയ സംവിധാനവുമായി വന്നാൽ അതാകും ഏറെ ഉചിതം.
പുതുതായി അധികാരമേറ്റ തദ്ദേശഭരണ സമിതികളുടെയും വരാനിരിക്കുന്ന പുതിയ സർക്കാരിന്റെയും സജീവ ശ്രദ്ധ പതിയേണ്ട കാര്യം തന്നെയാണ് മാലിന്യ പ്രശ്നം. ഏറെക്കാലമായി പറയുന്നതാണെങ്കിലും ദീർഘകാലാടിസ്ഥാനത്തിലുള്ള കുറ്റമറ്റ മാലിന്യ സംഭരണ - സംസ്കരണ സംവിധാനം ഒരുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നത് പോരായ്മ തന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |