SignIn
Kerala Kaumudi Online
Thursday, 29 July 2021 8.38 PM IST

ചെപ്പ് കിലുക്കുന്ന ചങ്ങാതി

feature-

ഒരു ജന്മത്തിനിടയിൽ നാം എന്തുമാത്രം കാഴ്ചകളാണ് കാണുന്നത്. കാണേണ്ടതും കാണാൻ പാടില്ലാത്തതുമായ കാഴ്ചകൾ. ഈ കാഴ്ചകളെല്ലാം ഏറ്റുവാങ്ങി സൂക്ഷിക്കുന്ന കർമ്മം മനസ് യഥേഷ്ടം നടത്തിക്കൊണ്ടിരിക്കുന്നു. മനസില്ലായിരുന്നെങ്കിൽ ഈ കാഴ്ചകൾക്ക് ഒരു പ്രസക്തിയും കാണില്ലായിരുന്നു. അതുകൊണ്ടാണ് മനസാണ് താരമെന്ന് പറയുന്നത്. എനിക്ക് മനസില്ല എന്ന് ചിലർ പറയുന്നത് കേട്ടിട്ടില്ലേ. അതിന് സാക്ഷ്യം വഹിക്കാൻ തനിക്ക് വയ്യെന്ന് സാരം. അത് മനസ് പറയിപ്പിക്കുന്നതാണ്. ഇഷ്ടമില്ലെങ്കിലും മനസിനെക്കൊണ്ട് നിർബന്ധിച്ച് ചെയ്യിപ്പിക്കുന്നവരുണ്ട്.

അപ്രതീക്ഷിതമായി ചില കാഴ്ചകൾ കാണേണ്ടിവരും. മനസിന് ഒരു സുഖവും തരാത്ത കാഴ്ച. അത്തരം കാഴ്ച കണ്ട് കഴിയുമ്പോൾ മനസ് അസ്വസ്ഥമാകും. എന്ത് ചെയ്യണമെന്നറിയാതെ വെമ്പൽകൊള്ളും. നിൻെറ മനസിലിരിപ്പ് എനിക്കറിയാം, അത് നിൻെറ മനസിൽ വച്ചാൽ മതി എന്ന് പറയുന്നതിന്റെ പൊരുൾ എതിരാളിയുടെ മനസ് ട്രാക്ക് മാറി സഞ്ചരിക്കുന്നതിന്റെ സൂചനയാണ്. അവന്റെ മനസ് കല്ലുപോലെയാണ് , ഒരലിവുമില്ലെന്ന് പറയുന്നത് മനസിന് ചാർത്തുന്ന കളങ്ക പട്ടമാണ്. അവൻെറ മനസ് ലോലമാണ് എന്നത് മനസിന്റെ നിഷ്കളങ്കതയെക്കുറിച്ചാണ്. ഇതിന് രണ്ടിനുമിടയിൽ മറ്റൊരു അവസ്ഥയുമുണ്ട്. അവിടെയും ഇവിടെയും ചാടുന്ന ചാഞ്ചാട്ടക്കാർ. അങ്ങനെ മനസിന് ഭാവങ്ങൾ പലതാണ്.

രഹസ്യങ്ങൾ സൂക്ഷിക്കുന്ന വലിയൊരു ചെപ്പാണ് മനസ്. 'ചെപ്പ് കിലുക്കുന്ന ചങ്ങാതി നിൻെറ ചെപ്പ് തുറന്നാെന്നു കാട്ടില്ലേ' എന്ന് പാടിയതും മനസറിഞ്ഞു കൊണ്ടാണ്.

പക്ഷേ, രഹസ്യങ്ങൾ മനസിൽ ഒളിപ്പിക്കുന്നവർ ഒരു കാര്യം ഓർക്കുക, മനസ് നിങ്ങളെ പൂർണമായങ്ങ് വിശ്വസിക്കില്ല. കള്ളത്തരം ഒരുനാൾ തോണ്ടി പുറത്തിടും.

അങ്ങനെ പുറത്തിട്ട ചരിത്രമേയുള്ളൂ. അതിനെ മനസിന്റെ ചതിയെന്ന് പറയാനാവില്ല, കാരണം അത് മനസിന്റെ പവിത്രതയാണ്.

നല്ലതിനെ എക്കാലവും ലാളിക്കുകയും കൊള്ളരുതായ്മയെ കുഴിയിലെറിയുകയും ചെയ്യുന്ന മാന്ത്രിക സദസാണത്. അത് മനസിന്റെ മഹാ വലിപ്പത്തെയാണ് കാണിക്കുന്നത്. ഒരു രഹസ്യം എക്കാലവും അതേപോലെ കാത്ത് സൂക്ഷിക്കാൻ മനസാക്ഷി അനുവദിക്കില്ല. ഒരുനാൾ മനസിൽ നിന്ന് അത് ചിറക് വിടർത്തി പറക്കും. പിന്നെയുണ്ടാകുന്ന കോലാഹലങ്ങളൊന്നും പറഞ്ഞറിയിക്കേണ്ടതില്ല, കണ്ടറിഞ്ഞുകൊള്ളും. അങ്ങനെ മനസ് തുള്ളിയാടിയ രഹസ്യങ്ങളാണ് കൊവിഡ് കാലത്തും കണ്ടുകൊണ്ടിരിക്കുന്നത്. ആരോരുമറിയാതെ കുഴിച്ചിട്ടതും കാലുവാരിയതുമെല്ലാം പുറത്ത് ചാടിക്കൊണ്ടിരിക്കുന്നു. കുഴിച്ചിട്ടത് കണ്ടതും മനസ്, കുഴിച്ചെടുപ്പിക്കുന്നതും മനസ്. . ഒരുനാൾ മനസ് എല്ലാ സത്യങ്ങളും വിളിച്ച് പറയും. അങ്ങനെ പറഞ്ഞേ മതിയാകൂ. ഇല്ലെങ്കിൽ മനസിന് പുല്ലുവിലയാവില്ലേ. അതിൽ തൊട്ട് കളിക്കല്ലേ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HH
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.