തിരുവനന്തപുരം: സ്പോട്ട് രജിസ്ട്രേഷൻ നിറുത്തിയതറിയാതെ കൊവിഡ് വാക്സിൻ എടുക്കാൻ കൂട്ടത്തോടെ ആളുകൾ എത്തിയത് സംസ്ഥാനത്ത് പലയിടത്തും തിക്കും തിരക്കിനുമിടയാക്കി. സ്പോട്ട് രജിസ്ട്രേഷനില്ലെന്നറിഞ്ഞതോടെ പലരും രോഷാകുലരായി. ഇവരെ ശാന്തരാക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും പല വാക്സിനേഷൻ കേന്ദ്രങ്ങളിലും വാക്കേറ്റം ഏറെനേരം നീണ്ടു.
തിരുവനന്തപുരം ജനറൽ ആശുപത്രി, കോട്ടയം പാറമ്പുഴ പി.എച്ച്.സി എന്നിവിടങ്ങളിലാണ് ഇന്നലെ ഏറെ തിരക്ക് അനുഭവപ്പെട്ടത്. പാറമ്പുഴയിൽ വാക്സിനേഷൻ കേന്ദ്രത്തിലേക്ക് ആളുകൾ തള്ളിക്കയറിയത് തർക്കത്തിനിടയാക്കി. കൊവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് തീയതിയും സമയവും ലഭിച്ചില്ലെന്നും പരാതിയുണ്ട്. തിരുവനന്തപുരത്ത് ജനറൽ ആശുപത്രിയിൽ പൊലീസ് എത്തിയാണ് തിരക്ക് നിയന്ത്രിച്ചത്.
വാക്സിൻ ക്ഷാമം തുടരുന്നു
158 ക്യാമ്പുകൾ പ്രവർത്തിച്ചിരുന്ന തിരുവനന്തപുരം ജില്ലയിൽ വാക്‌സിൻ ക്ഷാമം കാരണം 9 ക്യാമ്പുകൾ മാത്രമാണ് ഇന്നലെ പ്രവർത്തിച്ചത്. അഞ്ചുലക്ഷം ഡോസ് വാക്‌സിൻ ഇന്നെത്തുമെന്നും ഇതിൽ 30,000 ഡോസ് തലസ്ഥാനത്തിന് ലഭിക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.
കോട്ടയത്ത് മാങ്ങാനം അടക്കമുള്ള പ്രദേശങ്ങളിലെ വാക്‌സിൻ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തവർ കോട്ടയത്തെ പാറാമ്പുഴ പി.എച്ച്.സിയിൽ എത്തിയതാണ് തിരക്കിനിടയാക്കിയതെന്നും വാക്‌സിനേഷൻ നൽകുന്നത് സംബന്ധിച്ച മാർഗനിർദ്ദേശം പുറപ്പെടുവിച്ചതിനുശേഷമുള്ള ആദ്യ ദിനമായതിനാലാണ് ആശയക്കുഴപ്പം ഉണ്ടായതെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |