SignIn
Kerala Kaumudi Online
Friday, 19 April 2024 3.55 PM IST

കൊവിഡ് ; അണിയുക, അതീവ ശ്രദ്ധയുടെ കവചം

photo

മനുഷ്യൻ ഒരു 'സാമൂഹിക മൃഗ'മാണെന്നു അരിസ്റ്റോട്ടിൽ പറഞ്ഞു. അത് തികച്ചും അർത്ഥവത്താണെന്നു തെളിയിക്കുന്ന വിധമാണ് നമ്മുടെ നാട്ടിൽ കൊവിഡ് മഹാമാരിക്കാലത്ത് പൊതുവേ മനുഷ്യർ പെരുമാറുന്നത്. കൂട്ടം കൂടാനും ആഘോഷിക്കാനും ഒരുമിച്ചു ചായ കുടിച്ചുകൊണ്ടു സൊറ പറയാനുമാകാതെ എന്തു ജീവിതം. കൊറോണ വൈറസ് പതുങ്ങി നടപ്പുണ്ടെങ്കിലും, അത് നമ്മെ പിടികൂടുകയില്ല മറ്റാരെയെങ്കിലുമേ പിടികൂടൂ എന്ന മട്ടാണ് ഓരോ ആൾക്കൂട്ടങ്ങൾക്കും ഒത്തുചേരലുകൾക്കും. അത് വിവാഹമോ, ആരാധനാലയച്ചടങ്ങുകളോ ജോലിസ്ഥലത്തെ ചെറുകൂട്ടങ്ങളോ എന്തായാലും. ഫോട്ടോ എടുക്കാനായി മാസ്‌ക് താഴ്‌ത്താത്തവരെ 'സാമൂഹ്യ വിരുദ്ധരാ'യി പ്രഖ്യാപിക്കുന്നു. ഈ വൈറസ് വായുവിലൂടെ പകരുന്നതായി ചില പഠനങ്ങൾ വന്നു കഴിഞ്ഞു. ഒരിക്കലും പരസ്പരം കാണാത്ത ആളുകൾക്കു പോലും ഫ്‌ളാറ്റ് സമുച്ചയത്തിലോ ഹോട്ടലിലോ പരസ്പരം രോഗം പരത്താനാവുമത്രേ.
സാമൂഹിക അകലം പാലിക്കലും മാസ്‌ക് ധരിക്കലും അനാവശ്യ യാത്രകൾ ഒഴിവാക്കലും കഴിയുന്നത്ര വേഗം വാക്‌സിനേഷൻ സ്വീകരിക്കുകയുമൊക്കെ ചെയ്യേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നു കരുതണം. ജനിതകമാറ്റം വന്നതും അതിവേഗം പടർന്നുകൊണ്ടിരിക്കുന്നതുമായ വൈറസിനെ കണ്ടില്ലെന്നു നടിച്ചു 'സാധാരണ നില' ഭാവിക്കാൻ നമുക്കാവില്ല. തീയിലേക്ക് സന്തോഷത്തോടെ അണഞ്ഞ് മരിക്കുന്ന ഈയാംപാറ്റകളുടെ സ്വഭാവത്തോടെ വിനോദയാത്രകളും ആയിരങ്ങൾ കൂടുന്ന വിവിധതരം ആഘോഷങ്ങളും നടത്തുന്നത് ബുദ്ധിശൂന്യത മാത്രമല്ല, അഹങ്കാരവും മറ്റുള്ളവരെ കുറിച്ചുള്ള കരുതലില്ലായ്മയുമാണ്. ഒറ്റപ്പെടലിലൂടെയുണ്ടാകുന്ന ബോറടി ഒഴിവാക്കാനെന്ന പേരിൽ വിനോദയാത്രകൾക്കായി ജനങ്ങൾ കൂട്ടംകൂടുന്ന അവസ്ഥ നാം കണ്ടില്ലെന്നു നടിച്ചു. പല ബന്ധുക്കളും സുഹൃത്തുക്കളും കൊവിഡ് മൂലം മരിച്ചു പോയതു കാണേണ്ടി വരാത്ത ആരും ഉണ്ടെന്നു തോന്നുന്നില്ല. ഇക്കഴിഞ്ഞ ദിവസം ഞങ്ങളുടെ ബാച്ചിലെ (ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്) 15 പേർക്ക് കൊവിഡ് ബാധിക്കുകയും ഒരാളെ ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എത്രയോ പേർ ഇതിനകം കൊവിഡ് രണ്ടുവട്ടം വരികയും അതിന്റെ ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു. പലരും അതതു സംസ്ഥാനത്തെ കൊവിഡ് നോഡൽ ഓഫീസർമാർ, ചീഫ് സെക്രട്ടറി, ഡി.ജി.പി തുടങ്ങിയ പദവിയിലിരുന്നുകൊണ്ട് അഹോരാത്രം പണിയെടുക്കുന്നവർ. ഇത്രയും ഗുരുതരമായ പ്രശ്‌നങ്ങൾ വളരെ ചെറിയ (ഇരുന്നൂറിൽ താഴെ) ഒരു ഗ്രൂപ്പിലുണ്ടാകുമ്പോൾ തെരുവിൽ ജീവിക്കുന്നവരും മോശം ജീവിത സാഹചര്യങ്ങളിൽ പണിയെടുക്കുന്നവരുമായവരുടെ അവസ്ഥ എത്ര ഭീകരമായിരിയ്ക്കും.
കൊവിഡ് മൂലം മനുഷ്യ സമൂഹത്തിന്റെ ശീലങ്ങളിലുണ്ടായ മാറ്റത്തെക്കുറിച്ച് ചുരുങ്ങിയ കാലത്തിനിടെ തന്നെ ഒട്ടേറെ പഠനങ്ങൾ നടന്നിട്ടുണ്ട്. മനുഷ്യരുടെ മനോഭാവവും അവർക്ക് രോഗം മൂലമുളള അപകടത്തെക്കുറിച്ചുള്ള ധാരണ (perception) യുമാണ് അവരുടെ പെരുമാറ്റത്തെ രൂപപ്പെടുത്തുന്നതത്രേ. ചിക്കൻ ഗെയിം (chicken game) തിയറിയോട് ഇപ്പോഴത്തെ സമൂഹത്തിന്റെയും വ്യക്തികളുടെയും പെരുമാറ്റം ഉപമിക്കാവുന്നതാണത്രേ. എല്ലാവരും ഒരുപോലെ ചില ചിട്ടകൾ പാലിക്കുന്നത് ഇരുകളിക്കാരുടെയും മരണം ഒഴിവാക്കുമെന്ന് അറിയാമെങ്കിലും 'കോഴിക്കുഞ്ഞിനെപ്പോലെ ഭീരു' എന്നു തോന്നിക്കുമോ എന്നു ഭയന്ന് രണ്ടു കളിക്കാരും ജീവൻ രക്ഷാസഹായകമായ പെരുമാറ്റത്തിൽ നിന്നു പിന്മാറുന്നു. ഇടിക്കാൻ തുടങ്ങുന്ന രണ്ട് വാഹനങ്ങളിലെ ഒരു ഡ്രൈവർ വണ്ടി വെട്ടിച്ചുമാറ്റി അപകടമൊഴിവാക്കിയാൽ മറ്റേ ഡ്രൈവറും കാണികളും താൻ ഭീരുവാണെന്ന് കളിയാക്കുമോ എന്നു ഭയന്ന് അഹങ്കാരത്തോടെ ഓടിച്ച് രണ്ട് വാഹനങ്ങളും കൂട്ടിയിടിച്ചു രണ്ടുപേരും മരിയ്ക്കുന്ന അവസ്ഥ! ഇത്തരമൊരു കളിയിലാണ് ശ്രദ്ധയില്ലാത്ത ഓരോ സമൂഹവും ഏർപ്പെട്ടിരിയ്ക്കുന്നതെന്നു സാരം. മേൽപ്പറഞ്ഞ Behaviour Science തിയറി കൊവിഡ് 19 കാലഘട്ടത്തിൽ പല സമൂഹങ്ങൾക്കും യോജിക്കുമെന്നാണ് ഈ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
വ്യക്തികളുടെ ധാരണ മാറ്റിമറിയ്ക്കുന്നതിന് അവരുടെ മനസിനെ പിടിച്ചു കുലുക്കുന്ന തരത്തിലുള്ള കലാരൂപങ്ങളിലൂടെയോ സംഗീതത്തിലൂടെയോ സോഷ്യൽ മീഡിയായിലൂടെയോ ഒക്കെയുള്ള അവഗണിക്കാനാവാത്ത നിരന്തരമായ പ്രചാരണം ഉതകിയേക്കാം. കർക്കശമായ നിയമനടപടികൾ ഗുണം ചെയ്യും. എങ്കിലും അതിനായി നിരന്തരം നിയമപാലകരെ നിയോഗിക്കുക കൊണ്ടു മാത്രം സാദ്ധ്യമല്ല. സമൂഹത്തിന്റെ മനസാക്ഷി ശക്തമായി ഉണർന്നു പ്രവർത്തിക്കുക തന്നെ വേണം. സമൂഹത്തിന്റെ കാവലാളാകാനും അണുവിട തെറ്റാതെ പ്രോട്ടോകോൾ പാലിക്കാനും ഓരോ വ്യക്തിയും ഉത്സാഹിയ്ക്കുന്ന നിലയിലേക്ക് കാര്യങ്ങൾ മാറ്റാനും പൊതുജനങ്ങൾ ഇച്ഛാശക്തി പ്രകടമാക്കണം. ഒപ്പം തന്നെ ആരോഗ്യരംഗം അതിശക്തമായി നിലനിറുത്തണം.
ചില രാജ്യക്കാർ തങ്ങളുടെ മുഴുവൻ പൗരന്മാരെയും വാക്‌സിനേറ്റ് ചെയ്ത് "Herd Immunity' ഉണ്ടാക്കി മഹാമാരിക്കാലം തരണം ചെയ്തുകൊണ്ടിരിക്കുന്നുവത്രേ. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും മാനസികമായും പിന്നോട്ടടിക്കുന്ന അവസ്ഥയിലേക്ക് നാം കുതിക്കാതിരിക്കണമെങ്കിൽ തീർച്ചയായും കൊവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കാൻ ഓരോ വ്യക്തിയും തയ്യാറാവുക തന്നെ വേണം. അതിനു എല്ലാവരെയും പ്രേരിപ്പിക്കാൻ ശ്രമിക്കേണ്ടത് ഓരോ പൗരനും ദൗത്യമായി ഏറ്റെടുക്കേണ്ടിയിരിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MIZHIYORAM, COVID 19
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.