മലപ്പുറം: യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മോചനത്തിന് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കുടുംബം.
കൊവിഡ് ബാധിതനായി മഥുരയിലെ ജയിലാശുപത്രിയിൽ കഴിയുന്ന കാപ്പൻ നരക ജീവിതമാണ് നേരിടുന്നതെന്ന് ഭാര്യ റെയ് ഹാനത്ത് പറഞ്ഞു. ടോയ്‌ലെറ്റിൽ പോകാൻ പോലും അനുവദിക്കാതെ കട്ടിലിൽ ചങ്ങലയിൽ കെട്ടിയിട്ടിരിക്കുകയാണ്. മൂത്രമൊഴിക്കാൻ ഒരു ബോട്ടിലാണ് നൽകിയത്. നിലത്ത് വീണ് താടി പൊട്ടിയതിനാൽ നാല് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല. മതിയായ ചികിത്സ പോലും ലഭിക്കാതെ നില ഗുരുതരമാണ്.
കാപ്പന്റെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം. മുഖ്യമന്ത്രിയോട് നിരന്തരം അപേക്ഷിച്ചിട്ടും ഇതുവരെ മിണ്ടിയിട്ടില്ല. പോപ്പുലർ ഫ്രണ്ടെന്ന് ആരോപിച്ചത് കൊണ്ടുള്ള പേടിയാണോ മുഖ്യമന്ത്രിക്ക്?. ചികിത്സയുടെ കാര്യത്തിലെങ്കിലും ഇടപെടണമെന്നഭ്യർത്ഥിച്ച് മുഖ്യമന്ത്രിക്ക് വീണ്ടും കത്തയച്ചിട്ടുണ്ടെന്നും റെയ് ഹാനത്ത് പറഞ്ഞു.
ഹാഥ് രസ് പീഡനം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ ഒക്ടോബർ അഞ്ചിനാണ് പോപ്പുലർ ഫ്രണ്ട് ബന്ധമാരോപിച്ച് ഉത്തർപ്രദേശ് പൊലീസ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഇതിനിടെ, രോഗിയായ അമ്മയെ കാണാൻ അഞ്ച് ദിവസത്തേക്ക് മാത്രമാണ് ജാമ്യം ലഭിച്ചത്.
എയിംസിലേക്ക് മാറ്റണമെന്ന് കേരള എം.പിമാർ
ന്യൂഡൽഹി: യു.പി പൊലീസിന്റെ കസ്റ്റഡിയിൽ കഴിയവെ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള സിദ്ദിഖ് കാപ്പനെ മഥുര മെഡിക്കൽ കോളേജിൽ നിന്ന് തുടർ ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കേരളത്തിലെ 11 എംപിമാർ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് കത്തെഴുതി. സിദ്ദിഖ് കാപ്പന് വേണ്ടി കഴിഞ്ഞ ആറു മാസത്തിനിടെ നൽകിയ ഏഴ് ഹേബിയസ് കോർപ്പസ് ഹർജികളിലൊന്നും തീർപ്പാക്കിയിട്ടില്ല. ഭരണഘടനയുടെ രക്ഷാധികാരിയെന്ന നിലയിൽ ഇക്കാര്യം പുനഃപരിശോധിക്കണമെന്നും ചീഫ് ജസ്റ്റീസിനോട് എം.പിമാരായ കെ. സുധാകരൻ, കെ മുരളീധരൻ, ബെന്നി ബഹനാൻ, ആന്റോ ആന്റണി, വി.കെ. ശ്രീകണ്ഠൻ, ടി.എൻ. പ്രതാപൻ, ഡീൻ കുര്യാക്കോസ്, രമ്യ ഹരിദാസ്, എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി.അബ്ദുൽ വഹാബ് എന്നിവർ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |