SignIn
Kerala Kaumudi Online
Thursday, 29 July 2021 7.02 AM IST

പാതിരാത്രിയിലെ 'ഒളിച്ചോട്ടം'

mining-

നല്ലത് കേൾപ്പിച്ചിട്ടില്ലാത്ത സർക്കാർ വകുപ്പാണ് മൈനിംഗ് ആൻഡ് ജിയോളജി. ഖനന വകുപ്പെന്ന് നാം ഒറ്റയടിക്ക് പറയും. ഈ വകുപ്പുകാർ ചെയ്യുന്ന മിക്ക പ്രവർത്തികൾക്കും നാട്ടുകാരുടെ കണ്ണിൽ കുറ്റം. ഫയലുകൾ നോക്കിയാൽ നിയമലംഘനങ്ങളുടെ പെരുമഴക്കാലം. കോടതികളുടെ രൂക്ഷ വിമർശനങ്ങളും നാട്ടുകാരുടെ പരുഷ വാക്കുകളും മൈനിംഗ് വകുപ്പിന് നേരെ ആഞ്ഞ് തറച്ചാലും അവർക്ക് ഒരു കുഴപ്പവും കുലുക്കവുമില്ല. ഇപ്പോൾ മനസിലായല്ലോ, ഈ വകുപ്പുകാർ അത്ര നിസാരക്കാരല്ലെന്ന്. പച്ചയ്ക്ക് പറഞ്ഞാൽ പാറമടകൾക്കും മണ്ണെടുപ്പിനും ലൈസൻസ് കൊടുക്കുകയെന്നതാണ് അവർ ചെയ്യുന്ന പ്രധാന ജോലി. അല്ലെങ്കിൽ അതിന്റെ പേരിലുള്ള പൊല്ലാപ്പുകൾ കൊണ്ടാണ് ആ വകുപ്പ് കൂടുതലായി അറിയപ്പെടുന്നത്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും മൈനിംഗ് ആൻഡ് ജിയോളജി ഓഫീസ് ജില്ലാ ആസ്ഥാനങ്ങളിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, പത്തനംതിട്ട ജില്ലയിൽ അവരുടെ ഓഫീസ് എവിടെയെന്ന് കണ്ടുപിടിക്കാൻ സാധാരണക്കാർക്ക് കഴിയില്ല. പാറമടക്കാരെയോ മണ്ണെടുപ്പുകാരെയോ വിളിച്ചു ചോദിച്ചാൽ കൃത്യമായി വഴി പറഞ്ഞു തരും. പത്തനംതിട്ടയിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ ആറൻമുളയിലാണ് അത് പ്രവർത്തിക്കുന്നതെന്ന് പലരും പറഞ്ഞു കേൾക്കുന്നുണ്ട്. അത് ജില്ലാ ആസ്ഥാനത്തേക്ക് മാറ്റിയാൽ എന്താ കുഴപ്പം എന്നു ചോദിച്ചാൽ ആർക്കും ഉത്തരമില്ല. ആ ചോദ്യത്തിന് വർഷങ്ങളുടെ പഴക്കവുമുണ്ട്.

പാറമട, മണ്ണെടുപ്പ് ലോബികളാൽ 'സമ്പന്നമായ' മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഓഫീസിനെ പത്തനംതിട്ട നഗരത്തിലേക്ക് മാറ്റുന്നതിനോട് ചിലർക്ക് യോജിപ്പില്ല. ചിലതിനൊക്കെ ജില്ലാ കളക്ടറോട് ഉത്തരങ്ങളും കണക്കുകളും പറയേണ്ടിവരുമെന്നത് അത്ര സുഖമുള്ള ഏർപ്പാടല്ലാത്തതാണ് കാരണം.

കൊവിഡിൽ അടച്ചിരുന്ന രാത്രിയിൽ നടന്നത്

മൈനിംഗ് ഓഫീസ് പത്തനംതിട്ടയ്ക്ക് മാറ്റണമെന്ന് മുറവിളി തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ, എങ്ങനെയും അത് ആറൻമുളയിൽ ആരും കണ്ടിട്ടില്ലാത്ത സ്ഥലത്ത് നിലനിർത്തണമെന്ന വാശി ഉദ്യോഗസ്ഥർക്കും ചില ലോബികൾക്കുമുണ്ട്. ഇതിനിടെയാണ് ആരുടെയും കണ്ണിൽപ്പെടാത്ത പാതിരാത്രിയിൽ മൈനിംഗ് ഓഫീസ് അടൂരിലേക്ക് മാറ്റാൻ നീക്കമുണ്ടായത്. ഇരുട്ടിന്റെ മറവിൽ എല്ലാം പെറുക്കിയെടുത്ത് ഒളിച്ചോടുന്നവരുടെ ചെയ്തികൾ പോലെയായിരുന്നു കഴിഞ്ഞ ദിവസം ഓഫീസ് മാറ്റത്തിനുള്ള ശ്രമം നടന്നത്. കൊവിഡിന്റെ രണ്ടാം തരംഗത്തിൽ എല്ലാവരും വീടുകളിൽ അടച്ചുപൂട്ടിയിരുന്ന ദിവസം രാത്രി പതിനൊന്നരയോടെ ഓഫീസ് അടൂരിലേക്ക് മാറ്റാൻ ഉദ്യോഗസ്ഥർ തിടുക്കപ്പെട്ടത് നാട്ടുകാർ ആരോ അറിഞ്ഞു. എം.എൽ.എയെയും രാഷ്ട്രീയ പാർട്ടി പ്രവർത്തകരെയും അറിയിച്ചു. അവർ രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി ചെറുത്തതു കൊണ്ട് ഓഫീസ് മാറ്റം മുടങ്ങി.

ജിയോളജി വകുപ്പിന് ഒരു മന്ത്രിയുണ്ട്. അദ്ദേഹത്തിന്റെ തീരുമാനപ്രകാരമല്ല ഓഫീസ് മാറ്റാൻ ഒരുങ്ങിയതെന്ന് പറയുന്നുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ അധികാരമേൽക്കേണ്ട ഘട്ടത്തിൽ എത്തി നിൽക്കെ പെട്ടന്ന് ഓഫീസ് മാറ്റാൻ തക്ക അടിയന്തര സാഹചര്യമില്ലതാനും.

ജിയോളജി ഉദ്യോഗസ്ഥർക്ക് അടൂർ ഇഷ്ട ലൊക്കേഷനാകാൻ കാരണങ്ങളേറെയുണ്ട്. ജില്ലയിൽ പാറമടകൾ ഏറെയുള്ളത് അടൂർ താലൂക്കിലാണ്. മണ്ണെടുപ്പ് കൂടുതലായി നടക്കുന്നതും അവിടെത്തന്നെ.

കൊടുക്കൽ വാങ്ങലുകൾ എളുപ്പത്തിൽ നടത്താനും പോയിവരവിന്റെ ദൂരം കുറയ്ക്കാനും നല്ലത് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിനെ പാറമടകളുടെ മടിത്തട്ടിലേക്ക് എത്തിക്കുന്നതാകും നല്ലെതെന്ന ഉദ്യോഗസ്ഥ ബുദ്ധിക്ക് നല്ല നമസ്കാരം.

പാറമടകളുടെ കണ്ണിലുണ്ണികൾ

നാട്ടുകാർക്ക് ഇപ്പോഴും മനസിലാകാത്തത് രാത്രിയിൽ എന്തിന് ഓഫീസ് മാറ്റാൻ ശ്രമിച്ചു എന്നതാണ്. അടൂരിലേക്ക് പാേകണമെങ്കിൽ പകൽ പോയാലെന്താ എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇരുട്ടത്ത് ഇറങ്ങിപ്പോകൽ നല്ല ഉദ്ദേശത്തോടെയല്ല എന്ന് നാട്ടുകാർ പറയാൻ പല കാ‌രണങ്ങളുണ്ട്. ജിയോളജി ഓഫീസർ എന്നാണ് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിലെ ജില്ലാ അധികാരിയുടെ സ്ഥാനപ്പേര്. പാറമടകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനൊരുങ്ങുന്ന ജില്ലയിൽ, പാറമട ഉടമകളുടെ കണ്ണിലുണ്ണിയായ ഒരു ജില്ലാ ഓഫീസറെ ഏതാണ്ട് രണ്ടു വർഷം മുൻപാണ് വിജിലൻസ് സംഘം അദ്ദേഹത്തിന്റെ ലോഡ്ജ് മുറിയിൽ ചെന്നു കണ്ടത്. ഏതോ മുതലാളിമാർ കാണാൻ വരുന്നു എന്നാണ് ജിയോളജി ഓഫീസർ കരുതിയത്. മുറിയിൽ ചെന്നു കയറിയപ്പോഴാണ് അത് വിജിലൻസ് ആണെന്ന് ഓഫീസർക്ക് മനസിലായത്. കണക്കിൽ പെടാത്ത രണ്ട് ലക്ഷത്തിലേറെ രൂപ അന്ന് ഓഫീസറുടെ മുറിയിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തു. പിന്നാലെ കിട്ടി സസ്പെൻഷൻ. ഈ സംഭവത്തിന് മുൻപ് മണ്ണെടുപ്പിനും പാറഖനനത്തിനും നിയമവിരുദ്ധമായി പാസ് നൽകുന്നു എന്ന് പഴി കേട്ട ഓഫീസാണിത്. അഴിമതിയുട‌െയും നിയമലംഘനങ്ങളുടെയും ഈ ചരിത്രം അലങ്കാരമാക്കി കൊണ്ടു നടക്കുന്നതിനിടെയാണ് ഓഫീസ് അടൂരിലേക്ക് മാറ്റി കൂടുതൽ 'വിളവെടുപ്പിന്' ഉദ്യോഗസ്ഥർ ഒരുമ്പെട്ടത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PATHANAMTHITTA DIARY, MINING AND GEOLOGY
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.