SignIn
Kerala Kaumudi Online
Wednesday, 09 July 2025 2.15 PM IST

ആരോഗ്യത്തിന്റെ രാഷ്ട്രീയം

Increase Font Size Decrease Font Size Print Page

vivadavela

സാഹിത്യ പരിഷത്തുകാരോട് പരിഹാസം കാത്തുസൂക്ഷിച്ച ഹാസ്യസാഹിത്യകാരൻ സഞ്ജയൻ, പരിഷത്ത് സമ്മേളനത്തെ കളിയാക്കി എഴുതിയ ന്യായങ്ങളിൽ ഒന്നാണ് താടിബീഡികാന്യായം.

"പണ്ട് ഒരു കിഴവന്റെ താടിക്ക് തീപിടിച്ചപ്പോൾ അടുത്തു നിന്നിരുന്ന ചെറുപ്പക്കാരൻ: ഹെയ്! തീക്കെടുത്തുവാൻ വരട്ടെ. എന്റെ ബീഡി ഒന്ന് കൊളുത്തേണ്ടിയിരിക്കുന്നു..."

പ്രതിബദ്ധതയില്ലാത്ത ഭരണാധികാരികളുടെ നേർക്കെറിയപ്പെടുന്നുണ്ട് ഈ പരിഹാസച്ചാട്ടുളി.

കൊവിഡ് -19 വൈറസിന്റെ പുതിയ വകഭേദങ്ങൾ രാജ്യത്തെ പൂർണാർത്ഥത്തിൽ ശ്വാസം മുട്ടിക്കുകയാണിപ്പോൾ. ഓക്സിജൻ കിട്ടാതെ പിടഞ്ഞുവീഴുന്ന ജീവനുകളെ നോക്കി രാജ്യം വിറങ്ങലിച്ച് നില്പാണ്. അതിതീവ്രമായ രണ്ടാംതരംഗ സാദ്ധ്യത മുന്നിൽക്കണ്ട് ഓക്സിജൻ ഉത്പാദനത്തിലടക്കം കൈക്കൊള്ളേണ്ട മുന്നൊരുക്കങ്ങളില്ലാതെ പോയത് ദുരന്തത്തിന് ആക്കം കൂട്ടി. ഡൽഹിയുടെ അവസ്ഥയെ നോക്കി പൊതുജനാരോഗ്യം സംസ്ഥാനവിഷയമാണെന്ന് കൈയൊഴിയാമെങ്കിലും, പല വൈവിദ്ധ്യങ്ങളും വൈജാത്യങ്ങളും കുടികൊള്ളുന്ന രാജ്യത്തിന്റെ ഭരണാധികാരി അവ ഉൾക്കൊണ്ട് നീങ്ങാത്തതെന്തേയെന്ന ചോദ്യം മുഴച്ചു നിൽക്കുന്നു. സാർവത്രിക വാക്സിനേഷൻ സാമൂഹ്യാരോഗ്യത്തിന്റെ ഉരകല്ലാവേണ്ടിടത്ത്, ദിവസങ്ങൾ പിന്നിടുന്തോറും വാക്സിൻ വിതരണനയത്തിലെ സങ്കീർണതകൾ സൃഷ്ടിക്കുന്ന ആശങ്കകൾ ചെറുതല്ല.
മഹാമാരിക്കാലത്ത് മാനവരാശിയുടെ ജീവനുകളെ വിപണി മത്സരത്തിന് എറിഞ്ഞ് കൊടുക്കുന്നതോ ഉത്തമ ഭരണാധികാരിയുടെ ലക്ഷണമെന്നാണ് ചോദ്യം. ഇന്ത്യയെ സൂപ്പർ പവറാക്കാനും ലോകത്തിന്റെ ഫാർമസിയാക്കി മേനിനടിച്ച് ലോകനേതാവാകാനുമുള്ള ശ്രമങ്ങളുണ്ടായത് സ്വന്തം ജനതയെ മറന്നിട്ടായിരുന്നു. ഭരണാധികാരിയുടെ ചെയ്തിയേക്കാളേറെ അതിനെ ന്യായീകരിക്കുന്നവരുടെ യുക്തിയാണ് പേടിപ്പെടുത്തുന്നത്. മൂവായിരം കോടിയുടെ പ്രതിമയിലും കോടികൾ മുടക്കിയുള്ള സെൻട്രൽ വിസ്തയിലുമാണ് നാടിന്റെ ഭാവിയെന്ന് ചിന്തിക്കുമ്പോൾ ഭരണകൂടത്തിന്റെ മുൻഗണനയിൽ നിന്ന് ജനത പുറന്തള്ളപ്പെടുന്നത് സ്വാഭാവികം.

മഹാമാരി മൂർദ്ധന്യത്തിൽ നില്‌കെ, മരുന്നുത്‌പാദക കമ്പനിയെ പ്രീതിപ്പെടുത്തുന്ന വാക്സിൻ നയത്തിനാണ് കേന്ദ്രസർക്കാരിന്റെ മുൻഗണന. കേന്ദ്രത്തിന് ഒരു വില, സംസ്ഥാനങ്ങൾക്ക് മറ്റൊന്ന്, സ്വകാര്യമേഖലയ്ക്ക് വേറെ. വിതരണത്തിന് സംസ്ഥാനങ്ങൾക്കോ സ്വകാര്യമേഖലയ്ക്കോ ക്വാട്ട നിശ്ചയിച്ചിട്ടില്ല. ഫലം, കമ്പോളമത്സരം. മഹാമാരിയിൽ നട്ടം തിരിയുന്ന ജനത്തിന് മുന്നിലേക്ക് മത്സരാധിഷ്ഠിത കമ്പോള സാദ്ധ്യത തുറന്നിട്ട് കൊടുക്കുന്ന കോർപ്പറേറ്റ് പ്രീണനത്തിന്റെ യുക്തി, സ്വതന്ത്ര ഇന്ത്യയുടെ സങ്കല്പത്തെപ്പോലും റദ്ദാക്കുന്നുണ്ട്. സഞ്ജയന്യായം കടമെടുത്താൽ, താടിക്ക് തീപിടിക്കുമ്പോൾ ബീഡിക്ക് തീകൊളുത്തുക തന്നെ.

രണ്ടാംവരവിൽ പിടിവിടുമ്പോൾ

യഥാർത്ഥത്തിൽ ഇന്ത്യയുടെ സങ്കീർണമായ ഘടന തിരിച്ചറിഞ്ഞുള്ള ഇടപെടൽ രാഷ്ട്രീയ ഭരണനേതൃത്വങ്ങളിൽ നിന്ന് കൊവിഡിന്റെ ഒന്നാംതരംഗ വേളയിലേ ഉണ്ടാവേണ്ടിയിരുന്നു. വാക്സിനേഷൻ രാജ്യമാകെ ഊർജിതപ്പെടുത്താൻ മുൻകൈയെടുത്തിരുന്നെങ്കിൽ ഒരുപക്ഷേ കുറേയെങ്കിലും ഹേർഡ് ഇമ്മ്യൂണിറ്റി കൈവരിക്കാനായേനെ. എന്നാൽ ഇന്ത്യ ലോകത്തിന്റെ ഫാർമസിയാണെന്ന് കാട്ടി ലോകനേതാവാകാനുള്ള അവസരമാക്കുകയാണ് ഭരണനേതൃത്വം ചെയ്തത്. കയറ്റുമതിയൊക്കെ നല്ലതുതന്നെ. പക്ഷേ, രാജ്യത്തെ 50 ശതമാനം പേർക്ക് പോലും വാക്സിൻ ലഭ്യമായിട്ടില്ല. 18 വയസിന് മുകളിലേക്കുള്ളവർക്കുള്ള വാക്സിൻ വിതരണം മേയ് ഒന്നിന് തുടങ്ങുമെന്ന് പ്രഖ്യാപിച്ച കേന്ദ്രം അതിന്റെ ചുമതല സംസ്ഥാനങ്ങളുടെ തലകളിൽ വച്ചൊഴിയുന്നതാണ് ഏറ്റവും അവസാനത്തെ ചിത്രം.

2021ന്റെ തുടക്കത്തിൽ രാജ്യത്തെ കൊവിഡ് കേസുകൾ പതിനായിരത്തിൽ താഴേക്ക് പോയപ്പോൾ,​ ഇതാ പ്രധാനമന്ത്രി രാജ്യത്തെ രക്ഷിച്ചിരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത് ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദയാണ്. അപക്വമായ ആഘോഷമായിരുന്നു അതെന്ന് ഇതാ വേദനയോടെ നാം തിരിച്ചറിയുന്നു. ആധികാരികമല്ലാത്ത ആ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാവണം തിരഞ്ഞെടുപ്പ് മാമാങ്കം പോലും കെങ്കേമമാക്കിയത് . കേരളത്തിലടക്കം കൊവിഡിനെ മറന്ന് രാഷ്ട്രീയകക്ഷികൾ മത്സരിച്ച്, തിരഞ്ഞെടുപ്പാഘോഷത്തിൽ പങ്കുചേർന്നു. എറണാകുളം ജില്ല കൊവിഡ് ബാധയിൽ രാജ്യത്തെ ഒന്നാംസ്ഥാനത്തെ ജില്ലയായിരിക്കുന്നു! ഇവിടത്തെ പൊതുജനാരോഗ്യസംവിധാനത്തിന്റെ മേന്മകൊണ്ട് മാത്രമാണ് നാം പിടിച്ചു നില്‌ക്കുന്നത്.

ഉത്തരേന്ത്യയിൽ ആഘോഷപൂർവം കുംഭമേളയും നടത്തി. അതിൽ സ്നാനം ചെയ്തവരെല്ലാം കൊവിഡ് ബാധിതരായി.

വൈറസിനെ തുരത്തിയെന്ന മുദ്രാവാക്യം നേതാവിന്റെ ഇമേജ് വർദ്ധനവിന് സഹായിച്ചേക്കാം. ജനത്തെ സഹായിക്കില്ല. വാക്സിൻ സൗജന്യമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വെറും പരിഹാസമാകുന്നത് ഇങ്ങനെയാണ്.

വാക്സിനേഷൻ വേഗത്തിലാക്കുക മാത്രമാണ്, വൈറസ് പുതിയ രൂപാന്തരങ്ങളിലേക്ക് അനുദിനം മാറി ഭീതി പരത്തിക്കൊണ്ടിരിക്കുന്ന മഹാമാരിക്കാലത്ത് അഭികാമ്യം.

സ്വകാര്യ കോർപ്പറേറ്റുകൾക്ക് കളിക്കാൻ പാതയൊരുക്കിക്കൊടുക്കുന്ന നയത്തിന് നടുവിൽ നിന്ന്, വാക്സിനേഷൻ പരമാവധി പേരിലെത്തിച്ച് ഹേർഡ് ഇമ്മ്യൂണിറ്റി ഉണ്ടാക്കിയെടുക്കുക എളുപ്പമല്ലെന്നിരിക്കെ, പ്രത്യാശകളൊക്കെ പാഴായിപ്പോവുകയേയുള്ളൂ. ഈ പോക്ക് പോയാൽ വാക്സിനേഷൻ അനന്തമായി നീണ്ടേക്കാം. വൈറസിന്റെ പുതിയ രൂപാന്തരങ്ങൾ അപ്പോഴേക്കും വാക്സിനെയും അതിജീവിച്ചേക്കുമോ?​

കേരളത്തിന്റെ പ്രസക്തി

കേരളം കൊവിഡ് വ്യാപനത്തിൽ മുന്നിലുള്ള സംസ്ഥാനങ്ങളിലൊന്നാണെങ്കിലും സർക്കാർ ആരോഗ്യസംവിധാനങ്ങളുടെ ഫലപ്രദമായ ഇടപെടലിലൂടെ നമ്മൾ പിടിച്ചുനില്‌ക്കുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ ഭീതിജനകമായ അന്തരീക്ഷം ഇവിടെയില്ല. ഓക്സിജൻ വരുംകാല ആവശ്യത്തിനും നാം കരുതിയിട്ടുണ്ട്.

കേരളം രൂപീകൃതമാകുന്നതിന് മുമ്പേ തിരുവിതാംകൂറിൽ പൊതുജനാരോഗ്യസംവിധാനത്തിൽ ഫലപ്രദമായ ഇടപെടലുണ്ടായിട്ടുണ്ട്. വസൂരി വാക്സിനേഷനെതിരെ യാഥാസ്ഥിതികരുടെ എതിർപ്പുകളുയർന്നപ്പോൾ 1813 ൽ റീജന്റ് റാണിയും സ്വാതിതിരുനാളിന്റെ അമ്മയുമായ റാണി ഗൗരി ലക്ഷ്മി ബായി ആദ്യം കുത്തിവയ്പെടുത്ത് മാതൃക കാട്ടി! പിന്നീട് ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ അമ്മ റാണി സേതു ലക്ഷ്മി ബായിയും ആരോഗ്യരംഗത്ത് സമാന ഇടപെടൽ നടത്തി. മെഡിക്കൽ കോളേജ് ആരംഭിക്കും മുമ്പേ കുട്ടികൾക്കായി അവിട്ടം തിരുനാൾ ആശുപത്രി തുടങ്ങിയത് ഉദാഹരണം.

കേരളം രൂപീകരിച്ച ശേഷം ആദ്യം വന്ന കമ്മ്യൂണിസ്റ്റ് സർക്കാർ, സോഷ്യലിസ്റ്റ് പുരോഗമന കാഴ്ചപ്പാടോടെ ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ ഇടപെട്ടത്, കേരളമാകെ മുന്നേറ്റത്തിന് വിത്തുപാകി. കോഴിക്കോട് മെഡിക്കൽ കോളേജൊക്കെ വന്നത് അങ്ങനെയാണ്. ആരോഗ്യ, വിദ്യാഭ്യാസരംഗങ്ങളിലെ ഈ മുന്നേറ്റമാണ് കേരളത്തിൽ ഗ്രാമ, നഗരവ്യത്യാസം ഇല്ലാതാക്കിത്തീർത്തതെന്ന് പൊതുജനാരോഗ്യ വിദഗ്ദ്ധൻ ഡോ.കെ.ആർ. തങ്കപ്പൻ പറയുന്നു.

സാമൂഹ്യ മുന്നേറ്റത്തിനുതകുന്ന സന്ദേശങ്ങളിലൂടെ ശ്രീനാരായണഗുരുവാണ് ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിലെ സജീവ ഇടപെടലിനുള്ള ദിശാബോധം കേരളീയ സമൂഹത്തിലുണർത്തിയത് . വൃത്തി, ശുചിത്വം, സംഘശക്തി എന്നിവയിലെല്ലാം ഊന്നി ഗുരു സൃഷ്ടിച്ചുതന്ന അടിത്തറയാണ് കേരളീയ ഊർജ്ജം.

ജപ്പാൻ ജ്വരവും വി.എം. സുധീരനും

ആരോഗ്യരംഗത്തെ മറ്റൊരു മികച്ച ഇടപെടൽ 1995ൽ ആന്റണി മന്ത്രിസഭയിൽ വി.എം. സുധീരൻ ആരോഗ്യമന്ത്രിയായിരിക്കെ ഉണ്ടായി. മെഡിക്കൽ കോളേജുകളിൽ ചില്ലറ പരിഷ്കരണങ്ങൾ അദ്ദേഹത്തിന്റെ സംഭാവനയായി. അന്ന് ആലപ്പുഴ, കോട്ടയം ജില്ലകളിൽ ജപ്പാൻജ്വരം പടർന്നുപിടിച്ചു. അസുഖബാധിതനായി കിടപ്പിലായിരിക്കെയാണ് മന്ത്രിയായ അദ്ദേഹം ദൂരദർശൻ വാർത്തയിലൂടെ ഇതറിയുന്നത്.

സുധീരൻ പറയുന്നു : "പല മരുന്ന് കമ്പനികളും അവസരം മുതലെടുക്കാനെത്തി. പക്ഷേ ഞാൻ അടുത്ത ദിവസം ആലപ്പുഴ മെഡിക്കൽ കോളേജിൽ കേരളത്തിലെ മെഡിക്കൽ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെയും പ്രധാന ഡോക്ടർമാരുടെയും അടിയന്തര യോഗം വിളിച്ചു. ചികിത്സയ്ക്ക് പ്രോട്ടോകോൾ നിശ്ചയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജയറാം പണിക്കർക്കായിരുന്നു നേതൃത്വം.

കുട്ടനാട്, കോട്ടയം മേഖലകളിലായിരുന്നു രോഗം രൂക്ഷമായത്. രോഗം പടർത്തുന്നത് കൊതുകായതിനാൽ കൊതുകു നിർമാർജനത്തിന് മൂന്ന്കോടി അടിയന്തരമായി അനുവദിച്ചു. പഞ്ചായത്ത് പ്രതിനിധികളുടെ യോഗം വിളിച്ചു. ഫലപ്രദമായ ഇടപെടലിലൂടെ വ്യാധിയെ അമർച്ച ചെയ്തു. ആലപ്പുഴയിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ തീരുമാനിച്ചത് ഇതേത്തുടർന്നായിരുന്നു. "

പി.കെ. ശ്രീമതിയുടെ ചരിത്ര ഇടപെടൽ

ആരോഗ്യ, വിദ്യാഭ്യാസമേഖലകളിലെ സർക്കാർ ഇടപെടൽ സൃഷ്ടിച്ച മുന്നേറ്റം കേരളത്തിന്റെ സാമൂഹ്യ ഗ്രാഫ് ഉയർത്തിയെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. എൺപതുകൾ വരെ അത് ഏറ്റക്കുറച്ചിലില്ലാതെ തുടർന്നു. പിന്നീട് കേരളത്തിലെ അലസത വർദ്ധിച്ചു. ജീവിതശൈലീ രോഗങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങി. അത് സാമൂഹ്യാരോഗ്യ പുരോഗതിയെ തളർത്തുമെന്നായി. സ്വകാര്യ ആശുപത്രികൾ തളിർത്തു തുടങ്ങി. സാമൂഹ്യാരോഗ്യമേഖലയ്‌ക്ക് സവിശേഷ ശ്രദ്ധ ആവശ്യമായ അവസ്ഥയിലേക്ക് കേരളം മാറി.

എന്നാൽ ഫലപ്രദമായ ഇടപെടലുണ്ടാകുന്നത് 2006ലാണ്. അന്നത്തെ വി.എസ്. അച്യുതാനന്ദൻ സർക്കാരും ആരോഗ്യമന്ത്രിയായിരുന്ന പി.കെ. ശ്രീമതിയും നടത്തിയ ശ്രദ്ധേയമായ ഇടപെടൽ കേരളത്തിന്റെ സാമൂഹ്യാരോഗ്യ സംവിധാനത്തിന് പുതിയ അദ്ധ്യായം ചമച്ചു. ആ സർക്കാർ അധികാരമേൽക്കുമ്പോൾ സർക്കാർ താലൂക്കാശുപത്രികളൊക്കെ ദൈന്യാവസ്ഥയിലായിരുന്നു. കേന്ദ്രത്തിൽ ഇടതു പിന്തുണയോടെ യു.പി.എ ഭരിക്കുന്ന കാലം. ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം എന്ന സ്കീം കേന്ദ്രം നടപ്പാക്കിയത് കേരളത്തിന് അവസരമായി. ഇച്ഛാശക്തിയുള്ള ആരോഗ്യമന്ത്രിയായിരുന്നു പി.കെ ശ്രീമതിയെന്ന് അവരുടെ ഇടപെടലുകൾ തെളിയിച്ചു. കേരളമൊട്ടാകെ താലൂക്കാശുപത്രികളുടെ എണ്ണം കൂട്ടി. തിളക്കമറ്റ് ,​ പേരുദോഷം കേൾപ്പിച്ചു നിന്നിരുന്ന തിരുവനന്തപുരം തൈക്കാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയെ ഇന്നത്തെ നിലയിൽ സാധാരണക്കാരുടെ അഭയകേന്ദ്രമാക്കി മാറ്റിയത് ശ്രീമതിയുടെ ഇടപെടലാണ്. ഒപ്പം ഒട്ടേറെ സർക്കാരാശുപത്രികളുടെ അടിസ്ഥാനസൗകര്യങ്ങൾ എൻ.ആർ.എച്ച്.എം ഫണ്ടുപയോഗിച്ച് മെച്ചപ്പെടുത്താൻ അവർ നേതൃത്വം നൽകി.

ഇടത്, പുരോഗമന കാഴ്ചപ്പാടുകൾ അർത്ഥവത്തായി പ്രതിഫലിപ്പിച്ച സാമൂഹ്യ സുരക്ഷാമിഷന് ആരംഭമായതും ശ്രീമതിയുടെ കാലത്താണ്. സർക്കാരാശുപത്രിയിലെത്തുന്ന ഏത് രോഗിക്കും ആവശ്യമുള്ള മരുന്ന് ലഭ്യമാകാത്ത അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കി. തിരുവനന്തപുരത്തെ വട്ടിയൂർക്കാവിൽ പരീക്ഷണാർത്ഥം നടപ്പാക്കിയ ക്യൂബൻ മോഡൽ കുടുംബാരോഗ്യ സംവിധാനം, പിന്നീട് പിണറായിയിലും മറ്റ് പലയിടങ്ങളിലും ഫലപ്രദമായി ആരംഭിച്ചു. ജനിതക വൈകല്യം ബാധിച്ച കിടപ്പ് രോഗികൾക്കൊപ്പം അവരുടെ സംരക്ഷകർക്കും സഹായധനമെത്തിക്കുന്ന ആശ്വാസകിരണം പദ്ധതിയും ശ്രീമതിയുടെ സംഭാവനയാണ്. അന്നത്തെ ആസൂത്രണബോർഡ് ഉപാദ്ധ്യക്ഷൻ പ്രഭാത് പട്നായികിന്റെ വീക്ഷണങ്ങളും നയരൂപീകരണത്തിൽ രാസത്വരകമായിട്ടുണ്ട്. ഇന്ന് മതിയായ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളുണ്ടെങ്കിൽ അതങ്ങനെയൊരുക്കിയത് ശ്രീമതിയുടെ കാലത്തെ ഇച്ഛാശക്തിയുള്ള ഇടപെടലുകളായിരുന്നു.

പിണറായിയുടെയും ശൈലജയുടെയും വെല്ലുവിളികൾ

ശ്രീമതി പാകിയ അടിത്തറയിൽ നിന്നുകൊണ്ട് പിന്നീട് വന്ന സർക്കാരുകൾക്ക് മുന്നോട്ട് പോയാൽ മതിയായിരുന്നു. ഇപ്പോഴത്തെ സർക്കാർ പുതിയ ലക്ഷ്യബോധമുണ്ടാക്കി. നവകേരളം പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുത്ത് ആവിഷ്കരിച്ച ആർദ്രം മിഷൻ മുന്നോട്ടുള്ള പ്രയാണത്തിന് വലിയ സഹായകമായിട്ടുണ്ട്. ആരോഗ്യവകുപ്പിൽ അഡിഷണൽ ഡയറക്ടറായും ഡയറക്ടറായുമൊക്കെ ദീർഘകാലം പ്രവർത്തിച്ച ഡോ.പി.കെ. ജമീല കൺസൾട്ടന്റായുള്ള സേവനം ആർദ്രം മിഷന് മികച്ച കാഴ്ചപ്പാടൊരുക്കിയിട്ടുണ്ട്.

കോഴിക്കോട്ട് 2018ൽ പടർന്നുപിടിച്ച നിപ്പ വലിയ വെല്ലുവിളിയായിരുന്നു ഈ സർക്കാരിന്. നിപ്പ പ്രതിരോധം നൽകിയ അനുഭവസമ്പത്ത് ആരോഗ്യമന്ത്രി ശൈലജയുടെ പ്രവർത്തനത്തിന് ഊർജ്ജമേകി. അതിലും വലിയ വെല്ലുവിളി കൊവിഡ്-19 പടർന്നുപിടിച്ചതോടെ നേരിട്ടു. 2006ൽ സൃഷ്ടിക്കപ്പെട്ട അടിത്തറയിൽ നിന്ന് സാമൂഹ്യ മൂലധനത്തെ ഫലപ്രദമായി വിനിയോഗിക്കാനുള്ള വലിയ തയാറെടുപ്പാണ് നടന്നത്. സംസ്ഥാനത്തിന് മാത്രമായ ലക്ഷ്യങ്ങൾ നിർവചിച്ച് ദിശാബോധത്തോടെ പ്രവർത്തിക്കാനായി എന്നതാണ് ഈ സർക്കാരിന്റെ മേന്മയെന്നാണ് തിരുവനന്തപുരം മെഡിക്കൽകോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ. അനീഷ് വിലയിരുത്തുന്നത്.

കൊവിഡ് വ്യാപനം അതിരൂക്ഷമാകുമ്പോൾ തളർന്ന് പോകാതിരിക്കാനുള്ള കരുത്ത് ഇന്ന് നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തിനുണ്ട്. കൊവിഡ് വ്യാപനമേറുമ്പോൾ കേരളീയമോഡൽ ചർച്ചയാണ്. ഇനിയങ്ങോട്ട് ഏറ്റക്കുറച്ചിലില്ലാതെ മുന്നോട്ട് പോകുകയെന്ന വെല്ലുവിളിയാണ് മുന്നിൽ.

TAGS: VIVADAVELA, AROGYATHINTE RASHTREEYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.