SignIn
Kerala Kaumudi Online
Monday, 26 July 2021 6.03 PM IST

സമാനതകളില്ലാത്ത സംഘാടകൻ

t-k-madhavan

സംഘടന കൊണ്ട് ശക്തരാകുകയെന്ന് ഗുരുദേവൻ ആഹ്വാനം ചെയ്തു. ടി.കെ. മാധവൻ ഈ ഗുരുവചനം ഹൃദയത്തിൽ പ്രതിഷ്ഠിച്ച് യാഥാർത്ഥ്യമാക്കി. പലതരത്തിൽ, പല രൂപങ്ങളിൽ അദ്ദേഹം ജനങ്ങളെ സംഘടിപ്പിച്ചു. കേരളചരിത്രത്തിലെ ഏറ്റവും വലിയ സമരസംഘാടകനും സംഘടനാ നേതാവുമായി മാറിയ ടി.കെ. മാധവൻ ഓർമ്മയായിട്ട് ഇന്ന് 91 വർഷം തികയുന്നു.

കേരളചരിത്രത്തിൽ അയിത്തത്തിനെതിരെ നടന്ന ഏറ്റവും വലിയ സംഘടിത സമരമായിരുന്നു വൈക്കം സത്യാഗ്രഹം. ഈ സത്യാഗ്രഹത്തിന് മുൻപ് ടി.കെ. മാധവൻ പിന്നാക്കക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ആ വഴിയിലൂടെ പലതവണ നടന്നു. സവർണ മേലാളന്മാരുടെ കിരാത നിയമം താൻ ലംഘിച്ച വിവരം അധികാരികളെ കത്തിലൂടെ അറിയിച്ചു. പിന്നീട് മാസങ്ങൾക്ക് ശേഷമാണ് സത്യാഗ്രഹം നടക്കുന്നത്. ഇങ്ങനെയൊരു സത്യാഗ്രഹത്തിനുള്ള ഒരുക്കം ഏറെക്കാലം മുൻപേ അദ്ദേഹം തുടങ്ങിയിരുന്നുവെന്ന് ചരിത്രം വ്യക്തമാക്കുന്നു. ടി.കെ. മാധവൻ വിവിധ യോഗങ്ങളിൽ പ്രസംഗിച്ച് അയിത്തത്തിനെതിരെ ജനങ്ങളെ ക്രമേണ സമരസജ്ജരാക്കുകയായിരുന്നു. വൈക്കം സത്യാഗ്രഹത്തിന് ശേഷം അമ്പലപ്പുഴ, പറവൂർ കണ്ണങ്കുളങ്ങര, കോട്ടയം തിരുവാർപ്പ് ക്ഷേത്രങ്ങളുടെ പരിസരത്ത് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് നിലനിന്നിരുന്ന ജാതിമതിലുകൾ അദ്ദേഹം തകർത്തു. ഇങ്ങനെ നിഷേധിക്കപ്പെട്ടിരുന്ന അവകാശങ്ങൾ പിടിച്ചെടുക്കുന്നതായിരുന്നു ടി.കെ. മാധവന്റെ ശൈലി. ഒരു അധികാര കേന്ദ്രത്തെയും വകവയ്ക്കുമായിരുന്നില്ല. ക്ഷേത്ര പ്രവേശനത്തെക്കുറിച്ച് ശ്രീമൂലം പ്രജാസഭയിൽ സംസാരിക്കാനുള്ള അവസരം നിഷേധിച്ചപ്പോൾ അദ്ദേഹം പ്രജാസഭ അംഗത്വം വലിച്ചെറിഞ്ഞു.

യോഗത്തിന്റെ വേരുകൾ ആഴങ്ങളിലേക്ക്

എസ്.എൻ.ഡി.പി യോഗത്തെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റിയത് ടി.കെ. മാധവനാണ്. യോഗത്തിന്റെ വേരുകൾ നാടെങ്ങും പടർത്താനുള്ള അദ്ദേഹത്തിന്റെ ഇടപെടൽ സംഘടനാപ്രവർത്തകർക്ക് എക്കാലവും മാതൃകയാണ്. യോഗത്തിൽ അംഗങ്ങളെ ചേർക്കാൻ അദ്ദേഹം സഞ്ചരിച്ച ദൂരത്തിനും സംഘടിപ്പിച്ച യോഗങ്ങൾക്കും നടത്തിയ പ്രസംഗങ്ങൾക്കും കണക്കില്ല.

കൊല്ലത്ത് നടന്ന യോഗത്തിന്റെ രണ്ടാം വാർഷിക പൊതുയോഗത്തിലാണ് മാധവൻ ആദ്യമായി പങ്കെടുത്തത്. പിന്നീട് യോഗത്തിന്റെ അസി. സെക്രട്ടറിയായി. കരുനാഗപ്പള്ളി വാർഷിക സമ്മേളനത്തിൽ താലൂക്കുകളും കരകളും കേന്ദ്രീകരിച്ച് യോഗത്തിന്റെ ശാഖകൾ രൂപീകരിക്കാൻ തീരുമാനിച്ചു. തിരുവിതാംകൂറിന്റെ ദക്ഷിണഭാഗത്തെ സംഘടനാ വിപുലീകരണത്തിന്റെ ചുമതല ടി.കെ. മാധവന് നൽകി. അങ്ങനെ കരുനാഗപ്പള്ളി നമ്പരുവികാലയിലും പടനായർകുളങ്ങരയിലും രണ്ട് ശാഖകൾ രൂപീകരിച്ചു. ഇതിനായി ചേർന്ന യോഗത്തിൽ സംഘടനയുടെ ആവശ്യകതയെക്കുറിച്ചുള്ള ടി.കെ. മാധവന്റെ പ്രസംഗം ഇന്നും പ്രസക്തമാണ്. അതിങ്ങനെയായിരുന്നു. '' ഗവൺമെന്റുകൾ നമ്മെ നിഷ്പ്രയാസമെന്ന പോലെ ഭരിക്കുന്നു. ഇതെങ്ങനെയെന്ന് നാം ആലോചിച്ച് നോക്കുക. അവർ ഗവൺമെന്റിന്റെ ഘടനയെ ശരിയായ നിലയിൽ ക്രമപ്പെടുത്തിയിരിക്കുന്നു. വ്യവസ്ഥിതി ഇല്ലെങ്കിൽ കാര്യം ഒന്നും സാധിക്കയില്ല. ശക്തി ഉണ്ടാകണമെങ്കിൽ ശാഖോപശാഖയായിട്ടുള്ള ഘടനയെ പരിരക്ഷിക്കണം. ബിഷപ്പുമാരുടെ കീഴിൽ ഇടവക തോറും പാതിരിമാർ പ്രവർത്തിക്കുന്നു.അതുകൊണ്ട് നമ്മുടെ സമുദായത്തിന്റെ അഭിവൃദ്ധിയെ മുൻനിറുത്തി സമുദായ നേതാക്കൻമാർ ചെയ്യുന്ന നിശ്ചയങ്ങൾ ജനങ്ങളുടെ ഇടയിൽ വേഗത്തിൽ നടപ്പിൽ വരുത്തണമെങ്കിൽ നാമും നമ്മുടെ ശക്തികളെ ക്രമപ്പെടുത്തി സൂക്ഷിക്കണം." പക്ഷെ പ്രതീക്ഷിച്ച നിലയിൽ സംഘടനാ വിപുലീകരണം നടന്നില്ല. അങ്ങനെ ആലപ്പുഴ നടന്ന വാർഷിക പൊതുയോഗത്തിൽ സംഘടനാ വിപുലീകരണം പ്രത്യേക ചുമതലയോടെ ടി.കെ. മാധവനെ യോഗത്തിന്റെ സംഘടനാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പിന്നാലെ അദ്ദേഹം ശിവഗിരിയിൽ പ്രത്യേക യോഗം വിളിച്ചുചേർത്തു. ആ യോഗത്തിന് നൽകിയ സന്ദേശത്തിലാണ് 'ഗുരുദേവൻ സംഘടന കൊണ്ട് ശക്തരാകുക' എന്ന് ആഹ്വാനം ചെയ്തത്.

ഓരോ പ്രദേശത്തുമെത്തി അവിടെ ഈഴവർ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഇടപെട്ട് അതിന് പരിഹാരം കണ്ടുകൊണ്ടാണ് യോഗത്തിന്റെ ശാഖകൾ രൂപീകരിച്ചത്. ടി.കെ. മാധവൻ സംഘടന സെക്രട്ടറി ആകുമ്പോൾ യോഗത്തിൽ ആകെ 3878 അംഗങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഒരു വർഷം കൊണ്ട് അത് 50684 ആയി ഉയർത്തി. അദ്ദേഹം സംഘടന സെക്രട്ടറിയായിരുന്ന കാലത്തിനിടയിൽ 63674 അംഗങ്ങളെ ചേർത്തു. മുന്നൂറോളം ശാഖകളും പത്ത് യൂണിയനുകളും സ്ഥാപിച്ചു. ഇതിനൊപ്പം ശാഖകളോടനുബന്ധിച്ച് പരസ്പര സഹായസംഘങ്ങൾ രൂപീകരിച്ച് അംഗങ്ങൾക്ക് സാമ്പത്തിക പിന്തുണയും നൽകി.

മാറ്റത്തിന്റെ കാറ്റായ

വാർഷിക സമ്മേളനങ്ങൾ

ടി.കെ. മാധവൻ അസി. സെക്രട്ടറിയായി വന്ന ശേഷം യോഗത്തിന്റെ വാർഷിക സമ്മേളനങ്ങളുടെ രൂപവും ഭാവവും മാറി. അദ്ദേഹത്തിന്റെ സംഘാടനത്തിൽ നടന്ന വാർഷിക പൊതുയോഗങ്ങൾ ശിവഗിരി തീർത്ഥാടനം പോലെ വിവിധ വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ചകളുടെ വേദിയായിരുന്നു. വനിത, യുവജന, വിദ്യാർത്ഥി സമ്മേളനങ്ങൾ പ്രത്യേകം നടന്നു. വ്യവസായവും കൃഷിയും ചർച്ച ചെയ്യപ്പെട്ടു. സമ്മേളനങ്ങൾക്ക് വേദിയായ സ്ഥലങ്ങളിൽ പിൽക്കാലത്ത് വലിയ മുന്നേറ്റമുണ്ടായി. അവിടങ്ങളിൽ അയിത്തത്തിനെതിരായ പോരാട്ടം ശക്തിപ്പെട്ടു. ചിലയിടങ്ങളിൽ ഈഴവർ ഒറ്റക്കെട്ടായി പുതിയ വിദ്യാലയങ്ങൾ ആരംഭിച്ചു. ഇങ്ങനെ ചില ലക്ഷ്യങ്ങളോടെ ടി.കെ. മാധവൻ വിവിധ പ്രദേശങ്ങൾ സമ്മേളനത്തിന്റെ വേദിയാക്കുകയായിരുന്നു.

ഒരുമിച്ച് മുന്നേറാം

ഈഴവർക്ക് സർക്കാർ ഉദ്യോഗങ്ങളിൽ അർഹതപ്പെട്ട പ്രാതിനിദ്ധ്യം ആവശ്യപ്പെട്ട് ടി.കെ. മാധവൻ യോഗത്തിന്റെ പ്രതിനിധിയായി അന്നത്തെ ധനകാര്യ സെക്രട്ടറി രാമസുബ്ബരായരെ കാണാൻ പോയി. സുബ്ബരായർ യോഗത്തിന്റെ ചരിത്രവും അംഗങ്ങളുടെ എണ്ണവും ഈഴവരുടെ ആകെ ജനസംഖ്യയും ചോദിച്ചു. അന്ന് തിരുവിതാംകൂറിൽ ആകെ ഏഴ് ലക്ഷം ഈഴവരുള്ളപ്പോൾ യോഗത്തിൽ 4200 അംഗങ്ങളേ ഉണ്ടായിരുന്നുള്ളൂ. 24 വർഷം പ്രവർത്തിച്ചിട്ടും ഏഴ് ലക്ഷത്തിൽ 4200 പേർ മാത്രം അംഗങ്ങളായിട്ടുള്ള യോഗത്തെ എങ്ങനെ ഈഴവരുടെ സംഘടനയായി കാണാൻ കഴിയുമെന്ന് സുബ്ബരായർ ചോദിച്ചു. ഈ ചോദ്യമാണ് സംഘടന കരുത്തുറ്റതാക്കണമെന്ന ചിന്ത ടി.കെ മാധവനിൽ സൃഷ്ടിച്ചത്.

നമ്മുടെ കരുത്ത് തെളിയിക്കാത്തത് കൊണ്ടാണ് അധികാരകേന്ദ്രങ്ങൾ നമ്മെ അവഗണിക്കുന്നത്. നാം അവകാശങ്ങൾ ചോദിക്കുമ്പോൾ പഴയകാല സവർണ മാടമ്പിമാരെപ്പോലെയാണ് ചില ഭരണാധികാരികൾ പെരുമാറുന്നത്. ഇത്തരക്കാരെ തിരുത്താൻ നമുക്ക് ടി.കെ. മാധവന്റെ പാത പിന്തുടരാം. ഒരുമിച്ച് മുന്നോട്ടു നീങ്ങാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: T K MADHAVAN
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.