പതിനൊന്നു വയസുള്ള പൊന്നോമന മകളെ ജീവനോടെ പുഴയിലേക്കെറിഞ്ഞ് ജീവിതം ചൂതാട്ടമാക്കുന്ന അച്ഛൻ. ഒരേ ഉദരത്തിൽ പിറന്ന സഹോദരനെ കൊന്നു കുഴിച്ചിടുന്ന സഹോദരൻ. അതിന് ഒത്താശ ചെയ്യാൻ പെറ്റമ്മയും. ഒരു പവൻ സ്വർണത്തിനു വേണ്ടി കൗമാരക്കാരിയെ കൊന്നു കുഴിച്ചിടുന്ന അതേ നാട്ടുകാരൻ. കൊറോണയെ ശപിച്ചും പഴിച്ചും മഹാമാരിയെന്ന് വിളിച്ചും നാം ജീവിതത്തിന്റെ ഒരു വശം മാത്രം കണ്ട് മുന്നോട്ടു നീങ്ങുന്നു. മനുഷ്യമനസിനെ ബാധിച്ചിരിക്കുന്ന ക്രൂരതയുടെ മറ്റൊരു മഹാമാരിയെക്കുറിച്ച് നാം ചിന്തിക്കുന്നതേയില്ല. സമൂഹം അതു ചർച്ച ചെയ്യുന്നുമില്ല. ഈ ക്രൂരമായ മഹാമാരി എവിടെ ഉത്ഭവിച്ചു. ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെ? ഇതിനെ എങ്ങനെ പ്രതിരോധിക്കാം എന്ന് നാം ചിന്തിക്കുന്നതേയില്ല. വിവാദ പോസ്റ്റുകളാഘോഷിച്ചും രാഷ്ട്രീയ തിമിര ശരങ്ങൾ എയ്‌തും നേരം കൊല്ലുന്ന സമൂഹത്തിലെ നല്ലൊരു വിഭാഗം ഇതൊന്നും കാണുകയോ അതിന്റെ വ്യാപ്തി മനസിലാക്കുകയോ ചെയ്യുന്നില്ല. പിച്ചവയ്ക്കുന്ന പിഞ്ചുകുഞ്ഞു പോലും വൈകൃതങ്ങൾക്ക് ഇരയാകുന്ന ശപിക്കപ്പെട്ട ലോകത്താണ് ജീവിക്കുന്നതെന്നും രാക്ഷസ മനസുള്ളവരാണ് മാന്യമായ വേഷത്തിൽ പലപ്പോഴും നമുക്ക് ചുറ്റുമുള്ളതെന്നും നാം ചിന്തിക്കണം. മഹാമാരി പുറമേയുള്ളതു മാത്രമല്ലെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.
കെ.സി. രഘുവരൻ
തത്തമംഗലം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |