SignIn
Kerala Kaumudi Online
Sunday, 06 July 2025 11.36 PM IST

ഗുരുവിന്റെ സഞ്ചാരപഥങ്ങൾ

Increase Font Size Decrease Font Size Print Page

guru

1855-ൽ ചെമ്പഴന്തിയിൽ പിറവികൊണ്ട ശ്രീനാരായണഗുരു അതിവിശിഷ്ടങ്ങളായ അനവധി ക്ഷേത്രപ്രതിഷ്ഠകൾ നടത്തി അനുഗ്രഹിച്ചത് തിരുവനന്തപുരം ജില്ലയെയാണ്. കൊല്ലം ജില്ലയിലും നിരവധി പ്രതിഷ്ഠകൾ നടത്തി.

ജനനന്മയ്ക്കും ആത്മീയോൽക്കർഷത്തിനും ഗുരു കേരളത്തിനകത്തും പുറത്തുമായി അറുപതോളം പ്രതിഷ്ഠകൾ നടത്തിയതിൽ ആറ് ക്ഷേത്രങ്ങൾ കൊല്ലം ജില്ലയിലാണ്. ഓച്ചിറ പരബ്രഹ്മ സ്ഥാനത്തിന് പടിഞ്ഞാറ് കടലിന്റെയും കായലിന്റെയും മദ്ധ്യേ ആലപ്പാട് പഞ്ചായത്തിൽ 1892ൽ ഗുരു പ്രതിഷ്ഠിച്ചതാണ് പാട്ടത്തിൽ ക്ഷേത്രം. ആയിരംതെങ്ങ് പാലത്തിൽ നിന്നാൽ പാട്ടത്തിൽ ക്ഷേത്രം കാണാം. ഗുരു ഉപരി വിദ്യാഭ്യാസം നടത്തിയ വാരണപ്പള്ളിയ്ക്കടുത്താണ് കൊച്ചുകൃഷ്ണപ്പണിക്കർ നേതൃത്വം നൽകി പണിത ഈ ക്ഷേത്രം. പ്രതിഷ്ഠാ സമയം ഗുരു ക്ഷേത്രത്തിനുള്ളിൽ കടന്നത് ആരും കണ്ടില്ല. അതിശയമെന്ന് പറയട്ടെ നട തുറന്നപ്പോൾ മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ച് അഭിഷേകം നടത്തി ഗുരു പുറത്തേക്ക് വരുന്നതാണ് കണ്ടത്. ഏത് രാശിയിലാണ് പ്രതിഷ്ഠ നടത്തിയതെന്ന് ഒരു പണ്ഡിതൻ ചോദിച്ചപ്പോൾ 'കുട്ടി ജനിച്ചതിന് ശേഷമാണ് ജാതകം കുറിക്കുന്നതെന്ന്" മറുപടി പറഞ്ഞു. കരുനാഗപ്പള്ളി കോഴിക്കോട് പ്രദേശത്തിന്റെ തെക്ക് ഭാഗത്ത് പ്രകൃതിരമണീയമായ വട്ടക്കായലിന്റെ കരയിൽ മുത്തേടത്ത് കടവിൽ 'കുന്നിനേഴ്‌ത്ത് ഓടി' എന്ന വള്ളത്തി​ൽ വന്നാണ് 1894ൽ കുന്നിനേഴ്‌ത്ത് ശ്രീനാരായണ ഭുവനേശ്വരി ക്ഷേത്രപ്രതിഷ്ഠ നടത്തിയത്.

കുന്നിനേഴ്‌ത്ത് പ്രതിഷ്ഠ കഴിഞ്ഞ് ഗുരു പ്രമുഖ ബുദ്ധകേന്ദ്രമായിരുന്ന മരുതൂർക്കുളങ്ങരയിൽ പുല്ലന്തറ തറവാട്ടിൽ കൃഷ്ണനാശാന്റെ ക്ഷണപ്രകാരം താമസിക്കുന്ന സമയം. ഒരു കാലത്ത് കായംകുളം രാജാവിന്റെ ആസ്ഥാനമായിരുന്ന മരുതൂർക്കുളങ്ങര ശിവക്ഷേത്രത്തിന് സമീപം പന്നിശ്ശേരി തടവാട് സന്ദർശിക്കണമെന്ന് ഗുരു കല്പിച്ചു - ചട്ടമ്പിസ്വാമികളുമായും കുമ്പളത്ത് ശങ്കുപ്പിള്ളയുമായും അഭേദ്യബന്ധമുണ്ടായിരുന്നു ഈ തറവാടിന്. ലേഖകന്റെ പിതാവ് പി.കെ. ഷണ്മുഖൻ, പിതൃസഹോദരൻ ബഹുഭാഷാ പണ്ഡിതൻ വിദ്വാൻ ആർ. കാർത്തികേയൻ, ശിഷ്യർ എന്നിവരോടൊപ്പം ഗുരുവിന്റെ പന്നിശ്ശേരി തറവാട് സന്ദർശനം ചരിത്രപ്രസിദ്ധമാണ്. പന്നിശ്ശേരി തറവാടിന്റെ പ്രവേശന വാതിൽപ്പടിക്ക് പൊക്കം കുറവായതിനാൽ ഗുരു തറവാടിന് മുന്നിലെത്തിയപ്പോൾ പ്രമുഖ ആട്ടക്കഥാ സാഹിത്യകാരനായ നാണുപിള്ള ഭക്തിപുരസരം ഓർമ്മിപ്പിച്ചു, 'ഗുരുവെ മുട്ടരുത്.' ആയതി​ന് ഗുരു ദ്വയാർത്ഥത്തി​ൽ പ്രതി​വചി​ച്ചു.'ഒരിക്കലും മുട്ടത്തില്ല', പടി​യി​ൽ മുട്ടത്തി​ല്ലെന്ന് മാത്രമല്ല പന്നിശ്ശേരി തറവാട് ഒരി​ക്കലും ധനത്തി​ലും എഴുത്തി​ലും മുട്ടത്തി​ല്ലെന്ന് സാരം. പന്നി​ശ്ശേരി​ നാണുപി​ള്ളയുടെ പുത്രൻ ശ്രീനി​വാസ കുറുപ്പും കൃതഹസ്തനായ എഴുത്തുകാരനായി​ത്തീർന്നു. തുടർന്ന് പന്നി​ശ്ശേരി​ നാണുപി​ള്ള, കരി​ങ്ങാട്ടി​ൽ നാണുവാശാൻ, വി​ദ്വാൻ ആർ. കാർത്തി​കേയൻ, ഡോ. വി​.വി​. വേലുക്കുട്ടി​ അരയൻ, മറ്റ് പ്രമുഖ പണ്ഡി​തർ എന്നി​വരുമായി​ ഗുരു സംഭാഷണം നടത്തി​.

കൊല്ലം നഗരപ്രദേശമായ മുണ്ടയ്ക്കൽ എന്ന സ്ഥലത്ത് ഗുരുശി​ഷ്യനായ പെരുമാൾ സ്ഥാപി​ച്ച അമൃതകുളങ്ങര ക്ഷേത്രമാണ് മറ്റൊരു പ്രതി​ഷ്ഠയ്ക്ക് സാക്ഷ്യം വഹി​ച്ചത്. 1903ൽ പ്രാക്കുളം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ (മണലിൽ ക്ഷേത്രം) ആദ്യം ഉപദേവനായ ഗണപതി​യെയും പി​ന്നീട് സുബ്രഹ്മണ്യന്റെ വെള്ളി​ വി​ഗ്രഹവും പ്രതി​ഷ്ഠി​ച്ചു. കൊല്ലം ചവറ തെക്കുംഭാഗത്ത് ഗുഹാനന്ദപുരം ക്ഷേത്രത്തി​ൽ പഴനി​യി​ൽ നി​ന്ന് കി​ട്ടി​യ സുബ്രഹ്മണ്യന്റെ പഞ്ചലോഹ വിഗ്രഹമാണ് പ്രതി​ഷ്ഠി​ച്ചത്. ഇത് കഴി​ഞ്ഞ് ഗുരു അഞ്ചാലുംമൂട്ടി​ലെയും കൊല്ലൂർവി​ളയി​ലെയും ചി​ലരുടെ മാറാരോഗങ്ങൾക്ക് ശമനമുണ്ടാക്കുകയും ചെയ്തു.

1904ൽ കൊല്ലം പരവൂരിൽ കേശവനാശാന്റെ നേതൃത്വത്തിൽ നടന്ന മഹാസമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് ഗുരു ഈഴവരെ നാശത്തിലേക്ക് നയിച്ചുകൊണ്ടിരുന്ന താലികെട്ട്, തിരണ്ടുകുളി, പുളികുടി എന്നീ അനാചാരങ്ങൾ നിറുത്താനും പുതിയ വിവാഹരീതി വ്യവസ്ഥ ചെയ്യുന്നതിനും ആജ്ഞ നൽകി. എസ്.എൻ.ഡി.പി യോഗത്തിന്റെ രണ്ടാം വാർഷികം 1905ൽ കൊല്ലത്ത് ചേരുകയും ഇതോടനുബന്ധിച്ച് നടന്ന പൊതുദർശനം സമുദായാംഗങ്ങളിൽ ആത്മാഭിമാനവും ആത്മവിശ്വാസവും അലയടിക്കാൻ ഇടയാക്കുകയും ചെയ്തു.

TAGS: SREENARAYANA GURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.