SignIn
Kerala Kaumudi Online
Thursday, 29 July 2021 9.43 PM IST

കുഴൽപ്പണ കോടികൾ ആര് പിടിച്ചെടുക്കും ?

hawala

തൃശൂരിൽ മൂന്നു കോടിയുടെ കുഴൽപ്പണം പിടികൂടിയ സംഭവം വിവാദ പെരുമഴയായി പെയ്യുകയാണ്. ഒരു രാഷ്‌ട്രീയ പാർട്ടിക്ക് എത്തിയ പണമാണെന്ന് വ്യക്തമായതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. കേരളത്തിൽ കുഴൽപ്പണ ഇടപാട് പുതിയ സംഭവമല്ല. പുറത്തറിയുന്നത് വല്ലപ്പോഴുമാണെന്ന് മാത്രം. കോടികളുടെ ഇടപാടാണ് കുഴൽപ്പണത്തിലൂടെ മറിയുന്നത്. മലബാർ മേഖല കേന്ദ്രീകരികരിച്ചാണ് കൂടുതൽ ഇടപാടുകളും. കുഴൽപ്പണ ഇടപാട് സംഘങ്ങൾക്ക് കുടപിടിച്ച് ക്രിമിനൽ സംഘങ്ങളും രംഗത്തെത്തുന്നതോടെ ഒരു വൻ മാഫിയ ശൃംഖല രൂപപ്പെടുന്നു. ഒരു രാജ്യത്തെ നിയമങ്ങൾക്കോ ബാങ്കിംഗ് നിയമങ്ങൾക്കോ വില കല്‌പിക്കാത്ത പണ ഇടപാടാണ് ഹവാല. അടുത്തകാലത്ത് കേരളത്തിലെ പ്രധാന ക്രിമിനൽ കേസുകളിൽ പിടിയിലായവരുടെ കുഴൽപ്പണ ഇടപാടുകളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ, പരാതിക്കാരില്ലാത്തതും പണത്തിന്റെ ഉറവിടം വിദേശത്തുമായതിനാൽ പൊലീസിന് കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ല. എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് ( ഇ.ഡി) ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ കുഴൽപ്പണക്കാർക്ക് പിന്നാലെ പോകാത്തതും ഒരു പരിധി വരെ അവർക്ക് തുണയാണ്. തിരഞ്ഞെടുപ്പ് കാലത്ത് കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്ത സംഭവങ്ങൾ കുഴൽപ്പണ ഇടപാട് തുറന്ന് കാട്ടുന്നതാണ്.

ഹവാലയും കുഴൽപ്പണവും ഒരിടപാടിന്റെ രണ്ടറ്റത്തുള്ള രണ്ടു പേരുകൾ മാത്രം. നാട്ടു ഭാഷയിൽ പറഞ്ഞാൽ പുറംരാജ്യത്ത് നടക്കുന്ന വൻകിട ഇടപാടുകൾ ഹവാലയെന്നും നാട്ടിൽ നടക്കുന്ന ലക്ഷങ്ങളുടെ ഇടപാടുകൾ കുഴൽപ്പണമെന്നും പറയപ്പെടുന്നു. വിദേശങ്ങളിൽ നിന്ന് പണം സ്വീകരിക്കുന്ന ഏജന്റ് മുതൽ നാട്ടിലെ വീട്ടിൽ പണമെത്തിക്കുന്ന കാരിയർമാർ വരെ ചങ്ങലക്കണ്ണി പോലെയാണ് ഹവാല മാഫിയകളുടെ ശൃംഖല. ഗൾഫ് രാജ്യങ്ങളിൽ നിന്ന് സ്വീകരിക്കുന്ന പണം മുംബെയിലോ ചെന്നൈയിലോ എത്തിക്കുന്നവരാണ് ഹവാല മൊത്ത ഇടപാടുകാർ. അവിടെ നിന്ന് കാരിയർമാരാണ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലേക്ക് പണം ഒഴുക്കുന്നത്.

ട്രെയിൻ, ബസ്, പ്രത്യേക വാഹനങ്ങൾ എന്നിവ വഴിയാണ് കേരളത്തിലേക്ക് ഹവാല പണമെത്തിക്കുന്നത്. പിന്നീട് ഹവാല ഏജന്റിന്റെ കീഴിലുള്ള കുഴൽപ്പണ ഇടപാടുകാർ പണം ഏറ്റുവാങ്ങും. പണം എത്തിക്കേണ്ട സ്ഥലങ്ങളുടെ വിവരം ഇപ്പോൾ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് കൈമാറുന്നത്. നേരത്തെ ഇ - മെയിലാണ് ഉപയോഗിച്ചിരുന്നത്. ചെന്നൈ, കോയമ്പത്തൂർ, ബംഗ‌ളുരൂ എന്നിവിടങ്ങളിൽ നിന്ന് സ്വർണം വാങ്ങി സംസ്ഥാനത്തേക്ക് കടത്തുന്ന രീതിയുമുണ്ട്. സ്വർണം കടത്തുന്നത് എളുപ്പമായതിനാലാണ് ഈ രീതി ചില സംഘങ്ങൾ തിരഞ്ഞെടുക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളം വരെയുള്ള ഹവാല - കുഴൽപ്പണ സംഘങ്ങളുടെ ഇടപാട് നീണ്ടതാണെങ്കിലും നാട്ടിലെത്തിയാൽ പണം എത്തേണ്ടയാളുകളുടെ കൈയിൽ വേഗത്തിലെത്തും.

ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ഹവാല പണം കേരളത്തിലെത്തിക്കുന്ന കാരിയർമാർക്ക് പതിനായിരത്തിന് മുകളിലാണ് പ്രതിഫലം. ഹവാലയുടെ തോത് അനുസരിച്ച് പ്രതിഫലവും ഉയരും. കേരളത്തിലെത്തുന്ന പണവും സമാനമായ രീതിയിലാണ് വിതരണം ചെയ്യുന്നത്. ചില സംഘങ്ങളുടെ കാരിയർമാർക്ക് മാസ ശമ്പളമാണ്.

ഹവാല പണം ഉപയോഗിച്ച് സിഗരറ്റ്, കുങ്കുമപ്പൂവ്, സ്വർണം എന്നിവ വാങ്ങി ഇന്ത്യയിലേക്ക് കടത്തുന്ന രീതിയുമുണ്ട്. സാധനങ്ങൾ വിറ്റുകിട്ടുന്ന പണം ഹവാല ഇടപാടുകളിലേക്ക് മാറും. ഇതിലൂടെ ഉയർന്ന ലാഭവും ലഭിക്കും. കോഴിക്കോട്, മലപ്പുറം, കാസർകോട് സംഘങ്ങളാണ് പ്രധാനമായും ഈ രീതി നടപ്പാക്കുന്നത്. ഒരു കോടി രൂപയുടെ കുഴൽപ്പണത്തിന് ഒരു ' കൊക്ക' എന്നാണ് കോഡ്. ഇതിലൂടെ വൻകിട ഹവാല ഇടപാടുകാരന് അഞ്ചു ലക്ഷം രൂപ കമ്മിഷനായി ലഭിക്കും.

റിവേഴ്സ് ഹവാലയും സജീവമാണ്. വിദേശ രാജ്യങ്ങളിൽ, രേഖകളിൽപ്പെടാത്ത അവിടുത്തെ കറൻസി ആവശ്യമുള്ളവർക്ക് കൂടുതൽ നിരക്കിൽ നൽകുന്നതാണ് റിവേഴ്സ് ഹവാല. ഈ രംഗത്ത് മലയാളികളാണ് കൂട‌ുതൽ. വിദേശത്ത് ഹവാല ഏജന്റുമാർ മുഖേന സ്വീകരിക്കുന്ന പണമാണ് ഇത്തരത്തിൽ വിതരണം ചെയ്യുന്നത്. ചില ഇറക്കുമതി വ്യവസായികൾ തീരുവ വെട്ടിക്കാൻ ഇറക്കുമതി സാധനങ്ങളുടെ വില കുറച്ചു കാണിക്കും. രേഖകളിൽ കാണിക്കുന്ന തുക മാത്രമേ വിദേശത്തേക്ക് അയയ്‌ക്കാൻ കഴിയൂ. ബാക്കി തുക ഹവാല ഇടപാടുകാർ വിദേശ കറൻസിയായി നൽകും. ഇറക്കുമതിക്കാർ പകരം നൽകുന്ന ഇന്ത്യൻ കറൻസി ഹവാലയായി ഇന്ത്യയിൽ വിതരണം ചെയ്യും. പത്തു മുതൽ 20 ശതമാനം വരെയാണ് റിവേഴ്സ് ഹവാലയിൽ കമ്മിഷൻ.

കുഴൽപ്പണ ഇടപാടുകാരെ തടഞ്ഞു നിറുത്തി പണം കവരുന്ന സംഘങ്ങളുമുണ്ട്. കുഴൽപ്പണം തട്ടിപ്പറിക്കുന്ന കേസുകളിൽ പരാതിക്കാരില്ലാത്തതാണ് പൊലീസിനെ കുഴയ്‌ക്കുന്നത്. കുഴൽപ്പണ കാരിയമാർ തന്നെ കവർച്ചാ നാടകം നടത്തി പരാതിപ്പെടുന്ന സംഭവങ്ങളിൽ മാത്രമാണ് പ്രതികൾ പിടിയിലാകുന്നത്. പണം നഷ്‌ടപ്പെട്ടവർ ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ച് തിരികെ പിടിക്കാനും ശ്രമിക്കാറുണ്ട്. ഈ ഇടപെടലാണ് അക്രമത്തിലും കൊലപാതകത്തിലും കലാശിക്കുന്നത്. കണ്ണൂർ, മലപ്പുറം ജില്ലകളിൽ അടുത്തകാലത്ത് പണം തിരികെ പിടിക്കാനുള്ള ക്വട്ടേഷൻ സംഘങ്ങളുടെ ശ്രമങ്ങൾ കൊലപാതകത്തിൽ കലാശിച്ചിരുന്നു.

കുഴൽപ്പണ ഇടപാടുകാരിൽ നിന്ന് പണം തട്ടുന്നവർ ' പൊട്ടിക്കൽ' സംഘമെന്നാണ് അറിയപ്പെടുന്നത്. കുഴൽപ്പണ സംഘത്തിലെ ചിലർ തന്നെയായിരിക്കും വിവരം ചോർത്തി നൽകുക. വിവരം ചോർത്തി നൽകുന്നവർക്ക് പൊട്ടിക്കൽ സംഘം കമ്മിഷൻ നൽകും. കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതോടെ വിജനമായ സ്ഥലത്തുവച്ചായിരിക്കും അക്രമത്തിലൂടെ സംഘം പണം തട്ടിയെടുക്കുക. തട്ടിയെടുക്കുന്ന പണം മറ്റൊരു സംഘം ഏറ്റുവാങ്ങി സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപാേകും. ആദ്യ സംഘം പിടിയിലായാലും പണം നഷ്‌ടപ്പെടാതിരിക്കാനാണ് ഈ മുൻകരുതൽ.

അതേസമയം, കുഴൽപ്പണ ഇടപാടുകാർ നടത്തുന്ന ജാഗ്രത പോലും അന്വേഷണസംഘങ്ങൾക്കില്ല. കൈയിൽ കിട്ടിയാൽ പിടികൂടുകയെന്ന നയമാണുള്ളത്. കർശന വാഹന പരിശോധനയിലൂടെ മാത്രമേ കുഴൽപ്പണ ഇടപാടുകൾ പിടികൂടാൻ കഴിയുകയുള്ളൂ. അതിനുദാഹരമാണ് തിരഞ്ഞെടുപ്പ് കാലത്ത് കണക്കിൽപ്പെടാത്ത പണം വാഹനങ്ങളിൽ നിന്ന് പിടിച്ചെടുത്ത സംഭവങ്ങൾ. പൊലീസിനൊപ്പം തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്വകാര്യ വാഹനങ്ങളിൽ നിന്നു പോലും പണം പിടിച്ചു. ഈ മാതൃക കുറ്റമറ്റ രീതിയിൽ നടപ്പാക്കിയാൽ കുഴൽപ്പണ ഇടപാടുകൾ ഒരു പരിധി വരെ പിടിച്ചുകെട്ടാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HAWALA
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.