പണ്ട് മുതലേ ആ കിണർ അവിടുണ്ട്. എന്റെ ഓർമകൾക്കും വളരെ വളരെ മുമ്പ്. ഏതാണ്ട് അൻപതടിയോളം വരും അതിന്റെ നീളം. അത്രയും തന്നെ വീതിയും. ആഴത്തിനെ സബന്ധിച്ചാണ് ദുരൂഹത! കിണറിന്റെ ജലപ്പരപ്പ് കഴിഞ്ഞാൽ ഏതാണ്ട് മുകളിലേക്ക് പത്ത് പതിഞ്ചടിയോളം വെട്ടുകല്ല് പാകിയ ഭാഗം കരിംപായൽ പിടിച്ച് നിൽക്കുന്നത് കാണാം. എടുത്ത് പറയത്തക്ക ഒരു കാര്യം ജലപ്പരപ്പിൽ നിന്ന് ഉള്ളിലേയ്‌ക്ക് ആഴം എത്രയുണ്ടാകും എന്ന് നാളിതു വരെ തിട്ടപ്പെടുത്താൻ ആരും മെനക്കെട്ടില്ല എന്ന് തന്നെ വേണം അനുമാനിക്കാൻ. കാരണം അതിനെ സംബന്ധിച്ച അവ്യക്തത ദുരൂഹതയായി തുടരുമ്പോൾ നിറം പിടിപ്പിച്ച പല കഥകളും അതിനോടൊപ്പം തന്നെ പ്രചരിച്ചിട്ടുമുണ്ട്. ആര് നിർമ്മിച്ചതെന്നോ എപ്പോൾ നിർമ്മിച്ചതെന്നോ ആർക്കും അറിയില്ലെങ്കിലും മറ്റു ചിലത് ഞങ്ങൾക്കും ഞങ്ങൾക്ക് മുമ്പുള്ള തലമുറകൾക്കും അറിയാവുന്ന ചില കാര്യങ്ങൾ കിണറിനെ സംബന്ധിച്ച ചില കഥകളാണ്. അത് കാലകഘട്ടത്തിന്റെ ഏതോ ദൗത്യം പോലെ വാമൊഴിയായി തലമുറകളിലേയ്‌ക്ക് കൈമാറ്റപ്പെട്ടുകൊണ്ടേയിരുന്നു
ആ കിണർ ഞങ്ങൾ കുട്ടികൾക്ക് വളരെ അത്ഭുതമായിരുന്നു. ഇന്നും അങ്ങനെ തന്നെ. കിണറിന്റെ ആഴങ്ങളിലേക്ക് കുഞ്ഞുകൈകൊണ്ട് കല്ലെടുത്ത് എറിയും. കല്ല് കിണറ്റിലെ വെള്ളത്തിലേക്ക് വീഴുമ്പോഴുള്ള ആ ശബ്‌ദം കേൾക്കാൻ നല്ല രസമാണ്. അത് കണ്ടുകൊണ്ടു വരുന്ന ക്ഷേത്രയോഗം ദേവസ്വം സെക്രട്ടറി മാധവൻ വല്യച്ചൻ വഴക്കുപറഞ്ഞു ഞങ്ങളെ ഓടിക്കും. അന്നൊക്കെ അതിലേക്ക് എത്തിനോക്കുമ്പോൾ ഭീതിപ്പെടുത്തുന്ന കഥകളാണ് മുതിർന്നവർ പറഞ്ഞ് തന്നിരുന്നത്. അതിലൊന്ന്.
'അതിലെങ്ങാനും ആരേലും വീണു പോയാൽ പിന്നെ ഏഴാം കടലിലേ പൊങ്ങൂ.""... എന്ന വിചിത്രവും ഭീതിപ്പെടുത്തുന്നതുമായ കഥയ്‌ക്കായിരുന്നു കൂടുതൽപ്രാമുഖ്യം!
എത്രയോ പേരുടെ ഇരുപ്പ് സ്ഥലമാണ് വിശാലമായ ആ കിണറ്. വൈകിട്ടും രാവിലെയും ക്ഷേത്രദർശനത്തിന് എത്തുന്നവർ കിണറ്റിൻ കരയിലിരുന്നാണ് വിശ്രമിക്കുക. അതിന്റെ മുകൾഭാഗം പൊക്കി കെട്ടിയിട്ടുണ്ട്.ഞങ്ങൾ സുഹൃത്തുക്കൾ രാത്രി ഏതാണ്ട് ഒരു മണി വരെയൊക്കെ അതിന്റെ മുകൾഭാഗത്ത് കിടന്ന് ഉറങ്ങിയിട്ടുണ്ട്. വിരിപ്പിൽ കിടന്നാണ് ഉറങ്ങുക/ വിശ്രമിക്കുക. ഏതാണ്ട് ഒരടി വീതിയുണ്ടാകും ആ വിരിപ്പിന്.
*************************
ഉറക്കത്തിന്റെതായ ബോധ, അബോധാവസ്ഥയിൽ അൽപ്പമൊന്നു ചെരിഞ്ഞാൽ....
''ഹോ.... പിന്നേഴാം കടൽ...""
പക്ഷേ.. നിത്യതൊഴിലഭ്യാസമെന്ന പോലെ ഞങ്ങൾ ഞങ്ങളുടെ കിടപ്പു തുടർന്നുകൊണ്ടേയിരുന്നു. ഒരടി മാത്രം വീതിയുള്ള കിണറിന്റെ ആ വിരിപ്പിൽ. ആലപ്പുഴ നിന്നും കൊല്ലത്തേക്കുള്ള രാത്രി ബോട്ട് ഏതാണ്ട് ഒന്ന് ഒന്നരയാകും വീരാം പറമ്പ് ജട്ടിയിലെത്തുക. അപ്പോൾ മാത്രമാകും അതിന്റെ ശബ്‌ദം ഞങ്ങളുടെ കാതുകളിലെത്തുക. അപ്പോഴാണ് ഞങ്ങൾ സുഹൃത്തുക്കൾ അവിടെ നിന്നും വീട്ടിലേയ്‌ക്ക് തിരിക്കുക. ചിറയിലെത്തുമ്പോഴേക്കും KWT 68 എന്ന നമ്പരിലുള്ള ബോട്ട് അത്തിപറമ്പ് കിഴക്കുവശമോ അതുമല്ലങ്കിൽ വലിയ കാട്ടിൽ പുതുവൽ കിഴക്കുവശമോ എത്തിയിട്ടുണ്ടാകും.ഞങ്ങൾ വീട്ടിലെത്തുമ്പേഴേക്കും ജലാൽകുന്ന് കഴിഞ്ഞിട്ടുണ്ടാകും ബോട്ട്. അപ്പോഴും അതിന്റെ നേരിയ ശബ്‌ദം ദൂരെ നിന്നു കേൾക്കുന്നുണ്ടാകും .
ഞാൻ പറഞ്ഞു വന്നതു വഴിമാറി. ഇങ്ങനെ നാടിനെപ്പറ്റി എഴുതിത്തുടങ്ങിയാൽ എപ്പോഴും സംഭവിക്കുന്നത് ഇതു തന്നെ.
ഞാൻ പറഞ്ഞുവന്നത്, പുരാതനമായ ആ കിണറിനെപ്പറ്റി തന്നെ. നാട്ടിൽ എത്ര വേനൽ കാലമായാലും ആ കിണർ വറ്റാറില്ല. മഴക്കാലത്ത് അതിന്റെ പള്ള ജലസമൃദ്ധിയാൽ നിറയും. അപ്പോൾ ആമയും ബ്രാലും തിലോപ്പിയായും മുകളിൽ വന്നു വെള്ളം കുടിച്ചിട്ട് ആഴങ്ങളിലേക്ക് പോകുന്ന കാഴ്‌ച കാണാൻ നല്ല രസമാണ്. ഭീതിപ്പെടുത്തുന്ന ഒരുവാമൊഴി കഥ കിണറിനെപ്പറ്റിയുണ്ടെങ്കിലും സുന്ദരമായ ഒരു പ്രണയകഥയുടെ അവശിഷ്‌ടങ്ങൾ ആ കിണറിന്റെ ഭൂതകാലം ഖനനം ചെയ്‌തടുത്താൽ കിട്ടും.
ഞങ്ങൾ സുഹൃത്തുക്കളിൽ ഏതാനും ചിലർ സാക്ഷികളായ ഒരു പ്രണയകഥ: ഒരു പക്ഷേ കിണർ എന്ന ഒരു പ്രേമകഥ ആദ്യമായിരിക്കാം നിങ്ങൾ കേൾക്കുന്നത്. അന്ന് ഞങ്ങൾ പത്താം ക്ലാസിലായിരുന്നു. അന്ന് ഇന്നത്തെ പോലായിരുന്നില്ല ആ കിണർ! ഒരേസമയം അഞ്ച് പേർക്ക് നിന്നുകൊണ്ട് പാതാളക്കരണ്ടി (തൊട്ടി )ഉപയോഗിച്ച് വെള്ളം കോരാവുന്ന വിധത്തിൽ തടിയുടെ ഒരു ഫ്രെയിം പണിത് കിണറിൽ ഫിറ്റ് ചെയ്‌തിട്ടുണ്ട്. അതിൽ ഉറപ്പിച്ച കപ്പിയും കയറും ഒരു ഉത്തോലകം പോലെ പ്രവർത്തിപ്പിച്ചാണ് വെള്ളം കോരിയിരുന്നത്. ഒരേ സമയം അഞ്ചോളം സ്ത്രീകൾക്ക് വെള്ളം കോരാം. അഞ്ചോളം സ്ത്രീകൾ ഒന്നിച്ചു നിന്ന് വെള്ളംകോരുന്ന കാഴ്‌ച കാണാൻ നല്ല രസമുള്ളതു തന്നെ. വെള്ളം കോരാൻ വരുന്നത് ചേച്ചിമാരാണെങ്കിലും ഞങ്ങളും അവരുടെ ആകാരവടിവുകൾ സ്‌കൂളിന്റെ ജനലിലൂടെഒളിച്ചും പതുങ്ങിയും നോക്കി രസിക്കാറുണ്ടായിരുന്നു (സ്‌കൂളിന്റെ തൊട്ടടുത്തായിരുന്നു കിണർ! ഒരു മതിലിന്റെ വ്യത്യാസം).അതുകൂടാതെ വൈകുന്നേരങ്ങളിൽ ക്ഷേത്രപരിസരത്ത് മറുതാ കാട്ടുകാർ കെട്ടിയ കളിത്തട്ടിലിരുന്നോ അതുമല്ലെങ്കിൽ കിണറിന്റെ വക്കത്തിരുന്നോ നാട്ടുകാരായവരും ഇതൊക്കെ നോക്കി ആസ്വദിക്കാറുണ്ട്.
ആയിടയ്‌ക്കാണ് രസതന്ത്രം പഠിപ്പിക്കാൻ ചെറുപ്പക്കാരനായ ഒരു അദ്ധ്യാപകൻ ഞങ്ങളുടെ സ്‌കൂളിൽ പുതുതായി ചാർജെടുത്തത്. അധികം പ്രായമില്ലാത്ത ആ അദ്ധ്യാപകൻ മീശവച്ച് വരുന്നതേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും അയാൾ സുന്ദരനായിരുന്നു.... മുടിയൊക്കെ നീട്ടിവളർത്തി, ബെൽബോട്ടം പാന്റ്സുമൊക്കെയിട്ട്...
*********************************
ആദ്യമൊന്നും ഞങ്ങൾക്കും മനസിലായിരുന്നില്ല. ഓർഗാനിക് കെമിസ്ട്രിയുടേയോ ഇനോർഗാനിക്ക് കെമിസ്ട്രിയുടേയോ രസാവഹമായ കലർപ്പുകൾ പഠിപ്പിക്കുന്ന ഏതോ ഒരു ദിവസമാണെന്ന് തോന്നുന്നു. ഞങ്ങളിലൊരാളിന്റെ ശ്രദ്ധ യാദൃശ്ചികമായി ആ ചെറുപ്പക്കാരനായ സാറിന്റെ നോട്ടത്തിന്റെ അങ്ങേയറ്റത്ത് ചെന്ന് പതിച്ചത്. അപ്പോൾ ആ അദ്ധ്യാപകന്റെ നോട്ടത്തിന്റെ അഗ്രത്ത് ഒരു ചേച്ചിയുണ്ടായിരുന്നു. കിണറ്റിൽ നിന്നും വെള്ളം കോരുന്ന ചേച്ചി! എന്റെ നാട്ടിലെ സുന്ദരിയായ ഒരു ചേച്ചിയായിരുന്നു അത്.
പിന്നീട് പലപ്പോഴും രസതന്ത്രത്തിന്റെ ഫോർമുലകൾ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടെഴുതിയിരുന്ന രാസത്വരകങ്ങളുടെ രസാവമായ കലർപ്പുകൾ സാറിന് തെറ്റിത്തുടങ്ങിയപ്പോൾ ഞങ്ങൾ മനസിലാക്കി സാറിന്റെ ചിന്തകൾക്കപ്പുറത്ത് ജനലിനപ്പുറത്ത് കപ്പിയും കയറും ഉപയോഗിച്ച് വെള്ളം കോരി കൊണ്ട് ആ ചേച്ചി നിൽപ്പുണ്ടായിരുന്നുഎന്ന് ...
അങ്ങനെ ആ ചേച്ചി ധാരാളം വെള്ളം കോരി. സാറിന്റെ രസതന്ത്രത്തിന്റെ ഫോർമുലകൾ പിന്നീട് തെറ്റി കൊണ്ടേയിരുന്നു. ചേച്ചിയുടെ വീട്ടിലെ തെങ്ങിൻത്തടങ്ങൾ ജലസമൃദ്ധിയാൽ തളിർത്തുകൊണ്ടുമിരുന്നു. പക്ഷേ അതിനപ്പുറം അവർക്കൊന്നിനും സാധിച്ചിരുന്നില്ല എന്നുള്ളതാണ് വാസ്‌തവം! കാരണം അദ്ധ്യാപനത്തിന്റെ പരിപാവനത സാറിനെ പലതിൽ നിന്നും വിലക്കി. ആ പ്രണയം പരസ്‌പരം അറിയാതെ കിണറിനും ക്ലാസിനും ഇടയിൽ മരവിച്ചു കിടന്നു. കൂടാതെ ഒരു സുപ്രഭാതത്തിൽ ബോർഡിൽ പ്രത്യക്ഷപ്പെട്ട ഒരു ചലച്ചിത്ര ഗാനത്തിന്റെ ശീലുകൾ.
അക്കരെയിക്കരെനിന്നാലെങ്ങനെ ആശ തീരും? ഞങ്ങളെല്ലാം കാണുന്നുണ്ടായിരുന്നു, അറിയുന്നുണ്ടായിരുന്നു, അതിലുപരി ആസ്വദിക്കുന്നും ഉണ്ടായിരുന്നു രണ്ട് മനസിന്റെ വിങ്ങലുകൾ. അതിന്റെ പരിണിതഫലമായിരുന്നല്ലോ ബോർഡിൽ പ്രത്യക്ഷപ്പെട്ട ആ സിനിമാപ്പാട്ടിന്റെ ശീലുകൾ. എന്തായാലും ആ അക്കാഡമിക് വർഷം ഏതാണ്ട് തീരാറായ ഒരു ദിവസം സമയം തെറ്റാതെ തന്നെ ചേച്ചി പടിഞ്ഞാറ് നിന്ന് കിഴക്കോട്ടു നടന്നു വന്നു. പക്ഷേ, അന്ന് ആ ചേച്ചിയുടെ കൈയ്യിൽ കുടത്തിന് പകരം അഷ്‌ടമംഗല്യമൊരുക്കിയ താലമായിരുന്നൂ എന്ന് മാത്രം! കിണറ്റിൻ കരയിലേയ്‌ക്കായിരുന്നില്ല ആ ചേച്ചി നടന്നടുത്തത് കിണറിനടുത്തുള്ള അമ്പലത്തിനു മുന്നിലെ നടപ്പന്തലിൽ ഒരുക്കിയ കല്യാണ മണ്ഡപത്തിലേയ്‌ക്കായിരുന്നു എന്നുമാത്രം ചെറുപ്പകാരനായ ഞങ്ങളുടെ സാറിനോട് അനാദ്യമായി ഞങ്ങൾക്ക് സഹതാപം തോന്നി... ആ കാഴ്‌ച കണ്ട് അത്രയ്‌ക്ക് മനസ് തകർന്നിരുന്നു സാറിന്. അന്നദ്ദേഹം രസതന്ത്രം ബുക്ക് തുറന്നില്ല. പതിവിന് വിപരീതമായി ക്ലാസും വളരെ നിശബ്‌ദമായിരുന്നു.
4
അദ്ദേഹത്തിനവിടെ അധികനേരമങ്ങനെ നിൽക്കാനാവുമായിരുന്നില്ല . നാദസ്വരത്തിന്റേയും തകിലിന്റേയും സമ്മിശ്ര മേളം ആ അദ്ധ്യാപകന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. അയാൾ കുനിഞ്ഞ ശിരസുമായി ക്ലാസ്സ് മുറിവിട്ട് ടീച്ചേഴ്സ് റൂമിലേയ്‌ക്ക് തിരിയെ പോയി. അന്നെനിക്കുറങ്ങാൻ കഴിഞ്ഞില്ല, സാർ അബദ്ധമെന്തേലും കാണിക്കുമോ, കിണറിനകത്തെ ങ്ങാനുംചാടി പോയാൽ, അങ്ങ് ഏഴാം കടലിലേ പൊങ്ങൂ പിന്നെ... ഒരു കണക്കിനാണ് നേരം വെളുപ്പിച്ചത്...
അമ്പലക്കുളത്തിൽ കുളിക്കാനെന്ന വ്യാജേന തോർത്തും സോപ്പുമായി രാവിലെ ഇറങ്ങി. ആരും ശ്രദ്ധിക്കാതെ കിണറ്റിൽകര നിന്ന് ഉള്ളിലേക്ക് നോക്കി.
രസതന്ത്രം സാർ, ഏതാനും സിലോപ്യകൾ വന്ന് വെള്ളം കുടിച്ച് താഴേക്കൂളിയിട്ട്...
ഒരു ചെറിയ ആമ വെട്ടുകല്ലുകൾ പാകിയ ആ കിന്നറിന്റെ സൈഡിൽ പമ്മിയിരിക്കുന്നുണ്ടായിരുന്നു അപ്പോൾ ...
സാറെങ്ങാനും ഇനി ഏഴാം കടലിൽ. അതുവഴി വന്ന ദേവസ്വം സെക്രട്ടറി അപ്പോൾ ശകാരിച്ചു. പോടാ... ഇതിലെങ്ങാനും വീണാൽ... പിന്നേഴാം കടലിലേ നീ പിന്നെ പൊങ്ങൂ. പൊങ്ങിയാലും ഇല്ലെങ്കിലും പിന്നെ ഞങ്ങളുടെ രസതന്ത്രീ സാറിനെപ്പിന്നെ ഞങ്ങൾ കാണുകയുണ്ടായില്ല.
വർഷങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നൂ
വീണ്ടും ഒരു ശിവരാത്രി! കളിത്തട്ടിലും ആനകൊട്ടിലിലും കിണറ്റിൻ കരയിലും അമ്പലപരിസരത്തുമായി ഉൽസവ ലഹരിയിൽ ജനസഞ്ചയങ്ങൾ...
ബലൂൺ കച്ചവടക്കാർ, വളകച്ചവടക്കാർ, കപ്പലണ്ടി പേട്ടയിൽ കൊണ്ടുനടന്നു വിൽക്കുന്നവർ, സർബത്ത് കച്ചവടക്കാർ. പലതരം കളർ മിഠായി വിൽക്കുന്ന കച്ചവടക്കാർ അങ്ങനെ അങ്ങനെ ഉത്സവത്തിന് ഭാഗഭാഗാക്കാകുന്നവർ...
ശിവരാത്രിയും ആറാട്ടും കഴിഞ്ഞ് എല്ലാവരും മടങ്ങുംമ്പോൾ സത്യത്തിൽ എന്തോ നഷ്‌ടപ്പെട്ടു പോയതുപോലെയാണ് ശിവരാത്രി കഴിഞ്ഞുള്ള എന്റെ മടക്കം! പക്ഷേ ഇപ്രാവശ്യത്തെ മടക്കം മറ്റൊരു വേദനയുമായാണ് . ആ കിണർ മൂടാൻ പഞ്ചായത്തു അധികൃതർ തീരുമാനിച്ചിരിക്കുന്നു. അതിനെതിരെയുള്ള പോസ്റ്ററുകൾ പലസ്ഥലത്തും ഒട്ടിച്ചുവച്ചിട്ടുണ്ട്.
5
പക്ഷേ ആ ചെറുത്തുനിൽപ്പ് എത്രത്തോളം സാധുതയുണ്ടെന്നറിഞ്ഞുകൂടാ ...
ആ കിണർ അവിടുന്ന് പോകുവാണെന്നു വച്ചാൽ, അടുത്ത ശിവരാത്രിക്ക് അതവിടെ ഇല്ല്യാന്നു വെച്ചാൽ..
മലയാളിക്ക് കിണർവെള്ളം കോരാനുള്ള ആഴക്കുഴി മാത്രമല്ല . അതൊരു ആഢ്യത്വത്തിന്റെചിഹ്നം കൂടിയാണ്. അലപം കാശും പറമ്പും ഉള്ളവരുടെ വീടുകളിലെല്ലാം അതുണ്ടാകും. എന്നാലും ഇതുവരേക്കും ഒരു കിണർ പോലും കുഴിക്കുന്നതു കാണാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. വെള്ളം കിട്ടാവുന്ന സ്ഥലം ഗണിച്ചാണ് കിണറിനായി ആശാരി കുറ്റിയടിക്കുന്നത്. ചടങ്ങുകൾ ദൈവികമാണ്.അതുകഴിഞ്ഞു കണക്കിന്റെനേതൃത്വത്തിൽ പിക്കാസും മൺവെട്ടിയും ഉപയോഗിച്ച് കിണർ കുത്തുകാർ കിണർ കുഴിച്ചു തുടങ്ങും മണ്ണിലൊളിഞ്ഞുകിടക്കുന്ന ജലസമൃദ്ധിയിൽ പിക്കാസും മൺവെട്ടിയുംചെന്നെത്തുന്നതോടെ കിണർ കുഴിക്കൽ അവസാനിക്കും. ആദ്യത്തെ ജലം പൂക്കുറ്റിപോലെ മുകളിലേക്ക് ചീറ്റുമ്പോൾ പിന്നെ കുഴിച്ചവർക്കും നാട്ടുകാർക്കും പിന്നെ ആഘോഷമാണ്.
എല്ലാം പറഞ്ഞുകേട്ടുള്ള അറിവുകൾ മാത്രം!
തന്റെനാട്ടിലെ കിണറും ഇതുപോലെ ആഘോഷത്തോടെ കുഴിച്ചിട്ടുള്ളതാകാം . ഒരു വെത്യാസം മാത്രം. സാധാരണ കണ്ടുവരുന്ന കിണറിനേക്കാൾ പത്തിരട്ടി വിസ്‌തൃതിയും ആഴവും ഉള്ളതാണെന്നുമാത്രം ! ഇത്തരമൊന്നു മറ്റെങ്ങും കണ്ടീട്ടില്ല ! ഒരു കാലത്തു നാട്ടുകാരുടെ മൊത്തം ജലസ്രോതസായിരുന്നു അത് ! ഇപ്പോഴും കറണ്ടില്ലാത്ത നേരങ്ങളിൽ നാട്ടുകാർ ആശ്രയിക്കുന്നത് അതിനെ തന്നെ എത്രപേർക്ക്, എത്ര തലമുറകൾക്കു ജലപാനം നൽകിയ ആ കിണർ...!
എത്രയോ രാത്രികളിൽ അതിന്റെ വിരിപ്പിൽ കിടന്നുറങ്ങിയിട്ടുണ്ട് ഞങ്ങൾ സുഹൃത്തുക്കൾ. അതിലുപരി സുന്ദരമായ ഒരു പ്രണയ കഥയ്‌ക്ക് സാക്ഷ്യം നിന്നിട്ടുള്ള കിണർ!
അതിൽ വീണാൽ ഏഴാം കടലിൽ പോകുമോ...?
തന്റെ ഓർമയിൽ ആരും അതിൽ വീണതായിട്ടറിവില്ല. അത് എത്രത്തോളം ശരിയാണ്എന്നും അറിയില്ല ! മിത്തും കഥകളും തലകെട്ടിക്കിടന്നിരുന്നു അതിന്റെ പരിസരങ്ങളിൽ... ആ പശ്ചാത്തലത്തിലാണ് ഞങ്ങളുടെ ബാല്യ കൗമാരങ്ങൾ ....
സന്തോഷത്തേക്കാളേറെ നഷ്‌ടബോധത്തിന്റെ തളർന്ന മനസുമായുള്ള ഒരു മടക്കം സ്റ്റിയറിംഗ് വീലിൽ കൈകൾ യാദൃശ്ചികമായി ചലിച്ചു. കണ്ണ് മുന്നിലെ റോഡിലാണെങ്കിലും മനസ് ആ കിണറിന്റെയും പരിസരത്തും തന്നെ. പിന്നെ ശിവരാത്രിക്ക് അവിടെ കൂടിയ ആൾകൂട്ടത്തിലും.,അവിടെ കണ്ടു മുട്ടിയ ചില സന്തോഷങ്ങളുടെ മുഹൂർത്തങ്ങളിലും തന്നെയാണ്. കൂടാതെ പഴയ ചില പ്രണയിനികളെ കാണാൻ കഴിഞ്ഞതിന്റെ തൃപ്‌തി!
പിന്നെ പട്ടയടി.., ചീട്ടുകളി.,അമ്പലത്തിനു ചുറ്റം ,കാവടിയാട്ടത്തിന്റെ ആൾക്കൂട്ടത്തിലൂടെ സുഹൃത്തുകളുമൊത്ത് നെഞ്ചുവിരിച്ചുള്ള നടത്തം. എല്ലാത്തിനും പശ്ചാത്തലമായി ആ കിണർ
6
ഞങ്ങളുടെ പ്രിയപ്പെട്ട ഗൃഹാതുരത്വങ്ങൾ….
അതിന്റെ ഹാങ് ഓവർ, എല്ലാം കൂടി ഒരു സുഖമുള്ള ഏർപ്പാടു തന്നെ 'ഈ ശിവരാത്രി! വെള്ളമടി!"" അപ്പോഴും പഴയ പ്രതാപത്തിലെങ്കിലും ആ കിണർ അവിടെ ഉണ്ടാകും . കുറെ പേർക്ക് ആസ്ഥാനമാകാൻ. അടുത്ത ശിവരാത്രിയ്‌ക്ക് ആ കിണർ അവിടുണ്ടാകുമോ എന്തോ…?
വെറുതെ എന്തിനു മനസ് പുണ്ണാക്കുന്നു.
ഒരു കിണറിലെന്തു കാര്യം?
പോകാൻ പറ...
കിണർ
അതിൽ വീണാൽ ഏഴാം കടലിലേ പൊങ്ങൂ. ആ കഥയിലായിരുന്നില്ല അപ്പോൾ മനസ്, അന്നത്തെ ആ പ്രണയ കഥയിലെ അദ്ധ്യാപകൻ എവിടെയായിരിക്കും? അതിലെ നായിക ചേച്ചി എവിടെയായിരിക്കും? ഏതോ വിദേശ രാജ്യങ്ങളിൽ....നാടും വീടും കിണറും വിട്ട്. ഈ കഥകളൊന്നുമറിയാത്ത കിണർ....
തന്റെ മരണത്തിന്റെകാഹളം മുഴങ്ങുന്നത് അറിയാതെ പകൽ സൂര്യനെയും രാത്രി ചന്ദ്രനെയും തന്റെ ഉദരത്തിൽ വഹിച്ചു അപ്പോഴും ആ കിണർ, ദീപാരാധനയ്‌ക്ക് ക്ഷേത്രത്തിലെത്തുന്നവർക്ക് ആസ്ഥാനമായി, കുട്ടികൾക്ക് കല്ലെടുത്തെറിയുവാനുള്ള കൗതുകമായി .....ഒരമ്മയെ പോലെ ....അഥവാ കാലത്തിന്റെ സാക്ഷിയായി,
ഒരു പട പണ്ടാരം കിണർ. കേവലം ചില ഇടവേളകളിൽ മാത്രം എത്തുന്ന തനിക്കെന്തുചെയ്യാൻ?
അയാളുടെ കാല് ആക്‌സിലേറ്ററിലേക്കമർന്നു. സ്‌പീഡോമീറ്ററിന്റെ സൂചി 80,100,110
ആരോടോ ഉള്ള പകതീർക്കാനെന്നപോലെ ആക്‌സിലേറ്ററിൽ കാലുകൾ അമർന്നുകൊണ്ടേയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |