മലപ്പുറം ഡി.സി.സി പ്രസിഡന്റായിരുന്നു
നിലമ്പൂർ: നിലമ്പൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും മലപ്പുറം ഡി.സി.സി പ്രസിഡന്റുമായ വി.വി. പ്രകാശ് (56) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ പുലർച്ചെ അഞ്ചോടെയായിരുന്നു അന്ത്യം.
പുലർച്ചെ രണ്ടരയോടെ ഹൃദയാഘാതമുണ്ടായ പ്രകാശിനെ ഉടനെ എടക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥ പരിഗണിച്ച് കോഴിക്കോട്ടേക്ക് കൊണ്ടുപോവാൻ തീരുമാനിച്ചെങ്കിലും, രോഗം മൂർച്ഛിച്ചതോടെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അധികം വൈകാതെ മരണം സ്ഥിരീകരിച്ചു.
നിലമ്പൂർ മണ്ഡലത്തിൽ വിജയം ഉറപ്പെന്ന ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പു ഫലം കാത്തിരിക്കുകയായിരുന്ന വി.വി. പ്രകാശിന്റെ അകാലത്തിലുള്ള വേർപാട് സഹപ്രവർത്തകരെയും അണികളെയും നാട്ടുകാരെയും ഞെട്ടിച്ചു. കർഷകനായിരുന്ന കുന്നുമ്മൽ കൃഷ്ണൻനായരുടെയും സരോജിനിഅമ്മയുടെയും മകനായി എടക്കരയിലാണ് ജനിച്ചത്. മമ്പാട് എം.ഇ.എസ് കോളേജിലും മഞ്ചേരി എൻ.എസ്.എസ് കോളേജിലും ഉന്നത വിദ്യാഭ്യാസം. കോഴിക്കോട് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും കോഴിക്കോട് ഗവ. ലാ കോളേജിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കി.
ഹൈസ്‌കൂൾ പഠനകാലത്ത് കെ.എസ്.യു പ്രവർത്തകനായ പ്രകാശ് ഏറനാട് താലൂക്ക് സെക്രട്ടറി, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. പിന്നീട് സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയും, കെ.പി.സി.സി സെക്രട്ടറിയുമായ പ്രകാശ് ,നാല് വർഷം മുമ്പ് മലപ്പുറം ഡി.സി.സി പ്രസിഡന്റായി. കോഴിക്കോട് സർവകലാശാല സെനറ്റ് അംഗം, കെ.എസ്.ആർ.ടി.സി ഡയറക്ടർ, എഫ്.സി.ഐ അഡ്വൈസറി ബോർഡ് അംഗം, ഫിലിം സെൻസർ ബോർഡ് അംഗം, എടക്കര ഗ്രാമ പഞ്ചായത്ത് അംഗം, എടക്കര ഈസ്റ്റ് ഏറനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. 2011ൽ തവനൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച പ്രകാശ് എൽ. ഡി.എഫ് സ്വതന്ത്രൻ കെ.ടി.ജലീലിനോട് പരാജയപ്പെട്ടിരുന്നു .എടക്കര ഈസ്റ്റ് ഏറനാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി സ്മിതയാണ് ഭാര്യ. നന്ദന പ്രകാശ്, നിള പ്രകാശ് എന്നിവർ മക്കൾ.
മൃതദേഹം മലപ്പുറം ഡി.സി.സി ഓഫീസിലെ പൊതുദർശനത്തിനു ശേഷം രാവിലെ ഒൻപതര മുതൽ എടക്കര ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോപ്ലക്സിൽ പൊതുദർശനത്തിന് വച്ചു. സംസ്‌കാരം വൈകിട്ട് നാലിന് എടക്കര പാലുണ്ട പൊതുശ്മശാനത്തിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ നടന്നു. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും നിരവധി പേരാണ് പ്രിയനേതാവിന് അന്ത്യാഞ‍്ജലിയർപ്പിക്കാനെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |