ഇച്ഛിക്കുന്നവർക്കെല്ലാം കാമധേനു പാൽചുരത്തുന്നു. കല്പവൃക്ഷം ഫലങ്ങൾ നൽകുന്നു. പക്ഷേ പശു ഒരു തുള്ളി പാൽ നുണയുന്നുണ്ടോ, കല്പവൃക്ഷം ഒരു തുള്ളി മധുരം രുചിക്കുന്നുണ്ടോ? സമ്പന്നനായ പ്രേമന്റെ ദാനശീലത്തെക്കുറിച്ച് ഒരു പിശുക്കൻ കളിയാക്കിയപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ സുഹൃത്തുക്കൾക്കിടയിൽ പ്രസിദ്ധമാണ്.
എങ്ങനെ ഇത്രയും കാശുണ്ടായി എന്ന് ചോദിച്ചാൽ പ്രേമൻ അതിന് കൃത്യമായ മറുപടി നൽകില്ല. മഞ്ഞുമൂടിയ പർവ്വതത്തിന് എങ്ങനെ ഇത്രയും മഞ്ഞുകിട്ടി? കരകവിഞ്ഞൊഴുകുന്ന പുഴയ്ക്കെങ്ങനെ ഇത്രയും ജലം കിട്ടി അതുപോലെയാണ് ചിലർക്ക് സമ്പത്തും കഴിവുകളും ഐശ്വര്യങ്ങളും വന്നുഭവിക്കുന്നത്. മഞ്ഞുമൂടിക്കിടക്കുമ്പോൾ പർവ്വതം കാഴ്ചയ്ക്ക് സുന്ദരം. ജലസമൃദ്ധമാകുമ്പോൾ പുഴയും മനോഹരം. ആളുകൾ ചുറ്റും കൂടും. സ്വാർത്ഥമോഹികളായിരിക്കും അധികവും. പുരാണങ്ങളും വേദാന്തങ്ങളും മനഃപാഠമാക്കിയ പ്രേമൻ സരസമായി വിശദീകരിക്കും. ഇങ്ങനെയും പണക്കാരുണ്ടോ? പണക്കാരിൽ ഇത്രയും അറിവും വിനയവും ഉള്ളവരുണ്ടോ എന്നൊക്കെ സംശയിച്ചുപോകും. പ്രേമന്റെ സമ്പത്തിന്റെ ഉയരവും ആഴവും കണ്ട് അതിശയിച്ചു നിൽക്കുന്നവരോട് അദ്ദേഹം ശബ്ദം താഴ്ത്തിപ്പറയും. ഞാനെന്നും ഈശ്വരനോട് പ്രാർത്ഥിക്കുന്നത് പണക്കൊഴുപ്പ് എന്റെ രക്തത്തിൽ കലരരുതേ എന്നാണ്. പണത്തിന്റെ കൊളസ്ട്രോൾ ക്രമാതീതമായി ഉയർന്നാൽ ചിലരിലെങ്കിലും നേരത്തേയുണ്ടായിരുന്ന ഗുണഗണങ്ങൾ ഇല്ലാതാകും. ദൈവത്തിന്റെ അടുത്ത് ഒരു കസേര വലിച്ചുനീക്കി ഇട്ട് ഇരിക്കണമെന്നൊക്കെ തോന്നും. അതോടെ തുടങ്ങും അധഃപതനത്തിന്റെ ഒന്നാം അദ്ധ്യായം. എല്ലാവരോടും വലിപ്പചെറുപ്പമില്ലാതെ ഒരേപോലെ പെരുമാറുന്ന പ്രകൃതമാണ് പ്രേമന്റേത്. ഫ്ളാറ്റിൽ പത്താം നിലയിലാണ് കുടുംബസമേതം താമസം.
ഒരിക്കൽ ലിഫ്റ്റിൽ സഞ്ചരിക്കുമ്പോൾ തൊട്ടുതാഴത്തെ നിലയിൽ നിന്നും ആ നിലയിലെ ഫ്ലാറ്റിലെ മാലിന്യങ്ങൾ ബക്കറ്റിലാക്കുകയാണ് രണ്ടു സ്ത്രീകൾ. പ്രേമനെ കണ്ടതും അവരുടെ മുഖം ചമ്മി. അയ്യോ സാർ പോകട്ടെ. ഞങ്ങൾ പിന്നെ വന്നുകൊള്ളാം. പ്രേമൻ അതിനോട് യോജിച്ചില്ല. വേണ്ട നിങ്ങളും കയറണം. ഇതൊരു മാലിന്യമല്ല. ഇതിനേക്കാൾ വലിയ മാലിന്യമല്ലേ നമ്മൾ? സഞ്ചരിക്കുന്ന അലങ്കരിച്ച മാലിന്യങ്ങളെന്നു മാത്രം. സ്ത്രീകൾ ഒന്നും മനസിലാകാതെ പരസ്പരം നോക്കി. പത്താംനിലയിലെത്തപ്പെട്ട ഈശ്വരന്റെ ഒരു കളിപ്പാട്ടം മാത്രമാണ് ഞാനും. ഓരോരോ നിലയിൽ കോടാനുകോടി മനുഷ്യർ കഴിയുന്നു. അവരിലധികവും ജീവിച്ചിരിക്കുമ്പോൾ തന്നെ മാലിന്യങ്ങളാണ്. ചിലർ സന്മനസും നല്ല കർമ്മവും കൊണ്ട് മണമുള്ള നിർമ്മലരാകുന്നു. സ്വയമറിയുന്നില്ലെന്ന് മാത്രം. കളിപ്പാട്ടങ്ങൾ ഒരിക്കലും അറിയുന്നില്ല തങ്ങൾ വെറും കളിപ്പാട്ടമാണെന്ന്.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |