SignIn
Kerala Kaumudi Online
Friday, 30 July 2021 3.15 AM IST

ഉത്തരവാദിത്വം ഓർമ്മിപ്പിച്ച് വീണ്ടും സുപ്രീംകോടതി

supreme-court

അതിരൂക്ഷമായ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം പ്രതിരോധ കുത്തിവയ്പിനുവേണ്ടി ജനങ്ങൾ പരക്കം പായുകയാണ്. ഇതിനിടയിൽ വാക്സിൻ ലഭ്യതയും വിലയും സംബന്ധിച്ച് വലിയ തോതിൽ വിവാദങ്ങളും നടക്കുന്നു. കേന്ദ്രത്തിന് ഒരു വിലയും സംസ്ഥാനങ്ങൾക്ക് അതിന്റെ ഇരട്ടി വിലയും നിശ്ചയിച്ചത് വാക്സിൻ നിർമ്മാതാക്കളാണെങ്കിലും ഈ അനീതിക്കെതിരെ എന്തുകൊണ്ട് കേന്ദ്ര സർക്കാർ നടപടി എടുക്കുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി ആവർത്തിച്ച് ചോദിച്ചത്. എന്തുചെയ്യാനുമുള്ള അധികാരം കൈയിലുള്ള ഭരണകൂടം ഈ അടിയന്തര സാഹചര്യത്തിൽ എന്തുകൊണ്ടാണ് അതു പ്രയോഗിക്കാത്തതെന്ന കോടതിയുടെ ചോദ്യം പ്രസക്തമാണ്. സംസ്ഥാന സർക്കാരുകളും ജനങ്ങളും ഏറെ ദിവസങ്ങളായി ഒരേസ്വരത്തിൽ ചോദിക്കുന്നതും അതുതന്നെ. രാജ്യത്ത് രണ്ടു സ്ഥാപനങ്ങൾക്കാണ് വാക്സിൻ നിർമ്മിക്കാനുള്ള ലൈസൻസ് നൽകിയിരിക്കുന്നത്. പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിനും ഹൈദരാബാദിലെ ഭാരത് ബയോടെക്കിനും. രണ്ടും സ്വകാര്യ മേഖലയിലുള്ള കമ്പനികളാണ്. സ്വകാര്യ കമ്പനികളായിട്ടും വാക്സിൻ നിർമ്മാണത്തിനു വേണ്ട എല്ലാ ഒത്താശയും നൽകുന്നത് കേന്ദ്ര സർക്കാരാണ്. മാത്രമല്ല ഉത്‌പാദനം വർദ്ധിപ്പിക്കാനായി രണ്ടു കമ്പനികൾക്കുമായി 4500 കോടി രൂപ കഴിഞ്ഞ മാസം അധികമായി നൽകുകയും ചെയ്തു. ഇതിനു ശേഷമാണ് സംസ്ഥാനങ്ങൾക്കു നൽകുന്ന വാക്സിന് യഥാക്രമം 400 രൂപയും 600 രൂപയും ഈടാക്കുമെന്ന് രണ്ടു കമ്പനികളും പ്രഖ്യാപിച്ചത്. ഉത്‌പാദനത്തിന്റെ അൻപതു ശതമാനം കുറഞ്ഞ നിരക്കിൽ കേന്ദ്രത്തിനു നൽകുമ്പോൾ സംസ്ഥാനങ്ങൾക്കു ഇരട്ടി വിലയ്ക്കു നൽകുന്നതിലെ യുക്തിരാഹിത്യം നേരത്തെയും പരമോന്നത കോടതി ചോദ്യം ചെയ്തതാണ്. എന്നാൽ നിലപാടു മാറ്റാനോ ജനകീയ താത്‌പര്യം കണക്കിലെടുത്ത് വില കുറയ്ക്കാനോ കുറഞ്ഞപക്ഷം കേന്ദ്ര നിരക്കിൽ സംസ്ഥാനങ്ങൾക്കും നൽകാനോ ഒരു നടപടിയുമുണ്ടായില്ല. ഇത്തരം സന്ദർഭങ്ങളിൽ ഇടപെടേണ്ട കേന്ദ്ര ഭരണകൂടവും മൗനം പാലിക്കുന്നതിലെ യുക്തിയാണ് ആർക്കും മനസിലാകാത്തത്. കേന്ദ്രം നിർമ്മാതാക്കളിൽ നിന്ന് വാക്സിൻ നേരിട്ടുവാങ്ങി സംസ്ഥാനങ്ങൾക്കു വിതരണം ചെയ്തുകൂടേ എന്ന കോടതിയുടെ ചോദ്യം എന്തുകൊണ്ടും പ്രസക്തമാണ്. കമ്പനികൾക്ക് വാക്സിൻ ഉത്‌പാദനത്തിനായി ഭീമമായി പണം നൽകിയ സ്ഥിതിക്ക് വാക്സിൻ നയം നിശ്ചയിക്കാനും കേന്ദ്രത്തിന് അധികാരവും അവകാശവുമുണ്ട്. മേയ് ഒന്നു മുതൽ 18 നും 45 നുമിടയ്ക്കു പ്രായമുള്ളവർക്കു കൂടി കുത്തിവയ്പ് നടത്താൻ കേന്ദ്രം തീരുമാനിച്ച സ്ഥിതിക്ക് വാക്സിന്റെ സുഗമമായ വിതരണം കൂടി ഉറപ്പുവരുത്തേണ്ടതായിരുന്നു. എന്നാൽ ഈ വിഭാഗത്തിൽപ്പെടുന്നവർ വാക്സിന് ഉയർന്ന വില നൽകേണ്ടിവരുമെന്ന വിചിത്ര തീരുമാനമാണുണ്ടായിരിക്കുന്നത്. അധിക ബാദ്ധ്യത ജനങ്ങൾ വഹിക്കേണ്ടിവരുന്ന തീരുമാനത്തെയാണ് പരമോന്നത കോടതിയും രൂക്ഷമായ ഭാഷയിൽ ചോദ്യം ചെയ്യുന്നത്. ഇതിന് ഒറ്റ പരിഹാരമേയുള്ളൂ. വാക്സിൻ മുഴുവൻ കേന്ദ്രം സംഭരിക്കുക. അത് ഓരോ സംസ്ഥാനത്തിന്റെയും ആവശ്യം കണക്കാക്കി വീതിച്ചു നൽകുക. അനായാസം ചെയ്യാവുന്ന കാര്യമാണിത്. ഓരോ സംസ്ഥാനത്തെയും ജനസംഖ്യ സർക്കാരിന്റെ പക്കലുണ്ട്. ഓരോ വിഭാഗത്തിന്റെയും കൃത്യമായ കണക്കുമുണ്ട്. അതുപോലെ രൂക്ഷമായ വാക്സിൻ ക്ഷാമം പ്രധാന പ്രശ്നമായി മാറിക്കഴിഞ്ഞു. വൻതോതിൽ ഇറക്കുമതി ചെയ്ത് ക്ഷാമം നേരിടാനാകും. റഷ്യൻ വാക്സിൻ ഉടനെ എത്തിത്തുടങ്ങുമെന്നാണു വിവരം. അതോടൊപ്പം വാക്സിൻ നിർമ്മാണത്തിനുള്ള പേറ്റന്റ് അതിനു ശേഷിയുള്ള മറ്റു കമ്പനികൾക്കു കൂടി നൽകാൻ അടിയന്തര നടപടി എടുക്കണം. ഇപ്പോഴത്തെ കുത്തക നഷ്ടപ്പെടുമെന്നു വന്നാൽ വില കുറയ്ക്കാൻ സീറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും തയ്യാറാകുമെന്നതിൽ സംശയമൊന്നുമില്ല. അമേരിക്കയിൽ പോലും ഒരു ഡോസ് വാക്സിന് 188 രൂപ വിലയുള്ളപ്പോൾ ഇവിടെ മുന്നൂറും നാനൂറും സ്വകാര്യ ആശുപത്രികളിൽ 1200 രൂപയും വാങ്ങുന്നതിലെ അനീതി വച്ചുപൊറുപ്പിക്കാനാകാത്തതു തന്നെയാണ്. 45 വയസിനു മുകളിലുള്ളവർക്ക് സർക്കാർ കുത്തിവയ്പു കേന്ദ്രങ്ങളിൽ സൗജന്യമായി വാക്സിൻ നൽകുമെന്നാണു പ്രഖ്യാപനം. എന്നാൽ വാക്സിൻ ക്ഷാമം അവിടങ്ങളിൽ രൂക്ഷമാണ്. മറ്റു കേന്ദ്രങ്ങളിൽക്കൂടി യഥേഷ്ടം വാക്സിൻ ലഭ്യമാണെന്നു വന്നാലേ ഇപ്പോഴത്തെ തിക്കും തിരക്കും പരിഭ്രാന്തിയും കുറയ്ക്കാനാകൂ. 45 വയസിൽ താഴെയുള്ള വിഭാഗക്കാരിലും കോടിക്കണക്കിനു പേർ വെറും സാധാരണക്കാരായിരിക്കും. അവരൊക്കെ ഉയർന്ന വില നൽകണമെന്നു പറയുന്നത് ക്രൂരതയാണ്. കേരളം ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങൾ എല്ലാ വിഭാഗക്കാർക്കും സൗജന്യമായി കുത്തിവയ്പു നൽകുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇതിനാവശ്യമായി വരുന്ന പണം പൊതു ഖജനാവിൽ നിന്നാണ് എടുക്കേണ്ടിവരുന്നത്. സ്വാഭാവികമായും മറ്റേതെങ്കിലും കാര്യങ്ങൾക്കായുള്ള പണമാകും വാക്സിൻ വാങ്ങാൻ വേണ്ടി മുടക്കേണ്ടി വരുന്നത്. വാക്സിൻ വില കമ്പനികൾ മാത്രം നിശ്ചയിക്കുന്ന രീതി അവസാനിപ്പിക്കാൻ കേന്ദ്രം ഇടപെടേണ്ട സമയമായി. രോഗം അനിയന്ത്രിതമായി വ്യാപിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പ്രതിരോധ കുത്തിവയ്പ് പരമാവധി ആളുകളിലെത്തിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള ഏർപ്പാടുകളാണു ഉണ്ടാകേണ്ടത്. അതിന് അനുയോജ്യമായ വിധത്തിൽ വാക്സിൻ നയത്തിൽ അടിയന്തരമായി മാറ്റങ്ങൾ വരുത്തണം.

സർക്കാർ സംവിധാനങ്ങൾക്കു പുറമെ കൊവിഡ് ചികിത്സ നടക്കുന്ന സ്വകാര്യ ആശുപത്രികൾ അമിത നിരക്ക് ഈടാക്കാതിരിക്കാൻ ആശുപത്രി മാനേജുമെന്റുകളുമായി സർക്കാർ ചർച്ച നടത്തി അനുകൂല തീരുമാനമെടുപ്പിക്കണമെന്ന കേരള ഹൈക്കോടതി നിർദ്ദേശവും ഇത്തരുണത്തിൽ അങ്ങേയറ്റം സ്വാഗതാർഹമാണ്. കൊവിഡ് ചികിത്സയ്ക്കായി ഒട്ടധികം പേർ സ്വകാര്യ ആശുപത്രികളെയാണു ആശ്രയിക്കുന്നത്. ചില ആശുപത്രികളെങ്കിലും ഇത് അവസരമാക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. സാമൂഹ്യ ബാദ്ധ്യത ഏവർക്കും ബാധകമാണെന്ന കാര്യം മറക്കരുത്. കൊവിഡിനെതിരായ മഹായുദ്ധത്തിൽ ഓരോ വിഭാഗവും അവരവരുടേതായ പങ്ക് വഹിക്കുക തന്നെ വേണം. ഇതിനിടെ കൊവിഡ് ഉണ്ടോ എന്നറിയാനുള്ള ആർ.ടി.പി.സി.ആർ ടെസ്റ്റിനുള്ള ഫീസ് സർക്കാർ 500 രൂപയായി കുറച്ചത് അംഗീകരിക്കാൻ വിസമ്മതിക്കുന്ന ലാബുകളും ഇവിടെയുണ്ട്. ലാബുകളുടെ സംഘടന സർക്കാർ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് സ്വീകരിക്കാൻ ലാബുകൾ തയ്യാറാകണം. കാലം ആവശ്യപ്പെടുന്നത് അതാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.