ഓരോ തിരഞ്ഞെടുപ്പും വലിയ പാഠങ്ങളാണ് രാഷ്ട്രീയ കക്ഷികൾക്ക് നൽകുന്നത്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങളും പാർട്ടികൾ എന്നെന്നും ഓർമ്മിക്കാനുള്ള പാഠങ്ങൾ സമ്മാനിച്ചാണ് പരിസമാപ്തിയിലെത്തുന്നത്. കേരളത്തിലെന്നപോലെ ബംഗാളിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ അധികാരം നിലനിറുത്തിയതാണ് എടുത്തുപറയേണ്ടത്. ബംഗാളിന്റെ മുക്കും മൂലയും വരെ കീഴ്‌മേൽ മറിച്ചുകൊണ്ട് ബി.ജെ.പി നടത്തിയ പ്രചാരണ കോലാഹലത്തിൽ മമത അടിതെറ്റിവീഴുമോ എന്നു സന്ദേഹിച്ചവർ ഇല്ലാതില്ല. എന്നാൽ തന്റെ ജനസമ്മതിക്ക് ഒരു പോറൽ പോലും ഏല്‌പിക്കാൻ ബി.ജെ.പിയുടെ പ്രചണ്ഡമായ പ്രചാരണ യുദ്ധത്തിനായില്ലെന്നാണ് ഫലങ്ങൾ വിളിച്ചു പറയുന്നത്. എന്നു മാത്രമല്ല 2016-ലെ തിരഞ്ഞെടുപ്പിലെക്കാൾ അഞ്ച് സീറ്റ് അധികം നേടാനുമായി. 294 അംഗ സഭയിൽ 216 സീറ്റ് എന്ന തിളക്കമാർന്ന നേട്ടവുമായാണ് തൃണമൂൽ കോൺഗ്രസ് നിൽക്കുന്നത്. രാജ്യം ഒന്നടങ്കം ശ്രദ്ധിച്ച നന്ദിഗ്രാമിൽ സംഭവിച്ച പരാജയം മമതയെ തെല്ലു ഞെട്ടിച്ചെങ്കിലും പാർട്ടി കൈവരിച്ച അഭൂതപൂർവമായ വിജയത്തിൽ അവർ ആവേശഭരിതയാണ്. വിരൽത്തുമ്പുവരെ പോരാട്ടവീര്യവുമായി ജനങ്ങളുടെയിടയിൽ നിന്നു പ്രവർത്തിക്കുന്ന മമതാ ബാനർജി മൂന്നാംവട്ടവും ഭരണഭാരം ഏൽക്കുമ്പോൾ ബംഗാളിന്റെ മാത്രമല്ല ഇന്ത്യയുടെയും രാഷ്ട്രീയ ചരിത്രത്തിൽ അത് പുതിയൊരു അദ്ധ്യായമാവുകയാണ്. ബംഗാളിൽ ഭരണം പിടിക്കാൻ മോഹിച്ച ബി.ജെ.പിക്ക് എൺപതു സീറ്റു പോലും ലഭിച്ചതുമില്ല. ദീർഘമായ മൂന്നര പതിറ്റാണ്ടുകാലം ബംഗാൾ ഭരിച്ച ഇടതുമുന്നണിയെ വോട്ടർമാർ ഒരു സീറ്റ് പോലും നൽകാതെ നിഷ്കരുണം തള്ളിക്കളഞ്ഞതും ഈ തിരഞ്ഞെടുപ്പിലെ സവിശേഷതകളിലൊന്നാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികളുമായി സഖ്യമുണ്ടാക്കി പരീക്ഷണത്തിനൊരുങ്ങിയ കോൺഗ്രസിനും സമ്പൂർണ നിരാശ മാത്രമാണ് തിരഞ്ഞെടുപ്പുഫലം സമ്മാനിച്ചിരിക്കുന്നത്. കൂടെനിന്ന അടുത്ത വിശ്വസ്തർ പോലും തിരഞ്ഞെടുപ്പിനു മുമ്പ് മറുകണ്ടം ചാടിയിട്ടും അക്ഷോഭ്യയായി പാർട്ടിയെ നയിച്ച മമത ബംഗാൾ ജനതയുടെ ആരാദ്ധ്യയായി മാറിയത് നാട്യങ്ങളില്ലാത്ത സമീപനത്തിലൂടെയാണ്. അഴിമതിയും ഭരണത്തകർച്ചയും മറ്റു നിരവധി പ്രതികൂല ഘടകങ്ങളും ഉണ്ടായിട്ടും മമത തന്നെ തുടർന്നാൽ മതിയെന്ന ജനങ്ങളുടെ ഉറച്ച തീരുമാനമാണ് ബംഗാൾ തിരഞ്ഞെടുപ്പിനെ ഒരിക്കൽക്കൂടി ശ്രദ്ധേയമാക്കുന്നത്.
പത്തുവർഷത്തെ എ.ഐ.എ.ഡി.എം.കെ ഭരണത്തിനു വിരാമമിട്ടുകൊണ്ട് തമിഴ്‌നാട്ടിൽ ഡി.എം.കെ വീണ്ടും അധികാരത്തിലെത്തുകയാണ്. സഖ്യമായി നിന്നാണ് ഡി.എം.കെ തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും 234 അംഗ സഭയിൽ തനിച്ച് ഭൂരിപക്ഷം നേടാൻ പാർട്ടിക്കു സാധിച്ചു. പിതാവ് കരുണാനിധിയിൽ നിന്ന് രാഷ്ട്രീയ പാഠങ്ങൾ അഭ്യസിച്ച എം.കെ. സ്റ്റാലിന്റെ ആദ്യത്തെ രാഷ്ട്രീയ വിജയം കൂടിയാണിത്. ഡി.എം.കെ.യുടെ വൻ മുന്നേറ്റത്തിലും പിടിച്ചുനിൽക്കാനായി എന്നതു മാത്രമാണ് എ.ഡി.എം.കെയുടെ ആശ്വാസം.
ബംഗാളിൽ മമതയുടെയും തമിഴ്‌നാട്ടിൽ എം.കെ. സ്റ്റാലിന്റെയും പ്രചാരണ ശൈലിയും ജനങ്ങളെ ഹഠാദാകർഷിച്ച സമീപനവും അവരുടെ വൻ വിജയങ്ങളെ നന്നായി സഹായിച്ചിട്ടുണ്ട്. രാജ്യത്തെ പ്രമുഖ കക്ഷികൾ പാഠമാക്കേണ്ട പലതും അവരുടെ പ്രചരണത്തിലുണ്ട്. ജനങ്ങളെ ഒന്നാകെ തങ്ങളിലേക്ക് ആകർഷിക്കാൻ പര്യാപ്തമായ ശൈലിയാണത്. തങ്ങൾ പറയുന്നതും ചെയ്യാൻ പോകുന്നതുമായ കാര്യങ്ങളെക്കുറിച്ച് ജനങ്ങളിൽ വിശ്വാസമുണ്ടാക്കിയെടുക്കുക അത്ര എളുപ്പമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |