SignIn
Kerala Kaumudi Online
Monday, 26 July 2021 7.06 PM IST

തീയും വെള്ളവും

-fire-fighters

അഗ്നിയും ജലവും നമുക്ക് ഒഴിച്ചു കൂടാനാവാത്ത ജീവഘടകങ്ങളാണ്. ആകാശം കറുത്താൽ, കാറ്റ് കോപിച്ചാൽ, ഭൂമി പിളർന്നാൽ, ജലമോ അഗ്നിയോ ദുരന്തങ്ങൾ ഒപ്പം കൊണ്ടുവരും. അത്തരം ദുരന്തമുഖങ്ങളിലെ സ്ഥിരസാന്നിദ്ധ്യമാണ്, രക്ഷാകവചമാണ് അഗ്നിരക്ഷാ സേന. 1999 ജനുവരി നാലിന് ഓസ്‌ട്രേലിയയിലുണ്ടായ ഒരു വലിയ കാട്ടുതീയിൽ ബലിയർപ്പിച്ച അഗ്നിശമന സേനാംഗങ്ങളുടെ ഓർമ്മയ്ക്കായി എല്ലാവർഷവും മേയ് നാല് അന്താരാഷ്ട്ര ഫയർ ഫൈറ്റേഴ്സ് ദിനമായി ആചരിക്കുന്നു. റോമാ സാമ്രാജ്യത്തിലെ ആദ്യ അറിയപ്പെടുന്ന അഗ്നിശമന രക്തസാക്ഷിയായി കരുതപ്പെടുന്ന സെന്റ് ഫ്‌ളോറിയൻസിന്റെ ഓർമ്മദിനം മേയ് നാല് ആ

യതിനാലാണ് ഈ ദിനത്തിനായി തിരഞ്ഞെടുത്തതത്രേ. ലോകമെമ്പാടും അഗ്നിശമന പ്രവർത്തനങ്ങൾക്കിടെ മരണപ്പെട്ട സേനാംഗങ്ങളുടെ ഓർമ്മദിനമായും അഗ്നിശമന സേനാംഗങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കുന്നതിനുള്ള ദിനമായും മേയ് നാല് കൊണ്ടാടുകയാണ്. ചുവപ്പും (തീയ്) നീല(വെള്ളം)യും നിറമുള്ള റിബൺ ധരിച്ച് ജനങ്ങൾ സേനാംഗങ്ങളോടുള്ള നന്ദി പ്രകടിപ്പിക്കുന്നു. കൂടാതെ അന്നു രാത്രി നന്ദി സൂചകമായി ഒരേസമയം എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും ചുവന്ന വെളിച്ചം തെളിയിക്കുന്നതും പതിവാണ്. അഗ്നിരക്ഷാ വാഹനങ്ങൾ ലൈറ്റ് തെളിച്ച് പ്രദർശിപ്പിക്കുകയും ചെയ്യും.
ലോകത്തെ ഏറ്റവും ശ്രമകരവും സമ്മർദ്ദമുണ്ടാക്കുന്നതുമായ തൊഴിലാണ്
അഗ്നിശമന സേനാംഗങ്ങളുടേത് . അതിന് ജനങ്ങളുടെ അംഗീകാരമായി ഈ ദിനം ജനങ്ങൾ തന്നെ കൊണ്ടാടുന്നു. കൊവിഡ് മഹാമാരി പ്രതിസന്ധിയിലും 101 വെറുമൊരു അക്കമല്ല അവശ്യ മരുന്നെത്തിക്കുന്നതിനും അത്യാവശ്യ ഘട്ടങ്ങളിൽ രോഗികളെ സഹായിക്കുന്നതിനും അഗ്നിരക്ഷാ സേന നമ്മളോടൊപ്പമുണ്ടെന്ന് ഈ അവസരത്തിൽ നമുക്ക് ഓർമ്മിക്കാം. അഗ്നിരക്ഷാ സേനയുടെ കൈവശമുള്ള ഓക്സിജൻ സിലിണ്ടറുകൾ ആരോഗ്യവകുപ്പുമായി ചേർന്ന്

അവശ്യ സേവനത്തിന് ഉപയോഗിക്കാനും തയ്യാറായിക്കഴിഞ്ഞു. സേനയുടെ ആംബുലൻസുകളും കൊവിഡിതര രോഗികൾക്ക് സൗജന്യമായി അത്യാവശ്യഘട്ടങ്ങളിൽ വിട്ടുനൽകുന്നു. ജനങ്ങളോടുള്ള അഗ്നിരക്ഷാ സേനയുടെ പ്രതിബദ്ധത ഒന്നുകൂടി തെളിയിയ്ക്കുന്നതാണിത്.

സാധാരണ ജോലികൾക്കു പുറമെ ഈ കൊവിഡ് മഹാമാരിക്കാലത്ത്
അണുനശീകരണം, രക്തദാനം, നിരാലംബർക്കുള്ള മരുന്നു വിതരണം ഇവയിലൊക്കെ വ്യാപൃതരായിരിക്കുന്ന സേനാംഗങ്ങൾ നാടിന്റെ അത്താണിയാണ്. തീ കത്തുമ്പോൾ കരി മാത്രം അവശേഷിപ്പിക്കുന്ന വസ്തുക്കൾ, വെള്ളത്തിൽ അലിഞ്ഞാൽ ജൈവ പ്രക്രിയയിലൂടെ വിഘടനം നടക്കുന്ന വസ്തുക്കൾ എന്നിവയൊഴികെയുള്ള എല്ലാ മാലിന്യങ്ങളും അഗ്നിരക്ഷാ സേനയ്‌ക്കും നാടിനും നാട്ടാർക്കുമൊക്കെ വിപത്തു തന്നെയാണ്. ഹോട്ടലുകളിൽ പാർസൽ സർവീസ് മാത്രമുള്ള മഹാമാരിയുടെ അടച്ചിടൽ കാലം നാടിനു താങ്ങാനാവാത്ത മാലിന്യക്കൂമ്പാരങ്ങൾ സമ്മാനിക്കുന്നു. നിരവധി പ്ലാസ്റ്റിക് പാക്കറ്റുകളി
ലാണ് ഓർഡർ ചെയ്യുന്ന ഭക്ഷണം എത്തുക. മിച്ചം വരുന്ന ഭക്ഷണത്തോടൊപ്പം കവറുകൾ കൂട്ടിക്കെട്ടി വലിച്ചെറിയുന്നു. അവ കത്തിക്കുമ്പോഴുണ്ടാകുന്ന മാരക വിഷമായ ഡയോക്സീൻ ക്യാൻസർ മഹാമാരി പോലെ പടരാൻ കാരണമാകുന്നു. ഇത്തരം മാലിന്യക്കൂമ്പാരങ്ങൾ കത്തുമ്പോൾ അതു ശ്വസിച്ചു കൊണ്ടു തീ കെടുത്തുന്ന സേനാംഗങ്ങളുടെ ദുരന്തം എത്ര ഭീകരമാണ്. ഇത്തരം പ്ലാസ്റ്റിക് ജൈവമാലിന്യ ശേഖരം കൂടിക്കിടക്കുന്ന തിരുവനന്തപുരത്തെ പാളയത്തെ ഓവർബ്രിഡ്ജിനു സമീപത്തുകൂടെ കടന്നു പോകുന്ന ഒരു നിമി ഷം ഡബിൾമാസ്‌ക് ധരിച്ചിട്ടുണ്ടെങ്കിൽ കൂടി ദുസഹമായ ദുർഗന്ധം സമ്മാനിക്കുന്നു. അപ്പോൾ ഇത്തരം മാലിന്യക്കൂമ്പാരങ്ങളിൽ പടരുന്ന തീയണയ്ക്കാൻ അവിടെ മണിക്കൂറുകളും ദിവസങ്ങളും നില്‌ക്കേണ്ടി വരുന്നവരുടെ കാര്യമോ?
പ്ലാസ്റ്റിക് കവറിൽ കെട്ടിയ ജൈവമാലിന്യം ഇനി ചിലർ ജലാശയങ്ങളിലേക്ക് വലിച്ചെറിയുന്നു. ഇത്തരം മാലിന്യമഴുകിയ വെള്ളം ഒഴുക്കു നഷ്ടപ്പെട്ടു കെട്ടിക്കിടന്നു കൊതുകു പെരുകുന്നു. ഒപ്പം ഡെങ്കു, ചിക്കുൻ ഗുനിയ പോലുള്ള മഹാമാരികളും ..ഇത്തരം ചീഞ്ഞു നാറിയ ജലാശയങ്ങളിൽ അപകടങ്ങളുണ്ടാകുമ്പോൾ മുങ്ങേണ്ടി വരുന്ന സേനയുടെ സ്‌കൂബ ഡൈവിംഗ് വിദഗ്ധർക്ക് ത്വക് രോഗങ്ങളും മറ്റു പലവിധ അസുഖങ്ങളും ബാധിക്കുന്നത് പതിവാണ്.
മഴക്കാല പൂർവ ശുചീകരണം തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ മാത്രം ചടങ്ങാണെന്നു കരുതാതെ നാമോരോരുത്തരും തന്നാലായതു ചെയ്യേണ്ട കാലമാണിത്. ചുരുങ്ങിയ പക്ഷം പ്ലാസ്റ്റിക് കവറിൽ കെട്ടി മാലിന്യം വലിച്ചെറിയുന്നതും അതു കത്തിയ്ക്കുന്നതുമെങ്കിലും നമുക്ക് നിറുത്തിക്കൂടേ?
ഹോട്ടലുകൾ പഴയ രീതിയിൽ പകർച്ചപ്പാത്രങ്ങളുമായി വരാൻ കസ്റ്റമേഴ്സിനോട് ആവശ്യപ്പെടണം. ഭക്ഷണമെത്തിക്കുന്ന സ്വിഗ്ഗി പോലുള്ള ശൃംഖലകൾ പരിസ്ഥിതി സൗഹൃദ പാക്കിംഗിലേക്ക് മാറണമെന്ന് നിഷ്‌കർഷിക്കേണ്ടതുണ്ട് . ഇല്ലെങ്കിൽ ഇപ്പോൾ പേരിട്ടിട്ടില്ലാത്ത പുതിയ മഹാമാരികൾ നമ്മുടെ നാട്ടിൽ എന്നു വേണമെങ്കിലും പ്രതീക്ഷിക്കാം.
അടുത്തിടെ അന്തരിച്ച ഞാനേറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിക്ക് ഒരു സന്ദർശകൻ നെറ്റിയിൽ സ്‌നേഹമുത്തം നൽകി കൊവിഡ് പകർത്തിയതാണത്രേ! നമ്മുടെ ജാഗ്രതയുടെ നിലവാരം എത്ര താഴ്ന്നു പോയിരിക്കുന്നു എന്നതിന് ഇതിലേറെ എന്തുദാഹരണം വേണം. വൃത്തി, ജാഗ്രത, മറ്റുള്ളവരെ കുറിച്ചുള്ള കരുതൽ ഇവയൊക്കെ സ്വാഭാവികമായി നമ്മിൽ ഉരുത്തിരിഞ്ഞില്ലെങ്കിൽ അതിന്റെ ദുരന്തം അനുഭവിയ്‌ക്കേണ്ടി വരിക മാനവരാശി മുഴുവനായാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MIZHIYORAM, FIRE FIGHTERS
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.