SignIn
Kerala Kaumudi Online
Wednesday, 22 September 2021 7.07 AM IST

ഇല്ലാക്കഥകൾക്കും വേണം ലോക്ക്ഡൗൺ

fake

ചുറ്റും നടക്കുന്ന കാര്യങ്ങളിൽ എപ്പോഴും ഒരു കണ്ണുണ്ടായിരിക്കുന്നത് നല്ലതു തന്നെയാണ്. ദുരന്തകാലങ്ങളിൽ പ്രത്യേകിച്ചും. എന്നാൽ മുതലെടുപ്പിനും അപവാദ പ്രചാരണത്തിനുമുള്ള അവസരമാക്കുമ്പോൾ സമൂഹത്തിനും വ്യക്തികൾക്കും അതുണ്ടാക്കുന്ന കഷ്ടനഷ്ടങ്ങൾ ചില്ലറയൊന്നുമല്ല. ഈ കൊവിഡ് കാലത്തും സമൂഹ മാദ്ധ്യമങ്ങളിലൂടെ പലരും നന്മയല്ല, തിന്മയാണു ചെയ്യുന്നതെന്ന കാര്യം അവരറിയുന്നില്ല. ഇല്ലായ്മകൾ മാത്രമല്ല തെറ്റിദ്ധാരണയുളവാക്കുന്നതും തീർത്തും സത്യവിരുദ്ധവുമായ എന്തെല്ലാം കാര്യങ്ങളാണ് ഓരോ നിമിഷവും വന്നുകൊണ്ടിരിക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളെ നല്ല കാര്യങ്ങൾക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നവരാണ് അധികവും. എന്നാൽ ഒരു വിഭാഗം അങ്ങനെയല്ല. യഥാർത്ഥ വസ്തുതകൾ വളച്ചൊടിച്ചും ഭീതിപരത്താനുതകുന്ന വിവരങ്ങൾ സ്വയം സൃഷ്ടിച്ചും സാധാരണ മനുഷ്യരുടെ മനസമാധാനം തകർക്കാനുള്ള ശ്രമങ്ങൾക്കു പിന്നിൽ തീർച്ചയായും നല്ല മനസുകളെയല്ല കാണാനാവുക. ലോക്ക് ഡൗണിന്റെയും കൊവിഡിന്റെയും മറവിൽ കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളിലേർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നൽകിയ മുന്നറിയിപ്പ് ശ്രദ്ധേയമാണ്. എല്ലാവരും പരമാവധി ഉത്തരവാദിത്വ ബോധവും അർപ്പണ മനോഭാവവും പ്രകടിപ്പിക്കേണ്ട സാഹചര്യത്തിൽ അതിനു വിരുദ്ധമായി സമൂഹ മാദ്ധ്യമങ്ങളിലൂടെ വിഷലിപ്തമായ പ്രചാരണത്തിൽ മുഴുകുന്നവർ ജനങ്ങളുടെ മനസ് വായിക്കാനറിയാത്തവരാണ്. അപവാദ സ്വഭാവത്തിലുള്ള പോസ്റ്റുകൾക്കു പുറമെ സാധാരണക്കാരെ വഴിതെറ്റിക്കുന്നതും ഭയാശങ്കകൾ സൃഷ്ടിക്കുന്നതുമായ കാര്യങ്ങളും ധാരാളമായി ആധികാരിക സ്വഭാവത്തോടെ അവതരിപ്പിക്കപ്പെടാറുണ്ട്. ചികിത്സാ വിധികൾ പോലും പലരും മുന്നോട്ടുവയ്ക്കുന്നു.

ഇല്ലാക്കഥകൾ ഇറക്കി പരമാവധി പേരെക്കൊണ്ട് അവ വായിപ്പിക്കുന്നതിലാണ് മിടുക്ക്. അമ്പലപ്പുഴയിൽ കൊവിഡ് സെന്ററിൽ വച്ച് ഹൃദയാഘാതം അനുഭവപ്പെട്ട യുവാവിനെ അശ്വിൻ, രേഖ എന്നിവർ ചേർന്ന് ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ച സംഭവം സമൂഹ മാദ്ധ്യമത്തിൽ വന്നത് എങ്ങനെയെന്നു ശ്രദ്ധിച്ചാലറിയാം വ്യാജ പ്രചാരണത്തിന്റെ തനിസ്വഭാവം. കൊവിഡ് രോഗിയെ കൊണ്ടുപോകാൻ ആംബുലൻസ് ലഭ്യമായില്ലെന്ന മട്ടിലായിരുന്നു പ്രചാരണം നടന്നത്. ജില്ലയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാണെന്നും രോഗികളെ നോക്കാൻ ഡോക്ടർമാരില്ലെന്നും മറ്റുമുള്ള പ്രചാരണവും ഇതോടൊപ്പം ഉണ്ടായി. സമൂഹമാദ്ധ്യമത്തിൽ ഇതുപോലുള്ള വാർത്ത വന്നാൽ അതിനു ലഭിക്കുന്ന പ്രചാരം വലുതാണ്. രോഗിയെ മദ്ധ്യത്തിരുത്തി യുവാവും യുവതിയും ആശുപത്രിയിലേക്കു പായുന്ന രംഗം പകർത്തിയവർ യാഥാർത്ഥ്യം മനസിലാക്കാൻ ശ്രമിക്കാതെയാണ് അതു പ്രചരിപ്പിച്ചത്. കഥയറിയാതെ ഇത്തരത്തിൽ ആട്ടം കാണുന്നവർ സമൂഹ മാദ്ധ്യമങ്ങളിൽ അരങ്ങു വാഴുന്ന കാലമാണിത്. ഇതെല്ലാം കണക്കിലെടുത്താണ് കൊവിഡ് പ്രതിരോധത്തിൽ സർക്കാർ കൈക്കൊള്ളുന്ന നടപടികളെ തെറ്റായി ചിത്രീകരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി വേണ്ടിവരുമെന്ന് മുഖ്യമന്ത്രിക്കു പറയേണ്ടിവന്നത്.

ദുരന്തവേളകളിൽ കഷ്ടത നേരിടുന്നവരെ സഹായിക്കാൻ സമൂഹമാദ്ധ്യമങ്ങൾ വാനോളം ഉപകരിക്കുമെന്നതിന്റെ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും നമ്മുടെ മുൻപിലുണ്ട്. രണ്ടുവർഷം മുൻപുണ്ടായ മഹാപ്രളയത്തിൽ സമൂഹമാദ്ധ്യമങ്ങളുടെ അകമഴിഞ്ഞ സഹായം കൊണ്ടുമാത്രം അനവധി ജീവനുകളെ രക്ഷിക്കാൻ കഴിഞ്ഞു. ദുരിതബാധിതർക്കുവേണ്ടിയുള്ള സഹായം പ്രവഹിക്കാൻ വഴിയൊരുക്കിയതും ഉത്തരവാദിത്വത്തോടെ നിലകൊണ്ട സമൂഹമാദ്ധ്യമങ്ങളുടെ കൂട്ടായ്മയാണെന്ന് കേരളം നന്ദിയോടെ ഇപ്പോഴും ഓർക്കുന്നു. സമാനതകളില്ലാത്ത മറ്റൊരു മഹാ ദുരന്തത്തിന്റെ നടുവിലാണ് ഇന്ന് നാടും ജനങ്ങളും. ഈ സന്ദർഭത്തിൽ ഇല്ലാക്കഥകൾക്കു പിന്നാലെ പോകാതെ സാധാരണ മനുഷ്യർക്ക് ആശ്വാസം നൽകുന്ന കാര്യങ്ങളിലാകണം സമൂഹ മാദ്ധ്യമങ്ങളുടെ ശ്രദ്ധ പതിയേണ്ടത്. കൊവിഡ് ഭീതി തീർത്തും തളർത്തിയ മനസുകളെ കൂടുതൽ എരിതീയിലേക്ക് തള്ളിയിടുന്നതാകരുത് അവർ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.